ലോത്തിന്റെ ഭാര്യക്കു ഭവിച്ചത് ?

ലോത്തിന്റെ ഭാര്യക്കു ഭവിച്ചത് ?
August 29 11:11 2020 Print This Article

ത്രീയേക ദൈവത്തിന്റെ പരിപൂർണ്ണതയുള്ള വെളിപ്പാടാകുന്ന വിശുദ്ധ ബൈബിൾ മുന്നറിയിപ്പുകളുടെ പുസ്തകം കൂടിയാണ് എന്ന വസ്തുത നാം അറിഞ്ഞിരിക്കേണ്ടതാണ്. വിശുദ്ധ ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന നിരവധി ചരിത്രസംഭവങ്ങൾ – ചരിത്ര പുരുഷൻന്മാർ, ദൈവം തന്റെ ദൗത്യ നിർവ്വഹണത്തിനായി തിരഞ്ഞെടുത്ത യിസ്രയേലിന്റെ പ്രയാണ ചരിത്രം – അവരുടെ ജീവിതത്തിലെ ജയ പരാജയങ്ങൾ എന്നിവയിൽ നിന്നും എല്ലാം ഒരു ദൈവ പൈതലിന് നിരവധി ഗുണപാഠങ്ങൾ പഠിക്കുവാൻ ഉണ്ട്. മുന്നറിയിപ്പുകൾ ഗ്രഹിക്കുവാൻ ഉണ്ട്.

ആ മുന്നറിയിപ്പുകളിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ടാണ് ഒരു ദൈവ പൈതൽ ഈ മരുപ്രയാണ മാത്ര തുടരേണ്ടത്.

പഴയനിയമ ചരിത്രത്തിലെ അക്ഷരീക യിസ്രയേലിന്റെ  – അവരുടെ പ്രയാണ ചരിത്രത്തിലേക്ക് വിരൽ ചൂണ്ടിക്കൊണ്ട് പൗലോസ് ശ്ലീഹ ഇപ്രകാരം രേഖപ്പെടുത്തി ;

“ഇതു ദൃഷ്ടാന്തമായി അവർക്കു സംഭവിച്ചു, ലോകാവസാനം വന്നെത്തിയിരിക്കുന്ന നമുക്കു ബുദ്ധു ദേശത്തിനായി എഴുതിയുമിരിക്കുന്നു. ആകയാൽ താൻ നില്ക്കുന്നു എന്ന് തോന്നുന്നവൻ വീഴാതിരിപ്പാൻ നോക്കിക്കൊള്ളട്ടെ” (1 കൊരി 10 :11-12).

യേശു ക്രിസ്തുവും തന്റെ ശിഷ്യഗണവും വ്യത്യസ്ഥ സാഹചര്യങ്ങളിൽ തങ്ങളുടെ പ്രസംഗങ്ങളിൽ- ലേഖനങ്ങളിൽ പഴയ നിയമ തിരുവെഴുത്തുകൾ – ചരിത്ര പശ്ചാത്തലങ്ങൾ എന്നിവ ഉദ്ധരിച്ചിട്ടുണ്ട്  . അത് പലപ്പോഴും ഭാവി കാല വിശ്വാസ സമൂഹത്തിന് മുന്നറിയിപ്പും – ഗുണപാഠവു മായിട്ട് ആയിരുന്നു.

യേശു ക്രിസ്തു തന്റെ പരസ്യ ശുശ്രൂഷാ കാലത്ത് തന്റെ മടങ്ങി വരവിന്റെ കാര്യങ്ങൾ – അടയാളങ്ങൾ എന്നിവയെ പറ്റി സംസാരിക്കവേ ഇപ്രകാരം മുന്നറിയിപ്പു നൽകി . “ലോത്തിന്റെ ഭാര്യയെ ഓർത്തു കൊള്ളുവിൻ ” (ലൂക്കോസ് 17 : 32) സമകാലിക യിസ്രയേലിന് നല്ല മുഖപരിചയമുള്ള ചരിത്രവനിതയായിരുന്നു ലോത്തിന്റെ ഭാര്യ.

