ഞാന്‍ ഒരു പെന്തക്കോസ്തുകാരനെന്ന് പറയുവാന്‍ ലജ്ജ തോന്നിയ ദിവസം

ഞാന്‍ ഒരു പെന്തക്കോസ്തുകാരനെന്ന് പറയുവാന്‍ ലജ്ജ തോന്നിയ ദിവസം
August 04 00:18 2022 Print This Article

കര്‍ത്താവിന്‍റെ പ്രിയദാസന്‍ പാസ്റ്റര്‍ വി.എം.ചാണ്ടിയുടെയും മക്കളുടെയും ദാരുണമായ മരണവിവരം ഏവരും അറിഞ്ഞുകാണുമല്ലോ. അദ്ദേഹം എന്‍റെയും അടുത്ത ഒരു സ്നേഹിതനായിരുന്നു. തിങ്കളാഴ്ച രാവിലെ വിവരം അറിഞ്ഞപ്പോള്‍ ഉണ്ടായ ഒരുതരം മരവിപ്പില്‍നിന്നു ഇതുവരെ മോചിതനായിട്ടില്ല എന്നതാണു വാസ്തവം.

ഇന്നലെ (ചൊവ്വാഴ്ച) രാവിലെ ആറുമണിക്കു വീട്ടില്‍നിന്നിറങ്ങി എട്ടുമണിക്കു അല്പം മുമ്പു കുമ്പനാട്ടെത്തി, തിരിച്ചു പോകുന്നേരം കുമ്പനാടു ജംങ്ങ്ഷനില്‍ വലിയ ട്രാഫിക് ബ്ലോക്കുണ്ടാകാന്‍ സാധ്യത ഉണ്ടാകുമെന്നറിയാവുന്നതുകൊണ്ടു, ഞാനും IPC യിലെ ഒരു ശുശ്രൂഷകന്‍ ആയതുകൊണ്ടു IPC യുടെ ആസ്ഥാനമന്ദിരത്തിന്‍റെ വളപ്പില്‍ വാഹനം പാര്‍ക്കു ചെയ്തിട്ടു അവിടെനിന്നും ഏകദേശം 200 മീറ്റര്‍ മാത്രം ദൂരമുള്ള (പ്രിയ പാസ്റ്ററുടെ മരണാനന്തര ശുശ്രൂഷകള്‍ നടക്കുന്ന) Church of God സഭയിലേക്കു പോയി.

ഏതു മനുഷ്യന്‍റെയും കരളലിയിപ്പിക്കുന്ന ഒരു നിമിഷമെങ്കിലും കണ്ണുകള്‍ നിറയിപ്പിക്കുന്ന അനുഭവം. അനേകം ശുശ്രൂഷകന്മാര്‍, ദൂരത്തും ചാരത്തുമുള്ള അനേകം വിശ്വാസികള്‍, നാടിന്‍റെ നാനാഭാഗത്തുനിന്നുമുള്ള ജനങ്ങള്‍, ജനപ്രതിനിധികള്‍ ഒക്കെയും വന്നു അതിദുഃഖത്തോടെ സംബന്ധിച്ച ശുശ്രൂഷ. ദൈവമക്കളുടെ ഭാവിപ്രത്യാശയിലും കൊടിയ വേദനയോടെ അവിടുത്തെ ശുശ്രൂഷകള്‍ തീര്‍ന്നു മൃതദേഹം റാന്നിയിലേക്കു കൊണ്ടുപോയശേഷം തിരികെ വാഹനം പാര്‍ക്കു ചെയ്തിരുന്നയിടത്തു എത്തി.

ഞാന്‍ വിശ്വാസജീവിതത്തിലേക്കു കടന്നുവന്നിട്ടു 37 വര്‍ഷമായി. ഇരുപത്തിരണ്ടാമത്തെ വയസ്സിലാണു ഞാന്‍ വിശ്വാസത്തിലേക്കു കടന്നുവന്നത്. നാളിതുവരെ മനസ്സിനും മനസ്സാക്ഷിക്കും പിടിക്കാത്തെ പലതും പെന്തക്കോസ്തുസഭാ ജീവിതത്തില്‍ ഞാന്‍ അനുഭവിച്ചിട്ടുണ്ട്. അപ്പോഴൊക്കെയും അതൊന്നും വ്യക്തിപരമായി എന്‍റെ വിശ്വാസ ജീവിതത്തിന്‍റെ ഒരു മേഖലയിലും കടന്നുവരുന്നതിനു ഞാന്‍ ഇടകൊടുത്തിരുന്നില്ല.

