മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങൾ

 മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങൾ
April 26 06:45 2020 Print This Article

പലരും, മരണക്കിടക്കയിൽ കിടന്നവരും അല്ലാത്തവരുമായി അനേകം പേർ സ്വർഗ്ഗത്തിൽ പോവുകയും അവിടെ ദൈവത്തെ കാണുകയും, ഒന്നിച്ചു ആഹാരം കഴിക്കുകയും ചിലർ ഹോളി കമ്മ്യൂണിയനിൽ പങ്കു കൊള്ളൂകയും ദൂതന്മാരും ആയി സ്വർഗത്തിൽ എല്ലാം ചുറ്റി അടിക്കുകയും, തങ്ങളുടെ പ്രീയപ്പെട്ടവരായ മരിച്ചവരുടെ അടുക്കലേക്ക് പോവുകയും തുടങ്ങിയ അനേകം സ്വർഗീയ അനുഭവങ്ങൾ പങ്കുവെച്ച അനേകർ. ഞാൻ ഇവയെ എല്ലാം വളരെയധികം അതിശയത്തോടെയാണ് കണ്ടിരുന്നത്. അവരിൽ ചിലർ പുസ്തകമെഴുതി, ചിലർ സിഡി ഉണ്ടാക്കി, ചിലർ പല ടിവി ഷോകളിലും താരമായി….!

അതെ… തികച്ചും കൗതുകമുണർത്തുന്ന ഒരു കാര്യമാണ് നമ്മൾ കേട്ടറിഞ്ഞ, കണ്ടറിഞ്ഞ… കാല്പനികമായ ചില അവസ്ഥകളിലേക്ക് നമ്മുടെ മനസ്സിനെ പ്രയാണം ചെയ്യിച്ചു ഒരു അമാനുഷിക കഥ ഉണ്ടാക്കിയെടുക്കുന്നത്. ഇതേ പോലെ ഒരു സമാനമായ അനുഭവത്തിലൂടെ ഞാൻ ഈ അടുത്ത് ഇടയ്ക്ക് കടന്നുപോയി…!

എന്തോ ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത് വളരെ ഉയരമുള്ള ഒരു കറുത്ത മനുഷ്യരൂപം. ബലിഷ്ടമായ തൻറെ ശരീരവും കൈകളും ഒക്കെ കണ്ടപ്പോൾ ഭയം തോന്നി. അത്രയും തന്നെ ഉയരമുള്ള മറ്റൊരു രൂപം പാദം വരെയും മൂടുന്ന വെളുത്ത നിലയങ്കി ധരിച്ചിരുന്നു. കറുത്ത രൂപം എന്തൊക്കെയോ ആക്രോശിക്കുമ്പോൾ ശുഭ്രവസ്ത്രധാരിയായ ആൾ വളരെ സൗമ്യതയോടെ ആണ് എല്ലാം സംസാരിക്കുന്നത്. ഞാൻ വളരെ ഭയത്തോടെ എല്ലാം മിണ്ടാതെ നോക്കി കൊണ്ടിരിക്കുകയാണ്.

എത്ര നേരം അങ്ങനെ കടന്നുപോയി എന്ന് എനിക്കറിയില്ല ഞാൻ വീണ്ടും ഉറക്കത്തിലേക്ക് വഴുതി വീണു വലിയ ആക്രോശങ്ങളും ശബ്ദം കേട്ടാണ് വീണ്ടും ഞാൻ ഉണർന്നത്. മുൻപ് കണ്ട ആ കറുത്ത രൂപം വളരെ അക്രമാസക്തനായി ആണ് ഇപ്പോൾ പെരുമാറുന്നത്.

ക്രൂരനായ മനുഷ്യൻ എന്നെ ഇപ്പോൾതന്നെ കൊണ്ടുപോകണമെന്നും വെള്ള വസ്ത്രം ധരിച്ച് ആൾ സൗമ്യതയോടെ ഇപ്പോൾ കൊണ്ടു പോകാൻ പറ്റുകയില്ല എന്നും അൽപകാലം കൂടെ കഴിയട്ടെ എന്നും ആർദ്രതയോടെ പറയുന്നതായി എനിക്ക് തോന്നി.

