ദർശനവും കാഴ്ചപ്പാടും നഷ്ടപ്പെട്ട ഹൂസ്റ്റണിലെ മുന്തിയ മലയാളിസഭ

ദർശനവും കാഴ്ചപ്പാടും നഷ്ടപ്പെട്ട ഹൂസ്റ്റണിലെ മുന്തിയ മലയാളിസഭ
January 03 00:35 2023 Print This Article

“ദർശനമില്ലാത്ത ഇടത്തു ജനം നശിക്കുന്നു” എന്ന് ബൈബിൾ മുന്നേമേ പറഞ്ഞുവെച്ചിട്ടുണ്ട്.

ഇന്ന് അത് മുന്തിയ മലയാളി സഭകൾക്ക് നന്നായി ചേരുമെന്ന് പറയാതെ വയ്യ. കഷ്ടപ്പെട്ട് അദ്ധ്വാനിച്ചു കിട്ടുന്നതിന്റെ ഒരു ഭാഗമാണ് ദശാംശമായി ചർച്ചിൽ കൊടുക്കുന്നത്. ഇന്ന് അത് പല സഭകളും ധൂർത്തടിക്കുന്നു എന്നത് സങ്കടത്തോടെ തന്നെ പറയട്ടെ. “നിങ്ങളുടെ ദശാംശം എന്റെ ആലയത്തിലേക്ക് കൊണ്ടുവരിക ” എന്ന ഒരു പഴയ നിയമ വാക്യം എടുത്താണ് പെന്തക്കോസ്തിൽ വിശ്വാസികളെ ഭയപ്പെടുത്തി പണം പിരിക്കുന്നത്.

ഒരു ഗതിക്ക് പരഗതിയില്ലാതെ നാട്ടിൽ നിന്നും സായിപ്പിന്റെ നാട്ടിലെത്തി, അളിയനെയും അനിയനെയും ജേഷ്ഠനെയും ഉപ്പാപ്പനെയും എല്ലാം കെട്ടിവലിച്ചു കൊണ്ടുവന്നു പത്തു പുത്തൻ ആയപ്പോൾ ഇന്ന് പണത്തിന്റെ ധാരാളിത്തത്തിന്റെ കടിയിൽ മതിച്ചുപുളയുമ്പോൾ ആത്മീകം എവിടെ? ദൈവജനം ദൈവവേലയ്ക്ക് വേണ്ടി മാറ്റിവെച്ച് ചർച്ചിൽ കൊടുക്കുമ്പോൾ അത് യഥാവിധം ഉപയോഗിക്കുന്നുണ്ടോ എന്ന് നോക്കേണ്ടത് വിശ്വാസികളുടെ ആവശ്യവും കടമയുമാണ്.

ഡാലസിലെ മുന്തിയ സഭ കേസ് കളിക്കുവാൻ വേണ്ടി പണം ഉപയോഗിക്കുമ്പോൾ, ഹ്യൂസ്റ്റണിലെ മുന്തിയ ഐപിസി സഭ കളിക്കുവാൻ വേണ്ടി പണം ഉപയോഗിക്കുന്നു. അതെ രണ്ടര മില്യണിൽ കൂടുതൽ മുടക്കി (10 കോടി രൂപ )അവിടെ ബാസ്ക്കറ്റ്ബോൾ കോർട്ട് പണിഞ്ഞ് ആത്മീയ മാതൃക കാണിക്കുന്നു. ഇതിനുവേണ്ടി ആവേശത്തോടെ വാശിപിടിക്കുന്നവർ പറയുന്ന കാരണം ചഭക്ക് ജിം ഇല്ലങ്കിൽ ചെറുപ്പക്കാർ ചഭയിൽ വരില്ലത്രേ.

