73-)ം ജന്മദിനത്തിൽ പാസ്റ്റർ. കെ.സി. ജോണിനെ ഓർക്കുമ്പോൾ

73-)ം ജന്മദിനത്തിൽ പാസ്റ്റർ. കെ.സി. ജോണിനെ ഓർക്കുമ്പോൾ
September 09 07:04 2020 Print This Article

ലോകമെമ്പാടും പതിനായിരത്തിലധികം പ്രാദേശികസഭകൾ ഉള്ള  ഇന്ത്യയിലെ ഏറ്റവും വലിയ തദ്ദേശീയ പെന്തക്കോസ്ത് സംഘടനയായ ഇന്ത്യൻ പെന്തക്കോസ്ത് ചർച്ച് ഓഫ് ഗോഡിന്റെ (ഐപിസി) മുൻ ജനറൽ പ്രസിഡന്റും, മുൻ ജനറൽ സെക്രട്ടറിയുമായ പാസ്റ്റർ. കെ സി ജോൺ ഇപ്പോൾ ഐപിസിയുടെ നേതൃത്വ സ്‌ഥാനം വഹിക്കുന്നില്ലങ്കിലും അദ്ദേഹത്തെ അറിഞ്ഞ വിശാസ സമൂഹം എന്നും ഓർക്കാറുള്ളത് അദ്ദേഹത്തിന് പകരം മറ്റൊരു നേതാവ്  ഇന്നോളം ഐപിസിയിൽ കഴിവ് തെളിയിച്ചിട്ടില്ല എന്നതാണ്.

കുട്ടനാട്ടിലെ തലവടിയിൽ ഇടയത്ര എന്ന കൊച്ചു ഗ്രാമത്തിൽ ഒരു സാധാരണ കുടുംബത്തിൽ കെജി  ചാക്കോയുടെയും, ശോശാമ്മ ചാക്കോയുടെയും മക്കളിൽ മൂന്നാമത്തെയാളായി 1947 സെപ്തംബർ 8- നാണ് വീട്ടുകാർ വാത്സല്യത്തോടെ ബേബിച്ചൻ എന്നുവിളിക്കുന്ന കെ സി ജോൺ ജനിച്ചത്.
സ്കൂൾ പഠനത്തിന് ശേഷം  ആലുവ  യു സി കോളേജിൽ ഫിസിക്സ് ഐച്ഛീക വിഷയമായി എടുത്തു പഠിക്കുമ്പോൾ തന്നെ സ്പോർട്സിലും വായനയിലും കണക്കിലും അതീവ സാമർഥ്യം പുലർത്തിയിരുന്നു. സോഷ്യലിസ്റ്റ് ചിന്തകളിൽ ആകൃഷ്ടനും കോളേജ് വോളിബോളിൽ ക്യാപ്റ്റനുമായി മികവ് പുലർത്തി.
കലാലയ ജീവിതത്തിനിടയിൽ വായനാശീലവും പ്രസംഗത്തിനു  പ്രചോദനം നൽകി. പുതിയ ആശയങ്ങളും ചിന്തകളും  വഴിത്തിരിവായി. മാതാവിന്റെ  നിരന്തരമായ പ്രാർത്ഥനയാണ് തന്റെ ജീവിതത്തെ  മാറ്റിമറിച്ചതെന്നു പറഞ്ഞിട്ടുള്ളത് ചില പുസ്തകങ്ങളിൽ വായിച്ചിട്ടുണ്ട്.
പ്രസംഗം ഒരു കലയാണ്, പരിശുദ്ധാത്മ നിയന്ത്രണത്തിൽ ഉള്ള പ്രസംഗത്തെക്കുറിച്ചു അദ്ദേഹം ശക്തമായി പറയാറുണ്ട്. അതുകൊണ്ടുതന്നെ കേരളം കണ്ടിട്ടുള്ളതിൽ മികച്ച പ്രസംഗകനായി  മാറാൻ  അധികം സമയം വേണ്ടിവന്നില്ല.
19-) മത്തെ  വയസിൽ മണ്ണാരക്കുളഞ്ഞിയിൽ വെച്ചായിരുന്നു ആദ്യ പ്രസംഗം.ശ്രോതാക്കളെ വിസ്മയിപ്പിച്ച ആദ്യപ്രസംഗം തന്നെ പ്രസംഗികനാക്കി മാറ്റുകയായിരുന്നു. ഡോ. എഡ്വിൻ ഓറിന്റെ വാക്കുകൾ വീണ്ടും ജനിച്ച വിശ്വാസിയാകാൻ ജോണിനെ പ്രേരിപ്പിച്ചു. 1967  ജൂലൈ 22നു സ്നാനപ്പെട്ടു

