ആത്മാവിന്റെ തീയും പിറവത്തിന്റെ കിഴവിക്കഥകളും

ആത്മാവിന്റെ തീയും പിറവത്തിന്റെ കിഴവിക്കഥകളും
August 04 18:08 2019 Print This Article

സത്യത്തിൽ ഇത്തവണത്തെ പിസിനാക്കിൽ ബാബു ചെറിയാന്റെ പ്രസംഗം കേട്ടപ്പോൾ തികഞ്ഞ നിസ്സംഗതയാണു തോന്നിയതു.  അദ്ദേഹത്തിന്റെ ഭാഷയിൽ തന്നെ പറഞ്ഞാൽ “പിന്നേം ചങ്കരൻ തെങ്ങേൽ” എന്നപോലെ ആയി.

പരിശുദ്ധാത്മാവു തീയാണെന്നു തെളിയിക്കണം! എന്നിട്ടു എല്ലാവരും ആ തീയിലേക്കു മടങ്ങിവരണം! പക്ഷെ, എങ്ങനെ തെളിയിക്കും? അതിനു കിഴവിക്കഥ തന്നെ ശരണം.

പണ്ടു വിഗ്രഹാരാധനയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ ഒരു ക്രൂശിതരൂപത്തിന്റെ കെട്ടുകഥ പറഞ്ഞതു പൊതുജനം ഇതുവരെ മറന്നിട്ടില്ല. ഇദ്ദേഹം പ്രസംഗം കൊഴുപ്പിക്കുന്നതു കെട്ടുകഥകളിലൂടെയാണു. ഇവിടെയും തുടക്കം അങ്ങനെതന്നെ.

കഥ കേട്ടോളൂ, ഒരു പള്ളിക്കു തീ പിടിച്ചു! നാട്ടുകാരെല്ലാം തീ കെടുത്താൻ ഓടിക്കൂടി. ഒരിക്കൽപോലും പള്ളിയിൽ വരാത്ത ഉഴപ്പനായ ഒരു ചെറുപ്പക്കാരനാണു മുൻപന്തിയിൽ നിന്നു തീ കെടുത്താൻ നേതൃത്വം കൊടുത്തതു.

പാതിരി ചോദിച്ചു, “എടാ കുഞ്ഞേ, ഇവിടെ മനോഹരമായ ആരാധന ഇത്രയും കാലം നടന്നിട്ടും നീ ഒരിക്കൽപോലും പള്ളീൽ കേറീട്ടില്ല, പിന്നെ പള്ളിക്കു തീ പിടിച്ചപ്പോൾ നീ എന്തിനാ വന്നതു??”

ചെറുപ്പക്കാരൻ പറഞ്ഞു: “അച്ചോ, അതിനു ഇവിടെ ഇതുവരെ തീ കണ്ടിട്ടില്ലല്ലോ” സ്തോത്രം!! സ്തോത്രം!! (പിന്നെ അൽപനേരം മൗനം) എന്നിട്ടൊരു പ്രെയിസ്‌ ദ ലോർഡും!

പ്രീയപ്പെട്ടവരേ! വെറുതെ പറകയല്ല, ദയറീസ്‌ ഫയർ!! അത്മാവു തീയാണു തീ!! പരിശുദ്ധാത്മാവു തീയാണെന്നു തെളിയിക്കുവാൻ പിറവം പറഞ്ഞ അന്തോം കുന്തോം ഇല്ലാത്ത കിഴവിക്കഥയാണിതു.

നിങ്ങൾക്കു എന്തോന്നു മനസ്സിലായി?? ഒന്നും മനസ്സിലായില്ലെങ്കിൽ വേണ്ട, ഇതു കേട്ടപ്പോൾ മനസ്സിലായവരൊക്കെ പിസിനാക്കിൽ ഇറങ്ങിയ തീയിൽ കിടന്നു തുള്ളിച്ചാടി!!

തീർന്നില്ല, ഇനിയും കേട്ടോളൂ, “നിങ്ങൾക്കു അറിയാമോ ‘തീപോലെ ഇറങ്ങണമേ’ എന്നൊരു പാട്ടു ഇറങ്ങി, അതിപ്പോൾ അഞ്ചു ഭാഷകളിലായി” പോലും!! ഇതും ആത്മാവു തീയാണെന്നുള്ളതിനു മറ്റൊരു തെളിവു.