അതുകൊണ്ട് കൂടുതൽ ചെറുപ്പക്കാർ ഈ ചഭയിലേക്ക് വരാൻ നമുക്കും വേണം ഒരു ജിമ്മ്…. ഈ ചഭ ഇപ്പോൾ ആയിരിക്കുന്ന ബിൽഡിങ്ങിൽ വരും മുൻപ് ആയിരുന്ന ഇടത്തും ഉണ്ടായിരുന്നു ഒരു ജിം. അവസാനം കമ്മിറ്റി ഇടപെട്ട് അത് പൂട്ടി. കാരണം ജിമ്മിൽ കളിക്കാൻ വരുന്നവർ മലയാളികളോ, ഈ ചഭയിലുള്ളവരോ പെന്തക്കോസ്തുകാരോ ആയിരുന്നില്ല.

ഫുൾ എയർ കണ്ടീഷൻ ഉള്ള റൂമിൽ കളിയ്ക്കാൻ നാട്ടുകാരായ ചെറുപ്പക്കാർ വന്നുതുടങ്ങി. അവരിൽ പലരുടേയും കൈയ്യിലായി ഈ ചഭയുടെ ജിമ്മിന്റെ താക്കോൽ, അവസാനം കമ്മറ്റിക്കാർക്ക് ബിയറിന്റെ കുപ്പി പെറുക്കി കളയാനെനേരം ഉണ്ടായിരുന്നുള്ളു. വരുന്നവർ ജിമ്മ് തുറന്നിട്ട് കളിച്ചു കുടിച്ചു കുപ്പിയും മൂലക്ക് കൂട്ടി 10 ടണ്ണിൽ കൂടുതൽ ഉള്ള എയർ കണ്ടീഷൻ ഓൺ ചെയ്ത് ജിമ്മ് തുറന്നിട്ട് പോകും. പിന്നീട് കമ്മിറ്റി ഇടപെട്ട് ജിമ്മിന്റെ പൂട്ട് മാറ്റേണ്ടതായി വന്നു.

40% ലേറെ സോഷ്യൽ സെക്യൂരിറ്റി മേടിക്കുന്ന സീനിയർ സിറ്റിസൺ ഉള്ള ഈ സഭയിൽ കണ്ണുനീരിന്റെ നനവുള്ള പണം വാങ്ങി ഇന്ന് കളിപ്പാൻ മാത്രം എഴുന്നേറ്റുവെങ്കിൽ അത് തീർച്ചയായും കാഴ്ചപ്പാട് ഇല്ലാത്ത ഒരു നേതൃത്വത്തിന്റെ അപകടകരമായ വീഴ്ചയാണ് കാണിക്കുന്നത്. സഭ തുടങ്ങി ഏകദേശം 50 വർഷം ആകുമ്പോൾ ദർശനത്തോടെ പ്രാർത്ഥനയോടെ ഇന്നുവരെ പാലിച്ചു പോകുന്ന ഒരു ആത്മീയ അന്തരീക്ഷത്തിൽ നിന്ന് കുറച്ചുപേരുടെ അഹങ്കാരത്തിന് ദൈവ വേലയ്ക്കുവേണ്ടി മാറ്റിവച്ചിരിക്കുന്ന പണം എടുത്ത് ജഡീക താല്പര്യങ്ങൾക്ക് ഉപയോഗിക്കുമ്പോൾ ഓർക്കുക അദ്ധ്വാനിച്ച് കഷ്ടപ്പെട്ടവരുടെ ഇടനെഞ്ചിലെ നീറ്റലും ഈ പണം യഥാർത്ഥമായും ചെന്നുചേരേണ്ടവരുടെ കണ്ണുനീരും അതിലുപരി അഗ്നിജ്വാലക്കൊത്ത കണ്ണുള്ളവന്റെ നോട്ടത്തിൽ നിന്ന് മറഞ്ഞിരിക്കുവാനും പറ്റുമോ..?

