ബ്രദറൻ വിവാഹ വേദിയിൽ കേട്ട ഒരു പ്രസംഗത്തിന്റെ വിചിന്തനം !!

ബ്രദറൻ വിവാഹ വേദിയിൽ കേട്ട ഒരു പ്രസംഗത്തിന്റെ വിചിന്തനം !!
May 07 22:29 2022 Print This Article

അടുത്ത സമയത്തു് നടന്ന ഒരു ബ്രെത്റൻ വിവാഹ വേദിയിലെ പ്രസംഗത്തിൽ പ്രസിദ്ധനും പണ്ഡിതനുമായ നമ്മുടെ ഒരു സുവിശേഷകൻ തന്റെ പ്രസംഗത്തിൽ മറ്റു സഭകളെ അപേക്ഷിച്ചു ഞങ്ങൾ വിവാഹം നടത്തുന്നത് വളരെ ലളിതമായിട്ടാണ്. അതിന്റെ അടിസ്ഥാനം ബൈബിൾ മാത്രമാണ് എന്ന് അഭിമാനപൂർവ്വം പറഞ്ഞു.

അതിനോട് വിയോജിപ്പൊന്നുമില്ല. ഇത് നമ്മൾ പൊതുവേ പറയുന്ന കാര്യങ്ങൾ ആണല്ലോ. നമ്മൾ ചെയ്യുന്ന എല്ലാ കാര്യങ്ങൾക്കും ദിനചര്യകൾ ഉൾപ്പടെ എല്ലാം തന്നെ വചനത്തിന്റെ അടിസ്ഥാനത്തിൽ മാത്രം ചെയ്യുന്നവർ നമ്മൾ സഹോദരന്മാർ മാത്രമേ ഉളളൂ എന്ന് പറയാനായിരിക്കും ഞാൻ ഉൾപ്പടെ എല്ലാ വിശ്വാസികളും ഇഷ്ടപ്പെടുക. അതിൽ തെറ്റുണ്ടെന്ന് പറയുന്നില്ല !

പക്ഷേ, അറിയാൻ വയ്യാഞ്ഞിട്ട് ചോദിക്കുവാണേ; മറ്റുള്ള സഭക്കാരെല്ലാം പിന്നെ എന്തിന്റെ അടിസ്ഥാനത്തിലാണ് ജീവിക്കുകയും പ്രവർത്തിക്കുകയും കാര്യങ്ങൾ ചെയ്യുകയും ചെയ്യുന്നത് ? എല്ലാത്തിനും വചനം ചൂണ്ടി കാണിക്കുവാൻ ഒരുപക്ഷേ കഴിഞ്ഞെന്നു വരില്ലായിരിക്കാം. എന്നിരുന്നാലും എല്ലാ സഭക്കാരും ദൈവത്തിലാശ്രയിച്ചും വചനത്തിലാശ്രയിച്ചുമല്ലേ ഈ വക കാര്യങ്ങൾ ഒക്കെ ചെയ്യുന്നത്? ഞാനൊരു മിതവാദിയായതുകൊണ്ട് മാത്രം ചോദിച്ചതാണ്. ഇത് വായിക്കുന്ന തീവ്രവാദ, ഭീകരവാദ വിശ്വാസികൾ എനിക്കിട്ടു പണിയാൻ, കല്ലെറിയാൻ വരരുതേ എന്നും വിനീതമായി അഭ്യർത്ഥിക്കുന്നു.

മൂന്നു കാര്യങ്ങൾ വിവാഹ കർമ്മത്തോട് ബന്ധപ്പെട്ട് കാർമ്മികൻ ചെയ്യുന്നതിനുള്ള അടിസ്ഥാനം വചനം മാത്രമാണ് എന്ന് അങ്ങ് പറഞ്ഞല്ലോ:-

1. വരന്റേയും വധുവിന്റെയും സമ്മതം ചോദിക്കുന്നു. 2. അവരെക്കൊണ്ടു അന്യോന്യം വലതു കരം കൊടുപ്പിക്കുന്നു. 3. വിവാഹ ഉടമ്പടി ചൊല്ലിപ്പിക്കുന്നു.

