പ്രബുദ്ധ മലയാളി… നീ വെറും ഒരു പൊട്ടൻ…..

പ്രബുദ്ധ മലയാളി… നീ വെറും ഒരു പൊട്ടൻ…..
September 29 22:34 2021 Print This Article

ഇന്ത്യാ മഹാരാജ്യത്ത് ഇങ്ങ് താഴെ പാവയ്ക്ക പോൽ ഒരു ദേശം…..പരശുരാമൻ മഴുവെറിഞ്ഞ് ഉയർത്തിയെടുത്ത, മാവേലി ഭരിച്ചിരുന്ന ദേശത്തെ പ്രബുദ്ധ മലയാളി എന്ന് വിളിച്ച് സ്വയം പൊങ്ങികളായ കുറെ മനുഷ്യർ….
100% സാക്ഷരത, വൃത്തിയുടെ കാര്യത്തിൽ മുൻപന്തിയിലാണെന്ന് ഞെളിച്ചിൽ….
ജാഡക്കും അഹങ്കാരത്തിനും തെണ്ടീപൊ ണ്ണകാര്യത്തിനും ഒട്ടും കുറവില്ലാത്ത ഒരു ജനം…. അധ്വാനിക്കുന്നതും കഷ്ടപ്പെടുന്നതും വലിയ കുറച്ചിലായി കാണുന്ന മാനസികാവസ്ഥ….
സ്വന്ത ദേശത്ത് അധ്വാനിക്കുന്നത് വളരെ കുറച്ചിലായി കാണുകയും അന്യദേശത്ത് പോയി എന്ത് എച്ചിൽ വാരുന്നതിനും യാതൊരു മടിയുമില്ലാത്ത മറ്റുള്ളവരുടെ മല്ലൂസ്….
സ്വന്തം മക്കളെ അന്യദേശത്ത് പണിയെടുക്കാൻ വിട്ടിട്ട് സ്വന്തം വീട്ടിൽ അന്യദേശത്തു നിന്നുള്ളവരെ കൊണ്ട് തൊഴിൽ എടുപ്പിക്കുന്ന പ്രബുദ്ധ മലയാളി….. വിദ്യാഭ്യാസം ഉണ്ട് എങ്കിലും വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവരെ നേതാവായി തിരഞ്ഞെടുക്കുന്നവൻ മലയാളി …..
ഇലക്ഷൻ വന്നാൽ മാന്യനെ വേണ്ട…. നല്ല മനുഷ്യനെ വേണ്ടേ വേണ്ട…. കൊലപാതകി, പൊതുമുതൽ മോഷണം, വെട്ടിപ്പ്,തട്ടിപ്പ്, മുക്കൽ, കക്കൽ, ബലാൽസംഗം,അടിപിടി, പരസ്ത്രീബന്ധം ആവശ്യംപോലെ ഒക്കെ ഉള്ള നല്ല സ്വഭാവ ഗുണങ്ങൾ ഉള്ളവരെ മാത്രമേ തിരഞ്ഞെടുക്കൂ….
വൺ ടൂ ത്രീ എന്നുപറഞ്ഞ് വെട്ടിയും കുത്തിയും വെടിവെച്ചും കൊല്ലാൻ നടന്ന നാലാം ക്ലാസുകാരൻ വൈദ്യുതിമന്ത്രി…..അപ്പുറത്ത് നിൽക്കുമ്പോൾ കള്ളൻ ഇപ്പുറത്തു വന്നാൽ പുണ്യവാളൻ…… 2006 ൽ ഇലക്ഷന് നിൽക്കുമ്പോൾ തുളവീണ ജട്ടിയും കിഴുത്ത വീണ രണ്ടു ബനിയനും സ്വന്തമായുള്ള ശ്രീനിജൻന് പത്തു കോടി ആസ്തി…. ഭാര്യയുടെ പേരിൽ നാലു കോടി ആസ്തി…. പ്രബുദ്ധ മലയാളികൾ അതേ കള്ളനെ തെരഞ്ഞെടുത്തു മാതൃക കാട്ടി……!!

