KE എബ്രഹാമും ഐപിസിയും തമ്മിലുള്ള ബന്ധം-Part-2

by padayali | 18 May 2022 3:47 AM

(ഐപിസിക്കാർ അറിഞ്ഞിരിക്കേണ്ട യാഥാർഥ്യങ്ങൾ)

കെ.ഇ. എബ്രഹാം തന്റെ ആത്മകഥയിൽ എഴുതിയ വസ്തുതകൾ സഹിതം പോയിന്റ് പോയിന്റായി എഴുതിയ ഒന്നാം പാർട്ടിനു ശേഷം വന്ന ചില ഭീഷണികൾ ആണ് പാർട്ട്‌ 2 എഴുതുന്നതിനു ഏറെ പ്രചോദനം ആയത്. ഒപ്പം കെ ഇ എബ്രഹാം ആണ് ഐപിസി യുടെ സ്ഥാപകൻ എന്ന തരത്തിൽ ചില വ്യാജങ്ങൾ ചിലർ കുറച്ചു നാളുകൾ ആയി പ്രചരിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ ഇത് യഥാർത്ഥത്തിൽ ഐപിസി ആരംഭിച്ച അഭിഷിക്തരെ ആക്ഷേപിക്കുന്നതിനു തുല്യമാണ്. അതിനാൽ സത്യം പൊതുജനം അറിയുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

കെ.ഇ. എബ്രഹാം കുക്ക് സായിപ്പുമായി പിരിയുന്നത്.

കെ.ഇ. എബ്രഹാം കുക്ക് സായിപ്പുമായി പിരിയുന്നത് 1930 – ൽ ആണ്, അതോടെയാണ് ഒരു സുറിയാനി ഏകോപനം ഉണ്ടാകുന്നതും, സുറിയാനി ദളിത് വിഭാഗീയത പെന്തക്കൊസ്തിൽ പരസ്യമായി ഉടലെടുക്കുന്നതും. അതായത് നേതാവാകുവാൻ ജാതി ഭിന്നത കരുവാക്കുന്ന പൈശാചികത ഇന്നും ഇന്നലെയും തുടങ്ങിയതല്ല എന്ന് വ്യക്തം. എന്നിട്ടും ഈ സഭ വളർന്നത് ഇതിൽ ഈ അഴുകിയ ജാതിഭ്രാന്തും കസേരകളിയും അറിഞ്ഞിട്ടില്ലാത്ത ചിലരെങ്കിലും ഉണ്ടായിരുന്നു എന്നത് കൊണ്ടാണ്. അങ്ങനെ നയിക്കപ്പെട്ടവർ സഭയുടെ പേരിൽ അവകാശ വാദങ്ങളുമായി ഊടാടി നടക്കുകയൊ, പ്രസ്ഥാനം തങ്ങളുടെ തലമുറയ്ക്ക് അട്ടിപ്പേർ കൊടുക്കുകയോ ചെയ്തില്ല.

കെ.ഇ. എബ്രഹാം കുക്ക് സായിപ്പുമായി പിരിയുന്നതിന്റെ പ്രധാനകാരണം സ്ഥലം സഭകൾക്ക് കുക്ക് സായിപ്പ് റെപ്രസന്റ് ചെയ്യുന്ന പ്രസ്ഥാനവും കുക്കു സായിപ്പും സ്വാതന്ത്ര്യം നല്കുന്നില്ല എന്ന വ്യാജം പ്രചരിപ്പിച്ചു കൊണ്ടാണ്. എന്നാൽ യാഥാർത്ഥ്യം തിരിച്ചറിയുക :
കുമ്പനാട് സഭാരൂപീകരണത്തിനു ദൈവം ഉപയോഗിച്ച പ്രധാനശില്പികൾ കുക്കു സായിപ്പും കെസി ഉമ്മൻ എന്ന കൊടുന്തറ ഉമ്മച്ചൻ പാസ്റ്ററും ആയിരുന്നു. ചോതി എന്ന ദളിത് നേതാവിന്റെ ക്ഷണം അനുസരിച്ചാണ് കുക്ക് സായിപ്പ് കുമ്പനാട് ചെല്ലുന്നതും അവിടെ സഭാപ്രവർത്തനം ആരംഭിക്കുന്നതും. ഇത് ദ്രുതഗതിയിൽ വളരുകയും ചെയ്തു. 1930- ൽ സുറിയാനി നേതാക്കൾ കുക്കു സായിപ്പുമായി പിരിയുന്നത് വരെ വിശ്വാസികൾ ഒരുമിച്ചു നിന്നിരുന്നു, അവർക്കിടയിൽ വർഗീയ ചിന്താഗതികളോ ഭിന്നതയോ ഉണ്ടായിരുന്നില്ല. എന്നാൽ 1930 ലെ ഭിന്നതയിൽ കെ.ഇ. എബ്രഹാമിന്റെ പങ്ക് വലുതായിരുന്നു. മറ്റു പലരും പ്രശ്നം പരിഹരിക്കാൻ നോക്കിയിട്ടും കെ.ഇ. എബ്രഹാം വഴങ്ങിയില്ല. ഈ ഭിന്നത ഇല്ലാതാക്കാൻ പല സുറിയാനി നേതാക്കളും ശ്രമിച്ചു. അവർ കുക്ക് സായിപ്പിനെയും കെ.ഇ. എബ്രഹാമിനെയും ഒരുമിപ്പിക്കാൻ ആണ് ശ്രമിച്ചത്. പക്ഷെ അത് ഫലം കണ്ടില്ല. ഈ ചരിത്രയാഥാർഥ്യം സാംകുട്ടി നിലമ്പൂരും കേരള പെന്തക്കോസ്തു ചരിത്രം എഴുതിയ സാജു അച്ചായനും രേഖപ്പെടുത്തിയിട്ടുണ്ട്.