1968 ൽ ഒരു മുഴുസമയ ശുശ്രൂഷയ്ക്കുള്ള ദിവ്യ ആഹ്വാനത്തിന് മറുപടിയായി അദ്ദേഹം കോട്ടയം, ശാലോം ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ട്,  ഹെബ്രോൺ ബൈബിൾ കോളേജ് എന്നിവിടങ്ങളിൽ ദൈവശാസ്ത്രപഠനം നടത്തി. അതിനുശേഷം അമേരിക്കയിലെ വാഷിംഗ്ടണിലെ സിയാറ്റിൽ ബൈബിൾ കോളേജിൽ ദൈവശാസ്ത്രം പഠിച്ചു.പിന്നീട് പി വൈ പി എ  നേതൃത്വത്തിൽ എത്തിയ കെ സി ജോൺ വിപ്ലവകരമായ മാറ്റങ്ങൾക്കു തുടക്കം കുറിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്ന ക്യമ്പുകൾ കേരളക്കരയിൽ യുവജങ്ങൾക്കിടയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചു. തുടർന്ന് സ്കൂളിലും ക്യമ്പ്‌സെന്ററുകളിലും മാറിമാറി  യൂത്ത് ക്യാമ്പുകൾ നടത്തപ്പെട്ടു.
പി.വൈ.പി.എ.യിലൂടെ  യുവപ്രഭാഷകനായി മികവ് തെളിയിച്ച പാസ്റ്റർ കെസി ജോൺ പിന്നീട് കേരള സ്റ്റേറ്റിന്റെ അമരത്തു എത്തുകയായിരുന്നു. ഒൻപതു വർഷങ്ങൾ കഴിഞ്ഞു ആ പദവി വിടുമ്പോൾ കേരളത്തിലെ സഭാവളർച്ചയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചു. തന്റെ പ്രസംഗം, നേതൃത്വ പാടവം, സ്വാധീനം, സംഘാടകമികവ് ഐപിസിയുടെ വളർച്ചക്ക് നിർണ്ണായകമായ പങ്കു വഹിക്കുകയുണ്ടായി. ഇതര മതക്കാർക്ക്  മറ്റു ക്രൈസ്തവ സമൂഹത്തിലും ഐപിസിയുടെ വളർച്ചയും പേരും  വളർന്നതിൽ പാസ്റ്റർ.കെ സി ക്കു  നിർണ്ണായക പങ്കുണ്ട്. തന്റെ സഭയായ നെടുമ്പുറം സഭയുടെ വളർച്ചയും അതിവേഗത്തിൽ ആയിരുന്നു. പാസ്റ്റർ. കെ സി ജോൺ പ്രശസ്ത ക്രിസ്ത്യൻ മലയാള പ്രഭാഷകനും നിരവധി മലയാള പുസ്തകങ്ങളുടെ രചയിതാവുമാണ്

പാസ്റ്റർ ജോൺ ഇന്ത്യയിലുടനീളം ധാരാളം യാത്ര ചെയ്തിട്ടുണ്ട്. സുവിശേഷവുമായുള്ള അദ്ദേഹത്തിന്റെ യാത്രകൾ അദ്ദേഹത്തെ വടക്കേ അമേരിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ, ആഫ്രിക്ക, ഇസ്രായേൽ, മിഡിൽ ഈസ്റ്റ്, ഏഷ്യയുടെ വിവിധ ഭാഗങ്ങൾ എന്നിവിടങ്ങളിലേക്ക് കൊണ്ടുപോയി. കെനിയയിലെ നെയ്‌റോബിയിൽ നടന്ന ലോക പെന്തക്കോസ്ത് സമ്മേളനത്തിന്റെ അതിഥി പ്രഭാഷകനായിരുന്നു അദ്ദേഹം. ജറുസലേമിലെ ഇവാഞ്ചലിക്കലുകളുടെ ലോക കൺസൾട്ടേഷൻ, ഇസ്രായേൽ, ദക്ഷിണാഫ്രിക്കയിലെ ഡർബനിൽ നടന്ന ഗോൺസിൽ കോൺഫറൻസ് മലയാളി സുവിശേഷകന്റെ സാനിധ്യം അറിയിച്ചിട്ടുണ്ട്.