ആരായിരുന്നു ലോത്തിന്റെ ഭാര്യ? യിസ്രയേലിന്റെ  ചരിത്ര താളുകളിൽ ലോത്തിന്റെ ഭാര്യയുടെ പ്രാധാന്യം എന്ത്? സ്ഥാനം എന്ത്?

ഒരിക്കലും ഒരു ഭക്ത വനിത എന്ന പേരിലല്ല ലോത്തിന്റെ ഭാര്യ അറിയപ്പെടുന്നത്. ഒരു ദുരന്ത കഥാപാത്രമായിട്ടാണ് ചരിത്രം ലോത്തിന്റെ ഭാര്യയെ അടയാളപ്പെടുത്തിയിരിക്കുന്നത്. രക്ഷ പെടുവാനുള്ള എല്ലാ അവസരങ്ങളും ലഭിച്ചിട്ടും   ദ്രവ്യാഗ്രഹം എന്ന ഒറ്റ കാരണത്താൽ വിട്ടു പോന്നതിലേക്ക് മടങ്ങുവാൻ ഹൃദയത്തിൽ ഏറെ കൊതിച്ചു എന്ന ഒറ്റ കാരണത്താൽ സോദമിലെ, ദുഷ്ട ജനത്തോട് ഒപ്പം നശിച്ചു പോയ “പമ്പര വിഢിയായിരുന്നു”  ലോത്തിന്റെ ഭാര്യ . ലോത്തിന്റെ ഭാര്യയുടെ പേരു പോലും ബൈബിളിൽ രേഖപ്പെടുത്തിയിട്ടില്ല . പേര് എന്ത് എന്നതിലല്ല കാര്യം എന്നതു കൊണ്ടാകാം അത് ….

വിശ്വാസികളുടെ പിതാവായ അബ്രഹാമിനോട് ഒപ്പം അന്യദൈവ ആരാധകരുടെ പാളയം വിട്ട് ദൈവിക വാഗ്ദാനങ്ങൾ പ്രാപിക്കുവാൻ – സത്യ ദൈവത്തെ സേവിക്കുവാൻ ഇറങ്ങി തിരിച്ച വ്യക്തിയായിരുന്നു ലോത്ത്.   തന്റെ സഹോദ പുത്രനെ അബ്രഹാമിനും ഏറെ പ്രിയമായിരുന്നു തീർച്ച.

പക്ഷെ കാലം മുൻപോട്ടു നീങ്ങി, സമ്പത്ത് ഏറിയപ്പോൾ ഭൗതിക കാരണങ്ങളാൽ ലോത്തിന് അബ്രഹാമിനെ പിരിയേണ്ടി വന്നു. അപ്രകാരം പിരിഞ്ഞത് ഒരിക്കലും ഒരു തെറ്റായി നാം തിരു വചനത്തിൽ കാണുന്നില്ല. പക്ഷെ അബ്രഹാം ആരാധനക്കും അതിനുള്ള സൗകര്യത്തിനും ഏറെ മുൻഗണന നൽകിയപ്പോൾ ( ഉൽപ്പത്തി 13 ), ദൈവാശ്രയത്തെക്കാൾ ദൈവീകകൂട്ടായ്മകളെക്കാൾ, സമ്പൽ സമൃദിയുടെ പച്ചപ്പിന് അധിക പരിഗണന നൽകിയ ലോത്തും തന്റെ സഹധർമ്മിണിയും. കൂടാരം മാറ്റി മാറ്റി അടിച്ച് പാപത്തിന്റെ പാളയമായ സോദം വരെ എത്തി.

അതെ ലക്ഷ്യം  തെറ്റിയ ആ കുടുംബത്തിന്റെ പരാജയ ചിത്രം അവിടെ ആരംഭിക്കുന്നു . പുതിയ നിയമ രേഖയിൽ ലോത്തിനെ തിരു വചനം വിശേഷിപ്പിക്കുന്നത് ;  ‘വലഞ്ഞുപോയ നീതിമാൻ’. എന്നാണ്. അതെ ജീവിതസാഹചര്യ ചുഴിയിൽ പെട്ട് വലഞ്ഞുപോയ നീതിമാനത്രേ ലോത്ത് .