അദ്ദേഹം ഗർജിക്കുകയും അലറുകയും ഒക്കെ ചെയ്യുന്നുണ്ട്. എന്നാൽ വെളുത്ത രൂപം വളരെ സൗമ്യതയോടെ അതിനെയൊക്കെ കൈകാര്യം ചെയ്യുന്നു. അല്പം കഴിഞ്ഞ് രണ്ടുപേരും പിരിഞ്ഞു പോയി. ഞാൻ ഏതോ അജ്ഞാതമായ ഇടത്ത് നിസ്സഹായനായി കിടക്കുകയാണ്.അല്പം കഴിഞ്ഞ് രണ്ടുപേർ വന്ന് എന്നെ കൂട്ടിക്കൊണ്ടുപോയി.

അവർ ആരെന്ന് എനിക്ക് വ്യക്തമല്ല എങ്കിലും ഞാൻ അവരെ അനുഗമിക്കുകയാണ്. ശൂന്യതയിലൂടെ യാത്ര ചെയ്ത് ഞങ്ങൾ ഒരു വലിയ തെരുവിലേക്ക് വന്നിറങ്ങി. മനസിന്റെ ഭരമില്ലായ്‌മ, ഒഴുകിപോകുന്നതുപോലെയുള്ള അവസ്ഥ ഞാൻ അനുഭവിച്ചു അറിയുന്നു. വലുതും വിശാലവുമായ വലിയ തെരുവീഥിയുടെ ഇരു വശവും മനോഹരമായ വലിയ ഉയരമുള്ള കെട്ടിടങ്ങൾ.

വർണ്ണങ്ങൾ വരിവിതറിയ മനോഹരമായ ആകാശം വശ്യചാരുതയോടെ കിടക്കുന്നു… ചുമന്ന ചെങ്കല്ലിൽ തീർത്ത മനോഹരമായ പല വലിപ്പമുള്ള കെട്ടിടങ്ങൾ ക്കിടയിലൂടെ ഞങ്ങൾ വളരെ സാവധാനം യാത്രചെയ്യുമ്പോൾ, “ബാബു മോനേ…. ബാബു മോനെ” എന്ന വിളി കേട്ട് ഞാൻ തല ഉയർത്തി നോക്കിയത്.

എനിക്ക് ഏറ്റവും പ്രിയപ്പെട്ട എൻറെ വല്യമ്മച്ചി ഒരു വലിയ കെട്ടിടത്തിൽ ഏതോ നിലകളിൽ നിലയിൽ നിന്നും ജനാലകൾ തുറന്ന് കൈകൾ പുറത്തേക്ക് നീട്ടി “ബാബു മോനെ നിനക്ക് സുഖമാണോ” എന്ന് വീണ്ടും ചോദിക്കുന്നു.

ഞാൻ, എൻറെ പ്രിയപ്പെട്ട അമ്മച്ചിയെ എത്രയോ വർഷങ്ങൾക്കു ശേഷം ആദ്യമായി കാണുന്നു. സ്നേഹം തുളബ്ബുന്ന ആ കണ്ണുകളും മുഖവും കണ്ടു എന്തെന്നില്ലാത്ത സന്തോഷം തോന്നി. വല്യമ്മച്ചിക്കു എന്നെ കണ്ടതിൽ വലിയ സന്തോഷം ആയി. അപ്പോൾ അതാ മറ്റൊരു ബിൽഡിങ്ങിൽ നിന്നും “എടാ ബാബുമോനെനെ, ഇങ്ങോട്ട് നോക്കു” എന്ന് ഉറക്കെ ശബ്ദം കേട്ടു ഞാൻ അങ്ങോട്ട് നോക്കിയപ്പോൾ എന്നെ അധികമായി സ്നേഹിച്ച എൻറെ മാവി, അകാലത്തിൽ പൊലിഞ്ഞു പോയ എന്റെ പ്രീയപ്പെട്ട തങ്കമ്മമാമ്മ…

“നീ ഇവിടെ എത്തിയോ” എന്ന് ചോദിച്ച് മാവി വളരെ സന്തോഷത്തോടെ ചിരിക്കുകയാണ്…. എൻറെ ഹൃദയം ആഹ്ലാദത്താൽ നിറഞ്ഞു. എൻറെ ജീവിതത്തിൽ എന്നെ ഇത്രമാത്രം സ്നേഹിച്ച രണ്ടു വ്യക്തികൾ, ദീർഘ വർഷങ്ങൾക്ക് ശേഷം അവരെ കാണുവാനിടയായി. അതിൽ എൻറെ മനസ്സിൽ പൊങ്ങിവന്ന സന്തോഷം പറഞ്ഞറിയിക്കാൻ പ്രയാസമായി തോന്നി.

