അമേരിക്കൻ മലയാളിവിശ്വാസികളുടെ കല്ലും കട്ടയും.

അമേരിക്കൻ മലയാളിവിശ്വാസികളുടെ കല്ലും കട്ടയും.
June 24 07:25 2021 Print This Article

പിതാക്കന്മാരുടെ കഷ്ടപ്പാടുകൾ കണ്ടുവളർന്ന മിക്ക കുഞ്ഞാടുകളും അമേരിക്കയിലേക്ക് ചേക്കേറിയപ്പോൾ ദൈവത്തെ മറന്നില്ല. താൻ വന്ന വഴികളും മറന്നില്ല.എന്നാൽ കുഞ്ഞാടുകളോടൊപ്പം അനേകം മുട്ടനാടുകളും ചേക്കേറിയിരുന്നു. അമേരിക്കയിൽ വന്ന പലരും നന്മ ചെയ്യുവാൻ മനസൊരുക്കം ഉള്ളവരായിരുന്നു. അവർ സമ്പാദ്യം കൈയയച്ച് പള്ളിക്ക് ( ചവ ) കൊടുത്തു. പള്ളിപ്പറമ്പിൽ പാവയ്ക്ക നട്ടാൽ സ്വർഗ്ഗരാജ്യം അവകാശമാക്കാം എന്നൊക്കെ വ്യാമോഹിച്ചു പല കുഞ്ഞാടുകളും പള്ളിയിൽ കാശ് ഇറക്കി കളിച്ചു. കൂടുതൽ കൊടുക്കുന്നവൻ കൂടുതൽ അഭിമാനിയും ആദർശധീരനും അനുസരണം ഉള്ളവനും ദൈവസ്നേഹം ഉള്ളവനും ഒക്കെ ആണെന്ന് മുട്ടനാടുകൾ വിളിച്ചുപറയും. അതുകേട്ട് കുഞ്ഞാടുകൾ രോമാഞ്ച പുളകിതരാകും. ഇതിനിടയിൽ കഷ്ടിച്ച് കാര്യങ്ങൾ തള്ളി നീക്കുന്നവർ അവർ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള ബദ്ധപ്പാട് പള്ളിയിലും പള്ളിക്കൂടത്തിലും സൂപ്പർമാർക്കറ്റ് ഒക്കെയായി അൽപ്പം അൽപ്പം ഇറക്കി താടിക്ക് കയ്യും വെച്ചിരുന്നു. ഒന്നും ഇറക്കാൻ ഗതി ഇല്ലാത്തവനെ പള്ളിക്ക് വേണ്ട, പട്ടക്കാരനും വേണ്ട എന്ന സ്ഥിതിയായി. അവൻ ഒരുവരത്തനെപ്പോലെ അവിടെ വന്ന് ദൈവമുമ്പാകെ കണ്ണുനീരൊഴുക്കി തിരിച്ചുപോകും.

യേശു പറഞ്ഞു “നിങ്ങളിൽ ചെറിയവരിൽ ഒരുവനു വേണ്ടി ചെയ്തത് എനിക്കുവേണ്ടി ചെയ്തിരിക്കുന്നു” “അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ നിങ്ങൾ എന്റെ അടുക്കൽ വരുവിൻ ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം” “ഒരുവൻ വിശന്നു ഇരിക്കുന്നത് കണ്ടാൽ നീ പോയി തീ കാഞ്ഞ് ആശ്വസിച്ചു കൊള്ളുക എന്ന് പറയുമോ..?” “രണ്ടു പുതപ്പ് ഉള്ളവൻ ഇല്ലാത്തവന് കൊടുക്കട്ടെ” മിക്കപ്പോഴും പുൾ പിറ്റുകളിൽ ഏറ്റവും കുറവ് മാത്രം കേൾക്കുന്ന ദൈവ വചനങ്ങൾ ആണിത്. ഒരു സാധാരണ വിശ്വാസിയുടെ നന്മ എവിടേക്ക് പോകുന്നു എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ ? എല്ലാവരും അവരവർക്ക് കഴിയാവുന്നതിലും അധികം പള്ളിയിൽ കൊണ്ട് ഇടുന്നുണ്ട് എന്ന് അറിയാം. അതുകഴിഞ്ഞ് വല്ലതും മിച്ചം പിടിച്ചാൽ വിസിറ്റിംഗ് ദാസന്മാർ വന്നു കവറിലാക്കി കൊണ്ടുപോകും. അപ്പോൾ യേശുവിന്റെ വചനങ്ങൾക്ക് ഒരു വിശ്വാസിയുടെ ജീവിതത്തിൽ എന്താണ് പ്രസക്തി..?

