അഭിഷക്തനുവേണ്ടി യുദ്ധം ചെയ്യാൻ പോയവന്റെ ഗതി…

അഭിഷക്തനുവേണ്ടി യുദ്ധം ചെയ്യാൻ പോയവന്റെ ഗതി…
November 04 22:41 2023 Print This Article

ബൈബിൾ ഉടനീളം കഥകളുടെയും ഉപകഥകളുടെയും ഒരു കൂമ്പാരമാണ്.. ക്രൈസ്തവ ഭക്തർ ഇവ വായിക്കുന്നു.. അയവിറക്കുന്നു.. ചിലതൊക്കെ ജീവിതത്തിൽ പ്രാവർത്തികമാക്കുന്നു.. ചിലതൊക്കെ ചിന്തിക്കുന്നു, പഠിക്കുന്നു..ചിലതൊക്കെ വിഴുങ്ങുന്നു , പഠിപ്പിക്കുന്നു..

എന്നാൽ ഈ കഥ ആരും പറഞ്ഞു കേട്ടിട്ടില്ല.. കേൾക്കാൻ സാധ്യതയുമില്ല. വചനം എന്ന സാഗരത്തിൽ നിന്നും ഒരു കൈ കുമ്പിൾ കോരി എടുക്കുവാൻ ശ്രമിക്കവേ കയ്യിൽ തടഞ്ഞ നീറുന്ന സത്യത്തിന്റെ ഒരു കണികയാണ് ഇതു. അതിനോടൊപ്പം എന്റെ കാല്പനികതയും സമാസമം ചേർത്ത് ഇളക്കി എടുത്തതാണ്.
ഇത് ഞാൻ കർത്താവിനോട് ചോദിച്ചപ്പോൾ തന്നതല്ല, ധ്യാനത്തിലിരുന്ന് തീ കത്തിയപ്പോൾ കിട്ടിയതല്ല,
ദൂതൻ മുഖാന്തരം അയച്ചതും അല്ല. ഒരു ദൂതുമായി ഇങ്ങോട്ട് ഇറങ്ങിയപ്പോൾ, വഴിയിൽ വച്ച് മറ്റൊരു ദുത് തന്നതുമല്ല..

എന്തായാലും അഭിഷക്തന്മാർക്കും അഭിനവ അഭിഷക്തന്മാർക്കും വേണ്ടി വടിയും കുടയും പിടിച്ച്, യുദ്ധങ്ങൾ, പാരകൾ, കേസുകൾ, കൂലിത്തല്ല്, തെറിവിളി,ബിനാമി പണി മുതലായവ നടത്തുന്നവർക്കും നടത്തുവാൻ സാധ്യതയുള്ളവർക്കും കഥ ഉത്തമം.
ബാക്കിയുള്ളവർക്കും വായിക്കാം.. വായിച്ചു കൊറിക്കാം..
മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കാം..

നമ്മുടെ കഥയിലെ നായകന്റെ പേര് ‘ഊരിയാവ്’
മര്യാദക്കാരൻ, കാച്ചി കുറുക്കിയ രാജഭക്തി, 100% ദേശ സ്നേഹി.തുളുനാടൻ ആയോധനകലയിലും വാൾപ്പയറ്റ് അമ്പെയ്ത്ത് മുതലായവയിൽ പ്രാവീണ്യം. ഡീസെന്റും ഡിസ്പെൻസറിയും ഉള്ളവൻ. പതിനെട്ടടവും പഠിച്ച മെയ് കരുത്ത്. ആറടി പൊക്കം സുന്ദരൻ സുസ്മരവദനൻ. മേടത്തിൽ 35 തികയും. സുന്ദരിയായ ഭാര്യ. കുഞ്ഞിക്കാല് കാണാൻ ആഗ്രഹമുണ്ടെങ്കിലും ഇതുവരെ പൂവണിഞ്ഞില്ല.. രാജഭക്തികൊണ്ട് അതിനൊട്ട് സമയം കിട്ടിയും ഇല്ല.