50 വർഷത്തിലേക്ക് നടന്ന് അടുക്കുന്ന ഇമ്മിണി വലിയ സഭയോട് ചോദിക്കട്ടെ, ക്രിസ്തുവിന്റെ ഏറ്റവും വലിയ ദർശനങ്ങളിൽ ഒന്നായ, “നിങ്ങളിൽ ചെറിയവരിൽ ഒരുവനുവേണ്ടി ചെയ്തത് എനിക്ക് വേണ്ടി ചെയ്തിരിക്കുന്നു” എന്ന ദർശനത്തിനു വേണ്ടി നിങ്ങൾ എന്ത് ചെയ്തു ?. ഇതുവരെ ഭവന രഹിതർക്കായി എത്ര ഭവനങ്ങൾ പണിതു കൊടുത്തു ?. രോഗികളായ എത്ര പേരെ ചികിത്സിച്ച് ജീവിതത്തിലേക്ക് മടക്കി കൊണ്ടുവന്നു..?

മുൻപുണ്ടായിരുന്ന ശുശ്രൂഷകന്റെ അടങ്ങാത്ത ആവേശത്തിന്റെ ഫലമായി മിഷൻ ഫീൽഡ് വർദ്ദിപ്പിച്ചു 250 പ്രവർത്തകർ എന്നുള്ളത് 500 ആക്കി ഉയർത്തിയിട്ടുണ്ട്. നല്ലതുതന്നെ.എന്നാൽ അവരിൽ അധികപങ്കും വാങ്ങുന്നത് 3500…. 4000 രൂപയും ആണ് എന്നത് എത്രപേർക്കറിയാം. 4000 രൂപ കിട്ടിയാൽ ഈ സഭയുടെ പ്രവർത്തകനായ ഒരു കുടുബത്തിനു എന്തിനു തികയും..? അവർ വാടക കൊടുക്കുന്നുണ്ടോ, അവരുടെ കുട്ടികൾ മൂന്നുനേരം ആഹാരം കഴിക്കുന്നുണ്ടോ, അവർക്ക് നല്ല വസ്ത്രങ്ങൾ ഉണ്ടോ, അവരുടെ കുഞ്ഞുങ്ങൾ നല്ല സ്കൂളിൽ വിദ്യാഭ്യാസം ചെയ്യുന്നുണ്ടോ… ?

അതെ ഇത്തരം അസ്വസ്ഥതപ്പെടുത്തുന്ന ചോദ്യങ്ങൾ ഒന്നും ആവശ്യമില്ല എന്നറിയാം. എങ്കിലും ഇത്രയും അധഃപ്പതിച്ച ധൂർത്ത് കാണുമ്പോൾ, അഹങ്കാരം മനോഭാവം കാണുമ്പോൾ,നിങ്ങൾ യഥാർത്ഥമായും ക്രിസ്തുവിൽ ആണോ എന്ന് ചോദിക്കേണ്ടിയിരിക്കുന്നു. ആർജ്ജവമുള്ള ഒരു അഡ്മിനിസ്ട്രേഷന് പേരുകേട്ട മുന്തിയ സഭയിൽ ഇന്ന് ആത്മീകർ എന്ന പേരിൽ കുറെ ജഡീകരും ദുർവാശിക്കാരും ധൂർത്തുകാരുമാണ് ഉള്ളത്.