അല്ല, ഈ അക്രൈസ്തവ മതഗ്രന്ഥങ്ങളും സിനിമകളും മറ്റു സാമൂഹ്യ ഗ്രന്ഥങ്ങളും ഒക്കെ അനവധി ഭാഷകളിലേക്കു ഭാഷാന്തരം ചെയ്യുന്നതും തീ തന്നെയല്ല.. ല്ല…ല്ലേ?? “തീ കത്തിക്കാ എന്നിൽ തീ കത്തിക്കാ” എന്ന പാട്ടു നിങ്ങൾ കഴിഞ്ഞ 50 കൊല്ലം പാടിയില്ലേ എന്നാണു അടുത്ത ചോദ്യം.

എന്റെ പിറവം സാറേ, ദൈവീകവെളിപ്പാടുകൾ എക്കാലത്തും പുരോഗമനോന്മുഖം ആയിരുന്നു. ദൈവം ഭാഗം ഭാഗമായിട്ടും വിവിധമായിട്ടും ആണു അവ നൽകിയതു. കത്തോലിക്കാസഭ ഒരു സഹസ്രാബ്ദ കാലത്തോളം കുഴിച്ചുമൂടിയ ദൈവീക സത്യങ്ങൾ കുഴിതോണ്ടി പുറത്തെടുത്തതും ഒറ്റയടിക്കു സംഭവിച്ചതല്ല.

മാർട്ടിൻ ലൂഥറിനു അന്നു മുഴുവനും കിട്ടിയില്ല! കഴിഞ്ഞ 500 വർഷങ്ങളായി ദൈവം അനേകം ദൈവഭക്തന്മാരെ അതിനുവേണ്ടി വിനിയോഗിച്ചു. പുരാവസ്തുക്കൾ ഖനനം ചെയ്തു പുറത്തെടുക്കുമ്പോൾ അവയോടൊപ്പം ആവശ്യമില്ലാത്ത മാലിന്യങ്ങളും ചേർന്നു വരും.

എന്നാൽ മാലിന്യങ്ങളെ വേർതിരിച്ചറിഞ്ഞു പുറത്തുകളയേണ്ടതു ഏതൊരു പുരാവസ്തു ഗവേഷകന്റെയും കർത്തവ്യമാണു. ഇവിടെയും അതു തന്നെയാണു വേണ്ടതു. മാലിന്യങ്ങളെ ദൈവ വചനത്തിന്റെ വെളിച്ചത്തിൽ വേർതിരിച്ചറിഞ്ഞു അവയെ ത്യജിച്ചു കളയണം.

ഇങ്ങനെ പല മാലിന്യങ്ങളും പെന്തക്കോസ്തിന്റെ ആരംഭത്തിൽ സഭയിൽ കടന്നുകൂടിയിട്ടുണ്ടു. ആഭരണ ബഹിഷ്കരണം, ഔഷധ വർജ്ജനം, വെള്ളവസ്ത്ര ധാരണം, ഭൂതോച്ഛാടനം, കൂടോത്രം എടുപ്പിക്കൽ, കൈവിഷം ഛർദ്ദിപ്പിക്കൽ ഇവയെല്ലാം അവയിൽ ചിലതു മാത്രം.

ഔഷധ വർജ്ജനം എന്നതു ദൈവീക വെളിപ്പാടു തന്നെയെങ്കിൽ ഇന്നു പെന്തക്കോസ്തു ഭവനങ്ങളിൽ ആതുരസേവനം തൊഴിലായി സ്വീകരിച്ചവരാണു അധികവും. ആശുപത്രിയിൽ ചികിത്സക്കായി പോയവരെ സഭയിൽ നിന്നു മുടക്കിയ ചരിത്രം വരെയുണ്ടു. അമ്പതു വർഷം മുമ്പു തെറ്റായി കണ്ടതിനെ ഇന്നു പ്രീണിച്ചു സേവിക്കുന്നതിൽ തെറ്റില്ലെന്നു കാണുന്നതു തന്നെ വിരോധാഭാസമല്ലേ?