നിങ്ങൾ കഴിഞ്ഞ 10 വർഷം പള്ളിക്ക് കൊടുത്ത കണക്ക് ഒന്നുകൂട്ടി നോക്കൂ. അതിന്റെ അഞ്ചു ശതമാനം പോലും യഥാർത്ഥമായും സാധുക്കളുടെ ആവശ്യത്തിന് ആഹാരം ആയോ മരുന്ന് ആയോ പാർപ്പിടം ആയോ പോയിട്ടില്ല എന്ന് ഉറപ്പിച്ചു പറയാം. അപ്പോൾ ഒരു സാധാരണ അമേരിക്കൻ വിശ്വാസിയുടെ നന്മ എവിടേക്ക് പോകുന്നു ? നാം ചിന്തിക്കേണ്ട വിഷയമാണിത്. നമ്മളെ ഒരു കറവപ്പശുവിനെ പോലെ ഈ കോർപ്പറേറ്റ് സംവിധാനങ്ങൾ ആക്കിതീർത്തും. ദൈവത്തിൽ നമ്മൾ വിശ്വസിച്ചിട്ടുണ്ട് ദൈവത്തിൽ ഭയമുണ്ടു എന്ന ഒറ്റ കാരണം കൊണ്ട് നമ്മളെ ഊറ്റി കറന്നു എടുക്കുകയാണ്. അത് കല്ലും കട്ടയും ആയി, ബിൽഡിങ് ആയി, ഹോളുകൾ ആയി പണിയുന്നു…. പുതുക്കി പണിയുന്നു….! അല്ലാതെ ക്രിസ്തു പറഞ്ഞ ഒരു ആവശ്യങ്ങൾക്കും നിങ്ങളുടെ അല്പം പോലും പണം ചെലവിടുന്നില്ല എന്നുള്ളത് ആശ്ചര്യകരമായ കാര്യമാണ്. നിങ്ങളുടെ നന്മ പള്ളിയിൽ കൊണ്ടിടുന്നതോടുകൂടി നിങ്ങളുടെ ദൗത്യം കഴിഞ്ഞുവെന്നും സ്വർഗ്ഗരാജ്യത്തിൽ അതു വരെവ് വച്ചിരിക്കുന്നു എന്നൊക്കെ സാധാരണ വിശ്വാസികളെ പറഞ്ഞ് വിശ്വസിപ്പിച്ചിരിക്കുന്നു.

വിശ്വാസികൾ വല്ലപ്പോഴും വികാരജീവികൾ ആയി പെരുമാറുകയും പല ഇടയന്മാർ അത് മുതൽ ആക്കുകയും ചെയ്യുന്നു. മിക്കയിടത്തും ഇതൊരു ബിസിനസ് ആണ്. അൻപതോ അറുപതോ വിശ്വാസി കുടുംബങ്ങളെ കിട്ടിയാൽ ഉടനെ അവരുടെ നന്മകളെല്ലാം ചോർത്തിയെടുത്ത് ഒരു പള്ളി പണിയായി. കുറച്ചുകൂടി ആളുകൾ വരുമ്പോൾ അത് പൊളിച്ചു പണിയായി. പണി കഴിയുമ്പോൾ ദാസനും പകുതിപേരും ഒരുവശത്ത്. ബാക്കിയുള്ളവർ മറുവശത്ത്. മിക്കപ്പോഴും ദാസന്റെ വീട്ടുകാർ ആയിരിക്കും ദാസനോടൊപ്പം. ഇനിയും പള്ളി കൈക്കലാക്കുക എന്നു പറയുന്നത് ദാസന്റെയും കൂട്ടരുടെയും ലക്ഷ്യം മാത്രം. അതോടുകൂടി മറുഭാഗം പുറപ്പെട്ടു മറ്റൊരു സ്ഥലത്തേക്ക് പോകുന്നു. വിഡ്ഢികളായ വിശ്വാസികൾ അവിടെയും പള്ളി പണിയുന്നു വീണ്ടും കഥ തുടരുന്നു….! അപ്പോൾ പഴയ പള്ളി ദാസനും കൂട്ടുകാർക്കും വീട്ടുകാർക്കും ചെലവില്ലാതെ ഒത്തു കിട്ടി. ഇനി അപ്പനും മകനും അല്ലെങ്കിൽ അമ്മായി അപ്പനും മരുമകനും ജീവിതകാലം കുശാൽ തൊഴിൽ ഉറപ്പിച്ചു….!