പക്ഷെ ഇന്നലത്തെ സംഭവം എന്‍റെ മനസ്സിനെ വല്ലാതെ ഉലച്ചുകളഞ്ഞു. ഒരു പെന്തക്കോസ്തുകാരനെന്നു എനിക്കു എന്നോടുതന്നെ പറയുവാന്‍ ലജ്ജ തോന്നിയ ദിവസം. കുമ്പനാട് Church of God സഭയില്‍നിന്നു അവിടുത്തെ ശുശ്രൂഷാനന്തരം അപ്പോഴത്തെ കുമ്പനാട്ടെ വലിയ തിരക്കിനിടയിലൂടെ കേവലം 200 മീറ്റര്‍ നടന്നു IPC ആസ്ഥാനമന്ദിരത്തിന്‍റെ ഗേറ്റു കടന്നപ്പോള്‍ത്തന്നെ പാസ്റ്റേഴ്സിന്‍റെയും ഇലക്ഷനു മത്സരിക്കുന്ന മത്സരാര്‍ത്ഥികളായ പാസ്റ്റര്‍മാരുടെയും അവരുടെ വോട്ടുപിടുത്തത്തില്‍ അഗ്രകണ്യന്മാരായ അനുചരന്മാരായ പാസ്റ്റര്‍മാരുടെയും വലിയ ഇലക്ഷന്‍ തിരക്ക്.

അവസാനഘട്ട വോട്ടഭ്യര്‍ത്ഥനക്കായി ചിലര്‍ ഓടിവന്നു ഞാന്‍ അപ്പോള്‍ അവിടെ നടക്കുന്ന ഇലക്ഷനില്‍ കുമ്പനാട്ട് വോട്ടുള്ള ആളല്ല കൊട്ടാരക്കര വോട്ടുള്ള ആളാണ്‌ എന്നു കണ്ടു മടങ്ങി. അവിടെ ഞാന്‍ കണ്ടതു വലിയ ഉത്സവപ്രതീതിയാണ്. ആര്‍ക്കും, ആരുടേയും മുഖത്തു യാതൊരു ദുഃഖഛായയുടെ ലാഞ്ചന പോലുമില്ല.

തൊട്ടടുത്തു അതിതീവ്ര ദുഃഖസാദ്രത തളംകെട്ടിനില്‍ക്കുന്ന അന്തരീക്ഷത്തില്‍, ഒരു കര്‍ത്തൃദാസന്‍റെയും മക്കളുടെയും ദേഹവിയോഗത്തോടനുബന്ധിച്ചു നടക്കുന്ന ശുശ്രൂഷയെക്കുറിച്ചു യാതൊരു ചിന്തയുമില്ലാതെ, വരാന്‍പോകുന്ന അധികാരത്തിന്‍റെയും അതുമൂലം ലഭിക്കാന്‍പോകുന്ന ധനത്തിന്‍റെയും മധുരിക്കുന്ന സ്വപ്നങ്ങളുമായി വെറും സ്വപ്നലോകത്തു കഴിയുന്ന വിഢികള്‍.

ഇവരെ സംബന്ധിച്ചിടത്തോളം മരണപ്പെട്ട പാസ്റ്റര്‍ വി.എം.ചാണ്ടിയും മക്കളും വേറൊരു സംഘടനയില്‍ പെട്ട ആളു മാത്രമാണ്. ഞാനിങ്ങനെ വിചാരിച്ചു, IPC യുടെ കുമ്പനാട്ടെ ഏതെങ്കിലും ദൈവദാസനും കുടുംബത്തിനും ആയിരുന്നു ഈ ദുരന്തം സംഭവിച്ചിരുന്നതെങ്കിലും ഇങ്ങനെ ഈ വിധം ഉത്സവത്തിമിര്‍പ്പോടെ ആന്നുതന്നെ ഇലക്ഷന്‍ നടത്തുമായിരുന്നോ….

വെറും 200 മീറ്റര്‍ മാത്രം അകലെ. (ദാരുണമായ സംഭവങ്ങളില്‍ പാര്‍ലമെന്‍റ് ഇലക്ഷന്‍ പോലും മാറ്റിവച്ചിട്ടുണ്ട്, വന്‍ യുദ്ധങ്ങള്‍ നടന്നുകൊണ്ടിരിക്കെ യുദ്ധത്തിനു ബ്രേക്കു നല്‍കിയ ചരിത്രമുണ്ട്, അധികാരത്തിലേക്കുള്ള സത്യപ്രതിജ്ഞാച്ചടങ്ങുകള്‍ മാറ്റിവച്ചിട്ടുണ്ട്) പെന്തക്കോസ്തു സമൂഹം ഇത്രമാത്രം ധാര്‍മ്മികമായി അധഃപ്പതിച്ചുപോയോ. ആരുമില്ലേ അല്‍പ്പം ബോധമുള്ളവരായി…..

