ആരും കണ്ടത് പറയരുത് …. കാരണം

ആരും   കണ്ടത് പറയരുത് ….  കാരണം
December 13 16:33 2022 Print This Article

ആരും കണ്ടത് പറയരുത് ….
കാരണം പറഞ്ഞാൽ നമ്മള്‍ പെന്തക്കോസ്തുകാരുടെ വില പോകും…!
സമുദായക്കാര്‍ രക്ഷിക്കപ്പെടില്ല…!
ദൈവനാമം ദുഷിക്കപ്പെടും….!
സമൂഹത്തില്‍ ഇറങ്ങി നടക്കാന്‍ തലക്കുനിക്കേണ്ടി വരും….!
കര്‍ത്താവിനെ അറിയാത്തവര്‍ കർത്താവിങ്കലേക്ക് കടന്നു വരില്ല….!

ഇങ്ങനെ അനനവധി നിരവധി കാരണങ്ങള്‍ ആണ്. ഒന്ന് ചോദിച്ചോട്ടെ. പെന്തക്കോസ്തുകാര്‍ക്ക് നിഷിദ്ധം ആയതു പിന്നെ നമ്മള്‍ എന്തിനു ചെയ്യുന്നു….. ? കള്ളന്മാര്‍ എങ്ങനെ നമ്മുടെ പാസ്റ്റര്‍മാര്‍ ആയി….. ? അവരെ തര്‍ജ്ജനം ചെയ്തുകൂടെ…. ? വ്യഭിചാരികളുടെ എണ്ണം നമുക്കിടയില്‍ വര്‍ദ്ധിക്കുന്നത് എഴുത്തുകാരുടെ കുറ്റം ആണോ ? ശേഷം മനുഷ്യര്‍ അറയ്ക്കുന്നത്‌ നമ്മുക്ക് എങ്ങനെ അഭിമാനമായി ?

മന:പ്പൂര്‍വ്വം ചെയ്യുന്ന തെറ്റുകള്‍ മറയ്ക്കാന്‍ കഴിയുമോ ? സോദോമ്യപാപിയുടെ പ്രസംഗം പെന്തക്കോസ്ത് സഭയ്ക്ക് വേണോ? കുട്ടികളെ പീഢിപ്പിച്ചവൻ എന്തിന് വർഷിപ്പ് ലീഡറായിരിക്കണം? കുട്ടികളെ പീഡിപ്പിച്ചവന്മാർ ഇനിയും മുന്തിയ ചബയുടെ നെടുംതൂണായി നടക്കേണ്ടതുണ്ടോ ? തിന്മകളിലേക്ക് നീളുന്ന ചൂണ്ടുവിരല്‍ മുറിച്ചാല്‍ പ്രശ്നത്തിനു പരിഹാരം ആകുമോ?

ഭക്തിയുടെ വേഷം ധരിച്ചാല്‍, സര്‍വ്വശക്തന്റെ കണ്ണില്‍ പൊടിയിടാന്‍ കഴിയുമോ ? പാപം ചെയ്തുകൊണ്ടിരുന്നാൽ കൃപ പെരുകുമോ ? പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ വന്നാൽ ചെയ്യുന്ന പാപങ്ങൾക്ക് ദൈവം കണ്ണടക്കുമോ ?

“ആദിമ പെന്തെക്കോസ്ത് അനുഭവമായിരുന്നെങ്കില്‍, രണ്ടാം തലമുറയ്ക്ക് അത് അനുകരണവും, മൂന്നാം തലമുറയ്ക്ക് അഭിനയവും, നാലാം തലമുറയ്‌ക്ക്‌ അലർജിയും ആയി മാറിയിരിക്കുന്നു!”. വാളെടുത്തവന്‍ എല്ലാം വെളിച്ചപ്പാട് എന്നൊരു പഴയ ചൊല്ലുണ്ട്, അതുപോലെ ബൈബിള്‍ കയ്യിലെടുത്തവന്‍ എല്ലാം “പാസ്റ്റര്‍” എന്നായിരിക്കുന്നു. കര്‍ക്കടമാസത്തില്‍ പൊങ്ങിവരുന്ന കൂണുകള്‍പോലെ പുതിയ സഭകള്‍ പൊട്ടിമുളയ്ക്കുന്നു. ഐക്യമില്ലായ്മയാണ് പ്രധാന കാരണം.