ഗ്രേറ്റർ ഹ്യൂസ്റ്റനിൽ ഉള്ള സ്റ്റാഫോർഡ് എന്ന സ്ഥലത്ത് ജീവജലം ഒഴുക്കുവാൻ ഒരു പള്ളി പണിതു. മറ്റൊരു ചർച്ചിൽ നിന്നും വരയും പുള്ളിയും ഉള്ളതിനെ എല്ലാം അടിച്ചുമാറ്റി കൊണ്ടുവന്നാണ് പള്ളി പണിതത്. വിശ്വാസികളെല്ലാം കൈ മെയ് മറന്ന് ഉഷാറായി വാരിക്കോരി ഇട്ടു. 60,000 ഡോളർ മുതൽ 75,000 ഡോളർ വരെ എറിഞ്ഞവർ ഉണ്ട്. പള്ളി പണി കഴിഞ്ഞപ്പോൾ ദാസനെ മട്ടും ഭാവവും മാറി. കോൺസ്റ്റിറ്റ്യുഷനിൽ ആരുമറിയാതെ കൃത്രിമം ചെയ്തു വച്ചു. അത് ചോദ്യം ചെയ്ത വിശ്വാസികൾ പുറത്തായി, അങ്ങനെ എഴുപതോളം കുടുംബങ്ങളാണ് ആ ചർച്ചിൽ നിന്ന് പുറപ്പെട്ടു പോയത്. രണ്ടു മില്യൻ ഡോളർ വിലയുള്ള ചർച്ച് ഇന്ന് അമ്മായിയപ്പനും മരുമോനും സ്വന്തമാക്കി ശുശ്രുഷിക്കുന്നു. അധ്വാനിച്ച് ചോര നീരാക്കിയ വിശ്വാസികൾ ഇന്നും കണ്ണീരോടെ ആ കഥ പറയുന്നത് കേട്ടാൽ ഏത് കഠിന ഹൃദയന്റേയും ഹൃദയം കലങ്ങിപ്പോകു.

അതേ സിറ്റിയിൽ തന്നെയുള്ള മറ്റൊരു മലയാളി ദാസന്റെ ചവ കിറിഞ്ചി കിറിഞ്ചി താഴോട്ടു. പിന്നെ ബാക്കിയുള്ളവരെ കൂടി അദ്ദേഹം പറഞ്ഞു വിട്ടു. കിട്ടിയ വിലക്ക് ചവ വിറ്റു കാശാക്കി. കാശ് എന്തിയെ ? എന്ന് ചോദിച്ചപ്പോൾ അദ്ദേഹം നേപ്പാളിൽ ഇറക്കിയിട്ടുണ്ട് അത്രേ! രഹസ്യമായി അന്വേഷിച്ചപ്പോൾ ഹൂസ്റ്റണിൽ പലയിടത്തും സ്ഥലങ്ങൾ വാങ്ങി കൂട്ടിയിരിക്കുന്നത് എന്നതു പിന്നാമ്പുറകഥ. ഇങ്ങനെയാണ് സ്വയം പൊങ്ങികളായ പൊട്ടന്മാരായ വിശ്വാസികളുടെ പണം മിടുക്കന്മാരായ ആട്ടിൻതോലണിഞ്ഞ ചെന്നായ്ക്കൾ അടിച്ചു മാറ്റുന്നത്.

