പൊങ്ങന്മാരുടെ പ്രോഗ്രാമുകള്‍

പൊങ്ങന്മാരുടെ പ്രോഗ്രാമുകള്‍
February 08 21:24 2020 Print This Article

ഇന്ന് അല്പന്മാരെക്കൊണ്ട് ആത്മീയ ലോകം വലഞ്ഞു. നമ്മള്‍ പൊതുവില്‍ അപഹാസ്യരാകുകയാണ്. എല്ലാ മേഖലയിലും ഈ കൂട്ടരുടെ സാന്നിദ്ധ്യം നിറഞ്ഞുനില്ക്കുന്നുണ്ട്. ഈ ലേഖനം കൊണ്ട് ഇതിനൊന്നും മാറ്റം വരില്ലെന്നറിയാം. എന്നാല്‍ ചില വസ്തുതകള്‍ ചൂണ്ടിക്കാണിക്കാതിരിക്കാന്‍ കഴിയില്ല. പുറത്തുള്ളവര്‍ യാദൃശ്ചികമായി പങ്കെടുത്താല്‍ നമ്മളിലെ നിലവാരമില്ലായ്മയെ അളക്കുമെന്നതില്‍ രണ്ട് പക്ഷമില്ല. ഇന്ന് പ്രാര്‍ത്ഥനയെപ്പോലും കോവലം പ്രോഗ്രാമാക്കി മാറ്റി.

ഒന്ന് പ്രാര്‍ത്ഥിക്കാന്‍ പോലും എനിക്ക് അവസരം തന്നില്ലെന്ന് പറയുന്ന പരാതികള്‍ കേട്ടിട്ടുണ്ട്. പ്രാര്‍ത്ഥിക്കാന്‍ അവസരം തരണോ? അത് എന്ത് പ്രാര്‍ത്ഥനയാണ്. ആ പ്രാര്‍ത്ഥനയില്‍ എന്ത് ആത്മാര്‍ത്ഥതയാണുള്ളത്. മെസേജിന് മുമ്പ് ആരെങ്കിലും ഒരാള്‍ പ്രാര്‍ത്ഥിക്കണം. അത് ആര് പ്രാര്‍ത്ഥിച്ചാല്‍ എന്താണഅ? പൊതുവില്‍ പ്രാര്‍ത്ഥിക്കാന്‍ പരിജ്ഞാനമുള്ള ഒരാള്‍ ആയിരിക്കണം. സഹോദരങ്ങളേ, ഇവിടെ നമ്മുടെ മാനമോ പുകഴ്ചയോ ഒന്നുമല്ല വിഷയം. കര്‍ത്താവിന്റെ നാമമാണ് മഹത്വപ്പെടേണ്ടത്. അതിന് നമ്മള്‍ കേവലം ഒരു ഉപകരണമാകണം. അത്രമാത്രമേയുള്ളു.

എല്‍.കെ.ജി. – യു.കെ.ജി.ക്കാരേ തൃപ്തിപ്പെടുത്തുവാന്‍ സംഘാടകര്‍ ഇല്ലാത്ത പ്രോഗ്രാം തിരുകിക്കേറ്റേണ്ടിവരുന്നു. ഒരിക്കലും പബ്ലിക് വേദി കിട്ടാത്തവര്‍ക്ക് ഒരു പൊതുമീറ്റിങ്ങില്‍ പ്രാര്‍ത്ഥിക്കാന്‍ അവസരം ലഭിച്ചാല്‍ അവര്‍ പ്രസംഗിക്കും. പ്രാര്‍ത്ഥനയെപ്പോലും പ്രസംഗമാക്കുന്ന അല്പന്മാര്‍.

ഒരു യുവജന ക്യാമ്പില്‍ ഒരു സെക്ഷന്‍ ക്ലാസ്സ് കഴിഞ്ഞു. ക്ലാസ്സ് എടുത്ത ആള്‍ പ്രാര്‍ത്ഥിച്ച് അവസാനിപ്പിച്ചു. ചെറിയ ഇടവേളയ്ക്ക് ശേഷം ഉടന്‍ തന്നെ ക്ലാസ്സ് ആരംഭിക്കുവാന്‍ പോകുന്നു. ആ സാഹചര്യത്തില്‍ ഇതിനിടയില്‍ മറ്റൊരാള്‍ പ്രാര്‍ത്ഥിക്കേണ്ട കാര്യമുണ്ടോ?

ചോദിച്ചപ്പോള്‍ മറുപടി: നിങ്ങള്‍ വന്നപ്പോള്‍ ഒരു അവസരം തരേണ്ടേ? അപ്പോഴാണ് മനസ്സിലായത് എല്ലാം ഒരു പ്രോഗ്രാമിന്റെ ഭാഗമാണ്. എല്ലാവരേയും മാനിച്ചു. ഇങ്ങനത്തെ മാനം പ്രതീക്ഷിക്കുന്ന പൊങ്ങന്മാര്‍ സംഘാടകരെക്കൊണ്ട് ഇത് ചെയ്യിക്കുന്നതാണ്.