ചിതറി പോയവര്‍ വചനം സുവിശേഷിച്ചു കൊണ്ട് അവിടവിടെ സഞ്ചരിച്ചുവെന്നും രക്ഷിക്കപ്പെടുന്നവരെ സഭയോട് ചേര്‍ത്ത് കൊണ്ടിരുന്നുവെന്നും” പ്രവര്‍ത്തികളുടെ പുസ്തകത്തില്‍ നാം വായിക്കുന്നു. ആ വാക്യത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും ഈ ‘സ്വന്തം തന്ത്ര’ (സ്വതന്ത്ര) സഭകള്‍ ഉടലെടുത്തത്. ഒരുവൻ രാജാവാകാന്‍ പ്രജകളെ സൃഷ്ടിക്കുന്നു.

തമ്മിലടിവെച്ചു മുളകുപൊടി എറിഞ്ഞു ഫാൻ ഓണാക്കി തിരുവത്താഴ മേശ മറിച്ചിട്ടു അസഭ്യവും പറഞ്ഞു പിരിഞ്ഞവര്‍, അടുത്തദിവസം തന്നെ മറ്റൊരു വീട്ടില്‍ ഒരു സഭ തട്ടിക്കൂട്ടും. അതിനെ “മിഷന്‍ സ്റ്റേഷന്‍” എന്ന് വിളിക്കുന്നു. വര്‍ഷങ്ങള്‍ പലതുകഴിഞ്ഞാലും ആ സഭയില്‍ രണ്ടു കുടുംബങ്ങള്‍ കാണും. അതില്‍ തല മൂത്തവന്‍ അവിടുത്തെ പാസ്റ്ററും ആകും.

ആ സഭയ്ക്ക് ‘ചെതുമ്പല്‍’ ദൈവസഭയെന്നു നാമകരണവും കൊടുക്കും. (പൗലോസിന്റെ കണ്ണില്‍ നിന്നും ചെതുമ്പല്‍ പോലെ എന്തോ വീണു അവനു കാഴ്ച്ച ലഭിച്ചു എന്ന് വായിച്ചിട്ടില്ലേ). എങ്കില്‍ ആ പേരിലും ഇരിക്കട്ടെ ഒരു ദൈവസഭ. ഇന്നലെവരെ ഒരുവന്‍ അന്യജാതിയും, അത്ഭുതം കണ്ടു രക്ഷിക്കപ്പെട്ടാല്‍ പിറ്റേദിവസം പെന്തക്കോസ്തിലെ പാസ്റ്ററുമായി രൂപാന്തരം പ്രാപിക്കുന്ന കൂടുമാറ്റം അത്ഭുതാവഹമായ വസ്തുതയാണ്.

ആകെ അറിയാവുന്ന പഴയ ‘മിമിക്രി’യും അത്യാവശ്യം വചനവും കൂട്ടിക്കുഴച്ചു വേദിയില്‍ അവതരിപ്പിക്കുമ്പോള്‍ സാധുക്കളായ പെന്തക്കൊസ്തുകാര്‍ കരഘോഷങ്ങളോടെ അതിനെ സ്വാഗതം ചെയ്യുന്നു. കാഴ്ച്ചമങ്ങിയിട്ടില്ലാത്തവര്‍ക്ക് ഈ പറയുന്ന കാര്യങ്ങള്‍ പെട്ടെന്ന് മനസിലാകും. പെന്തക്കോസ്ത് എന്ന മഹാ അനുഭവത്തെ പ്രസ്ഥാനവല്‍ക്കരിക്കുകയും അതിന്റെ നേതാക്കന്മാര്‍ ആകാന്‍ കൊതിക്കുന്നവരും, സഭ വളര്‍ന്നു പന്തലിക്കുന്നത് കണ്ടു അതില്‍നിന്നും നല്ലഫലങ്ങള്‍ മാത്രം പ്രതീക്ഷിച്ചു നുഴഞ്ഞു കയറിയ ചില കപടഭക്തരായവരും ചേര്‍ന്ന ഒരു ന്യൂനപക്ഷം പെന്തക്കോസ്തിലെ 80% വരുന്ന നിര്‍മ്മല വിശ്വാസികളുടെ വിശ്വാസ്യതയില്‍ കളങ്കം ചാര്‍ത്തുന്നു..