ലോത്തും കുടുംബവും ചെന്നെത്തിയ    സോദം ഗോമോരാ എന്നീ പട്ടണങ്ങൾ സകല വിധ കൊടിയ പാപ ങ്ങളുടെയും ജഢിക ആസക്തികളുടെയും കേന്ദ്രം ആയിരുന്നു. അവരുടെ അധംപതിച്ച ജീവിത സാഹചര്യങ്ങളിലേക്കാണ് ഈ കുടുംബവും നടന്ന് അടുത്തത് . കാലം മുൻപോട്ടു പോയി ആ നഗരങ്ങളുടെ പാപം സ്വർഗ്ഗത്തിന് സഹിക്കുന്നതിലും അപ്പുറമായി മാറി. ആ നഗരങ്ങളെ ഭൂമുഖത്തു നിന്നും തുടച്ചു നീക്കുവാൻ സ്വർഗ്ഗം പദ്ധതികൾ തയാറാക്കി. പക്ഷെ തന്റെ ഭക്തനായ അബ്രഹാമിനെ ഓർത്ത ദൈവം. അബ്രഹാമിന് തന്റെ സഹോദര കുടുംബത്തോടുള്ള സ്നേഹവും കൂറും നന്നായി അറിയാവുന്ന സൃഷ്ടിതാവ് ലോത്തിനെയും കുടുംബത്തെയും രക്ഷിക്കുവാൻ തയാറായി. സ്വർഗ്ഗം തന്റെ ദൂതൻമാരെ അയച്ചു. ലോത്തിനോടും കുടുംബത്തോടും കാര്യങ്ങൾ വിശദീകരിച്ചു.ആ രംഗം തിരുവചന രേഖ കളിൽ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു;

ആ പുരുഷന്മാർ ലോത്തിനോട്: ഇവിടെ നിനക്കു മറ്റു വല്ലവരുമുണ്ടോ? മരുമക്കളോ പുത്രന്മാരോ പുത്രിമാരോ ഇങ്ങനെ പട്ടണത്തിൽ നിനക്കുള്ളവരെയൊക്കെയും ഈ സ്ഥലത്തുനിന്നു കൊണ്ടുപൊയ്ക്കൊൾക;

ഇവരെക്കുറിച്ചുള്ള ആവലാതി യഹോവയുടെ മുമ്പാകെ വലുതായിത്തീർന്നിരിക്കകൊണ്ടു ഞങ്ങൾ ഈ സ്ഥലത്തെ നശിപ്പിക്കും. അതിനെ നശിപ്പിപ്പാൻ യഹോവ ഞങ്ങളെ അയച്ചിരിക്കുന്നു എന്നു പറഞ്ഞു.

അങ്ങനെ ലോത്ത് ചെന്നു തന്റെ പുത്രിമാരെ വിവാഹം ചെയ്‍വാനുള്ള മരുമക്കളോടു സംസാരിച്ചു:

നിങ്ങൾ എഴുന്നേറ്റ് ഈ സ്ഥലം വിട്ടു പുറപ്പെടുവിൻ; യഹോവ ഈ പട്ടണം നശിപ്പിക്കും എന്നു പറഞ്ഞു. എന്നാൽ അവൻ കളിപറയുന്നു എന്ന് അവന്റെ മരുമക്കൾക്കു തോന്നി.

ഉഷസ്സായപ്പോൾ ദൂതന്മാർ ലോത്തിനെ ബദ്ധപ്പെടുത്തി: ഈ പട്ടണത്തിന്റെ അകൃത്യത്തിൽ നശിക്കാതിരിപ്പാൻ എഴുന്നേറ്റു നിന്റെ ഭാര്യയെയും ഇവിടെ കാണുന്ന നിന്റെ രണ്ടു പുത്രിമാരെയും കൂട്ടിക്കൊണ്ടു പൊയ്ക്കൊൾക എന്നു പറഞ്ഞു.

