Walk the second Mile

Walk the second Mile
June 15 10:51 2020 Print This Article

യേശു ഒരിക്കൽ തൻറെ മുൻപിലുള്ള പുരുഷാരത്തോട് അനേകം സാരോപദേശങ്ങൾ സംസാരിക്കവേ ഇപ്രകാരം പറഞ്ഞു “ഒരുവൻ നിങ്ങളോട് ഒരു കാതം നടക്കുക എന്ന് ആവശ്യപ്പെട്ടാൽ അവരോടൊപ്പം രണ്ട് കാതം നടക്കേണം” എന്നു.

യേശുവിൻറെ ഈ ഉപദേശം അല്പം കഠിനം എന്ന് തോന്നുമെങ്കിലും ഇതു പ്രാവർത്ഥികമാക്കിയ അനേകം പേർക്ക് ജീവിതത്തിൽ അനുഗ്രഹത്തിനും നന്മയുടെയും അഭിവൃദ്ധിയും പടവുകൾ ചവിട്ടിക്കയറിയത് ധാരാളം ഉദാഹരണങ്ങൾ പറയുവാനുണ്ട്.

ക്രൈസ്തവനും അക്രൈസ്തനും ആയിക്കൊള്ളട്ടെ ഈ ഒരു ജീവിതപാഠം പ്രാവർത്തികമാക്കുമ്പോൾ ഒരു നല്ല മനുഷ്യൻ ആകുക മാത്രമല്ല നിങ്ങൾ നിശ്ചയമായും മറ്റുള്ളവരാൽ ശ്രദ്ധിക്കപ്പെടും എന്നുള്ളത് തീർച്ചയാണ്. പണ്ട് പേർഷ്യയുടെ രാജാവായിരുന്നു സൈറസ് തൻറെ രാജ്യങ്ങളിൽ തപാൽ സംവിധാനങ്ങൾ നിലവിൽ കൊണ്ടുവരുമ്പോൾ, തപാൽ ഉരുപ്പടികൾ അടങ്ങുന്ന വലിയ തുകൽ സഞ്ചികൾ എടുത്തു ചുമന്നു കൊണ്ടുപോകുന്ന തങ്ങളുടെ ഭടന്മാർക്ക് സഹായകമായി, ആ ഭാരം അവരോടൊപ്പം വഹിക്കുവാൻ അവർക്ക് സഹായമായി വഴിയിൽ കാണുന്ന ഏതൊരാളും തങ്ങളോടു കൂടെ ഒരു മയിൽ ദൂരം നടക്കണമെന്ന് കല്പന പുറപ്പെടുവിച്ചു.

ഇങ്ങനെ തന്റെ 33 കിലോയോളം വരുന്ന തപാൽ സഞ്ചി വഹിച്ചു കൊണ്ടു പോകുന്നതിൽ സഹായിക്കാൻ ഏതൊരു പടയാളിക്കും മറ്റൊരാളോട് ആവശ്യപ്പെടുന്ന സാഹചര്യമുണ്ടായി……. പിന്നീട് റോമൻ പടയാളികൾ ഈ നിയമം ഉപയോഗിച്ച് തങ്ങളുടെ പടക്കോപ്പുകളും സാമഗ്രികളും യഹൂദൻമാരും പുറം ജാതി ക്കാരും ഒരു മയിൽ ദൂരം അവരോടൊപ്പം വഹിച്ചു കൊണ്ടു പോകേണം നിയമമുണ്ടാക്കി.

യേശുവിൻറെ ഈ വാക്ക് കേട്ട യഹൂദന്മാർക്ക് അത് വളരെ കഠിനമായി തോന്നി. കാരണം റോമാക്കാർ ഇസ്രയേൽ രാജ്യം ഭരിക്കുകയും, എല്ലാ യഹൂദൻമാരും സീസറിന് കപ്പം കൊടുക്കുകയും ചെയ്യുമ്പോഴാണ് യേശു ഇപ്രകാരം പറഞ്ഞത് എന്ന് ഓർക്കണം. തങ്ങളുടെ മുകളിൽ വളരെ ഭാരിച്ച നികുതികൾ ഏർപ്പെടുത്തിയും തങ്ങളുടെ രാജ്യം ഉരുക്കുമുഷ്ടികൊണ്ടു ഭരണം നടത്തുകയും ചെയ്യുന്ന പട്ടാളക്കാരോട് രണ്ടു മൈൽ അവരുടെ ഭാരങ്ങൾ ചുമന്നു സഹായിക്കണമെന്ന യേശുവിൻറെ അതേ കാഴ്ചപ്പാടാണ് തൻറെ ബാക്കിയുള്ള ജീവിതത്തിലും നമ്മളോട് പരിചയപ്പെടുത്തിയത്……