കൂർക്കയേത് ? പട്ടിക്കാഷ്ടമേത് ? എന്ന് തിരിച്ചറിയാന്‍ കഴിയാതെ ഒരുകൂട്ടര്‍ നന്മയോട് വിമുഖതകാട്ടുന്നു. സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്ന ഒരു പ്രേഷിതസഞ്ചയം വിശ്വാസസമൂഹത്തെ വെല്ലു വിളിക്കുന്നു. നുഴഞ്ഞുകയറ്റക്കാരായ ഇവര്‍ ഒരു വേദപഠനക്കളരിയിലും അഭ്യസിക്കാന്‍ താല്‍പ്പര്യമില്ലാതെ ഉപദേശത്തില്‍ വെള്ളം ചേര്‍ക്കാത്ത കര്‍ത്തൃദാസന്മാരുടെ പ്രസംഗങ്ങള്‍ പകര്‍ത്തി തന്റെ ശൈലിയില്‍ ആക്കി വേദികളില്‍ അവതരിപ്പിക്കുമ്പോള്‍, അത് കേള്‍ക്കുന്നവര്‍, പെന്തക്കോസ്തിനെ രക്ഷിക്കാന്‍ വന്ന പുതിയ അവതാരമായി ഇവരെ വാഴ്ത്തുന്നു.

ദര്‍ശനം ഇല്ലാത്ത ഈ കൂട്ടര്‍ തൈലത്തില്‍ വീണ ചത്തഈച്ചയ്ക്ക് സമമാകുകയും ചെയ്യും. എന്തിനു ഈ പെന്തക്കോസ്ത് പ്രസ്ഥാനം ? ആരെ രക്ഷിക്കാന്‍ ? കരയും കടലും നടന്നു വലയിട്ടു പിടിക്കുന്നവനെ ഇരട്ടി നരകത്തിനു യോഗ്യനാക്കാന്‍ തുറന്നുവെച്ച വിനോദകേന്ദ്രമോ സഭ ? ദൈവസഭകളില്‍ വ്യഭിചാരവും, മോഷണവും, കുലപാതകവും, തെറിവിളികളും സര്‍വ്വസാധാരണമായിരിക്കുന്നു. കൂട്ടായ്മകളില്‍ പങ്കെടുക്കാത്തവര്‍ പോലും പെന്തക്കോസ്തിന്റെ ഉപദേശകര്‍ ആയി മാറിയിരിക്കുന്നു. ഉപദേശസത്യങ്ങളില്‍ നില്‍ക്കുന്നവര്‍ പലക്കാരണങ്ങളെ ചൊല്ലി ഭിന്നിച്ചു നില്‍ക്കുന്നു.

ഇന്ന് എല്ലാരുടെയും പേരില്‍ ഓരോ സഭകള്‍!!! സത്യത്തിനു വേണ്ടി നില്‍ക്കുന്നവര്‍ എന്ന് തോന്നലുണ്ടാക്കുവാന്‍, വേദികളില്‍ ദുരുപദേശഖണ്ഡനം നടത്തുന്നു. അവര്‍ സ്വകാര്യജീവിതത്തില്‍ ശേഷം മനുഷ്യര്‍ ചെയ്യാന്‍ അറയ്ക്കുന്ന തിന്മകള്‍ ചെയ്യുന്നവര്‍ ആണെന്ന് പറഞ്ഞാല്‍ ആര് വിശ്വസിക്കാന്‍ ??