അവൻ താമസിച്ചപ്പോൾ, യഹോവ അവനോടു കരുണ ചെയ്കയാൽ, ആ പുരുഷന്മാർ അവനെയും ഭാര്യയെയും രണ്ടു പുത്രിമാരെയും കൈക്കു പിടിച്ചു പട്ടണത്തിന്റെ പുറത്തു കൊണ്ടുപോയി ആക്കി.

അവരെ പുറത്തു കൊണ്ടുവന്നശേഷം അവൻ: ജീവരക്ഷയ്ക്കായി ഓടിപ്പോക; ” പുറകോട്ടു നോക്കരുത്;  ഈ പ്രദേശത്തെങ്ങും നില്ക്കയുമരുത്; നിനക്കു നാശം ഭവിക്കാതിരിപ്പാൻ പർവതത്തിലേക്ക് ഓടിപ്പോക” എന്നു പറഞ്ഞു.

ലോത്ത് അവരോടു പറഞ്ഞത്: ”അങ്ങനെയല്ല കർത്താവേ; നിനക്ക് അടിയനോടു കൃപ തോന്നിയല്ലോ; എന്റെ ജീവനെ രക്ഷിപ്പാൻ എനിക്കു വലിയ കൃപ നീ കാണിച്ചിരിക്കുന്നു; പർവതത്തിൽ ഓടി എത്തുവാൻ എനിക്ക് കഴികയില്ല; പക്ഷേ എനിക്ക് ദോഷം തട്ടി മരണം ഭവിക്കും. ഇതാ, ഈ പട്ടണം സമീപമാകുന്നു; അവിടേക്ക് എനിക്ക് ഓടാം; അതു ചെറിയതുമാകുന്നു; ഞാൻ അവിടേക്ക് ഓടിപ്പോകട്ടെ. അതു ചെറിയതല്ലോ; എന്നാൽ എനിക്കു ജീവരക്ഷ ഉണ്ടാകും.”

അവൻ അവനോട്: ”ഇക്കാര്യത്തിലും ഞാൻ നിന്നെ കടാക്ഷിച്ചിരിക്കുന്നു;
നീ പറഞ്ഞ പട്ടണം ഞാൻ മറിച്ചുകളകയില്ല. ബദ്ധപ്പെട്ട് അവിടേക്ക് ഓടിപ്പോക;
നീ അവിടെ എത്തുവോളം എനിക്ക് ഒന്നും ചെയ്‍വാൻ കഴികയില്ല എന്നു പറഞ്ഞു”. അതുകൊണ്ട് ആ പട്ടണത്തിനു സോവാർ എന്നു പേരായി.

ലോത്ത് സോവാരിൽ കടന്നപ്പോൾ സൂര്യൻ ഉദിച്ചിരുന്നു. യഹോവ സൊദോമിന്റെയും ഗൊമോറായുടെയുംമേൽ യഹോവയുടെ സന്നിധിയിൽനിന്ന്, ആകാശത്തുനിന്നുതന്നെ, ഗന്ധകവും തീയും വർഷിപ്പിച്ചു.

ആ പട്ടണങ്ങൾക്കും പ്രദേശത്തിനു മുഴുവനും ആ പട്ടണങ്ങളിലെ സകല നിവാസികൾക്കും നിലത്തെ സസ്യങ്ങൾക്കും ഉന്മൂലനാശം വരുത്തി. ലോത്തിന്റെ ഭാര്യ അവന്റെ പിന്നിൽനിന്നു തിരിഞ്ഞുനോക്കി ഉപ്പുതൂണായി ഭവിച്ചു.