അങ്ങനെയെങ്കിൽ പരിശുദ്ധാത്മാവു തീയല്ലെന്നു ഇന്നു നമുക്കു ദൈവവചനത്തിലൂടെ വെളിപ്പെട്ടാൽ അതേ ദൈവീക വെളിപ്പാടിനെ ഖണ്ഡിക്കുന്ന ഒരു പാട്ടു 50 കൊല്ലങ്ങൾക്കു മുമ്പു പിതാക്കന്മാർ വെളിപ്പാടുകളുടെ അവ്യക്തതമൂലം പാടിയിട്ടുണ്ടെങ്കിൽ അതു തെറ്റാണെന്നു പറയുവാനും ആ തെറ്റു ആവർത്തിക്കാതിരിക്കുവാനും ഉള്ള ചങ്കുറപ്പു നമുക്കു ഉണ്ടാകണം.

പിന്നെ സാറിന്റെ പരിഭവം, പണ്ടത്തെ കാലത്തു ഒരാൾക്കു അഭിഷേകം ഉണ്ടോ ഇല്ലയോ എന്നു തീരുമാനിക്കുന്നതു മാങ്ങാനം ജോസഫ്‌ ആയിരുന്നുപോലും!! പണ്ടു കാലങ്ങളിൽ അഭിഷേകം ഇല്ലാത്തവർക്കു അഭിഷേകം നൽകുവാൻ മാങ്ങാനം ജോസഫ്‌ സാർ ഉണ്ടായിരുന്നു, “ഇപ്പോൾ മാങ്ങാനോം ഇല്ല കുട്ടിക്കാനോം ഇല്ല, ആരെ വിളിക്കാനാ അഭിഷേകം പ്രാപിക്കാൻ!!”

അങ്ങനെ ആരും സഭയിൽ ഇല്ലെന്നുള്ളതാണു പരിഭവം. മനുഷ്യൻ അധ‌ഃപ്പതിച്ചാലും ഇത്രത്തോളം അധഃപ്പതിക്കരുതു. ഇങ്ങനെ പറയുന്നതു തന്നെ ഒന്നാന്തരം ദുരുപദേശമല്ലേ?? അഭിഷേകം കൊടുക്കുന്നതും തീരുമാനിക്കുന്നതും മാങ്ങാനമോ?? പെന്തക്കോസ്തുനാളിൽ ദൈവം തന്റെ സഭയെ ആണോ അഭിഷേകം ചെയ്തതു അതോ വ്യക്തികളെയാണോ?

വ്യക്തികളെ ആണെങ്കിൽ ഐത്യോപ്യക്കാരനായ ഷണ്ഡനു അഭിഷേകം കിട്ടിയോ? ഷണ്ഡനു അഭിഷേകം കൊടുത്തതു ആരാണെന്നുകൂടി വെളിപ്പെടുത്തണം. “നാം എല്ലാവരും ഏകശരീരമാകുമാറു” ഒരേ ആത്മാവിൽ സ്നാനം ഏറ്റിരിക്കെ, പിന്നെ വേറൊരു ആത്മസ്നാനംകൂടി ഏൽക്കേണ്ടതുണ്ടോ??

പ്രസംഗത്തിന്റെ ആദ്യഭാഗത്തു പരിശുദ്ധാത്മാവു തീയാണു, തീയാണു എന്നു പറഞ്ഞശേഷം കുറെകഴിഞ്ഞു പരിശുദ്ധാത്മാവു തീയല്ല, തീയല്ല തീയോടു ഉപമിച്ചു പറഞ്ഞാൽ തെറ്റില്ല, തെറ്റില്ല എന്നും പറയുന്നു.

തീയ്‌ കേവലം ഒരു ഉപമയാണെങ്കിൽ പരിശുദ്ധാത്മാവു എങ്ങനെ തീയാകും? എന്താണു പ്രവൃത്തികളുടെ പുസ്തകം രണ്ടാം അദ്ധ്യായത്തിൽ പറയുന്നതു, “അഗ്നിജ്വാലപോലെ പിളർന്നിരിക്കുന്ന നാവുകൾ അവർക്കു പ്രത്യക്ഷമായി അവരിൽ ഓരോരുത്തന്റെമേൽ പതിഞ്ഞു” പിന്നെ സംഭവിച്ചതെന്താണു? അടുത്ത വാക്യത്തിൽ പിളർന്നിരിക്കുന്ന നാവുകൾ സംസാരിക്കുവാൻ തുടങ്ങി.