ഹേ, പെന്തക്കോസ്ത്കാരേ തിരിഞ്ഞു ചിന്തിക്കൂ…. നാം ആര്? കര്‍ത്താവിന്റെ നിണം ചൊരിഞ്ഞത് നമ്മള്‍ പാപത്തില്‍ ജീവിക്കുന്നതിനോ ? പെന്തക്കോസ്തുകാരെ നാം ലജ്ജിക്കണം…. ആദിമപിതാക്കന്മാരുടെ ദര്‍ശനം അടിസ്ഥാനമായതിനാല്‍ വീഴാതെ നില്‍ക്കുന്ന പ്രസ്ഥാനമേ, കാലപ്പഴക്കത്താല്‍ ഉണ്ടായ വിള്ളല്‍ കണ്ടില്ലെന്നു നടിക്കരുത്. മിമിക്രി ഷോകളിലെ തമാശകൾ മോഷ്ടിച്ചു കൺവൻഷൻ സ്റ്റേജിൽ പുലമ്പുന്നവനെ പ്രസംഗകരായി പരിഗണിക്കാനാവില്ല. ദൈവവചനം വസ്തുനിഷ്ഠമായി പ്രസംഗിക്കുന്നവരെ മാത്രമേ പെന്തക്കോസ്ത് കൺവൻഷനുകളിൽ പ്രസംഗകരാക്കാവൂ. ദുരുപദേശം മാത്രമല്ല പെന്തക്കോസ്തിലുളളത് എന്ന വസ്തുത സഭാനേതൃത്വം അറിഞ്ഞിരിക്കണം. ഗുരുതരമായ ദുർന്നടപ്പും പെന്തക്കോസ്തിലുണ്ട്. വ്യഭിചാരം തൊഴിലാക്കിയ നിരവധി പ്രസംഗകരുണ്ട്. ഇവരിൽ ചിലർ പെന്തക്കോസ്ത് സംഘടനകളുടെ തലപ്പത്ത് പണം കൊടുത്ത് കേറിയിരുപ്പുണ്ട്.

പണവും മറ്റു സ്വാധീനവുമുള്ള ഇത്തരക്കാർക്കെതിരെ ശബ്ദിക്കാൻ മിക്കവർക്കും ധൈര്യമില്ല. അതുകൊണ്ട് ഇവരെ പേരെടുത്തു പറയാൻ ശങ്കയുമില്ല. ദുർന്നടപ്പ് ഗൗരവമുളള പാപമാണ്. ദുർന്നടപ്പിന്റെ ശ്രുതി പോലും ഇല്ലാത്തവരായിരിക്കണം സഭാനേതാക്കൻമാർ. പക്ഷേ അതല്ല ഇന്നത്തെ സ്ഥിതി. വ്യഭിചാരം തങ്ങളുടെ ജൻമാവകാശമാണ് എന്നു പറയാതെ പറയുകയാണ് നേതാക്കൻമാർ. ഇത്തരക്കാർ നേതൃസ്ഥാനത്ത് ഇരിക്കുന്നിടത്തോളം കാലം പെന്തക്കോസ്തിനെ ശുദ്ധീകരിക്കാൻ പറ്റില്ല. ദ്രവ്യാഗ്രഹം, അധികാരക്കൊതി തുടങ്ങിയവയും ഗൗരവമുള്ള പാപങ്ങൾ തന്നെ. ഈ വിഷയങ്ങളിലും സഭാനേതാക്കൻമാരെ വെല്ലാൻ ആരുമില്ല.

ഇത്തരം തിൻമകൾ കണ്ടില്ലെന്നു നടിക്കുന്നത് അപകടമാണ്. ദുരുപദേശക്കാരെമാത്രമല്ല ഈ നീചൻമാർക്കെതിരെയും നടപടിയുണ്ടാകണം. അതിനു കഴിയുന്നില്ലെങ്കിൽ പെന്തക്കോസ്ത് സഭകളുടെ സ്ഥിതി പരമദയനീയമാകും.

അകത്തുകടക്കുന്നവൻ തിന്മയുമായി നടക്കുമ്പോൾ അവനെ തർജ്ജനം ചെയ്യാതെ നേതാവായി ഉയർത്തിക്കൊണ്ട് നടന്നിട്ട് അവന്റെ കൈയിൽ ഇരിക്കുന്ന നക്കാപ്പിച്ച വാങ്ങി പോക്കറ്റിൽ ഇടുന്ന നിലപാട് നിർത്തിയിട്ട് സത്യത്തിനു വേണ്ടി നിൽക്കുക. ഇങ്ങനെയുള്ളവരെ വ്യക്തികളായും സഭകളായും പ്രോത്സാഹിപ്പിക്കാതിരിക്കുക. അതിനുശേഷം പോരെ മര്യാദയ്ക്ക് ജീവിക്കുന്ന മറ്റിതര സഭകളിലുള്ളവരെ പെന്തക്കോസുകാരാക്കുവാൻ നടക്കുന്നത്. നിങ്ങൾക്ക് അതിന് കഴിവില്ല എങ്കിൽ നിങ്ങൾ ഇനിയും സുവിശേഷവുമായി പോകേണ്ടതില്ല.