അബ്രാഹാം രാവിലെ എഴുന്നേറ്റു താൻ യഹോവയുടെ സന്നിധിയിൽ നിന്നിരുന്ന സ്ഥലത്തു ചെന്നു,
സൊദോമിനും ഗൊമോറായ്ക്കും ആ പ്രദേശത്തിലെ സകല ദിക്കിനും നേരേ നോക്കി, ദേശത്തിലെ പുക തീച്ചൂളയിലെ പുകപോലെ പൊങ്ങുന്നതു കണ്ടു.

എന്നാൽ ആ പ്രദേശത്തിലെ പട്ടണങ്ങളെ നശിപ്പിക്കുമ്പോൾ ദൈവം അബ്രാഹാമിനെ ഓർത്തു.
ലോത്ത് പാർത്ത പട്ടണങ്ങൾക്ക് ഉന്മൂലനാശം വരുത്തുകയിൽ ലോത്തിനെ ആ ഉന്മൂലനാശത്തിൽനിന്നു വിടുവിച്ചു. ( ഉല്‍പത്തി 19:12 – 29)

ശ്രദ്ധിക്കുക, രക്ഷ പെടുവാൻ എല്ലാവിധ അവസരങ്ങളും ഈ കുടുംബത്തിന് ലഭിച്ചിരുന്നു. ലോത്ത് സോദം വിട്ട് ഇറങ്ങുവാൻ താമസിച്ചപ്പോൾ ദൂതൻ അവരുടെ കൈക്കു പിടിച്ച് നാശപട്ടണത്തിന്റെ പുറത്ത് എത്തിക്കുവാൻ വരെ തയാറായി ( വാക്യം 16 ) . പർവ്വതത്തിലേക്ക് ഓടി എത്തുവാൻ തനിക്ക് കഴിയില്ല എന്ന് ലോത്ത് പരിഭ്രമത്തോടെ അറിയിച്ച പ്പോൾ ലോത്തിന്റെ അപേക്ഷപോലെ  സമീപപട്ടണത്തിലേക്ക് പോകുവാൻ വരെ സ്വർഗ്ഗം ലോത്തിനെ അനുവദിച്ചു.

പുറത്ത് എത്തിച്ച ശേഷം ദൂതൻ നൽകിയ മുന്നറിയിപ്പ് ശ്രവിക്കുവാൻ അനുസരിക്കുവാൻ ലോത്തിന്റെ കുടുംബിനിക്ക് – ഭാര്യക്ക് സാധിച്ചില്ല . ദൂതന്റെ മുന്നറിയിപ്പ്  ശ്രദ്ധിക്കുക; ” …. ജീവ രക്ഷക്കായി ഓടിപ്പോകുക –  പുറകോട് നോക്കരുത്. ഈ പ്രദേശത്തു നിൽക്കുകയും അരുത്.” ( ഉൽപ്പത്തി 19 : 17 ).

പക്ഷേ ലോക സ്നേഹം തലക്കുപിടിച്ച ലോത്തിന്റെ ഭാര്യ വിട്ടു പോന്നതിലേക്ക് ഒരു വട്ടം കൂടി തിരിഞ്ഞു നോക്കി. അടുത്ത നിമിഷം  ലോത്തിന്റെ ഭാര്യ ഒരു ഉപ്പുതൂണായി മാറി. അതെ ലോക ചരിത്രത്തിൽ സമാനതകൾ ഇല്ലാത്ത സംഭവം. മനുഷ്യൻ ഉപ്പു തൂണായി മാറുക… അതു വഴി പോകുന്നവർക്കെല്ലാം ഒരു മുന്നറിയിപ്പിൻ സ്മാരകം പോലെ ആ ഉപ്പുതൂൺ; ലോത്തിന്റെ ഭാര്യ നിലകൊള്ളുന്നു.

ലോത്തിന്റെ ഭാര്യയുടെ ലോകസ്നേഹം അവളുടെ കുടുംബത്തെ അപ്പാടെ തകർത്തുകളഞ്ഞു . അവളുടെ പെൺമക്കൾ സ്വന്തം പിതാവുമായി തന്ത്രപരമായി അവിഹിതബന്ധത്തിൽ ഏർപ്പെട്ടു . മോവാബ്യർ – അമോന്യർ എന്നീ യഹോവക്കു നിഷിധമായ രണ്ടു ജാതികൾ അവരിൽ നിന്നും ഉത്ഭവിച്ചു . തുടക്കം എങ്ങിനെ എന്നതിനേക്കാൾ ഒടുക്കം എങ്ങിനെ എന്നത് അതീവ പ്രാഥിന്യം ഉള്ള സംഗതി യത്രേ.