ഇന്നത്തെ ഡൽഹിയുടെ അപ്പോസ്തോലൻ ഈ സഭയുടെ മുൻ ശുശ്രൂഷകൻ ആയിരിക്കുമ്പോൾ തന്റെ സ്വതസിദ്ധമായ കുടിലതന്ത്രം ഇറക്കി കോൺസ്റ്റിറ്റ്യൂഷൻ റിവ്യൂ എന്ന കലക്ക് കലക്കി സ്ഥിരമായി ഈ സ്വർണ്ണഖനിയിൽ കൂടിയിരിക്കാം എന്ന വ്യാമോഹം തിരിച്ചറിഞ്ഞ വിശ്വാസികൾ ചെവിക്ക് പിടിച്ചു പുറത്തിട്ടു. അതിന്റെ സങ്കടത്തിൽ യുവാക്കളോട് അദ്ദേഹം ഉപദേശിച്ചത്രെ ഇനിമുതൽ നിങ്ങൾ ലീഡർഷിപ്പിലേക്ക് വരണം. കാരണം അച്ചായന്മാരാണ് ഇവിടെ എല്ലാ പ്രശ്നങ്ങൾക്കും കാരണമത്രേ. അങ്ങനെ യുവാക്കൾ അച്ചായന്മാരെ പിന്തള്ളി മുന്നോട്ടുവന്നു. അതിന്റെ ഫലം ചർച്ച് അനുഭവിച്ചു തുടങ്ങിയിട്ടുണ്ട്.

ഇംഗ്ലീഷ് സർവീസിന് ഇരിക്കാൻ ആളില്ലത്രേ.. കാരണം ഇവിടെ ബാസ്ക്കറ്റ്ബോൾ കളിക്കുവാൻ സ്ഥലം ഇല്ലാത്തതിനാൽ യുവാക്കൾ വിട്ടുപോകുന്നു എന്ന് കണിയാനെക്കൊണ്ട് പ്രശ്നം വെച്ച് കണ്ടെത്തി. എന്നാൽ ഒരു ജിം പണിയാം. അപ്പോൾ പോയവരൊക്കെ ജിമ്മുള്ളിടത്തേക്കാണോ പോയത് എന്ന് മാത്രം ചോദിക്കരുത്. അപ്പോൾ അവിടെ ഒരു ബാർ അറ്റാച്ച്ഡ് കൂടെ പണിതാൽ കൂടുതൽ യുവാക്കളെ തീർച്ചയായും പുറത്തു നിന്നും ഇറക്കുവാനും സാധിക്കും എന്ന് ചിന്തിക്കുന്നതിലും കുഴപ്പമില്ല.( ജിമ്മിനെയും കള്ളുകുടിയേയും ആത്മീയതയും ഒരുപോലെ പ്രോത്സാഹിപ്പിക്കുന്ന ചില അച്ചായന്മാർക്ക് ഈ ആശയം വളരെ സന്തോഷകരമാണ് എന്ന് പിന്നാമ്പുറ സംസാരം )

എന്തായാലും അമേരിക്കൻ പെന്തോകളുടെ ആത്മീയത ഒരു ഉയർന്ന നിലവാരത്തിലേക്ക് ഉയരുന്നു എന്ന് പറയാതെ വയ്യ. ഞാൻ കള്ളുകുടിക്കില്ല കഞ്ചാവ് വലിക്കില്ല എന്ന് വർഷിപ്പിന് സ്റ്റേജിൽ കയറുന്നവരുടെ കയ്യിൽ നിന്നും എഴുതി മേടിക്കേണ്ട അവസ്ഥയിലായി ഇന്ന് അമേരിക്കൻ മലയാളി പെന്തക്കോസ് ചർച്ചുകൾ. എന്തായാലും എട്ടു മില്യൻ ഡോളറിന്റെ പ്രൊജക്ട് പണി തുടങ്ങുവാൻ പോകുന്നു.