നാനാജാതിമതസ്തര്‍ വന്നിരിക്കുന്ന ഒരു ശുശ്രൂഷയില്‍ ആശീര്‍വാദം പറയാന്‍ മൈക്ക് അങ്ങോട്ടും ഇങ്ങോട്ടും വട്ടുതട്ടുന്ന രംഗങ്ങള്‍ കണ്ടിട്ടുണ്ട്. പ്രാര്‍ത്ഥിച്ചയാള്‍ തന്നെ ആശീര്‍വാദം കൂടെ പറഞ്ഞാല്‍ ആകാശം ഇടുഞ്ഞുവീഴുമോ? അപ്പോള്‍ അശീര്‍വാദം പറയാന്‍ അവസരം നല്‍കി എന്നു വരുത്താം. ഇല്ലെങ്കില്‍ പ്രധാന പുള്ളി പിണങ്ങും. നമ്മുടെ നാമം മഹത്വമെടുക്കുക എന്നതാണ് നമ്മുടെ പ്രധാന ലക്ഷ്യം.

ശവസംസ്‌കാര ശുശ്രൂഷയില്‍ അനുശോചനത്തിന് അവസരം ലഭിക്കുകയാണെങ്കില്‍ മാത്രമേ ചിലര്‍ ബോഡി കാണാന്‍ പോകുകയുള്ളു. നമ്മില്‍ പലരും ഇത്ര ശിശുക്കളായിപ്പോയല്ലോ? ദുഃഖത്തില്‍ ആയിരിക്കുന്നവരുടെ വേദനയില്‍ നാം പങ്കുകൊള്ളുന്നു. അത്രമാത്രം. അതില്‍ കവിഞ്ഞ് എന്താണ് വേണ്ടത്.

എന്റെ ചെറുപ്പത്തില്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം എന്നൊരു ഏര്‍പ്പാട് ഇല്ലായിരുന്നു. ഇന്ന് ചെല്ലണം വേദികളില്‍ ഇങ്ങനൊരു പ്രോഗ്രാമുണ്ട്. പദവിയുള്ളവരെ ഉള്‍ക്കൊള്ളിക്കാന്‍ കണ്ടുപിടിച്ച പ്രോഗ്രാമാണ് ഇവയെല്ലാം. ചില ഉദ്ഘാടകര്‍ നീട്ടി പ്രസംഗിച്ചുകളയും. കിട്ടിയ അവസരം മുതലാക്കും.

എനിക്ക് മൈക്ക് കിട്ടുന്നില്ലെങ്കില്‍ ഞാന്‍ പോകുന്നില്ല എന്ന ചിന്ത തികച്ചും അല്പത്വമാണ്. മകനെ പ്രത്യേകം ക്ഷണിച്ചാല്‍ മാസയോഗത്തിന് വരുമെന്ന് പറയുന്ന ചില അമ്മമാരെ കഴിഞ്ഞ ദിവസം കണ്ടു. ഇത് എന്താ വിവാഹമാണോ? വേദശാസ്ത്രത്തില്‍ ബിരുദാന്തരബിരുദമുള്ള മകന്‍ മാസയോഗത്തിന് വരണമെങ്കില്‍ പാസ്റ്റര്‍ ക്ഷണിച്ച് അവസരം നല്‍കണം. മറ്റുള്ളവരില്‍ നിന്ന് കേള്‍ക്കാന്‍ മനസ്സില്ലാത്ത പൊങ്ങന്മാരായ ബിരുദധാരികളെ നിങ്ങള്‍ക്ക് അയ്യോ കഷ്ടം.

ഒരിക്കല്‍ ഒരു ചിന്തകന്‍ ഇപ്രകാരം പറഞ്ഞു: ”ഞങ്ങള്‍ യേശുവിനെ പൊതിഞ്ഞിരിക്കുന്ന outer skin ആണ്. ഏത്തപ്പഴത്തിന്റെ തൊലി കളഞ്ഞിട്ട് പഴം തുന്നുന്നതുപോലെ ഞങ്ങളിലെ യേശുവിനെ എടുത്തിട്ട് ഞങ്ങളെ എറിഞ്ഞുകളയട്ടെ”.

ഇപ്രകാരം ഒരു വെളിപ്പാട് നമുക്ക് ഉണ്ടായാല്‍ കുറേ പ്രശ്‌നങ്ങള്‍ ഒഴിവാകും.
1 കൊരി. 3 ല്‍ ”ആത്മികരോട് എന്ന പോലെയല്ല ജഡികരോട് എന്നപോലെ ക്രിസ്തുവില്‍ ശിശുക്കളായവരോട് എന്നപോലെ ഈ കൂട്ടരാണ് പ്രശ്‌നക്കാര്‍.” എല്ലാക്കാലത്തും എല്ലാ രാജ്യത്തും ഇവര്‍ ഉണ്ട്.

