“ഇതാ വരുന്നു അനുഗ്രഹം എന്ന ദൂതുമായി ഊരുചുറ്റുന്ന “ഉണർവ്വ് പ്രസംഗകർ പ്രസംഗിക്കുന്ന കൺവെൻഷനുകളിൽ. ശാപം പൊട്ടാനും, ഉരുണ്ടു വീഴാനും, അനുഗ്രഹം പ്രാപിക്കാനും ജനം ഇത്തരം യോഗങ്ങളിലേക്ക്, ഈയംപാറ്റകളേ പ്പോലെ, പറന്നടുക്കുകയാണ്.
“പച്ചയായ പുൽപ്പുറങ്ങളിലേക്ക് ആടുകളെ നയിക്കുക മാത്രമല്ല അവയെ ചെന്നായ്ക്കളുടേയും ഇതര ദുഷ്ടമൃഗങ്ങളുടേയും വായിൽ അകപ്പെടാതെ രക്ഷിക്കയും ചെയ്യേണ്ടത് ഇടയൻമാരാണ്” . ( സഭാ ശുശ്രൂഷകന്മാർ ) പക്ഷേ, പെന്തക്കോസ്തിലെ ഇടയൻ മാർക്ക് ഇപ്പോൾ മറ്റു പലതിലുമാണ് താല്പര്യം. അതുകൊണ്ട് ആടുകൾ വ്യാജ ഉണർവുകളുടേയും വചനവിരുദ്ധമായ ഇതര വൈകൃതങ്ങളുടേയും പിന്നാലെ പായുന്നു.
ബൈബിളിന് നിരക്കാത്ത, കർത്താവോ, അപ്പോസ്തലന്മാരോ ചെയ്തിട്ടില്ലാത്ത, ലേഖനങ്ങളിൽ പറഞ്ഞിട്ടില്ലാത്ത ശുശ്രൂഷയെ നിങ്ങൾ പിന്തുണയ്ക്കുകയാണെങ്കിൽ, ഇതൊക്കെ ചെയ്യുന്നവരെ താങ്ങിക്കൊണ്ട് നടക്കുന്നവർ ആണങ്കിൽ നിങ്ങളെ ന്യായം വിധിക്കുന്ന സമയം അടുത്തിരിക്കുന്നു. ജനങ്ങളെ കൊള്ളയടിക്കുന്ന ഈ കള്ളന്മാരെ പൊക്കിക്കൊണ്ട് നടക്കുന്നവരെ ദൈവം വലിച്ചുകീറും. യേശുവിൽ വിശ്വസിക്കുന്നവരുടെ ഉളളിൽനിന്നും ജീവ ജലത്തിന്റെ നദി ഒഴുകും എന്നത് സത്യമാണ്. പക്ഷേ, തിരുവെഴുത്ത് പറയുന്നതുപോലെയായിരിക്കും ജീവജലനദി ഒഴുകുന്നത്. തിരുവെഴുത്തിൽ പറയാത്ത ഒഴുക്ക് ദൈവീകമല്ല. കർത്താവായ യേശുക്രിസ്തു വാഗ്ദത്തം ചെയ്തതും, അപ്പൊസ്തലൻമാർ പ്രാപിച്ചതും, ലേഖനങ്ങളിൽ ഉപദേശമുളളതുമായ അനുഗ്രഹങ്ങളും കൃപകളും കൃപാവരങ്ങളും ദൈവീകമാണ്. അത് ദൈവ മക്കൾക്ക് സ്വീകാര്യമാണ്. എന്നാൽ കർത്താവോ ശിഷ്യന്മാരോ അറിഞ്ഞിട്ടില്ലാത്ത അനുഗ്രഹങ്ങളും കൃപാവരങ്ങളും ദൈവീകമല്ലെന്ന് തിരിച്ചറിയാൻ ദൈവ മക്കൾക്ക് കഴിയണം. പക്ഷേ, ദൈവവചനത്തേക്കാൾ അനുഭവങ്ങൾക്ക് വില കൽപ്പിക്കുന്നവർക്ക് സത്യം ഗ്രഹിക്കാൻ കഴിയുന്നില്ല.