പ്രിയരേ നമ്മുടെ ബുദ്ധ്യുപദേശത്തിനായി, ചില വ്യക്തികളുടെ ജീവിതത്തിൽ ഉണ്ടായവീഴ്ചകൾ – പരാജയങ്ങൾ എന്നിവ  ദൈവത്തിന്റെ പരിശുദ്ധാത്മാവ് നമ്മെ ഓർമ്മപ്പെടുത്തി;  അതിൽ നിന്നു തെറ്റി ഒഴിഞ്ഞിരിക്കുവാൻ നമുക്ക് ദൈവം അവസരങ്ങളെ നൽകുന്നു . ലോക സ്നേഹം എന്ന വലിയ അപകടത്ത പറ്റിയുള്ള മുന്നറിയിപ്പാണ് ലോത്തിന്റെ ഭാര്യ .   അതെ തിരു വചനം ഇപ്രകാരം പറയുന്നു ;

” ലോക സ്നേഹം ദൈവത്തോടു ശത്രുത്വം ആകുന്നു ” ( യാക്കോബ് 4 : 4 )  പാപ ത്തിന്റെ പാളയത്തിൽ നിന്നും ദൈവം, കാലാ കാലങ്ങളിൽ തന്റെ മഹാ കരുണയാൽ നമ്മെ രക്ഷിച്ചു . നാടും വീടും നാമധേയ കൂട്ടവും വിട്ട് സ്വർഗ്ഗ  സീയോൻ പുരി ലക്ഷ്യമാക്കി ഇറങ്ങു വാൻ സ്വർഗ്ഗം കാലാ കാല ങ്ങളിൽ തന്റെ മഹാ കരുണയാൽ …. മഹാ ദയയാൽ നമുക്ക് അവസരങ്ങളെ  നൽകി . പക്ഷെ വിശുദ്ധിയിൽ നമ്മെ തന്നെ സൂക്ഷിക്കുക എന്ന ഭാരിച്ച ഉത്തര വാദിത്വം നമ്മിൽ ഭരമേൽപ്പിക്കപ്പെട്ടിരിക്കുന്നു . പൗലോസ് ശ്ലീഹാ ഇപ്രകാരം എഴുതി ; ” നിന്നെത്തന്നെയും ഉപദേശത്തെയും സൂക്ഷിച്ചുകൊൾക; ഇതിൽ ഉറച്ചുനില്ക്ക; അങ്ങനെ ചെയ്താൽ നീ നിന്നെയും നിന്റെ പ്രസംഗം കേൾക്കുന്നവരെയും രക്ഷിക്കും. ” ( 1 തിമൊഥെയൊസ് 4:16).