അങ്ങനെ നമ്മുടെ കഥാനായകനായ ഊര്യാവ് രാജാവിനും രാജ്യത്തിനും വേണ്ടി പടയ്ക്കു പുറപ്പെട്ട് വെളിപ്രദേശത്ത് തമ്പടിച്ച് കിടക്കുകയാണ് സൂർത്തുക്കളെ തമ്പടിച്ച് കിടക്കുകയാണ്….!

കഥയിലെ വില്ലൻ മറ്റാരുമല്ല നമ്മുടെ മഹാനായ ദാവീദ് രാജാവ് തന്നെ.

സായംസന്ധ്യ, മന്ദമാരുതൻ വീശുന്നു.. ടെറസിൽ പോയി അല്പം കാറ്റു കൊണ്ട് ഉലാത്തണമെന്ന് തോന്നുന്നു.
അങ്ങനെ അദ്ദേഹം ടെറസിൽ ഉലാത്തി കൊണ്ടിരിക്കവേ അയലത്തെ വീട്ടിലെ മറപ്പുരയിലേക്ക് ഒരു എത്തിനോട്ടം.. ബൈനോക്കുലർ ഉണ്ടായിരുന്നോ ഇല്ലയോ എന്ന് വ്യക്തമല്ല. എങ്കിലും രാജാവിന്, ആ സ്ത്രീയുടെ കുളിസീൻ കണ്ടപ്പോൾ അതു ഒരു അതി സുന്ദരിയാണ് എന്ന് മനസ്സിലായി. മനസ്സിൽ ഒന്ന് ഒന്നര ലഡ്ഡു അങ്ങു പൊട്ടി..!

അദ്ദേഹം തന്റെ സെക്രട്ടറിയെ വിട്ട് ആ യുവതി ആര് എന്ന് അന്വേഷിക്കുന്നു. മഹാരാജാവേ അത് നമ്മുടെ ഊര്യാവിന്റെ ഭാര്യ ബേത് ശബ ആണ്…
അങ്ങനെയെങ്കിൽ അവളെ വേഗം നമ്മുടെ അടുക്കലേക്ക് കൂട്ടിക്കൊണ്ടു വരിക.മഹാരാജാവ് ഉത്തരവിറക്കി കഴിഞ്ഞു….കിങ്കരന്മാർ പോയി സുന്ദരിയായ ബേത് ശബയെ കൂട്ടിക്കൊണ്ടുവന്നു.

തനിക്കുവേണ്ടി യുദ്ധത്തിനു പോയി കിടക്കുന്ന ഊരിയാവിനു രാജാവ് ഒരു പട്ടിയുടെ വില പോലും കൊടുത്തില്ല എന്ന് വേണം കരുതുവാൻ……

രാജാവിന്റെ കൊഞ്ചിക്കുഴയൽ കണ്ടപ്പോൾ ബേത് ശബക്ക് രോഗം പിടികിട്ടി.രാജാവേ എന്റെ ഭർത്താവ് ഇതറിഞ്ഞാൽ..? ഞാൻ ഗർഭിണിയായാൽ..?

യു ഡോണ്ട് വറി മൈ ഡിയർ… അതിന് I have an idea for that (ഭർത്താവായ ഊരിയാവിന്റെ തലയിൽ തന്നെ കെട്ടിവെക്കുവാൻ രാജാവിന്റെ കുറുക്കൻ ബുദ്ധിയിൽ ഐഡിയ ഉദിച്ചു. ) what an idea ???

അങ്ങനെ രാജാവിന്റെ പട്ടുമെത്തയിലേക്ക് ഉരിയാവിന്റെ ഭാര്യ തള്ളിയിടുന്നു. അവിടെ പിടിവലി നടന്നോ, കൺസന്റ് സൈൻ ചെയ്തോ, സമ്മതം മൂളിയോ.. ഇതൊന്നും പുസ്തകം പറയുന്നില്ല.. അതെല്ലാം വായനക്കാർക്ക് വിട്ടു തന്നിരിക്കുന്നു…!
എന്തായാലും രാജാവും രാജഹിതവും അല്ലേ..! രാജാവിന്റെ ഇംഗിതം നടന്നേ തീരു..!