എന്തുകൊണ്ട് നിങ്ങൾ ഒരു രോഗിയെ നേരിട്ട് സഹായിക്കുന്നില്ല ? എന്തുകൊണ്ട് ഒരു സാധുവായ ഒരു കുട്ടിയെ നിങ്ങൾ നേരിട്ട് പഠിപ്പിക്കുന്നില്ല ? എന്തുകൊണ്ട് ഒരു സാധുവിന് മഴ നനയാതെ വെയിൽ കൊള്ളാതെ ചുരുണ്ടുകിടന്ന് ഉറങ്ങാൻ ഒരു കൂര വെച്ചു കൊടുക്കുന്നില്ല ? വല്ലവന്റെയും താങ്ങിപ്പിടിച്ച് കൊണ്ടുവരുന്ന പ്രൊജക്റ്റിന് പണമെറിഞ്ഞ പെന്തക്കോസ്തുകാരന്റെ പണം മുഴുവൻ വെള്ളത്തിൽ പോകുന്നു.

വരുന്നവർക്കെല്ലാം ഓരോ പ്രൊജക്റ്റ് ആണ്. രണ്ടു പിള്ളാരെ സഹായിക്കാൻ 200 പേരുടെ സഹായം ? നിങ്ങളുടെ ജീവിതം കൊണ്ട് നല്ല ഒരു വിശ്വസ്തനായി ജീവിക്കു. അതിൽപരം സാക്ഷ്യം ഒന്നുമില്ല. നിങ്ങൾ പള്ളിയിൽ എത്ര പണം എറിഞ്ഞാലും, അവിടുത്തെ കോർപ്പറേറ്റ് താൽപര്യങ്ങൾ നടക്കും എന്നതിനപ്പുറം നമ്മുടെ ജീവിതം കൊണ്ട് ഒരു ജീവിതത്തെയും മാറ്റുവാൻ സാധിക്കുകയില്ല. എന്നുള്ളത് പരമമായ സത്യമാണ്. നന്മകൾ തന്ന ദൈവത്തോട് അല്പമെങ്കിലും കടപ്പാട് ഉണ്ടെങ്കിൽ ചിന്തിക്കുക !!! നിങ്ങൾക്കു നേരിട്ട് അറിയാവുന്ന 100 കാര്യങ്ങൾ ചുറ്റും ഉള്ളപ്പോൾ ഒന്നും കാണുവാൻ കഴിയാതെ കണ്ണുകളെ കുരുടാക്കിവെച്ചിട്ട് നാട്ടുകാരുടെയും പള്ളിക്കാരുടെ മുൻപിൽ ആളാകാൻ വേണ്ടി എറിഞ്ഞു കൊടുക്കുന്ന പണം. ദൈവം നിശ്ചയമായും നിങ്ങളോട് അതിന് കണക്ക് ചോദിക്കും എന്നതിൽ യാതൊരു സംശയവുമില്ല. ദൈവത്തിന് വസിക്കാൻ ദേവാലയം മോടിപിടിപ്പിക്കാൻ ഏങ്ങി കരഞ്ഞു മുതലക്കണ്ണീർ ഒഴുക്കുന്ന ഇടയന്റെ ലക്‌ഷ്യം നിങ്ങളെ പിഴിയുക അല്ലാതെ മറ്റൊന്നും അല്ലേ അല്ല. കൈപ്പണിയായ ചവകളിൽ ദൈവം വസിക്കുന്നില്ല എന്ന സത്യം വിശ്വാസികൾ മനസിലാക്കണം.