നമ്മെ തന്നെ രക്ഷിക്കേണ്ടുന്ന ഉത്തര വാദിത്വം, നമുക്ക് തന്നെ ആത്മിക വർദ്ധനവു വരുത്തുവാനുള്ള ഉത്തര വാദിത്വം അത് നമ്മിൽ ഭരേൽപ്പിക്ക പ്പെട്ടിരിക്കുന്നു . ( യൂദാ : 20 ). ദൈവ മക്കൾ പാർക്കുന്ന പ്രദേശം – സമൂഹം ഇതെല്ലാം ശ്രദ്ധിക്കേണ്ടതാണ് . ദൈവിക കൂട്ടായ്മകൾക്ക് അവസരങ്ങൾ ലഭ്യമാകുന്ന സ്ഥലം വേണം കഴിവതും നാം തിരഞ്ഞെടുക്കുവാൻ . അധവാ യോസഫിനെ പോലെ അങ്ങിനെ ഒരു സ്ഥലത്ത് വിജാതികളുടെ നടുവിൽ പാർക്കുവാൻ ദൈവം അനുവദിച്ചാൽ അവരുടെ നടുവിൽ ദൈവ മക്കൾ സാക്ഷ്യം പുലർത്തി  ജീവിക്കേണം . അവരുടെ വഴി – ജാതികളുടെ വഴി നാം പകർത്തുവാൻ പാടില്ല .അബ്രഹാം ഹിത്യരുടെ നടുവിൽ ദൈവത്തിന്റെ പ്രഭു എന്ന സാക്ഷ്യം പുലർത്തി ജീവിച്ചു . പാപം വാതിൽക്കൽ എത്തിയിലും ജോസഫ് പ്രലോഭനങ്ങളെ കീഴ് പെടുത്തി . നാം അന്യ ജാതിക്കാരുടെ ഇടയിൽ അവിശ്വാസികളുടെ ഇടയിൽ പാർത്താലും ,നമ്മടെ കുഞ്ഞു ങ്ങളെ ദൈവ വചനം അഭ്യസിപ്പിച്ച് വളർത്തേണം . അവരുടെ വിവാഹ കാര്യങ്ങൾ ഉൾപ്പടെ വരുമ്പോൾ ക്രിസ്തീയ മാതൃക നാം പുലർത്തേണം . അവിശ്വാസികളുമായി വിവാഹ ബന്ധം അനുവദിക്കരുത് .

ലോത്തിന്റെ ഭാര്യ വലിയ ഒരു മുന്നറിയിപ്പാണ്. നിരവധി വർഷങ്ങൾ നമ്മോടൊപ്പം ഈ ഓട്ടക്കളത്തിൽ ഓടിയിട്ടു ഇടക്ക് പിൻതിരിഞ്ഞു നോക്കി നിത്യനാശത്തിലേക്ക് പോയ അനേകരെ നമുക്ക് കാണുവാൻ കഴിയും. തിരുവചനം ഇപ്രകാരം രേഖപ്പെടുത്തി;  ” ചിലർ നല്ല മനസ്സാക്ഷി തള്ളിക്കളഞ്ഞിട്ടു അവരുടെ വിശ്വാസക്കപ്പൽ തകർന്നുപോയി” (1 തിമൊഥെയൊസ് 1:19).

അതെ വീടോട് അടുത്തിട്ടും വീട്ടിലെത്തുവാൻ കഴിയാതെ പോയവർ. പാട്ടുകാരൻ പാടി …..

” ഇത്രയും വലിയതാം രക്ഷയെ തളളിയാൽ
സോദരാ നീ  എന്ത് നിർഭാഗ്യവാനാ ….. ”

എബ്രായ ലേഖത്തിൽ പരിശുദ്ധാത്മ പ്രേരിതനായി പൗലോസ് ശ്ലീഹാ എഴുതി. ”  ആകയാൽ നാമും സാക്ഷികളുടെ ഇത്ര വലിയോരു സമൂഹം നമുക്കു ചുറ്റും നില്ക്കുന്നതുകൊണ്ടു, സകല ഭാരവും മുറുകെ പറ്റുന്ന പാപവും വിട്ടു നമുക്കു മുമ്പിൽ വച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ ഓടുക. വിശ്വാസത്തിന്റെ നായകനും പൂർത്തി വരുത്തുന്നവനുമായ യേശുവിനെ നോക്കുക” ( എബ്രായര്‍ 12:1‭-2)

അതെ നിത്യത ലാക്കാക്കി ഓടാം… നമ്മുടെ ആത്മമണവാളൻ വരുവാൻ കാലം ഇനി ഏറെയില്ല. ഒരുങ്ങാം… അനേകരെ നിത്യതക്കായി ഒരുക്കാം.

ക്രിസ്തുവിൽ നിങ്ങളുടെ എളിയ സഹോദരൻ,

-സ്കറിയ.ഡി. വർഗീസ്, വാഴൂർ

 

 

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.