ആരാധനാലയങ്ങൾ തുറക്കാൻ അനുവദിക്കണം

by Vadakkan | 22 May 2020 6:17 PM

കുമ്പനാട്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അടച്ചിട്ടിരിക്കുന്ന ആരാധനാലയങ്ങൾ തുറന്ന് ആരാധന നടത്താനുള്ള അനുവാദം നൽകണമെന്ന് പെന്തെക്കോസ്തു നേതൃസമ്മേളനം ആവശ്യപ്പെട്ടു.

ലോക്ഡൗണിൽ നിരവധി ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ സർക്കാരുകളുടേയും ആരോഗ്യവകുപ്പിന്റെയും നിബന്ധനകൾക്ക് വിധേയമായി നിയന്ത്രിതമായ ജനപങ്കാളിത്തത്തോടെയെങ്കിലും ആരാധന നടത്താനുള്ള അനുമതി നൽകണമെന്നാണ് വിശ്വാസസമൂഹം ആഗ്രഹിക്കുന്നത്. കൂട്ടായ്മകളുടെ അഭാവം വിശ്വാസികളിൽ മാനസിക സംഘർഷം വർദ്ധിക്കുന്നതിന് കാരണമായിട്ടുണ്ട്.

അതിനാൽ ഇളവുകളുടെ ഭാഗമായി കൂട്ടായ്മകൾക്ക് അടിയന്തിരമായി അവസരം നൽകണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭയുടെ ആസ്ഥാനമായ കുമ്പനാട് ഹെബ്രോൻപുരത്ത് നടന്ന സമ്മേളനത്തിൽ ഐ.പി.സി. അന്തർദേശീയ ജനറൽ സെക്രട്ടറി റവ. സാം ജോർജ് അധ്യക്ഷതവഹിച്ചു.

വിവിധ പെന്തെക്കോസ്തു സഭകളെ പ്രതിനിധീകരിച്ച് റവ. സി.സി. തോമസ് (ചർച്ച് ഓഫ് ഗോഡ് സംസ്ഥാന ഓവർസിയർ), പാസ്റ്റർ ടി.വി. പൗലോസ് (അസംബ്ലീസ് ഓഫ് ഗോഡ് സെക്രട്ടറി) പാസ്റ്റർ ജോൺസൺ കെ. ശാമുവൽ (ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ സെക്രട്ടറി), റവ. തോമസ് ഫിലിപ്പ് (ന്യൂ ഇൻഡ്യാ ബൈബിൾ ചർച്ച് ജനറൽ പ്രസിഡന്റ്), റവ. കെ.സി. സണ്ണിക്കുട്ടി (ദൈവസഭ, കേരള റീജിയൻഓവർസിയർ), പാസ്റ്റർ ജോയി ചാണ്ടി (ചർച്ച് ഓഫ് ഗോഡ്, കല്ലുമല), റവ. ബിജു ഫിലിപ്പ് (ഡബ്ല്യു.എം.ഇ.), ഐ.പി.സി. കേന്ദ്ര സംസ്ഥാന നേതാക്കളായ പാസ്റ്റർ എം.പി. ജോർജ് കുട്ടി, പാസ്റ്റർ സി.സി. ഏബ്രഹാം, പാസ്റ്റർ ഷിബു നെടുവേലിൽ, സണ്ണി മുളമൂട്ടിൽ, പി.എം. ഫിലിപ്പ് എന്നിവർ പങ്കെടുത്തു.

പെന്തെക്കോസ്തു ദൈവസഭകളുടെ ഐക്യവും ദൈവശാസ്ത്രവും, ഉപദേശപരവുമായ വിഷയങ്ങൾ സംബന്ധിച്ച് പൊതുവായ നിലപാടുകൾ രൂപീകരിക്കുന്നതിനും പൊതു കൂട്ടായ്മ ആവശ്യമാണെന്ന് സമ്മേളനം വിലയിരുത്തി. ജനറൽ കോർഡിനേറ്ററായി പാസ്റ്റർ എം.പി. ജോർജുകുട്ടിയെ തെരഞ്ഞെടുത്തു.

അടുത്ത യോഗം 29 ന് നടക്കുമെന്ന് നേതാക്കൾ അറിയിച്ചു. പാസ്റ്റർ സാം ജോർജാണ് സമ്മേളനം വിളിച്ചുകൂട്ടാൻ മുൻകൈ എടുത്തത്.

Source URL: https://padayali.com/need-sanction-to-open-churches/