ഇതിലെ രസാവഹമായ കാര്യം ഈ മൂന്നു കാര്യങ്ങളും സ്ഥാപിക്കാൻ വചനം ചൂണ്ടി കാട്ടിയതു പഴയ നിയമത്തിൽ നിന്നുമാത്രമാണ്. അതിൽ ഒന്നാമത്തെ വിഷയത്തിന് മാത്രമേ വിവാഹവുമായി ബന്ധമുള്ളായിരുന്നു. മറ്റു രണ്ടു വിഷയങ്ങൾക്കും വേണ്ടി ചൂടിക്കാട്ടിയ സന്ദർഭങ്ങൾ മറ്റു ചില വിഷയങ്ങളോട് ബന്ധപ്പെട്ടു, കൈ കൊടുക്കുന്നതും ഉടമ്പടി / പ്രതിജ്ഞ എടുക്കുന്നതും മറ്റുമായിരുന്നല്ലോ ! അതിനെപ്പറ്റിപ്രത്യേകിച്ച് അഭിപ്രായം ഒന്നും ഇപ്പോൾ പറയുന്നില്ല.

പണ്ഡിതന്മാർ ഇങ്ങനെ പ്രസംഗിക്കുമ്പോൾ വിശ്വാസികൾക്ക് അതിൽ പരിഭവം ഉണ്ടാകാൻ പാടില്ല. കാര്യം അവർ പറയുന്നതിനെല്ലാം ചില ആത്മീയ മർമ്മങ്ങൾ ഉണ്ടല്ലോ. അതുമതി. ഒന്നാമത്തെ വിഷയത്തിൽ സമ്മതം ചോദിക്കുന്നതിനോട് ബന്ധപ്പെട്ടു പറഞ്ഞ വേദഭാഗം അബ്രഹാമിന്റെ ദാസൻ യിസ്ഹാക്കിനു പെണ്ണ് തേടി സ്വന്തക്കാരുടെ അടുത്തു പോയസന്ദർഭം ആയിരുന്നു. ഇത് എല്ലാവര്ക്കും അറിയാവുന്ന വേദഭാഗമാണല്ലോ. അബ്രഹാമിന്റെ ദാസനോടൊപ്പം യാത്രതിരിക്കാൻ ദാസൻ ധൃതി പിടിക്കുമ്പോൾ, പോകാൻ സമ്മതമാണോ എന്ന് പിതാവും വീട്ടുകാരും റബേക്കയോട് ചോദിക്കുന്ന സന്ദർഭം. അല്ല ദൈവ ദാസനെ; ഇത് വിവാഹ വേദിയിൽ വച്ച് വിവാഹം നടത്തുന്നതിന്റെ ഭാഗമായിട്ട് കാർമ്മികൻ ചോദിക്കുന്നതിനോട് അങ്ങ് ഇത് ഉപമിച്ചത് എത്രത്തോളം യോജിക്കും ?

പോകട്ടെ പിന്നെ ഇതൊക്കെ ഞങ്ങൾ വിശ്വാസികൾക്ക് അഡ്ജസ്റ്റ് ചെയ്തു മനസ്സിലാക്കാൻ കഴിയുന്ന കാര്യമാണ്, പ്രശ്നമില്ല, കേട്ടോ. അതൊക്കെ കൊഴപ്പമില്ല എന്ന് തള്ളിവിടാനുള്ളതേ ഉള്ളൂ. അങ്ങ് പറഞ്ഞു; ഒരു പക്ഷേ ഈ കാര്യങ്ങൾ മറ്റു പല വിവാഹ വേദികളിലും നിങ്ങൾ എന്നിൽ നിന്നും കേട്ടിരിക്കുമെന്ന്. അത് ഞങ്ങൾക്ക് നന്നായിട്ടു അറിയാം, ഒരു പ്രസംഗം തയ്യാറാക്കിയാൽ അത് പല വേദികളിൽ പ്രസംഗിക്കുക സ്വാഭാവികമാണ് എന്ന്. ഞങ്ങളൊക്കെ, സാധാരണ പ്രസംഗിക്കുന്നവരൊക്കെ ചെയ്യുന്ന കാര്യമാണ്. ഇതിൽ ആരെങ്കിലും പരിഭവം പറയും എന്ന് കരുതി അങ്ങ് ഇക്കാര്യത്തിൽ ഒരു മുൻകൂർ ജാമ്യം എടുത്തുകൊണ്ടു ഒരു തര്യപ്പെടുത്തൽ വേണ്ടായിരുന്നു.