നാലരവർഷം തെറിവിളിച്ചു നടന്ന മലയാളി ഒരു കിറ്റ് കിട്ടിയപ്പോൾ നാണമില്ലാതെ നക്കി എടുത്തിട്ട് 99 കള്ളന്മാരെ ഒറ്റയടിക്ക് ജയിപ്പിച്ച പ്രബുദ്ധ മലയാളി…. അടുത്ത അഞ്ചുവർഷം കൂടി തെറി വിളിക്കുവാൻ മുണ്ടുമുറുക്കി ഉടുക്കുന്നു….
ആട്-തേക്ക്-മാഞ്ചിയം, സ്വർണ്ണ ചേന, നാഗമാണിക്യം,രത്ന വ്യാപാരം, വിസ തട്ടിപ്പ്, ജോലി തട്ടിപ്പ്, ഡയറക്ട് മാർക്കറ്റിംഗ്, ഫ്ലാറ്റ് തട്ടിപ്പ്, ഭൂമി മാഫിയ, വേശ്യാലയ നടത്തിപ്പ്, ഹണി ട്രാപ്പ്, ബ്ലേഡ് കമ്പനി, ക്വട്ടേഷൻ സംഘങ്ങൾ, ചിട്ടി നടത്തിപ്പ്, സോളാർ, സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ, ആൾദൈവങ്ങൾ, രോഗശാന്തി ശുശ്രൂഷകർ, കള്ളക്കടത്ത്, സ്വർണ കടത്ത്, ഹവാല, റിവേഴ്സ് ഹവാല, മയക്കുമരുന്ന് വ്യാപാരം, മതംമാറ്റ ലോബികൾ, മദ്യക്കടത്ത് ലോബികൾ, മുതൽ പുരാവസ്തു തട്ടിപ്പുവരെ നിർബാധം നടക്കുന്ന കേരളം……ഇവിടെ ആരും ശിക്ഷിക്കപ്പെടുന്നില്ല. നഷ്ടപ്പെടുന്നത് സാധാരണക്കാരനായ ഗതിയില്ലാത്ത മലയാളിയുടെ രക്ഷപ്പെടാനുള്ള വെമ്പലനിടയിൽ പെട്ടുപോകുന്ന ഹതഭാഗ്യരുടെ കടം മേടിച്ചതും ലോണെടുത്തും പണയം വെച്ച തുമായ കണ്ണീരിന്റെയും വിയർപ്പിനെയും ആകത്തുകയായ ഒരുപിടി വിതുമ്പലുകൾ മാത്രം…