എന്നെ സ്നേഹ സ്നേഹാർദ്രമായ് തലോടി ആ കരങ്ങളിൽ എനിക്കൊന്നു ചുംബിക്കണം എന്ന് തോന്നി. എന്നെ കരുണയോടെ കരുതിയ മുഖങ്ങളിൽ ഒരു ചുംബനം കൊടുക്കണം എന്ന് എനിക്ക് തോന്നി… മുടി ഇഴകളിൽ ഒന്ന് തലോsണം എന്ന് തോന്നി. ഞാൻ എത്രയോ നാളായി കാണുവാൻ കൊതിച്ച മുഖങ്ങൾ ഇതാ പുഞ്ചിരിതൂകി എൻറെ മുന്നിൽ നിൽക്കുന്നു.

ഏതോ ശബ്ദവും അനക്കവും ഒക്കെ കേട്ടാണ് ഞാൻ കണ്ണ് തുറന്നത്…… എൻറെ ബെഡിന്റെ അരികിൽ തൂക്കിയിട്ടിരുന്ന ഐവി പമ്പ് ശരിയാക്കുന്ന നഴ്സിനെ ആണ് കണ്ടത്. അയ്യോ…. ഞാൻ ഹോസ്പിറ്റലിൽ ആണല്ലോ എന്ന് ബോധം അപ്പോഴാണ് ഉണ്ടായത്. തലയിൽ പ്രൊസീജിയർ ചെയ്ത് സ്പോട്ടിൽ അൽപ്പം വേദനയുണ്ട്. ഞാൻ എനിക്കുണ്ടായ seizure, തുടർന്ന്, ലൈഫ് ലൈൻ ഹെലികോപ്റ്ററിൽ മെയിൻ ഹോസ്പിറ്റലിൽ കൊണ്ടുപോയതും “Traumatic subdural hemorrhage”. എന്ന അവസ്ഥയിൽ ഒരു ചെറിയ ബ്രെയിൻ സർജറി കഴിഞ്ഞ് ഞാൻ കിടക്കുകയാണ് എന്നുള്ള യാഥാർത്ഥ്യം എനിക്ക് ഉണ്ടായി…

അപ്പോൾ ഞാൻ എൻറെ പ്രിയപ്പെട്ടവരെ കണ്ടതോ….?? അത് വെറുമൊരു കാഴ്ച ആയിരുന്നില്ല…! വശ്യമായ ഒരു അനുഭവമായിരുന്നു. എൻറെ ഉപബോധമനസ്സിൽ കിടന്നിരുന്ന ചില ആഗ്രഹങ്ങളുടെ ഒരു പൂർത്തീകരണം. മധുരമുള്ള ഓർമ്മകൾ എനിക്ക് വളരെ ഹൃദ്യമായി തോന്നി. എന്നാൽ അത് എന്തുകൊണ്ട് സംഭവിച്ചു….?

ഇതേപ്പറ്റി അല്പം പഠിക്കണമെന്നും അന്വേഷിക്കണമെന്നും എനിക്ക് വല്ലാത്ത ആഗ്രഹം ഉണ്ടായി…. ഇതേപ്പറ്റി അല്പം പഠിക്കുകയും അന്വേഷിക്കുകയും ചെയ്തപ്പോൾ രസകരമായ ചില അനുഭവങ്ങളാണ് ഞാൻ കണ്ടെത്തിയത്.