1930 ലെ മലങ്കര പെന്തകോസ്തു സഭയുടെ വാർഷിക കൺവൻഷന് ശേഷം ആണ് കുക്ക് സായിപ്പും കെ.ഇ. എബ്രഹാമും തമ്മിൽ പിരിയുന്നത്.
“ഈ തീരുമാനത്തിൽ നിന്ന് കെ.ഇ. എബ്രഹാമിനെ പിന്തിരിപ്പിക്കുവാൻ പാസ്റ്റർ കെ സി ഉമ്മനും കുമ്പനാട് സഭയും ആവത് ശ്രമിച്ചു. പലവട്ടം ചർച്ചകൾ നടത്തി. മാർച്ച് മാസത്തിൽ നടന്ന ഒരു യോഗത്തിൽ യോജിച്ചുപോകാൻ ഏകദേശ ധാരണയിൽ എത്തിയതായിരുന്നു. എന്നാൽ കെ എബ്രഹാമും കൂട്ടരും ഏകപക്ഷീയമായി ധാരണയിൽനിന്ന് പിന്മാറുകയായിരുന്നു. കേരള പെന്തക്കോസ്ത് ചരിത്രത്തിൽ സാജു മാത്യു ഈ സംഭവങ്ങൾ വിശദമായി ഉൾക്കൊള്ളിച്ചിട്ടുണ്ട്.” (ഐപിസി ചരിത്രവും വി.റ്റി. തോമസും P -105)


ഇതേ വിഷയം സാജുച്ചായൻ രേഖപ്പെടുത്തിയിരുന്ന കാണുക : “” തെന്നിന്ത്യ പെന്തകോസ്ത് നേതാക്കളെ കുക്ക് സായിപ്പിനോട് അടുപ്പിക്കുവാൻ കുമ്പനാട് ഉള്ള വിശ്വാസികൾ ആത്മാർത്ഥമായി പരിശ്രമിച്ചു. അനുരഞ്ജനത്തിന്റെ ഭാഗമായി 1930 മാർച്ചിൽ സീയോൻ കുന്നിൽ വച്ച് ഒരു പ്രതിപുരുഷയോഗം സംഘടിപ്പിക്കുകയും ചെയ്തു. താൽക്കാലികമായ ഒരു യോജിപ്പ് യോഗത്തിൽ വച്ച് ഉണ്ടായി. ഈ യോഗത്തെ പറ്റി സുവിശേഷ പ്രഭാഷകന്റെ റിപ്പോർട്ട് ഇങ്ങനെയാണ്,