പള്ളിയുടെ ( കെട്ടിടത്തിന്റെ ) പേരിൽ ജനങ്ങളെ പറ്റിക്കാൻ തുടങ്ങിയത് ഇന്നും ഇന്നലേയും അല്ല. ഇത് വർഷങ്ങളായി തുടർന്നുപോകുന്ന പ്രക്രീയയാണ്. എവിടെയെങ്കിലും ഒരു സ്ഥലം സ്വന്തം പേരിൽ വാങ്ങി കെട്ടിടം ( ചവ ) പണിയാൻ ബാങ്ക് ലോൺ കിട്ടാൻ എത്ര ലോൺഎടുക്കണോ അതിന്റെ 30 % ഡൗൺ ഇടാൻ വിശ്വാസികളെ പിഴിയും. പിന്നെ ലോൺ എടുത്ത തുകയുടെ മാസാമാസം അടവ്. അതും വിശ്വാസികളുടെ കീശയിൽ നിന്ന്. എല്ലാം അടഞ്ഞു കഴിയുമ്പോൾ, ഇത്രയും പണം കൊടുത്തവരെ പുറത്തു ആക്കിയിരിക്കും. ഇങ്ങനെ പണിത ഡാളസിലെ ഒരു സഭ അതിന്റെ പാസ്റ്റർ ജോറൻ വിറ്റു. 1.5 മില്യൺ ( 15 ലക്ഷം ഡോളർ ) പുള്ളിയുടെ സ്വന്തം പേരിലാക്കി. വിശ്വാസികൾ ചിതറി. ഇയാൾ പണ്ട് പിണ്ണാക്കിന്റെ കൺവീനർ ആയിരുന്നപ്പോൾ കിട്ടിയ പണമെല്ലാം ഒരു തെളിവും ശേഷിപ്പിക്കാതെ സ്വന്തം പേരിലാക്കിയ മഹാനാണ്. അന്നും ചോദ്യമുണ്ടായി. സഭ രണ്ടായി അങ്ങനെ ഹെബ്രോനിൽ നിന്നും എല്ലാം ഉപേക്ഷിച്ചു കാൽവറിയിലേക്ക് ഒരുകൂട്ടം പാലായനം നടത്തി. രാജസ്ഥാൻ വേലയുടെ മറവിൽ പണം പിരിച്ചു സ്വന്തം വേല വിശാലമാക്കി. അവിടുള്ള വസ്തുവകകൾ സ്വന്തം പേരിൽ വാങ്ങി കൂട്ടുന്നതിൽ ജോറനും ഭാര്യയും മത്‌സരിക്കുകയാണ്. രാജസ്ഥാൻ മരുഭൂമിയിലേക്ക് മണൽ കയറ്റി അയയ്ക്കുന്ന വേലയാണ് ജോറനും ഭാര്യയും ചെയ്തുകൊണ്ടിരിക്കുന്നത്. ഇതാണ് ഇയാളുടെ അഡാർ തട്ടിപ്പ്. വിശ്വാസികളെ ഏതു മാർഗ്ഗവും ഉപയോഗിച്ചു പിഴിയുന്നതിൽ ഇവർക്കൊന്നും ഒരു ഉളിപ്പും ഇല്ല.

അമേരിക്കയിലെ ഒരു പെന്തക്കോസ്തു സഭകളിലും പുതിയ ഒരു ആത്മാവ് പോലും കടന്നുവരുന്നില്ല. (തൊഴുത്തുമാറ്റി കെട്ടുന്ന ആടുകളും, പിന്നെ അല്ലറ ചില്ലറ ബയോളജിക്കൽ ഗ്രോത്തും) അല്ലാതെ പുതിയ ഒരു ആത്മാവിനേയും ഒരു ഇടയന്മാരും നേടിയിട്ടില്ല. 210 പേർക്കിരിക്കാൻ കപ്പാസിറ്റി ഉള്ള ( സിറ്റിയുടെ ഗൈഡ് ലൈൻ പ്രകാരം,ഗൈഡ് ലൈൻ ഒഴിച്ചാൽ അവിടെ 400 പേർക്ക് വരെ ഇരിക്കാം. ) സഭയിൽ ആകെയുള്ളത് 60 പേർ, കുഞ്ഞുകുട്ടി അബാലവൃന്ദം ആകെമൊത്തം ടോട്ടൽ 80, അതും എല്ലാവരും വന്നാൽ. വർഷങ്ങളായി ഇത്ര തന്നെ. കെട്ടിട ലോൺ മുഴുവൻ അടച്ചു തീർന്നു. ഇനിയും എന്തു പറഞ്ഞു വയസായ ആടുകളെ ചുരത്തും, വഴി തെളിഞ്ഞു. ചവ വലുതാക്കുക, വാട്ട് ആൻ ഐഡിയ പാതിരി, 1 മില്യൺ ഡോളർ ( 10 ലക്ഷം ഡോളർ ) ഇത് കേൾക്കുമ്പോൾ ആടുകൾ ചുരത്തും, ചുരത്താത്തതിനെ ഇടിച്ചു ചുരത്തിക്കും.ഇടയൻ പിഴിയും, ചവയിൽ പിഴിഞ്ഞതു പോരാഞ്ഞിട്ടു വീടുകളിൽ കയറി ഇറങ്ങി ചോരവരെ ഊറ്റി പിഴിയും. അങ്ങനെ ബിൽഡിങ് എക്സ്പാന്റ് ചെയ്തു. ബിൽഡിങ്ങും സ്ഥലവും ഇടയന്റെയും മക്കളുടെയും പേരിൽ, ചോരവരെ ഉറ്റിക്കൊടുത്ത ആട് നാളെ എന്തെങ്കിലും ചോദിച്ചാൽ ഇടയന്റെ മറുപടി ഇങ്ങനെ ” താൽപ്പര്യം ഉള്ളവർ ഇവിടെ നിന്നാൽ മതി ” പോരെ പൂരം