എത്രയും വേഗം സംസ്ഥാനത്തിന് പുറത്തുപോയി പഠിക്കുവാനും ജോലി ലഭിക്കുവാൻ വേണ്ടി ചെറുപ്പത്തിലേ തുടങ്ങുന്ന പരിശീലനം…. 43 ലക്ഷം യുവജനങ്ങൾ തൊഴിലന്വേഷിച്ച് തെക്കോട്ടും വടക്കോട്ടും നടക്കുന്ന കേരളം…. ഉള്ളതെല്ലാം കൊടികുത്തി പൂട്ടിക്കുകയും അടപ്പിക്കുകയും ചെയ്യുന്ന സാംസ്കാരിക സാക്ഷര കേരളം…. അങ്ങനെ അടപ്പിച്ചവരെ വീണ്ടും ജയിപ്പിച്ചു വിട്ടു അഞ്ചുവർഷം തെറി പറഞ്ഞ് സായൂജ്യമടയുന്ന വോട്ടർമാരുള്ള പ്രബുദ്ധ കേരളം… അധ്വാനിക്കാൻ തയ്യാറായ ബംഗാളി കൈനിറയെ കാശ് വാരി ജീവിക്കുന്ന കേരളം.. അത് നോക്കി നിൽക്കുന്ന മലയാളിയും, നോക്കുകൂലി മേടിക്കുന്ന മലയാളിയായ അധ്വാനിക്കുന്ന ജനവിഭാഗവും ഇവിടെത്തന്നെയുണ്ട്…..
13 ഉപദേശിമാർ ഉണ്ട് എങ്കിലും പലതും ഇതുവരെ ശ്രദ്ധയിൽ പോലും പെടാത്ത മുഖ്യമന്ത്രി ഉള്ളനാട്……കക്കുകയും മുക്കുകയും ചെയ്തു ജയിലിൽ പോയവനുവരെ പ്രതിമയുണ്ടാക്കി പൂജിക്കുന്ന നാട് കേരളം… മലയാളിക്ക് വെച്ചുനീട്ടിയ നാൽപതിനായിരത്തോളം തൊഴിലവസരവും വല്ലവനും ഫ്ലൈറ്റ് അയച്ചു കയറ്റി കൊണ്ടു പോകുന്ന സാക്ഷര കേരളം… ‘പോണാൽ പോകട്ടും പോടാ’ എന്ന് ജനപ്രതിനിധി… ഉള്ളതും കൂടി പൂട്ടിക്കും എന്ന് തിരഞ്ഞെടുത്ത എംഎൽഎ…. അതെ നമ്മുടെ സാക്ഷരകേരളം പൊളിയാണ് സൂർത്തുക്കളെ… പൊളിയാണ്..!

വാക്സിന് പണം ഇല്ല എന്ന് പറഞ്ഞ് 800 കോടി ദരിദ്ര നാരായണന്മാരുടെ ചട്ടിയിൽ നിന്ന് വാങ്ങിയിട്ട് പണംകൊടുത്തു വാക്സിൻ എടുത്ത പ്രബുദ്ധ കേരളം….!സ്കൂൾ ബസ് നന്നാക്കാൻ പണമില്ല എന്ന് പറഞ്ഞ് തെണ്ടുന്ന പ്രബുദ്ധകേരളം….!ഊരിപ്പിടിച്ച വാളിന് ഇടയിലൂടെ നടന്നു പോയവർക്ക് എസ്കോർട്ട് പോകുവാൻ 25 ൽ കൂടുതൽ കാറുകൾ ഉള്ള കേരളം….!
ഇവിടെ എങ്ങനെയും പണമുണ്ടാക്കുക. ആരെ കമത്തി അടിച്ചാലും കാശു വാരണം എന്നുമാത്രം… അതിന്റെ കൂടെ അല്പം കൂടെ ബുദ്ധി ഉപയോഗിച്ചാൽ അഴി എണ്ണാതെയും ജീവിക്കാം. മൂന്നു പാർട്ടിയിലെയും ആരെയെങ്കിലുമൊക്കെ ചാക്കിൽ ആക്കിയാൽ മതി….. മേമ്പൊടിക്ക് കുറച്ച് ഏമാന്മാരെയും…!
ഒന്നും ഉല്പാദിപ്പിക്കാതെ വെറുതെ നാക്കുകൊണ്ട് ജീവിക്കുന്നവൻ മലയാളി…. അരിയും പച്ചക്കറിയും തുണിയും മണിയും എല്ലാം പുറത്തുനിന്ന് വരണം. ഒരു കറിവേപ്പ് പോലും വെച്ചുപിടിപ്പിക്കാൻ ആൾക്കാർക്ക് മനസ്സില്ല. ഗുരുതരമായ വിഷം അടിച്ച പച്ചക്കറികളും ധാന്യങ്ങളും മാംസവും മത്സ്യവും വാങ്ങി വിഴുങ്ങിയിട്ട് പ്രബുദ്ധ മലയാളി ക്യാൻസർ പിടിച്ച് തെക്കോട്ടും വടക്കോട്ടും നടക്കുന്ന നാട് കേരളം….
കൃഷി ഇല്ല എങ്കിലും കൃഷി വകുപ്പ് ഉണ്ട്…
നീതിന്യായ വകുപ്പും പോലീസും ഉണ്ടെങ്കിലും നീതിയും ന്യായവും എല്ലാം പണമുള്ളവന് മാത്രം…..
കേരളത്തിന്റെ ആകെയുള്ള വികസനം മൂന്ന് മേഖലകളിലാണ്. കള്ളു കച്ചവടം… ബ്ലേഡ് കമ്പനി… ഹോസ്പിറ്റൽ… വിഷം ഉള്ളതെല്ലാം വാങ്ങിത്തിന്നു കള്ളും കുടിച്ച് രോഗി ആകുമ്പോൾ ചികിത്സിക്കണം. അതിന് കടവും മേടിച്ച് ബാക്കിയുള്ളത് ബ്ലേഡ് കമ്പനിയിൽ കൊണ്ടുവെച്ച് നേരെ ഹോസ്പിറ്റലിലേക്ക് ഒരു ഓട്ടം ആണ്. ഒരു സാധാരണ മലയാളിയുടെ ജീവിതം ഇതോടുകൂടി തീരുന്നു…..