ക്രിസ്തീയ വായനക്കാരുടെ പ്രസിദ്ധീകരണങ്ങൾ പ്രസിദ്ധീകരിച്ച പെന്തക്കോസ്ത് ദൈവശാസ്ത്രത്തിന്റെ ചീഫ് എഡിറ്ററായി സേവനമനുഷ്ഠിച്ചതിനു പുറമേ, ബൈബിളിന്റെ ചരിത്രപരമായ പഠനം, മരുഭൂമിയിലെ നീരുറവകൾ, ജോർദാനിലെ ആഴത്തിലുള്ള ജലം, ലോകത്തിന്റെ ഭാവി, ദൈവത്തെക്കുറിച്ചുള്ള ശാസ്ത്രീയ കാഴ്ച എന്നിവ ഉൾപ്പെടുന്ന നിരവധി പുസ്തകങ്ങൾ കെ സി ജോൺ രചിച്ചിട്ടുണ്ട്. . ഓഡിയോ റ്റീച്ചിംഗ് സീരീസായ ‘ദി ചർച്ച് ഇൻ ദി വിൽ‌ഡെർനെസ്‌ ‘ ന്റെ 800,000-ത്തിലധികം പകർപ്പുകൾ ലോകമെമ്പാടും വിതരണം ചെയ്തു. ഗ്രഹാം സ്റ്റെയിനിന്റെ രക്തസാക്ഷിത്വത്തിൽ നടത്തിയ “തീച്ചൂള സന്ദേശം” ദേശീയ മാധ്യമങ്ങൾ അവലോകനം ചെയ്യുകയും റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്തു. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ കെ സി ജോണിന്റെ നേട്ടങ്ങൾക്ക് ഓണററി ഡോക്ടറേറ്റ് ബിരുദം നൽകി.

പ്രെയ്‌സ്  ജോൺ ആണ് സഹധർമ്മിണി, മൂന്ന് മക്കൾ ഉണ്ട്. ഇന്ന് ( സെപ്തംബർ 8 ) 73 വയസ്സ് ആയ പാസ്റ്റർ കെസി ജോൺ തരണം ചെയ്തത് അനേക പ്രതിസന്ധികൾ ആണ്. ഐപിസിയുടെ ഭരണത്തിൽ  എത്തിയപ്പോൾ മുതൽ താൻ നേരിട്ട പ്രതിസന്ധികളെ  പ്രാർത്ഥന കൊണ്ടാണ് നേരിട്ടത്. തനിക്കു എതിരെ പ്രവർത്തിച്ചവരെയും ആപൽഘട്ടങ്ങളിൽ സഹായിച്ചിട്ടേ ഉള്ളു. ഇത്ര അധികം ഭരണമികവുള്ള, വിശ്വാസികളുടെ  ഇടയിൽ  ഇറങ്ങിച്ചെന്ന് പ്രവർത്തിക്കാനും അവരുടെ പ്രശ്ങ്ങൾ അറിയാനും അദ്ദേഹം ശ്രമിച്ചിരുന്നു. അന്നും ഇന്നും അദ്ദേഹത്തെപ്പോലെ ഒരു സാംസ്കാരികവും ,ജനാധിപത്യപരവും ആയ ഒരു  ഭരണമികവ് മറ്റാരും ഐപിസിയിൽ കാണിച്ചിട്ടില്ല. എന്നാൽ തനിക്കൊപ്പം നിന്നവരും പാനൽ സംവിധാനങ്ങളും, ഐപിസിയിലെ പൊളിറ്റിക്കൽ തന്ത്രങ്ങളും അറിയാവുന്ന തനിക്കും നേരിടേണ്ടി വന്നത് കോപ്പറേറ്റുകളുടെ ചാണക്യ മുതലാളിത്തത്തിന് മുൻപിൽ പേരുദോഷങ്ങളും, അപവാദങ്ങളും അലിഗേഷനുമാണ്. പലർക്കും വേണ്ടി പ്രവർത്തിച്ചപ്പോൾ അത് ആക്ഷേപത്തിന് ഇടയാക്കി. കൂടെയുണ്ടായിരുന്നവരുടെ പ്രവൃത്തി ദോഷവും, കൂട്ടിക്കൊടുപ്പും, കൈയ്യിട്ടുവാരലും തന്റെ ഭരണകാലഘട്ടത്തിൽ ആക്ഷേപത്തിനും കേസുകൾക്കും ഇടയാക്കി. ഐപിസിയുടെ പൊളിറ്റിക്കൽ സാമ്രാജ്യത്തിൽ ഇരയാക്കപ്പെട്ടവരിൽ ഒരാളാണ് പാസ്റ്റർ. കെ സി ജോൺ. അനുഭവക്കരൂത്ത് കൊണ്ട് പ്രതിസന്ധികൾ നേരിട്ടപ്പോൾ മുതലാളിമാർ ഗുണ്ടായിസം ഇറക്കി.