ഹൂസ്റ്റണിലെ മലയാളി പെന്തക്കോസ്തുകാരുടെ ഏറ്റവും വലിയ ചവ ഇപ്പോൾ 4.5 മില്യൻ ( 45 ലക്ഷം ഡോളർ ) മുടക്കി ജിം പണിയുന്നു. അമേരിക്കയിൽ മുക്കിന് മുക്ക് എല്ലാ ന്യുതന ഉപകാരങ്ങളും, വെറും 10 ഡോളർ മാത്രം മാസ ഫീസും, ഏഴു ദിവസവും 24 മണിക്കൂറും തുറന്നു പ്രവർത്തിക്കുന്ന ഫിറ്റ്നസ് സെന്റർ ( ജിം ) ഉള്ളപ്പോൾ എന്തിനാണ് ചവയ്ക്ക് അകത്തു 45 ലക്ഷം ഡോളറിന്റെ ഒരു ജിം ? ഈ ചവയിൽ ഇപ്പോഴേ പല പ്രാക്ടീസും നടക്കുന്നു. ആരും അറിയുന്നില്ല. നാട്ടുകാരെ മുഴുവൻ നന്നാക്കാൻ ഇറങ്ങിത്തിരിച്ച ഒരു പാതിരിയുടെ മകനും മറ്റു ചില ചെറുപ്പക്കാരും കുറച്ചു പെൺകുട്ടികളും ഒപ്പം മുന്തിയ ഇനം മദ്യവും. പെർഫക്റ്റായി പ്രാക്റ്റിസ് ചെയ്തത് പ്രൊട്ടക്ഷൻ പ്രോട്ടോക്കോൾ പാലിക്കാതെ ആണെങ്കിൽ 9-)ം മാസം ട്രോഫി ഉറപ്പ്.
ചാനലിലും ലൈവിലും വന്നിരുന്നു മറ്റുള്ളവരെ ഉപദേശിക്കുന്നതിന്റെ 100 ൽ ഒരംശം സ്വന്ത മക്കളെ ഉപദേശിക്കാൻ സമയം എടുത്തിരുന്നെങ്കിൽ സ്വന്തം മക്കൾ വഴിപിഴച്ചു പോകുമായിരുന്നോ എന്റെ പാതിരിയേ?
വിശ്വാസികളെ ചിന്തിക്കുക! സഭ മാറി മാറി കെട്ടിടം പണിയാൻ ഊറ്റി പിഴിഞ്ഞു കൊടുത്തിട്ടു നിങ്ങൾ എന്തുനേടി ? ചവയ്ക്ക് കൊടുത്താൽ പള്ളിയുടെ ഡയറക്ട്രിയിൽ പേര് വരും. സ്വർഗ്ഗത്തിൽ നിങ്ങളുടെ പേര് ഉണ്ടോ ? അതാണ് ആദ്യം നേടേണ്ടത്. അതിനുവേണ്ടി എന്തു ചെയ്തു ?

view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.