ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും വിതച്ച ദുരിതത്തെ മറികടക്കാന്‍ രക്ഷാപ്രവര്‍ത്തനം ശക്തമാക്കിയെങ്കിലും മഴ കനത്തു തന്നെ തുടരുന്നത് വലിയ പ്രതിസന്ധിയാവുന്നു. മലബാറിലെ ജില്ലകളിലെല്ലാം കഴിഞ്ഞ ദിവസങ്ങളിലെ പോലെ തന്നെ മഴ തുടരുകയാണ്. അതിനിടെ കഴിഞ്ഞ രണ്ടു ദിവസത്തിനിടെ മരിച്ചവരുടെ എണ്ണം 43 ആയി.
വെള്ളിയാഴ്ച മാത്രം കേരളത്തില്‍ 32 പേരാണ് മരിച്ചത്. 7 പേരെ കാണാതായതായി റിപോര്‍ട്ടുണ്ട്. 27 പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. വയനാട് പുത്തുമലയിലും മലപ്പുറം കവളപ്പാറയിലും ഉരുള്‍പൊട്ടലില്‍ കാണാതായ നിരവധി പേരെ ഇനിയും കണ്ടെത്താനുണ്ട്. മലപ്പുറത്തും കോഴിക്കോട്ടും പത്തു പേര് വീതവും വയനാട്ടില്‍ ഒന്‍പതു പേരുമാണ് മരിച്ചത്. മറ്റു ജില്ലകളിലായി 14 പേരുമാണ് മരിച്ചത്.
അതിനിടെ കവളപ്പാറയില്‍ വീണ്ടും ഉരുള്‍പ്പൊട്ടി. രക്ഷാപ്രവര്ത്തനത്തിനിടേയാണ് ഉരുള്‍പൊട്ടിയത്. ആര്‍ക്കും പരുക്കില്ലെന്ന് മലപ്പുറം പൊലിസ് സൂപ്രണ്ട് അറിയിച്ചു. ഇതോടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വീണ്ടും തടസ്സം നേരിട്ടിരിക്കുകയാണ്. രണ്ട് ദിവസത്തിന് ശേഷം വൈകിത്തുടങ്ങിയ രക്ഷാപ്രവര്‍ത്തനത്തിനാണ് തടസ്സം നേരിട്ടിരിക്കുന്നത്.
ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ഇന്ന് (10.8.2019) വൈകുന്നേരം മൂന്നു മണിക്ക് തുറക്കുമെന്ന് വയനാട് ജില്ലാ കലക്ടര്‍ അറിയിച്ചു.
ഏഴ് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, ഇടുക്കി, എറണാകുളം ജില്ലകളിലാണ് റെഡ് അലര്‍ട്ട്.
ദുരന്തംവിതച്ച വയനാടും മലപ്പുറവും സന്ദര്‍ശിക്കാന്‍ നാളെ വൈകുന്നേരത്തോടെ രാഹുല്‍ ഗാന്ധി എത്തുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി. രാഹുല്‍ഗാന്ധിയുടെ മണ്ഡലം ഉള്‍പ്പെടുന്ന മലപ്പുറം, വയനാട് കളക്ട്രേറ്റുകള്‍ കേന്ദ്രീകരിച്ചായിരിക്കും പ്രവര്‍ത്തനം.