അധികാരത്തിന്‍റെ അപ്പക്കഷണത്തിലും പേരിലും പ്രശസ്തിയിലും ധനത്തിലും മാത്രം എല്ലാവരും ആണ്ടുപോയോ. പ്രിയ പാസ്റ്റര്‍ വി.എം.ചാണ്ടിയുടെ ദേഹവിയോഗ ശുശ്രൂഷയോടനുബന്ധിച്ചു കര്‍ത്താവില്‍ പ്രസിദ്ധനായ പാസ്റ്റര്‍ പോള്‍ ഗോപാലകൃഷ്ണന്‍ ചെയ്ത ലഘു അനുശോചന സന്ദേശത്തില്‍ പറഞ്ഞതു എല്ലാവരും വിവിധ മാധ്യമങ്ങളിലൂടെ കണ്ടും കേട്ടുമിരിക്കുമല്ലോ.

ഈ അടുത്ത നാളുകളായി ധാരാളം കര്‍ത്തൃദാസന്മാര്‍, വിശ്വാസികള്‍ അവിശ്വസനീയമാം വിധം മരണത്തിനു വിധേയമായിക്കൊണ്ടിരിക്കുന്നു. യാക്കോബിനെ കൊന്നതു യെഹൂദന്മാര്‍ക്കു ഇഷ്ടമായതു കണ്ടിട്ടു പത്രൊസിനെയും കൊല്ലുവാന്‍ ഭാവിച്ചുകൊണ്ടു പിടിച്ചു കാരാഗ്രഹത്തില്‍ അടച്ചു….. അപ്പോള്‍ സഭ ഉണര്‍ന്നു… ഒരുമനപ്പെട്ടു പ്രാര്‍ത്ഥിച്ചു……

ഏകോദരസഹോദരരായി ഉണര്‍ന്നു പ്രാര്‍ത്ഥിക്കേണ്ട സമയത്തു വിവേകമില്ലാതെ പ്രവര്‍ത്തിക്കുന്നവരെ നേര്‍വഴിക്കു നടത്തുവാന്‍ ദൈവം തിരഞ്ഞെടുത്തു ജീവനോടെ നിര്‍ത്തിയിരിക്കുന്ന പിതാക്കന്മാര്‍ തയ്യാറായില്ലെങ്കില്‍ നാം വലിയ വില കൊടുക്കേണ്ടിവരും എന്നതിനു സംശയമില്ല.

ഏകദേശം രണ്ടു മണിക്കൂര്‍ മുമ്പു കൊട്ടാരക്കര പരിധിയില്‍ വരുന്ന ഒരു പാസ്റ്ററെ ഞാന്‍ ഒരാവശ്യത്തിനായി വിളിച്ചു, വലിയ തിരക്കിന്‍റെ ശബ്ദകോലാഹലം കേള്‍ക്കാം, വളരെ തിരക്കോടെ അദ്ദേഹം പറയുകയാണ്‌ പാസ്റ്ററെ ഞാന്‍ ഇങ്ങു കോട്ടയത്തു ഇലക്ഷന്‍ സ്ഥലത്തു നിന്നു വോട്ടു പിടിക്കുകയാണ് രാത്രിവിളിക്കാം. ഒരു ഉളുപ്പുമില്ല ഞാന്‍ സഭാപരിപാലന സംവിധാനത്തിനു വേണ്ടി വോട്ടു പിടിക്കുകയാണ് എന്നു പറയുവാന്‍…. നാം എങ്ങോട്ടാണു പോകുന്നത്.

പ്രിയരേ ഞാന്‍ ഇത്രയും എഴുതിയതു തെറ്റായിപ്പോയി എന്നു ആര്‍ക്കെങ്കിലും തോന്നിയാല്‍ എന്നോടു ക്ഷമിക്കുക. സഭാ, സംഘടന തുടങ്ങിയ നമ്മെ മുറുകെ വരിയുന്ന എല്ലാ കെട്ടുപാടുകളെയും അതിജീവിച്ചുകൊണ്ടു ദുഃഖത്തില്‍ ആയിരിക്കുന്നവര്‍ക്കായി പ്രാര്‍ത്ഥിക്കുക. എനിക്കായും പ്രാര്‍ത്ഥിക്കേണമേ. സര്‍വ്വശക്തനായ കര്‍ത്താവു ഏവരെയും അനുഗ്രഹിക്കട്ടെ.

Pr.Suresh Njakkanal, Peniel IPC,, Mulavana.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.