കേട്ടുനിന്നവരായ വിവിധ ഭാഷക്കാർ തമ്മിൽ പറഞ്ഞു: ഗലീലക്കാരായ ഇവർ “നാം ഓരോരുത്തൻ ജനിച്ച നമ്മുടെ സ്വന്തഭാഷയിൽ അവർ സംസാരിച്ചു കേൾക്കുന്നതു എങ്ങനെ?” ഗലീലക്കാരായവരുടെ ഏകനാവു അവിടെ 16 ഭാഷാക്കാരുടെ നാവുകളായി മാറി, എന്നുവെച്ചാൽ ഒരേ നാവു പിളർന്നു 16 നാവുകളായി എന്നർത്ഥം.

ഒരേ അഗ്നിജ്വാലയിൽ വിവിധ ജ്വാലകൾ കാണുന്നതുപോലെ ആ സംഭവത്തെ ഉപമിച്ചുയെന്നേയുള്ളൂ. അല്ലാതെ അവിടെ അഗ്നിയും വന്നില്ല, ജ്വാലയും വന്നില്ല. കാക്കയെപോലെ കറുത്തതെന്നു പറഞ്ഞാൽ കറുത്തു കാണുന്നതെല്ലാം കാക്കയാകുന്നതെങ്ങനെ? ഇത്രയും കാര്യങ്ങൾ മൊഴിഞ്ഞശേഷം പിന്നെ തീയിറക്കുവാനുള്ള ശ്രമം തുടങ്ങി.

കൊരിന്ത്യലേഖനം പതിനാലാം അദ്ധ്യായത്തിൽ “അന്യഭാഷകളിൽ സംസാരിക്കുന്നതു വിലക്കുകയുമരുതു” എന്നു എഴുതിയിരിക്കുന്നതിനാൽ കൊരിന്ത്യലേഖനം പെന്തക്കോസ്തുകാർക്കുവേണ്ടി എഴുതിയതാണെന്നാണു പിറവം ശഠിക്കുന്നതു. എന്നാൽ 1 കൊരിന്ത്യർ പതിനാലാം അദ്ധ്യായത്തിലെ പ്രമേയം അന്യഭാഷയല്ല, പിന്നെയോ പ്രവചനവരമാണെന്നു സൂക്ഷ്മദൃക്കുകൾക്കു മനസ്സിലാകും.

അദ്ധ്യായം തുടങ്ങുന്നതു “വിശേഷാൽ” പ്രവചനവരം വാഞ്ചിപ്പിൻ എന്നു ആഹ്വാനം ചെയ്തുകൊണ്ടാണു. പ്രവചനവരം വാഞ്ചിപ്പിൻ എന്നു പറഞ്ഞുകൊണ്ടു തന്നെയാണു അദ്ധ്യായം അവസാനിക്കുന്നതും. വ്യാഖ്യാനമോ വ്യാഖ്യാനിയോ ഉണ്ടെങ്കിലേ അന്യഭാഷാഭാഷണം സഭക്കു പ്രയോജനപ്പെടുകയുള്ളൂ എന്നു വളരെ കൃത്യമായി പറയുന്നുണ്ടു.

“അന്യഭാഷകളിൽ സംസാരിക്കുന്നവൻ സഭെക്കു ആത്മികവർദ്ധന ലഭിക്കേണ്ടതിന്നു വ്യാഖ്യാനിക്കുന്നില്ലെങ്കിൽ പ്രവചിക്കുന്നവൻ അവനെക്കാൾ വലിയവൻ. ഭാഷാവരത്തിന്റെ വിന്യാസ സാഫല്യം വ്യാഖ്യാനവരം കൂടാതെ സാക്ഷാത്‌കരിക്കപ്പെടുന്നില്ല. ഒന്നില്ലെങ്കിൽ മറ്റൊന്നില്ല എന്നാകുന്നു അതിന്റെ അർത്ഥം.