കാരണം ആഭാസന്മാരുടെ (അതിൽ പെണ്ണ് പിടുത്തക്കാരായ പാസ്റ്റർമാരും വിശ്വാസികളും, നേതാവാകാൻ മറ്റുള്ളവനെ കുതികാൽ വെട്ടുന്നവനും ദ്രവ്യാഗ്രഹികളും, നേതൃത്വസ്ഥാനത്തിനുവേണ്ടി കടിപിടി കൂടുന്ന മഹാന്മാരും എല്ലാമുണ്ട്) സഭയുടെ ഉപദേശകനായി ചാർജ്ജെടുക്കുന്ന ഉപദേശി കളിക്കാൻ ഇറങ്ങുമ്പോൾ സഭ മുഴുവൻ കളിക്കുവാൻ ഇറങ്ങുന്നു.

ഇന്ന് പലരും മർത്തോമ സഭയിലേക്കും താൻ വന്ന സഭകളിലേക്കും പോകുന്നതിനെപ്പറ്റി ചിന്തിച്ചു കൊണ്ടിരിക്കുന്നു. കാരണം ഇവിടെ പ്രത്യേകിച്ച് ഒരു വാല്യുവും ഇല്ലാതെയായി മാറിക്കഴിഞ്ഞു. ഒരുവൻ പറയുന്നത് സത്യമോ കള്ളമോ എന്നു പോലും സംശയിക്കേണ്ട സാഹചര്യമാണ്. കാരണം മിക്കവരും നാക്കെടുത്താൽ കള്ളം പറയുവാൻ യാതൊരു ബുദ്ധിമുട്ടും കാണിക്കുന്നില്ല.

ദാവീദ് ഗത്ത് രാജാവായ ആഖീശിന്റെ മുൻപിൽ നിന്ന് അദുല്ലാംഗുഹയിലേക്കു ഓടിപ്പോയി; അവന്റെ സഹോദരന്മാരും അവന്റെ പിതൃഭവനമൊക്കെയും അതു കേട്ടു അവന്റെ അടുക്കൽ ചെന്നു. ഞെരുക്കമുള്ളവർ, കടമുള്ളവർ, സന്തുഷ്ടിയില്ലാത്തവർ എന്നീവകക്കാർ ഒക്കെയും അവന്റെ അടുക്കൽ വന്നുകൂടി; അവൻ അവർക്കു തലവനായിത്തീർന്നു; എന്നു ബൈബിളിൽ വായിക്കും പോലെ ഹൂസ്റ്റണിൽ ഒരു സഭയുണ്ട്. വ്യഭിചാരികൾ, ബാലപീഢകർ, മദ്യപാനികൾ, സ്വന്തം സഹോദരന്റെ മക്കളെ പീഡിപ്പിച്ചവൻ, സഹോദരിയുടെ മക്കളെ പീഢിപ്പിച്ചവൻ, പല ഇന്റർനാഷണൽ ഭാര്യമാരിൽ ഇന്റർനാഷണൽ കുട്ടികൾ ഉള്ളവൻ ( കേരള – മെക്സിക്കോ- കെനിയ ) ഇങ്ങനെയുള്ളവർക്കായി മാത്രമുള്ള ചഭ, കൗൺസിലിംഗിന്റെ ഇടയ്ക്ക് ലൈംഗീകാസ്തി തീർക്കുന്ന വ്യക്തി ഇവരുടെയൊക്കെ തലവനും ( പാസ്റ്റർ ).

കുരങ്ങൻ പണ്ടേ വികൃതിയാണ്. വികൃതിയായ കുരങ്ങൻ കള്ള് കൂടെ കുടിച്ചാലോ? ഇനി കള്ള് കുടിച്ച കുരങ്ങന്റെ വാലിൽ തേൾ കടിച്ചാലോ? ഈ കുരങ്ങന്റെ കയ്യിൽ പൂമാല കിട്ടിയാലോ? ഇത് തന്നെയാണ് ഇപ്പോൾ ഈ തലവൻ പാസ്റ്ററുടെ അവസ്ഥയും….

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.