പെന്തക്കൊസ്തിൽ അന്യമതസ്ഥർ ആളാകേണ്ട, അതിനു ഞങ്ങൾ സമ്മതിക്കില്ല.

പെന്തക്കൊസ്തിൽ അന്യമതസ്ഥർ ആളാകേണ്ട, അതിനു ഞങ്ങൾ സമ്മതിക്കില്ല.
January 27 11:39 2020 Print This Article

  ആദ്യം തന്നെ എന്നെ പരിചയപ്പെടുത്തട്ടെ! ഞാൻ മനു ജോസഫ്. ഒരു കാത്തലിക്ക് വിശ്വാസി, കഴിഞ്ഞ 17 വർഷമായി ആസ്ട്രേലിയയിൽ താമസിക്കുന്നു. കഴിഞ്ഞദിവസം മലയാളി പെന്തിക്കോസ്  ഫ്രീ തിങ്കേഴ്‌സ് എന്ന ഗ്രൂപ്പിൽ ( ആരോ എന്നെ / എന്റെ വൈഫിന്റെ FB ഐഡി / ഇതിൽ ചേർത്തതുകൊണ്ട് ഞാനും വർഷങ്ങളായി ഈ ഗ്രൂപ്പിലെ അംഗമാണ്) ‘ലണ്ടനിലെ മണ്ടൻ’ എന്ന തലക്കെട്ടിൽ വന്ന ഒരു കുറിപ്പ് വായിക്കുകയും അതിന് കാരണമായി ചേർത്തിരിക്കുന്ന പടയാളി ഓൺ ലൈൻ വെബ് പോർട്ടലിൽ ” പാസ്റ്റർ ഷമീറിനെ ഓർക്കുമ്പോൾ ചില സത്യങ്ങൾ തുറന്നുപറയേണ്ടി വരുന്നു” എന്ന തലക്കെട്ടിൽ വന്ന ലേഖനവുമാണ് എന്റെ ഈ ചിന്തക്ക് ആധാരം.

തുടക്കത്തിലേ പറയട്ടെ. ഞാൻ അയാളുടെ ആരാധകനോ, അയാളെ ഇന്നുവരെ നേരിട്ടു കാണുകയോ, സംസാരിക്കുകയോ ചെയ്തിട്ടില്ല. പക്ഷേ കഴിഞ്ഞചില നാളുകൾ സോഷ്യൽ മീഡിയ അയാളെ വളഞ്ഞിട്ടു ആക്രമിക്കുന്നത് കണ്ടപ്പോൾ അയാളോട് എന്തിന് ഇവർ ഇങ്ങനെ ചെയ്യുന്നു എന്ന് പലരോടും ഒരു അന്വേഷണം നടത്തി. ഇപ്പോൾ അയാളെ ഞാൻ ഫോളോ ചെയ്യുന്നുമുണ്ട്.

എന്റെ ചോദ്യം ഷമീർ കൊല്ലം ഒരു തുലുക്കൻ ( മുസ്‌ലിം ) ആയതാണോ പെന്തിക്കൊസുകാരേ നിങ്ങളുടെ ഈ രോക്ഷത്തിന് കാരണം? അയാളുടെ പച്ച മാസം കടിച്ചുകീറി തിന്നുവാനും ചുടുരക്തം ഊറി കുടിക്കുവാനും ചുറ്റും നിന്നു കൂട്ടമായി ആക്രമിക്കുന്ന ഒരു കൂട്ടം പെന്തിക്കോസ് ചെന്നായ്ക്കളെയാണ് ഈ ദിവസങ്ങളിൽ ഞാൻ ഉൾപ്പെട്ടുനിൽക്കുന്ന മലയാളി പെന്തിക്കോസ് ഫ്രീ തിങ്കേഴ്‌സ് ഉൾപ്പടെയുള്ള സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ കണ്ടുവരുന്നത്.

നാഴികയ്ക്കു നാല്പതുവട്ടം ” കിസ്‌തുവില്‍ ആയിരിക്കുന്നവന്‍ പുതിയ സൃഷ്‌ടിയാണ്‌. പഴയതു കടന്നുപോയി. ഇതാ, പുതിയതു വന്നുകഴിഞ്ഞു.” (2 കോറിന്തോസ് 5) പറയുന്ന പെന്തിക്കൊസുകാരെ നിങ്ങളുടെ നടുവിൽ അല്ലേ ഏറ്റവും വലിയ ജാതി, മത, വർണ്ണ ചേരിത്തിരിവ് ?