ഒരിക്കൽ ഇംഗ്ലണ്ടിലെ പിറ്റ്സ്ബർഗ് എന്ന സ്ഥലത്തെ പ്രശസ്തമായ ഫർണിച്ചർ കടയിലേക്ക് ഒരു വൃദ്ധയായ സ്ത്രീ കടന്നുവന്നു. ആപ്പോൾ പുറത്തു വലിയ മഴ പെയ്യുന്നുണ്ടായിരുന്നു. അവർ പതുക്കെ ഫർണിച്ചറുകളുടെ ഇടയിലൂടെ നടന്ന് നീങ്ങി. അവിടെയുള്ള സെയിൽസ്മാൻമാർ ആരും അവരെ ഗൗനിച്ചതേയില്ല. കുറച്ചുകഴിഞ്ഞ് കൂട്ടത്തിൽ യുവാവായിരുന്ന ഒരു സെൽമാൻ, വൃദ്ധയായ സ്ത്രീയോട് ചോദിച്ചു ‘മാഡം എന്തെങ്കിലും സഹായം ആവശ്യമുണ്ടോ’ എന്ന് അപ്പോൾ അവർ പറഞ്ഞു “ഒന്നും ആവശ്യമില്ല, ഞാൻ ഈ മഴ കഴിയുന്നതുവരെ ഒന്ന് കയറി എന്നേയുള്ളൂ” അത് കേട്ടിട്ടും യുവാവായ മനുഷ്യൻ ഓടിച്ചെന്ന് ഒരു കസേര കൊണ്ടുവന്ന് അവരെ അവിടെ ഇരുത്തി. മഴ കഴിയുവോളം അവരോട് സംസാരിച്ചു കൊണ്ടു നിന്നു.

മഴ കഴിഞ്ഞപ്പോൾ ഒരു കുട നിവർത്തി വൃദ്ധയെ റോഡിന് അപ്പുറം എത്തിച്ചു. ആ വൃദ്ധ നന്ദി പറഞ്ഞു പോകുമ്പോൾ, യുവാവിന്റെ ഒരു വിസിറ്റിംഗ് കാർഡ് ചോ ദിച്ചു വാങ്ങി. യാത്ര പറഞ്ഞു പിരിയുമ്പോൾ പറഞ്ഞു, മാഡം എന്തെങ്കിലും ആവശ്യമുണ്ട് എങ്കിൽ ദയവായി എന്നെ അറിയിക്കണം. ആ സ്ത്രീ നന്ദി പറഞ്ഞ് അവിടെ നിന്ന് പുറപ്പെട്ടു പോയി. കുറച്ചു മാസങ്ങൾക്ക് ശേഷം കടയുടമയ്ക്ക് ഒരു കത്ത് ലഭിക്കുന്നു. യുവാവായ ആ സെയിൽസ്മാനെ സ്കോട്ട്‌ലൻഡിൽ ഉള്ള തങ്ങളുടെ ഭവനത്തിൽ തക്കതായ ഫർണിച്ചറുകൾ പ്ലാൻ ചെയ്യുവാനും ഓർഡർ ചെയ്യുവാനും അയക്കാൻ പറ്റുമോ എന്ന് ചോദിച്ചു കൊണ്ട് ആയിരുന്നു ആ കത്തിലെ ഉള്ളടക്കം.

ആ സെയിൽസ്മാൻ ഇപ്പോൾ തങ്ങളുടെ കൂടെ ഇല്ല എന്നും കൂടുതൽ എക്സ്പീരിയൻസ് ഉള്ള മറ്റൊരു സെയിൽസ്മാനെ താൻ അയയ്ക്കുവാൻ സന്തോഷമുണ്ട് എന്നും കട ഉടമ മറുപടി അയച്ചത്. യുവാവായ ആ സെയിൽസ്മാനു പകരം മറ്റാരെയും ആവശ്യമില്ല എന്നും സ്കോട്ട്‌ലൻഡ് ഉള്ള Skibo Castle ലേക്ക് ആണ് ഫർണിച്ചർ വേണ്ടത് എന്നും എഴുതി അതിനടിയിൽ ഒപ്പ് വെച്ചിരിക്കുന്നത് ആൻഡ്രൂ കർണകി എന്ന് ലോക പ്രശസ്തനും ധനികനും ആയ ബിസിനസുകാരൻ ആയിരുന്നു. വൃദ്ധയായ തന്റെ മാതാവിൻറെ നിർദ്ദേശപ്രകാരമാണ് ആൻഡ്രൂ കർണകി അപ്രകാരം ഒരു കത്ത് അയച്ചത്.