രക്ഷാപ്രവര്‍ത്തനം ദുഷ്കരമായ സാഹചര്യത്തില്‍ പുത്തുമലയിലേക്ക് നാവികസേനയും എത്തുമെന്ന് അറിയിച്ചു. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി നാവികസേനയുടെ ഹെലികോപ്റ്റര്‍ 12.30ന് ബത്തേരി സെന്റ് മേരീസ് കോളജ് മൈതാനത്തെത്തും. പുത്തുമല പച്ചക്കാട് മേഖലയില്‍ ഒറ്റപ്പെട്ടു കഴിയുന്നവരെ ഹെലികോപ്റ്റര്‍ വഴി രക്ഷപ്പെടുത്താനുള്ള സാധ്യതയും ജില്ലാ ഭരണകൂടം പരിശോധിക്കുന്നുണ്ട്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളാ തീരത്ത് പടിഞ്ഞാറന്‍ ദിശയില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്. ഉരുള്‍പൊട്ടല്‍ ഭീതിവിതച്ച കവളപ്പാറയിലും പുത്തുമലയിലും തിരച്ചില്‍ പുനരാരംഭിക്കാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍. പുതുതുമലയിലും കവളപ്പാറയിലും ഇപ്പോഴും മഴ പെയ്തുകൊണ്ടിരിക്കുകയാണ്. കവളപ്പാറയില്‍ രക്ഷാദൗത്യത്തിന് സൈന്യവുമിറങ്ങും. കോട്ടക്കുന്നില്‍ തിരച്ചില്‍ ഇന്നും തുടരും. ഈ ജില്ലകളില്‍ അതിതീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
താമരശ്ശേരി ചുരത്തില്‍ ഭാരവാഹന ഗതാഗതം നിരോധിച്ചു. രാത്രി 12 മുതല്‍ രാവിലെ 6 വരെ വാഹന ഗതാഗതവും അനുവദിക്കില്ല. കോഴിക്കോട് കണ്ണാടിക്കല്‍, തടമ്ബാട്ട് താഴം, മാനാരി,തിരുവണ്ണൂര്‍ എന്നിവിടങ്ങളില്‍ വെള്ളം കയറി. കക്കയം ഡാം തുറന്നതോടെ കടിയങ്ങാട് പാലം, പള്ളിയത്ത് തുരുത്ത് എന്നിവിടങ്ങളിലും വെള്ളം കയറി. ബാണാസുര സാഗര്‍ അണക്കെട്ട് ഇന്ന് തുറക്കും. സമീപത്തുള്ളവര്‍ രാവിലെ 7:30ന് മുമ്ബ് ജനങ്ങള്‍ ഒഴിയണമെന്ന് നിര്‍ദേശം. സംസ്ഥാനത്ത് 929 ദുരിതാശ്വാസ ക്യാംപുകളില്‍ 23,891 കുടുംബങ്ങളില്‍നിന്നായി 93,088 പേരാണ് കഴിയുന്നത്.
ആവശ്യമെങ്കില്‍ ഇനിയും ക്യാംപുകള്‍ തുറക്കാനുള്ള സജ്ജീകരണത്തിലാണ് അധികൃതര്‍. 12 ദേശീയ ദുരന്ത പ്രതികരണ സേനാ യൂനിറ്റുകളെ വിന്യസിച്ചിട്ടുണ്ട്. മലപ്പുറം- 2, വയനാട്- 3, പത്തനംതിട്ട- 1, തൃശ്ശൂര്‍- 1, കോഴിക്കോട്- 1, ഇടുക്കി- 1 എന്നിങ്ങനെയാണ് സേനാവിന്യാസം. ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളില്‍ ആര്‍മി യൂനിറ്റുകളെ വിന്യസിച്ചിരിക്കുകയാണ്.
എന്നാല്‍ പേമാരിയുടെ ശക്തി കുറയുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. തെക്കന്‍ കേരളത്തില്‍ ശനിയാഴ്ച മുതല്‍ മഴയുടെ ശക്തി കാര്യമായി കുറയും. പ്രളയ സാഹചര്യം മുന്നില്‍ നില്ക്കുന്നതിനാല് സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന അലര്‍ട്ടുകള്‍ പാലിക്കണമെന്നും ഇന്ത്യന്‍ കാലാവസ്ഥാ കേന്ദ്രം മേധാവി ഡോ.എം.മഹാപത്ര വ്യക്തമാക്കി. അതേസമയം, കേരളത്തില്‍ ഏഴ് ജില്ലകളില്‍ ഇന്നും റെഡ് അലര്‍ട്ട് തുടരും.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.