ഒന്ന് രണ്ട് മാസം കഴിയുമ്പോൾ സ്ത്രീ ഗർഭിണിയാണ് എന്ന് ആളിനെ വിട്ട് രാജാവിനെ അറിയിക്കുന്നു.
അദ്ദേഹം മുൻകൂട്ടി തയ്യാറാക്കി വെച്ചിരുന്ന തന്റെ പ്ലാൻ ‘B’ നടപ്പിലാക്കുന്നു.

ഊരി യാവിന്റെ സൂപ്പർവൈസർ ആയ യോവാബിനു വാട്ട്സ് അപ്പ് വഴി കൽപ്പനയെത്തുന്നു. “വേഗം ഊരിയാവിനെ കൊട്ടാരത്തിലേക്ക് അയയ്ക്കുക “

ഊരിയാവ് എത്തുന്നു…രാജാവിനെ കാണുന്നു..

രാജാവിന്റെ ഒന്നൊന്നര ചോദ്യം.. യുദ്ധമുഖത്ത് എല്ലാവരും സുഖം തന്നെയല്ലേ..?( യുദ്ധമുഖത്ത് എല്ലാവരും സുഖിക്കുകയല്ലേ എന്ന് ഊരിയാവ് മനസ്സിൽ പറഞ്ഞു കാണും ) നിന്നെ നാം ചുമ്മാതെ വിളിപ്പിച്ചതാണ്. എന്തായാലും നീ ഇവിടെ കറങ്ങിത്തിരിഞ്ഞു നിൽക്കേണ്ട, നിന്റെ വീട്ടിൽ പോയി കാലും കയ്യും ഒക്കെ കഴുകി ചായയും കുടിച്ച് അല്പം വിശ്രമിച്ചിട്ട് ഒക്കെ വാ…
ഊരിയാവ് പോയതിനു പിറകെ ഊരിയാവിന്റെ വീട്ടിലേക്ക് പരിപ്പുവടയും ബോണ്ടയും കേക്കും സ്ക്കോച്ചു വിസ്കിയും ടച്ചിങ്സും ഒക്കെ വലിയ മനസ്സുള്ള രാജാവ് കൊടുത്തയച്ചു. എന്നാൽ വിവരം കെട്ടവനായ ഊരിയാവ് വീട്ടിൽ പോകാതെ കറങ്ങിനടന്ന് കൊട്ടാരവാതുക്കൽ കണ്ടവരോടൊക്കെ വെടിയും പറഞ്ഞു, സുലൈമാനിയയും കുടിച്ചു അവിടെ കിടന്നുറങ്ങി.

ദിവ്യ ഗർഭം അവന്റെ പിടലിക്ക് വെക്കാമെന്ന് കരുതിയ രാജാവ് ബ്ലിങ്കി പോയി.

ഇതറിഞ്ഞ ദാവീദ് രാജാവ് വീണ്ടും ഊര്യാവിനെ വരുത്തി, എടാ വിവരം കെട്ടവനെ നിന്നോട് നിന്റെ വീട്ടിൽ പോയി നിന്റെ ഭാര്യയോടൊപ്പം കിടക്കാൻ പറഞ്ഞാൽ നീ അവിടെ പോവുകയില്ലയോ…?
നിഷ്കളങ്കനും രാജാവിന് വേണ്ടി യുദ്ധം ചെയ്യാൻ ഇറങ്ങിയവനുമായ രാജ്യസ്നേഹിയായ നല്ല മനുഷ്യൻ തന്റെ ഹൃദയം തുറന്ന് രാജാവിനോട് ഇപ്രകാരം പറഞ്ഞു…”പെട്ടകവും യിസ്രായേലും യെഹൂദയും കൂടാരങ്ങളിൽ വസിക്കുന്നു; എന്റെ യജമാനനായ യോവാബും യജമാനന്റെ ഭൃത്യന്മാരും വെളിമ്പ്രദേശത്തു പാളയമിറങ്ങിക്കിടക്കുന്നു; അങ്ങനെയിരിക്കെ ഞാൻ ഭക്ഷിപ്പാനും കുടിപ്പാനും എന്റെ ഭാര്യയോടുകൂടെ ശയിപ്പാനും എന്റെ വീട്ടിൽ കടക്കുമോ? നിന്നാണ, നിന്റെ ജിവനാണ, അതു ഞാൻ ചെയ്കയില്ല “

രാജാവ് തന്റെ പ്ലാൻ ‘C’ പുറത്തെടുക്കുന്നു.