ചുരുക്കിപ്പറഞ്ഞാൽ കെസിയുടെ ഭരണവീഴ്ചക്കു പിന്നിൽ കോപ്പറേറ്റുമുതലകൾ ആയിരുന്നു എന്ന് കാലം തെളിയിക്കുമ്പോൾ, അമരത്തു നിന്നും ഇറങ്ങിയ പാസ്റ്റർ കെസി ജോൺ എന്ന മനുഷ്യനും മാനുഷീക വീഴ്ചകൾ വന്നിട്ടുണ്ട്. തിരുത്തലുകൾ ആരേയും ചെറുതാക്കുന്നില്ല. വീഴ്ചകൾ മനസ്സിലാക്കി തിരുത്തലുകൾക്ക് വിധേയപ്പെട്ടു മുന്നേറുമ്പോൾ ആണ് ജനഹൃദയങ്ങളിൽ കൂടുതൽ ഇടം പിടിക്കുന്നത്.

പടയാളിക്ക് ഒരു സത്യം പറയാതിരിക്കാൻ വയ്യ. ‘ എന്നും എപ്പോഴും വിശ്വാസികൾക്ക് നേരിട്ട് ഒരു അപ്പോയിൻമെന്റുപോലും ഇല്ലാതെ ഓടിച്ചെന്നു കാണാൻ കഴിയുന്ന ഒരു നേതാവായിരുന്നു കെ സി ജോൺ. അതെ, ആർക്കും പകരം വെയ്ക്കാൻ കഴിയാത്ത നേതൃത്വപാടവമുള്ള ഒരു നേതാവുതന്നെയാണ് കെ സി ജോൺ’. ആരൊക്കെ അദ്ദേഹത്തെ എത്ര വിമർശിച്ചാലും, സാമൂഹിക മാധ്യമങ്ങളിൽ വലിച്ചുകീറിയാലും അങ്ങനെ ചെയ്തവർക്ക് ഒരു ആവശ്യം വന്നാൽ അവരോട് വൈരാഗ്യവും പകയും വിദ്ധ്വേഷവും കാട്ടാതെ ഒരു പുഞ്ചിരിയോടെ ആവശ്യക്കാരന്റെ ആവശ്യമറിഞ്ഞു മുന്നിൽ നിന്നു സഹായിക്കും. മാത്രമല്ല, ഐപിസിയിലെ മറ്റു പല നേതാക്കളും ചെയ്തപോലെ തന്റെ ഒരു ഒറ്റ പ്രസംഗത്തിൽപോലും തന്നെ വിമർശിച്ചവരേയോ, എതിർക്കുന്നവരെയോ, വിമർശിക്കുകയോ, പ്രാകുകയോ, ശപിക്കുകയോ, അവരെ കുറ്റം പറയുകയോ ചെയ്തതായി ഇന്നുവരെ ആരുടേയും ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ഒരു നേതാവിന്റെ നല്ല ഗുണം.

73-)ം വയസ്സിൽ അദ്ദേഹത്തിന് എല്ലാ ആശംസകളും നേരുന്നു. പാസ്റ്റർ കെസി ജോണിന് ധീർഘായുസും, ആരോഗ്യവും കൃപാലുവായ ദൈവം പകരട്ടെ.

( വാൽക്കഷണം : ഇത്രയും എഴുതിയതുകൊണ്ട് ‘വത്സര’ ശിഷ്യന്മാർക്ക് ചൊറിച്ചിൽ ഉണ്ടാകുന്നുവെങ്കിൽ നല്ല ചിരവ വാങ്ങി നന്നായി അമർത്തി ചൊറിയുക. പടയാളി ‘ കളംമാറി’ എന്നു പറയുന്നവരോട് പടയാളി ആരുടേയും കളത്തിൽ കാലാ പെറുക്കാൻ പോയിട്ടില്ല. ഒരു നേതാവിനോടും മമതയും വെറുപ്പും ഇല്ല. കൂറ് ഐപിസി എന്ന പ്രസ്ഥാനത്തോട് മാത്രം. ആ പ്രസ്ഥാനത്തിന്റെ, സഭകളുടെ, പാസ്റ്റർമാരുടെ, വിശ്വാസികളുടെ നന്മയ്ക്കുവേണ്ടി ആരു പ്രവർത്തിച്ചാലും പടയാളി ഒപ്പം കാണും)

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.