കള്ളനെയും കൊള്ളക്കാരെയും ആഭാസനെയും നേതാവായി തിരഞ്ഞെടുത്തു അവരിൽനിന്ന് പുണ്യപ്രവർത്തി ആഗ്രഹിക്കുന്നവർ മലയാളി… തങ്ങളെ പറ്റിച്ച കാശുകൊണ്ട് മുതലാളി ആയവനെ കാണുമ്പോൾ ഭവ്യതയോടെ ഓച്ചാനിച്ച് നിൽക്കുന്നവൻ മലയാളി….
നേരെ ചൊവ്വേ ടാക്സ് പോലും കൊടുക്കാതെ കള്ളപ്പണം ഇട്ട് കളിക്കുകയും ബിനാമി ഇൻവെസ്റ്റ് ചെയ്യുകയും ചെയ്തു നടക്കുന്ന മഹാ നടീനടന്മാരെ കാണുമ്പോൾ ഓട്ടോഗ്രാഫിനായി ക്യൂ നിൽക്കുന്ന പ്രബുദ്ധ മലയാളി…..

അതെ പറ്റിക്കപ്പെടാൻ മാത്രം, ചതിക്കപ്പെടാൻ മാത്രം, നാടുവിട്ടു പോകുവാൻ മാത്രം, എത്ര കൊണ്ടാലും പഠിക്കുവാൻ കഴിയാത്ത, പൊങ്ങച്ചത്തിനും വീര വാദത്തിനും ആർഭാടത്തിനും കാശ് ഇറക്കുവാൻ മടിയില്ലാത്തവൻ മലയാളി….! ചതിയൻമാരും, സ്ത്രീലമ്പടന്മാരും എവിടെയെങ്കിലും കയ്യിട്ടുവാരാൻ ഉണ്ടോ എന്ന് നോക്കി നടക്കുന്ന നാലാംകിട രാഷ്ട്രീയക്കാരെയും, ആദർശം തൊട്ടുതീണ്ടിയിട്ടില്ലാത്ത സിനിമാനടന്മാരെയും, മതത്തിന്റെ അടിസ്ഥാനതത്വങ്ങൾ പോലും പ്രയോഗിക്കാത്ത മത നേതാക്കന്മാരെയും താങ്ങി പിടിച്ചു കൊണ്ട് നടക്കുന്ന പ്രബുദ്ധ വിദ്യാസമ്പന്നരും, എത്ര കൊണ്ടാലും പഠിക്കാത്ത ഒരു സമൂഹമേ…. ഹാ…. നിന്റെ പേരോ പ്രബുദ്ധ മലയാളി….!!

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.