പിന്നെ വിഷയത്തിലേക്കു വരാം. അവിടെ വേറൊരു പ്രധാന കാര്യവും നടന്നായിരുന്നു. ദാസൻ റബേക്കയെ കണ്ട് തനിക്കു ദൈവഹിതം ബോധ്യപ്പെട്ടപ്പോൾ തന്നെ, കിണറ്റുകരയിൽ വച്ചുതന്നെ മോതിരവും വളകളും കൊടുത്തു. പിന്നീട് അവളുടെ ഭവനത്തിൽ വച്ച് വെള്ളികൊണ്ടും പൊന്നുകൊണ്ടുമുള്ള ആഭരണങ്ങളും വസ്ത്രങ്ങളും വീട്ടുകാർക്ക് സമ്മാനങ്ങളും കൊടുത്തു. ഉൽപ്പത്തി 24 ആം അദ്ധ്യായത്തിൽ ഇത് സംശയമുള്ളവർക്ക് വായിച്ചു സംശയം തീർക്കാം.

അപ്പോൾ ഇവിടെ ഉയരുന്ന ചോദ്യം; വിവാഹത്തോട് ബന്ധപ്പെട്ട് അല്ലെങ്കിൽ വിവാഹത്തിന് ആഭരണം ധരിക്കുന്നവർ അവരും വചനത്തിന്റെ അടിസ്ഥാനത്തിൽ തന്നെയാണ് അതൊക്കെ ചെയ്യുന്നത് എന്ന് അങ്ങേക്ക് നിഷേധിക്കാൻ പറ്റുമോ ?? ക്രിസ്തീയ സഭകളിൽ നടക്കുന്ന ചടങ്ങുകൾക്കൊക്കെ അനേകർക്കും ഒരുപാട് വചനം ചൂണ്ടികാട്ടാൻ കഴിയും എന്ന് വെറുതെ ഒന്ന് അങ്ങയെ ബോധ്യപ്പെടുത്തി എന്നേയുള്ളൂ. പരിഭവം തോന്നരുതേ, കാര്യം അങ്ങയെപ്പോലെ വചന പാണ്ഡിത്യമോ, മതിപ്പോ ഉള്ള വ്യക്തിയല്ല ഈപ്പറയുന്നവൻ.

എന്തിനും ഏതിനും വചനം പറഞ്ഞു നമ്മൾ നമ്മുടെ ചെയ്തികളെ ഇനിയും ന്യായീകരിക്കണം, അത് വേണ്ട എന്ന് ഒരിക്കലും പറയില്ല.പരിഹാസമായിട്ടോ വിമർശനമായിട്ടോ കാണരുതേ. അല്പം നർമ്മത്തിൽ ഇത് വായിച്ചു വിട്ടേക്കുക. ദൈവം നമ്മേ സഹായിക്കട്ടെ.

P.S. പ്രസംഗവേളയിൽ ഏതു സഭയാണ് ഏറ്റവും ശരിയായ സഭ എന്ന് ചോദിച്ചുകൊണ്ട് “ഒരു സഭയും മുഴുവനും ശരിയല്ല” എന്ന് അങ്ങ് നടത്തിയ പ്രസ്താവനയെ പൂർണ്ണമനസ്സോടെ അഭിനന്ദിക്കുന്നു. ഈ സത്യം പലരും പൊതുവേ അംഗീകരിക്കുന്നതെങ്കിലും പൊതുവിൽ വിളിച്ചു പറയാൻ ധൈര്യപ്പെടില്ലല്ലോ !

ജോയ്‌സ് കൊല്ലേത്ത്

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.