എന്താണ് ഉണർവ്വ് ? ഉറങ്ങിക്കിടക്കുന്നവൻ ഉറക്കം വിട്ട് എഴുന്നേൽക്കുന്നതാണ് ഉണർവ്വ്. ഉറക്കത്തിനിടയിൽ തിരിഞ്ഞും മറിഞ്ഞും കിടന്നെന്നുവരാം. പിച്ചും പേയും പറഞ്ഞേക്കാം. ചിലർ ഇറങ്ങി നടക്കാറുമുണ്ട്. അറിവില്ലാത്തവർ ഇതൊക്കെ ഉണർവ്വായി തെറ്റിദ്ധരിക്കും. ഇന്നത്തെ ഉണർവുകൾ ഇത്തരത്തിലുളളതാണ്. അവർ തിരിയുന്നും മറിയുന്നുമുണ്ട്. അർത്ഥശൂന്യമായ വാക്കുകൾ പറയുന്നുണ്ട്. ചിലർ ചാടുകയും തുളളുകയും ചെയ്യുന്നതും കാണാം. ഇവർ സുബോധത്തോടെയല്ല ഇതൊന്നും ചെയ്യുന്നത്. കാരണം, ഇവർ ഉണർന്നിട്ടില്ല.എന്താണ് യഥാർത്ഥ ഉണർവ്വ് ? അത് മനസ്സിലാക്കണമെങ്കിൽ മനുഷ്യനേക്കുറിച്ച് ചിലതെല്ലാം അറിഞ്ഞിരിക്കണം. ദേഹം, ദേഹി, ആത്മാവ് എന്നിങ്ങനെ മൂന്നു ഘടകങ്ങളുളളവനാണ് മനുഷ്യൻ. 1തെസ. 5:23, എബ്രാ.4:12. യഹോവയായ ദൈവം നിലത്തെ പൊടികൊണ്ട് മനുഷ്യന്റെ ശരീരം ഉണ്ടാക്കി. അതിനുശേഷം അവന്റെ മുക്കിൽ ജീവന്റെ ആത്മാവിനെ ഊതി. അതോടെ അവനിൽ ദേഹി എന്ന മൂന്നാമതൊരു ഘടകം കൂടി ഉണ്ടായി. അങ്ങനെ മനുഷ്യൻ ദേഹം, ദേഹി, ആത്മാവ് എന്നിങ്ങനെ മൂന്നു ഘടകങ്ങളുളള വ്യക്തിയായിത്തീർന്നു.നല്ല ഭക്ഷണം ലഭിക്കുമ്പോൾ നമുക്ക് സന്തോഷവും ഉണർവും ഒക്കെ ഉണ്ടാകും. മനുഷ്യനിലെ ദേഹം എന്ന ഘടകമാണ് അപ്പോൾ സന്തോഷിച്ചത്. ഇത് ആത്മീയസന്തോഷമായി ആരും വ്യാഖ്യാനിക്കാറില്ല. ആർക്കെങ്കിലും നല്ല ഭക്ഷണം കൊടുത്താൽ ശരീരത്തിന്റെ പോഷണത്തിനുളളത് കൊടുത്തു എന്നാണ് മനസ്സിലാക്കേണ്ടത്.ബുദ്ധി, ഇച്ഛ, വികാരം എന്നിവയുടെ ആകെത്തുകയാണ് ദേഹി. എബ്രായ ഭാഷയിൽ “നെഫേഷ് ” എന്നും ഗ്രീക്കിൽ “സൂക്കേ ” എന്നും ഇംഗ്ലീഷിൽ “mind ” എന്നും സംസ്കൃതത്തിൽ “അഹം ” എന്നും പറയുന്നത് ഇതുതന്നെ. മനസ്സ് എന്ന വാക്ക് ‘ദേഹി’ എന്നതിന് തുല്യമാകില്ലെങ്കിലും അർത്ഥം മനസ്സിലാക്കാൻ സഹായകമാകും. ബുദ്ധി, ഇച്ഛ, വികാരം എന്നിവയ്ക്ക് പോഷണം ലഭിക്കുന്ന ആശയങ്ങളും പ്രസംഗങ്ങളും ആത്മീയ ഉണർവ്വു പ്രസംഗങ്ങളായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്.ഉദാഹരണത്തിന്, നല്ല ഒരു ഫലിതം കേട്ടാൽ നമുക്ക് സന്തോഷമുണ്ടാകും. ഫലിതം മനുഷ്യനിലെ ഏതു ഘടകത്തിനാണ് ഉത്തേജനം ഉണ്ടാക്കുന്നത്? “വികാരത്തെ” എന്ന് സംശയം കൂടാതെ പറയാം. അപ്പോൾ സന്തോഷിക്കുന്നത് നമ്മുടെ ദേഹമോ ആത്മാവോ അല്ല ദേഹിയാണ്. കാരണം, വികാര മെന്നത് ദേഹിയുടെ ഭാഗമാണ്. ബുദ്ധി, ഇച്ഛ, വികാരം എന്നിവയെ സ്പർശിക്കുന്ന പ്രസംഗങ്ങൾ ആത്മാവിനെയല്ല ദേഹിയെ അത്രേ ഉണർത്തുന്നത്.