“കുറെ മാസങ്ങൾക്കു മുൻപ് ദൈവം വലിയൊരു ഉണർവിനെ നമുക്കായി അയച്ചുതന്നു. എന്നാൽ ആ ഉണർവ് തിരുവിതാംകൂർ മുഴുവനും പടർന്നു പിടിക്കും എന്ന് പിശാച് അറിഞ്ഞു അതിനായി എന്താണ് ചെയ്യേണ്ടത് എന്ന് വിചാരിച്ച് കാത്തിരുന്നു, അവസാനത്തിൽ അനൈക്യത എന്നൊരു ആയുധവുമായി പ്രത്യക്ഷപ്പെട്ടു. നമ്മുടെ കൻവൻഷന് ശേഷം അനൈക്യതയുടെ ആത്മാവ് പ്രവർത്തിക്കുവാൻ തുടങ്ങി.”
ഈ ലേഖനത്തിന്റെ ആദ്യഭാഗം അവസാനിക്കുന്നത് ഐക്യതയ്ക്ക് ഒരു വഴി ഒരുങ്ങി എന്ന് പറഞ്ഞു കൊണ്ടാണ്. (സുവിശേഷപ്രഭാഷകൻ, വാല്യം -3, ലക്കം -8, മാർച്ച്‌ 1930 )””
എന്നാൽ ഈ ഐക്യത പ്രയോഗത്തിൽ ആയില്ല, കുക്ക് സായിപ്പിനോട് വേർപിരിയാൻ തന്നെ തെന്നിന്ത്യ പെന്തക്കോസ്ത് നേതാക്കൾ തീരുമാനിച്ചിരുന്നു. പിറ്റേ മാസത്തെ സുവിശേഷ പ്രഭാഷകൻ കുക്ക് സായിപ്പ് എഴുതി..
“” പ്രസ്തുത പ്രതിപുരുഷ യോഗത്തിൽ വച്ച് ഭിന്നതയ്ക്ക് പരിഹാരം നേടിയതിൽ ഞങ്ങൾ സന്തോഷിക്കുകയും സമാശ്വസിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കും വേളയിൽ ഞങ്ങളുടെ പക്ഷത്ത് യോജിപ്പിന് വിരുദ്ധമായ കുറ്റം ഒന്നും ഇല്ലെന്ന് അവർ സമ്മതിച്ചു എങ്കിലും യോജിപ്പിനും സഹകരണത്തിനും തൽക്കാലം സൗകര്യമില്ല എന്ന് ആളയച്ച് ഞങ്ങളെ തൈര്യപ്പെടുത്തി.”” (സുവിശേഷപ്രഭാഷകൻ 1930, ഏപ്രിൽ -മെയ്)

വിയോജിപ്പിന്റെ കാരണമായി കെ ഇ എബ്രഹാം ചൂണ്ടിക്കാട്ടുന്നത് സുവിശേഷകരുടെയും സ്ഥലം സഭകളുടെയും പാരതന്ത്ര്യമാണ്.

ഇത് കെ.ഇ. എബ്രഹാമിന്റെ തെറ്റിദ്ധരിപ്പിക്കൽ ആയിരുന്നു. ഇത് സംബന്ധിച്ച് കെ.ഇ. എബ്രഹാം എഴുതിയതും കുക്ക് സായിപ്പ് എഴുതിയതും അതിലെ യഥാർഥ്യവും അടുത്ത ലക്കത്തിൽ വിവരിക്കുന്നതാണ്.

സുവിശേഷ പ്രഭാഷകനിൽ 1930 മാർച്ച് മാസത്തിൽ വന്ന ലേഖനത്തിൽ പറയും പോലെ സഭകളുടെ ഐക്യത തകർക്കാൻ പിശാച് ഉപയോഗിച്ച ആ ആയുധം ആരെന്നു നിങ്ങൾ നിരീക്ഷിക്കുക. മാത്രമല്ല, ഈ സാത്താന്യ ഭിന്നതയ്ക്ക് ശേഷമാണ് സുറിയാനി - ദളിത് വിഭാഗീയത പെന്തക്കൊസ്തിൽ ഉടലെടുത്തതും. ഇന്നും അതിന്റെ പ്രശ്നങ്ങൾ ഭീകരമായ നിലകളിൽ തുടരുകയാണ്. ഏതായിരുന്നാലും കുക്ക് സായിപ്പ് ദളിത് വിഭാഗങ്ങളിൽ നിന്നുള്ള വിശ്വാസികളെ ചേർത്തു പിടിച്ചപ്പോൾ മറുവശത്ത് ഒരു സുറിയാനി ധ്രുവീകരണം ഉടലെടുത്തു. ഈ വക്രതയുടെ കാഞ്ഞ ബുദ്ധികേന്ദ്രം പക്ഷെ പ്രസ്ഥാനത്തിന്റെ ആദ്യത്തെ പ്രസിഡന്റ്‌ പോലും ആകാഞ്ഞത് കൊണ്ടു തെന്നിന്ത്യ പെന്തക്കോസ്തിനു ഒരു അടിത്തറ ഉണ്ടായി. അതിനു നമ്മുടെ പ്രസ്ഥാനം ഏറ്റവും കടപ്പെട്ടിരിക്കുന്നത് പാസ്റ്റർ പിഎം സാമുവേലിനോട്‌ ആണ്.

തുടരും.
Prince Nilambur

Source URL: https://padayali.com/relationship-between-ke-abraham-and-ipc-part-2/