”അവനെയും അവന്റെ പുനരുത്ഥാനത്തിന്റെ ശക്തിയേയും അവന്റെ കഷ്ടാനുഭവങ്ങളുടെ കൂട്ടായ്മേയേയും അനുഭവിച്ചറിയേണ്ടതിന് ഇങ്ങനെ വല്ലവിധേനയും മരിച്ചവരുടെ ഇടയില്‍നിന്നുള്ള പുനരുദ്ധാനം പ്രാപിക്കേണം എന്നുവെച്ച് ഞാന്‍ അവന്റെ നിമിത്തം എല്ലാം ഉപേക്ഷിച്ചു” (ഫിലി. 3:9). പ്രസ്തുത വെളിപ്പാടിലേക്ക് വരാത്തതാണ് ഇന്നിന്റെ വലിയ പ്രശ്‌നം.

സ്വയത്തെ ക്രൂശിക്കാതെ അവന്റെ ശിഷ്യനാകയില്ല. അവന്റെ ശിഷ്യനാകാതെ അവനെ അനുഗമിക്കാന്‍ കഴിയില്ല. സ്വയത്തിന്റെ സിംഹാസനത്തില്‍നിന്ന് താഴെ വരണം. ഈ പറയുന്നതൊന്നും മനസ്സിലാകുകയില്ല. നമ്മുടെ പദവികള്‍ക്കും സ്റ്റാറ്റസിനും പ്രാധാന്യം കല്പിക്കുന്നിടത്തോളം കര്‍ത്താവ് നമ്മില്‍ മഹത്വമെടുക്കുകയില്ല.

യേശുവിന് കയറുവാനുള്ള കഴുതകളാകണം. ക്രിസ്തുവിന്റെ ക്രൂശിലെ സമര്‍പ്പണവും നമുക്കുവേണ്ടി തന്നെ സ്വയം ത്യജിച്ചതും ഓര്‍ത്തുനോക്കിയാല്‍ നമുക്ക് സ്വയം മഹത്വമെടുക്കുവാന്‍ എന്താണുള്ളത്.

ഒരുപക്ഷേ അര്‍ഹതപ്പെട്ടതെല്ലാം നിഷേധിക്കപ്പെട്ടേക്കാം. അംഗീകരിക്കപ്പെടേണ്ടിടത്ത് അവഗണിക്കപ്പെട്ടേക്കാം. ബുദ്ധിമുട്ടും, കഷ്ടതയും സങ്കടവും അപമാനവും അനാദരവും മാത്രം അവശേഷിച്ചേക്കാം. അതിലൊന്നും പരിഭവപ്പെടരുത്. സകല പുകഴ്ചയും എന്റെ ദൈവത്തിന് മാത്രം എന്ന ചിന്ത ആപ്തവാക്യമായാല്‍ വിലകുറഞ്ഞ ചടങ്ങുകള്‍ ഉണ്ടാകുന്നതില്‍നിന്ന് സംഘാടകര്‍ പിന്മാറും.

പ്രസംഗിക്കാന്‍ വന്നവനെ ക്ഷണിച്ചവന്‍ വാനോളം പുകഴ്ത്തുന്നു. ക്ഷണിച്ചവന്‍ അമേരിക്കക്കാരനാണെങ്കില്‍ അവിടെ ചെന്നപ്പോള്‍ കഴിപ്പിച്ചതും കുടിപ്പിച്ചതും കിടത്തിയതും നടത്തിയതും കാറില്‍ കൊണ്ടുപോയതും എല്ലാം പ്രസംഗകന്‍ അര മണിക്കൂര്‍ വിശദീകരിക്കുന്നു.

ഡോളര്‍ ഉള്ളവനേയും കൊച്ചമ്മയേയും പുകഴത്തുന്നതു കേട്ട് കര്‍ത്താവ് മാറി നില്ക്കുന്നു. ക്രിസ്തുവിന്റെ പേരില്‍ പൊങ്ങന്മാര്‍ നടത്തുനന്ന പ്രോഗ്രാമുകള്‍ കണ്ട് യേശു തമ്പുരാന്‍ വേദനയോടെ വേദി വിട്ടുപോകുന്നു.

ഇതിനൊക്കെ ഇനിയെങ്കിലും ഒരു അറുതി വന്നേക്കും. അതിന് നമുക്ക് കാത്തിരുന്നു കാണാം.

– ജോൺസൻ സാമുവേൽ കണ്ണൂർ

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.