ആത്മാവിനുളള ഭക്ഷണം ദൈവവചനമെന്ന അപ്പവും പാനീയം പരിശുദ്ധാത്മാവാകുന്ന വെളളവുമാണ്. അത് ലഭിക്കുമ്പോൾ ആത്മാവ് സന്തോഷിക്കും. ഉറങ്ങിക്കിടക്കുന്ന ആത്മാവ് ഉണർന്നെഴുന്നേൽക്കും. അതാണ് ശരിയായ ഉണർവ്വ്. യഥാർത്ഥ സുവിശേഷത്തിനു പകരം അനുഗ്രഹത്തിന്റെ സുവിശേഷം കേൾക്കുമ്പോൾ ഉണരുന്നത് ആത്മാവല്ല, ദേഹവും ദേഹിയുമാണ്. ആകയാൽ, വചനവിരുദ്ധമായ ഉപദേശങ്ങൾ പ്രചരിപ്പിച്ച് കപട ഉണർവുണ്ടാക്കുന്നതിന്റെ പിന്നിൽ പ്രവർത്തിക്കുന്നത് ദുരാത്മാവാണ്. അതാണ് കൊട്ടാരക്കര ടിനു ജോർജ്ജ് ചെയ്യുന്നതും. “ഇതാ വരുന്നു അനുഗ്രഹം” എന്നു കേൾക്കുമ്പോൾ സന്തോഷിക്കുന്നത് ഏത് ഘടകമാണ്? ആത്മീയ അനുഗ്രഹത്തേക്കുറിച്ചാണ് പറയുന്നതെങ്കിൽ സന്തോഷിക്കുന്നത് ആത്മാവായിരിക്കും എന്നതിന് സംശയമില്ല. പക്ഷേ, ഇവിടെ പറയുന്ന അനുഗ്രഹം ഭൗതീക അനുഗ്രഹമാണെങ്കിലോ? പണമുണ്ടാകാൻ പോകുന്നു” “ബിസിനസ്സ് പുഷ്ടിപ്പെടാൻ പോകുന്നു”( എന്ത് ബിസിനസ് ? കള്ള്, സിഗരറ്റ്, കഞ്ചാവ് എന്നിത്യാദി കച്ചവടം) “അനുഗ്രഹം ഉണ്ടാകാൻ പോകുന്നു” എന്നതിന് ഇക്കാലത്തുളള അർത്ഥം. പണം ഉണ്ടായാലും ഇല്ലെങ്കിലും ആത്മാവിന് ഗുണമുണ്ടാകാനില്ല. കാരണം, ആത്മാവ് ദാഹിക്കുന്നത് ജീവനുളള ദൈവത്തിനായിട്ടാണ്. “എപ്പോൾ പൂത്തുലഞ്ഞു വലിയ ആളാകും എന്നല്ല “എപ്പോൾ ദൈവസന്നിധിയിൽ ചെല്ലും എന്നാണ് ആത്മാവിന് അറിയേണ്ടത്. സങ്കീ. 42:2
ഇന്നത്തെ ഉണർവ്വു പ്രസംഗങ്ങളിൽ കേൾക്കുന്ന പ്രസംഗങ്ങളെ ദൈവവചന വെളിച്ചത്തിൽ വിലയിരുത്തുക. എന്തൊക്കെയാണ് പ്രസംഗകൻ വാഗ്ദാനം ചെയ്യുന്നത്? സാമ്പത്തിക ഉയർച്ച, രോഗസൗഖ്യം, ശത്രുവിന്റെമേൽ ജയം, അങ്ങനെ പലതും. ഇതൊക്കെ കേൾക്കുമ്പോൾ ജനം അത്യുച്ചത്തിൽ ഹാലേലൂയ്യായും അന്യഭാഷയും പറയും. ചാടുകയും തുളളുകയും ഒക്കെ ചെയ്യും. വെരുകിനേപ്പോലെ ഓടിക്കൊണ്ടാണ് പ്രസംഗകൻ അനുഗ്രഹം ചൊരിയുന്നത്. ഇതാണോ ആത്മീയ ഉണർവ്വ് ?
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.