ഈ ചഭയുടെ പുതിയ ശുശ്രൂഷകൻ ജനറൽബോഡിക്ക് തലേന്ന് രെഹബെയാമിനെപ്പോലെ (1 രാജാക്കന്മാർ 12 ) രഹസ്യ സങ്കേതത്തിൽ ചെന്ന് ചിന്ന അച്ചായന്മാരുമായി കൂടിക്കാഴ്ച നടത്തി അന്തർധാര സജീവമാക്കിയ ശേഷം, ( ഈ രഹസ്യസങ്കേതത്തിലെ കൂടിക്കാഴ്ച്ചയും പാസ്റ്ററുടെ നാടകവും വിശദീകരണം അടുത്തതിൽ ) യൌവ്വനക്കാരുടെ ആലോചനപോലെ ജനറൽബോഡിയിൽ ‘ ഒറ്റ ഒരുത്തൻ ജനറൽബോഡിയിൽ എഴുന്നേൽക്കാൻ പാടില്ല, ഒറ്റ ഒരെണ്ണം മിണ്ടിപ്പോകരുത് ‘ എന്ന തീട്ടൂരം ആദ്യമേ തന്നെ ഇറക്കികളിച്ചു കളം ഒരുക്കി കൊടുത്തു വർക്കിയുടെ തനിക്കൊണം കാണിച്ചു. അതിനു ഗുണം ഉണ്ടായി…!

മറ്റുപട്ടണങ്ങളിൽ പഠിക്കുവാൻ പോയ കുട്ടികളെയും അവരുടെ കൂട്ടുകാരെപ്പോലും വിളിച്ചുവരുത്തി, ഓണത്തിനും ചക്രാന്തിക്കുപോലും പള്ളിയിൽ വരാത്തവനെ ഒക്കെ വിളിച്ചുവരുത്തി, ചർച്ചിൽ എന്തോ വലിയ വിഭാഗീയതയും വഴക്കും നടക്കുവാൻ പോകുന്നു എന്നുള്ള ന്യൂസുകൾ ഒക്കെ പുറത്തുവിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വോട്ട് മേടിച്ച് ജയിച്ചായിരിക്കാം… നായ്ക്കാട്ടം എത്ര മനോഹരമായ പാക്കറ്റിൽ പായ്ക്ക് ചെയ്താലും നായ്ക്കാട്ടം എന്നും നായ്ക്കാട്ടം തന്നെയായിരിക്കും…!

ഈ മഹാന്മാർ തന്നെയല്ലേ ഒരു ബ്ലൂപ്രിന്റ് പോലും ഇല്ലാതെ മില്യൺ ഡോളർ ദൂർത്ത് അടിച്ചു പാഴാക്കി ഇപ്പോഴത്തെ ഈ ബിൽഡിങ്ങും പണിതത് ? പണിത് കഴിഞ്ഞതിന്റെ നാലാം മാസംമുതൽ റിപ്പയർ പണി തുടങ്ങി. ഇന്നും ഇതിന്റെ ചോർച്ച മാറ്റാൻ കഴിഞ്ഞിട്ടില്ല എന്നത് കാഴ്ച്പ്പാടും ദർശനവും ഇല്ലാത്ത ഇതേ പണിക്കരുടെ പൊൻതൂവലായി കാണേണം.

രണ്ട് പുതപ്പുള്ളവൻ ഒന്ന് ഇല്ലാത്തവന് കൊടുക്കട്ടെ എന്ന് പഠിപ്പിച്ച ക്രിസ്തുവിന്റെ അനുയായികൾക്ക് ഇങ്ങനെ ധൂർത്തടിക്കുവാൻ എവിടെ നിന്ന് ..? നിങ്ങളും നിങ്ങളുടെ പിതാക്കന്മാരും ജനിച്ചുവളർന്ന നാട്ടിൽ അനേകം പേർക്ക് ഒരു നേരത്തെ ആഹാരത്തിനു വകയില്ലാതെ കഷ്ടപ്പെടുമ്പോൾ, പത്തു കോടി ദശാംശത്തിൽ നിന്നും പണം എടുത്ത് ജിം ഉണ്ടാക്കുകയും, നാടു മൊത്തം സുവിശേഷം പറയുകയും, ദേശമെല്ലാം ട്രാക്ട് കൊടുക്കുകയും ചെയ്യുന്നതെങ്ങനെ..?