ആദ്യമായി സമാനമായ കാഴ്ചകൾ കണ്ട ആൾക്കാർ ഏതു സാഹചര്യത്തിലാണ് അവയൊക്കെ കണ്ടത് എന്ന് മനസ്സിലാക്കിയപ്പോൾ എന്റെ ജിജ്ഞാസ വർധിച്ചു. ഗൂഗിൾ എന്ന മഹാപ്രതിഭാസം നമുക്ക് ഒരുക്കിവച്ചിരിക്കുന്നത് അറിവിൻറെ വലിയ ഒരു ആഴക്കടൽ തന്നെയാണ്.

നിയർ ഡെത്ത് എക്സ്പീരിയൻസ് (NDA.. Near Death Experience) എന്ന മനസ്സിൻറെ ഒരു അവസ്ഥാ ഭേദമാണ് ഇത് എന്ന് ഞാൻ മനസ്സിലാക്കി. ബ്രെയിനിലേക്ക് പോകുന്ന ഓക്സിജന്റെ അളവ് കുറയുകയും ബ്ലഡ് ഗ്യാസ് ( oxygen (O2) and carbon dioxide (CO2) വ്യതിയാനം ഉണ്ടാകുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന ഒരുതരം ഹാലൂസിനേഷന്റെ ഭാഗമാണ് ഇത് എന്ന് ഞാൻ ഇന്ന് മനസ്സിലാക്കുന്നു.

അതുകൊണ്ടാണ് ചിലർ സ്വർഗ്ഗത്തിലേക്ക് ഉയർത്തപ്പെടുകയും, തനിക്ക് പ്രിയപ്പെട്ട മരിച്ചവരുടെ അടുക്കലേക്ക് പോവുകയും, നക്ഷത്ര മണ്ഡലങ്ങളിലൂടെ സഞ്ചരിക്കുകയും, ചെയ്യുന്നത് അവരവരുടെ ഉപബോധമനസ്സിൽ കിടക്കുന്ന ആഗ്രഹങ്ങളുടെ പൂർത്തീകരണമാണ്.

ഈ അവസ്ഥയിലൂടെ കടന്നുപോകുന്ന ചിലർ അതിനെ ആത്മീയമായി കൂട്ടി കുഴയ്ക്കുന്നു മറ്റു ചിലർ അതിനെ ശാസ്ത്രീയമായി അപഗ്രഥിക്കുന്നു ഇതേ അവസ്ഥ ചില മരുന്നുകൾക്കും തരുവാൻ കഴിയും എന്ന് ഞാൻ മനസ്സിലാക്കുന്നു ചില സിന്തറ്റിക് ഡ്രഗുകളും ഇതേ അവസ്ഥയിൽ എത്തിക്കുവാൻ കഴിവുള്ളവയാണ്….

എനിക്ക് കാര്യങ്ങൾ മനസ്സിലാക്കുവാൻ സഹായിച്ച ചില ലിങ്കുകൾ താഴെ വായനക്കാരുടെ അറിവിലേക്ക് ഷെയർ ചെയ്യുന്നു.

ഒരു കാര്യം എടുത്തു പറയട്ടെ എൻറെ അനുഭവങ്ങളെ ആത്മീയമായി കൂട്ടി ഇളക്കുവാൻ എനിക്ക് താല്പര്യമില്ല. എങ്കിലും കരുണാമയനും നമ്മുടെ സങ്കടങ്ങളിൽ കൂടെ ഇരിക്കുന്ന ഒരു നല്ല സഖിയായ ക്രിസ്തുവിൽ എൻറെ വിശ്വാസം അടിയുറച്ച് ഇരിക്കുന്നു.

– എൻറെ ചിന്തകൾക്കും അന്വേഷണങ്ങൾക്കും വാക്കുകളുടെ വർണ്ണങ്ങൾ വാരിവിതറിയ പ്രിയ സുഹൃത്ത് ബ്ലെസ്സനു എൻറെ നന്ദി അർപ്പിക്കുന്നു….. John-Susan Blesson-Jolly

https://api.nationalgeographic.com/distribution/public/amp/news/2010/4/100408-near-death-experiences-blood-carbon-dioxide?fbclid=IwAR1jFAu00UncLrmpH-UY990Xe1xjaMEEdR0tMSJnHF6SwWIk2ZVb4LuGfxI

-C.G. ഡാനിയേൽ, ഹൂസ്റ്റൺ

 

 

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.