ഒരു പക്ഷിയുടെ രണ്ടു ചിറകുകൾ പോലെയാണു ഭാഷാവരവും വ്യാഖ്യാനവരവും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നതു. വ്യാഖ്യാനവരം ഇല്ലെങ്കിൽ ഭാഷാവരംകൊണ്ടു സഭക്കു ആത്മീകവൃദ്ധി ഉണ്ടാകുന്നില്ലെന്നു പൗലോസ്‌ പറയുന്നു. അതുകൊണ്ടു അന്യഭാഷയിൽ സംസാരിക്കുന്നവൻ വ്യാഖ്യാനവരത്തിന്നായി പ്രാർത്ഥിക്കട്ടെ എന്നാകുന്നു പ്രമാണം.

വ്യാഖ്യാനി ഇല്ലാഞ്ഞാൽ അന്യഭാഷക്കാരൻ സഭയിൽ മിണ്ടാതെ തന്നോടും ദൈവത്തോടും സംസാരിക്കട്ടെ എന്നും പറയുന്നു. മിണ്ടാതെ തന്നോടും ദൈവത്തോടും മാത്രം സംസാരിക്കുകയെന്നാൽ സംസാരിക്കുന്നവനും ദൈവവും തമ്മിലുള്ള ആത്മസംവേദനമാണു.

വീണ്ടും ജനനം പ്രാപിച്ചവന്റെ ആത്മാവും ആത്മാവാകുന്ന ദൈവവും തമ്മിൽ ശബ്ദമില്ലാശബ്ദേന നടത്തുന്ന ആശയ വിനിമയമാണിതു. വ്യാഖ്യാനവരമോ വ്യാഖ്യാനിയോ ഇല്ലെങ്കിൽ അന്യഭാഷയിൽ സംസാരിക്കുന്നവൻ മിണ്ടാതെ അവന്റെ ഹൃദയം അവന്റെ ആത്മാവിലേക്കു തിരിക്കുകയും ആത്മാവിൽ വസിക്കുന്ന ദൈവവുമായി ആത്മസംവേദനം നടത്തുകയുമാണു വേണ്ടതു.

വ്യാഖ്യാനവരമില്ലാതെ അന്യഭാഷ സഭയിൽ സംസാരിക്കരുതെന്നു പൗലോസ്‌ ആജ്ഞാപിച്ചിരിക്കെ, പ്രസ്തുത ആജ്ഞാപനത്തെ അനുസരിക്കാതെ ലംഘിക്കുന്നതാണോ ആത്മാവിന്റെ തീയെന്ന പേരിൽ ബാബു ചെറിയാൻ വിവക്ഷിക്കുന്നതു??

ഇദ്ദേഹം ഐപിസി എന്ന പ്രസ്ഥാനത്തെ ദുരുപദേശങ്ങളുടെ പടുകുഴിയിലേക്കാണു വലിച്ചിഴക്കുന്നതു. ദൈവജനം ഇതു തിരിച്ചറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു!

                                                   മാത്യു തോമസ്‌ ( ന്യൂസിലൻഡ് )

  Categories:
view more articles

About Article Author

write a comment

1 Comment

  1. BThomas
    August 06, 09:27 #1 BThomas

    Speaking in tongues is the fundamental Pentecostal doctrine. If a person speaking in tongues wants to edify the church then Interpretation is warranted. Pay little more close attention to 1Cor 14, it reads as follows:(NLT).
    “Let love be your highest goal! But you should also desire the special abilities the Spirit gives—especially, the ability to prophecy. For If you have the ability to speak in tongues, you will be talking only to God, since people won’t be able to understand you. You will be speaking by the power of the spirit. …A person who speaks in tounges is strengthened personally, but one who speaks a word of prophesy strengthens the entire church. The same chapter ends as follows: so my dear brothers and sisters, be eager to prophesy, and don’t forbid speaking in tongues. But be sure that everything is done order. Paul was basically, placing an order. All gifts of the spirit are equally valid for individual as well as edification of the Church. People interpret everything based on their experience and education. Fruit of the Spirit is lacking nowadays more than anything.

    Reply to this comment

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.