അനേകർ ചികിത്സിക്കുവാൻ പണമില്ലാതെ രോഗക്കിടക്കയിൽ കിടന്ന് ജീവനെ വെടിയുമ്പോൾ നിങ്ങൾ എന്ത് സുവിശേഷമാണ് ആചരിക്കുന്നത്..? നിങ്ങൾ യഥാർത്ഥ ക്രിസ്തു ഭക്തരെങ്കിൽ, നിങ്ങളുടെ ധൂർത്തും അഹങ്കാരവും ഉപേക്ഷിച്ച് മനസാന്തരപ്പെടുക . ഇത് നിങ്ങളുടെ ശുശ്രൂഷകന് പറഞ്ഞു തരാൻ അറിവില്ലെങ്കിൽ, നിങ്ങൾക്ക് അയ്യോ കഷ്ടം. മുൻശിശ്രൂഷകൻ ഇരിക്കുമ്പോൾ ജനറൽബോഡി തീയതി നിശ്ചയിച്ചിട്ടും നടത്താതെ, സെക്രട്ടറിയുടെ, ജനറൽ ബോഡിയിൽ വലിയ വഴക്കു നടക്കും എന്ന “ദർശനം ” മൂലം ഒഴിവാക്കി മുൻശുശ്രൂഷകനെ പറഞ്ഞുവിട്ടതിനും ഗുണം ഉണ്ടായി.

ഇന്ന് ആ സഭയിൽ ആരും സംസാരിക്കുവാൻ ഇല്ല. സത്യത്തിനു വേണ്ടി നിൽക്കുവാനില്ല. കാരണം എഴുന്നേറ്റു നിൽക്കുന്നവർ ആഭാസന്മാരും, കള്ളന്മാരും, ചർച്ചു നശിപ്പിക്കാൻ നടക്കുന്നവരും ആയി മുദ്രകുത്തപ്പെട്ടു കഴിഞ്ഞു. അനീതി ജയിക്കുകയും നീതി തോൽക്കുകയും ചെയ്യപ്പെടട്ടെ.ഞായറാഴ്ച നടക്കുന്ന നാടക മാമാങ്കത്തിൽ എല്ലാവരും വന്ന് ചേർന്ന് തിരികെ പോകുന്നു. ഒരു ക്ലബ്ബ് പോലെ മാത്രം. ഇന്ന് വിലയില്ലാത്തത് പണത്തിനും ദൈവത്തിനും സത്യത്തിനും ന്യായത്തിനും നീതിയായി ജീവിക്കുന്നവനും മാത്രമാണ്…

അതിന്റെ ഫലം അടുത്ത വർഷങ്ങളിൽ കണ്ടറിയുവാൻ പോകുന്നതേയുള്ളൂ. എനിക്ക് പ്രിയപ്പെട്ടവരും പരിചയക്കാരുമായി അനേകം പേർ ഈ സഭയിൽ ഉണ്ട്. അതുകൊണ്ടുതന്നെയാണ് ഏറെ ദുഃഖത്തോടെ ഇത് എഴുതുന്നത്. ഞാൻ വളരെ വിലയേറിയതായി കാണുന്ന പലതും ഈ സഭയിൽ ഉണ്ടായിരുന്നു. തന്റെ കൈകളെ വിശുദ്ധിയിലും നിർമ്മലതയിലും വെടിപ്പാക്കി

സത്യത്തിനു വേണ്ടി എഴുന്നേറ്റുനിൽക്കുവാൻ ധൈര്യമുള്ള കുറെ മനുഷ്യരുള്ള ഒരു സഭയായിരുന്നു. ഇന്ന് അവരാരുമില്ല. ഉണ്ട് എങ്കിലും അവർക്ക് ആർക്കും വിലയും ഇല്ലാതായി. അങ്ങനെ, ദർശനമില്ലാത്ത ജനം നശിക്കുന്നു എന്ന ദൈവവചനം അന്വർത്ഥമാകുന്നു…!

( തുടരും …..)

view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.