പിന്നീട് ആ യുവാവായ സെയിൽസ്മാനെ കണ്ടെത്തി, സ്‌കോട്ട്ലണ്ടി ലേക്ക് അയയ്ക്കുകയും തുടർന്ന് ഒരു വലിയ ഓർഡർ ലഭിക്കുകയും ചെയ്തു. പിന്നീട് ആ കട ഉടമ, യുവാവ് ആയ സെയിൽസ്മാനെ പാർട്ണർഷിപ് ഓടുകൂടി ആ സ്ഥാപനത്തിൽ ജോലിക്ക് വച്ചു. വർഷങ്ങൾക്ക് ശേഷം ആ വലിയ ഫർണിച്ചർ സ്റ്റോറിന്റെ പകുതി ഓണർഷിപ്പ് അദ്ദേഹതിനു ലഭിക്കുകയുണ്ടായി. യുവാവായിരുന്ന സെയിൽസ്മാനെ ജീവിതം മാറ്റിമറിച്ചത് ഒരു ചെറിയ പ്രവർത്തിയിലൂടെ മാത്രമാണ്.

ആരും ശ്രദ്ധിക്കപ്പെടാതെ നടന്നുനീങ്ങിയ വൃദ്ധയെ ചെന്ന് കണ്ടു സംസാരിക്കുകയും ഒരു പ്രയോജനവും ഇല്ല എന്ന് കരുതിയിട്ടും അവർക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കുകയും ചെയ്തപ്പോൾ മറ്റുള്ളവരെ കരുതുകയും സഹായിക്കുകയും ചെയ്യുന്ന ഒരു നല്ല മനസ്സ് ഉണ്ട് എന്ന് വൃദ്ധയായ മാതാവിന് മനസ്സിലായി. അതോടുകൂടി അദ്ദേഹത്തിൻറെ ജീവിതം മാറിമറിയുകയാണ് ഉണ്ടായത്……

ഒരു കാതം തന്നോടു കൂടെ നടക്കണമെന്ന് ആവശ്യപ്പെടുമ്പോൾ രണ്ട് കാതം നടക്കുവാൻ യേശു ആവശ്യപ്പെടുന്നതിന് അർത്ഥം, നിങ്ങൾ എല്ലായിപ്പോഴും നിർബന്ധത്താൽ അല്ല ഹൃദയത്തിൽ സന്തോഷം ഉള്ളവരായി തന്നെ ചെയ്യുവീൻ എന്നതും കൂടിയാണ്. അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ നിങ്ങൾ എൻറെ അടുക്കൽ വരുവിൻ ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം എന്ന് യേശു പറയുമ്പോൾ, നമ്മൾ എപ്പോഴും ഒരു സർവീസ് മൈൻഡ് ഉള്ളവരായിരിക്കണം എന്നും അത് തികഞ്ഞ സന്തോഷത്തോടുകൂടി ചെയ്യുകയും വേണമെന്നും ആണ് യേശു ബോധിപ്പിക്കുന്നത്.

ആയതിനാൽ എല്ലാ യുവജനങ്ങളും തങ്ങളുടെ വ്യക്തിത്വ രൂപീകരണത്തിൽ യേശുവിൻറെ ഈ ആശയം ജീവിതത്തിൽ പകർത്തുമ്പോൾ അതു തങ്ങൾക്കും മനുഷ്യർക്കും നന്മയായി ഭവിക്കുകയും ഉദാത്തമായ ജീവിതത്തിന് ഉടമകൾ ആകുകയും ചെയ്യും എന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നു. ആയതിനാൽ ഒരു കാതം നമ്മളോട് നടക്കുവാൻ ആവശ്യപ്പെട്ടാൽ സന്തോഷപൂർവ്വം അവരോടൊപ്പം നമ്മൾക്ക് രണ്ട് കാതം നടക്കുവാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

– ബ്ലെസ്സൻജി, ഹ്യൂസ്റ്റൻ.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.