അങ്ങനെയെങ്കിൽ നീ ഇന്ന് ഇവിടെ താമസിക്കുക. നാളെ പോയാൽ മതി. പിറ്റേദിവസം രാജാവ് ഊരിയാവിനെ വിളിപ്പിച്ചു. കുഴിമന്തി, ചിക്കൻ 65, കേന്റുക്കി ഫ്രൈഡ് ചിക്കൻ മുതലായ ഭക്ഷണങ്ങളെല്ലാം നൽകി. സ്ക്കോച്ച് വിസ്കിയും മുന്തിയ ടച്ചിങ്സും നൽകി. രാജാവ് കൊടുത്തല്ലേ, ഊരിയാവ് കിട്ടിയതെല്ലാം അകത്താക്കി. അടിച്ചു കോൺ തെറ്റി. ചക്ക ഏത് മാങ്ങാ ഏത് എന്ന് അറിയാൻ വയ്യാത്ത കണ്ടീഷനായി. മഹാരാജാവിന് വളരെ സന്തോഷമായി.

ഒരു മനോഹരമായ കത്ത് സൂപ്പർവൈസറായ യോവാബിനു രാജവ് തയ്യാറാക്കി, ഈ കത്തും കൊണ്ടുവരുന്ന ഊളയെ തട്ടിയെരെ, ശത്രുക്കളുടെ വെട്ടുകൊണ്ട് ചാകാൻ ചാൻസ് ഉള്ള ഏറിയായിലേക്ക് കേറ്റി നിർത്തുക.

അങ്ങനെ മഹാനായ രാജാവ് തന്റെ ദിവ്യഗർഭം ഏറ്റെടുക്കാൻ കഴിയാതെ പോയ ഊരിയാവിനെ വെട്ടിക്കൊല്ലിച്ചു…..!

മഹാരാജാവ് നീണാൾ വാഴട്ടെ…..

അങ്ങനെ രാജാവിന്റെ ഗർഭവും പേറി നടക്കുന്ന ഊരിയാവിന്റെ ഭാര്യ ഭർത്താവിന്റെ മരണവാർത്ത അറിഞ്ഞു പൊട്ടിക്കരഞ്ഞു.(Every night in my dreams… എന്നുള്ള ടൈറ്റാനിക്കിന്റെ സോങ് ആ കരച്ചിൽ മൊഴിമാറ്റം ചെയ്തതാണ് എന്ന് എന്ന് ചിലർ പറയുന്നു..)
എന്തായാലും വിലാപ സമയം കഴിഞ്ഞപ്പോൾ..
വിശാലഹൃദയനായ മഹാരാജാവ് ബേത് ശബയെ വിവാഹം കഴിച്ചു സ്വന്തമാക്കുന്നു….(ബാക്കിയുള്ള ചരിത്രം അറിയേണ്ടവർ സമയം കിട്ടുമ്പോൾ ബൈബിൾ വായിച്ചാൽ മതി.. )

എന്തായാലും അഭിഷക്തനായ മഹാരാജാവിനെ സ്നേഹിച്ച, സേവിച്ച, ദേശസ്നേഹിയായ ഊര്യാവിന്റെ കാര്യം കട്ടപ്പൊക…
അഭിഷക്തന്മാർക്ക് വേണ്ടി തുണി പറിച്ച് അരയിൽ ചുറ്റി യുദ്ധങ്ങൾ നടത്തുവാൻ അരയും തലയും മുറുക്കി നടക്കുന്ന പടക്കുറുപ്പന്മാർ വല്ലപ്പോഴും ഊരിയാവിന്റെ ജീവിത കഥയും അവന്റെ ഭാര്യയുടെ കഥയും ഓർക്കുന്നത് നന്നായിരിക്കും.

എള്ള് ഈസ് ഡ്രയിങ് ഫോർ ഓയിൽ.. ബട്ട്‌ വൈ കുറുംചാത്തൻ ഈസ് ഡ്രയിങ്… ? 🥱

view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.