“പണ്ട് ചില കൊക്കുകൾ ചേർന്ന് ഒരു കാക്കയെ വെള്ള പെയിന്റ് അടിച്ചു വിട്ടു. കാക്ക നോക്കിയപ്പോൾ തന്റെ കൂടെയുള്ളവരെല്ലാം കറുത്ത നിറമുള്ളവർ. അതുകൊണ്ട് കാക്ക പറന്നു കൊക്കുകളുടെ കൂടെ പോയിരുന്നു. കൊക്കുകൾക്കും കാക്കയ്ക്കും സന്തോഷമായി. എല്ലാവരും ഒരേ നിറക്കാർ. എന്നാൽ ചില കൊക്കുകളുടെ ചിറകിനടിയിൽ കറുത്ത നിറം കണ്ടു കാക്ക ചോദിച്ചു, എന്തേ നിങ്ങളിൽ ചിലരുടെ ചിറകിനടിയിൽ കറുത്തനിറം? കൊക്കുകൾ പറഞ്ഞു നീ മിണ്ടാതെ കൂടെ നടന്നാൽ നല്ലത് ഇല്ലെങ്കിൽ നിന്നെ ഞങ്ങൾ കൊത്തിപ്പറിക്കും….. സത്യം പറഞ്ഞാൽ വെളുത്ത കാക്കക്കു കാര്യം പിടികിട്ടിയില്ല.”

എട്ടുവീട്ടിൽ പിള്ളമാരും പകലോമറ്റം കുടുംബക്കാരും ഉന്നതകുലജാതരും അരങ്ങുതകർക്കുന്ന ഐപിസി എന്ന പെന്തിക്കോസ് സമൂഹത്തിലേക്ക് കാലെടുത്തുവെച്ചത് ആണോ ഷമീർ ചെയ്ത ദോഷം ? കേരളത്തിൽ പെന്തിക്കോസ് ആത്മീയതയുടെ മൊത്ത കച്ചവടക്കാരായ ഐപിസി യിലും അസംബ്ലി ഓഫ് ഗോഡിലും, ചർച്ചോഫ് ഗോഡിലും ഉള്ള തമ്പ്രാക്കൾ ഒരു മുസ്ലിം കുടുംബത്തിൽ നിന്നു വന്ന ഷമീറിനെ തീണ്ടാപ്പാടകലെ നിർത്തി ആത്മീയതയുടെ പുറം പണിയും ബ്രിട്ടീഷുകാരുടെ കാലത്തു ഇന്ത്യക്കാരെക്കൊണ്ട് അവരുടെ ഷൂ നക്കി തുടപ്പിച്ചപോലെ നിങ്ങളും ചെയ്യിക്കുവാൻ ആഗ്രഹിച്ചു. എന്നാൽ ഷമീർ തനതായ ഒരു വഴിത്താര വെട്ടി തമ്പുരാക്കന്മാരുടെ നടുമുറ്റത്തേക്കു ആൽമികതയുടെ അനൗചിത്യങ്ങളെ ചോദ്യം ചെയ്തുകൊണ്ട് കുന്തങ്ങളിൽ തീപ്പന്തങ്ങൾ വെച്ചുകെട്ടി എയ്തുവിട്ട് അവരെ കടുത്ത സമ്മർദ്ദത്തിലാക്കി. തമ്പ്രാക്കന്മാർ ഒത്തുകൂടി അവർ ചെയ്യാൻ ആഗ്രഹിച്ച പിണി മറ്റുചില ആളുകളെ കൂലിക്കെടുത്തു ഷമീറിന്റെ കുതികാൽവെട്ടി ഒതുക്കുവാൻ ആവുന്നത്ര ശ്രമിച്ചു.

ആൽമീയ നാട്ടുരാജാക്കന്മാരുടെ അകത്തളങ്ങളിൽ മുസ്ലീം ആയ ഷമീർ എന്ന നിഷേധിയും പുറം ജാതിക്കാരനും ആയവനെ എങ്ങനെ ഒതുക്കണം, തളക്കണം എന്ന ചർച്ച സജീവമായി. അതിന്റെ ഫലമായാണ് കേരളത്തിലെ പ്രശസ്തമായ ഇന്ത്യൻ പെന്തക്കോസ് സമൂഹത്തിന്റെ കുമ്പനാട് ആനുവൽ കൺവെൻഷനിൽ ഈ സമൂഹത്തിന്റെ പ്രമുഖൻ ഷിബു നെടുവേലി സഖാവ് ഷമീർ കൊല്ലത്തിനെതിരെ രേഖയെഴുതി അതിന്റെ അന്നത്തെ പ്രധാനിയായിരുന്ന ജേക്കബ് ജോണിനു കൈമാറി. പ്രധാനി പരസ്യമായി ഷമീറിനെ പൊതുവേദികളിൽനിന്നു മുടക്കിയിരിക്കുന്നു എന്ന് കല്പന പുറപ്പെടുവിച്ചു. കഥയിൽ ചോദ്യങ്ങളില്ല എന്നതുപോലെ ആത്മീയത്തിലും ചോദ്യങ്ങൾ ചോദിക്കാൻ പാടില്ല എന്നുള്ളത് വരുത്തനായ മാർഗ്ഗം കൂടിയ ഷമീർ കൊല്ലം അറിഞ്ഞില്ല പോലും…..

വർണ്ണവിവേചനവും, ജാതിയുടെ മേൽക്കോയ്മയും പല നിറങ്ങളുടെ ആന്തരിക ചേരിത്തിരിവും പെന്തിക്കോസിൽ ഉണ്ടെന്നുള്ളത് പകൽപോലെ സത്യം. മതപരിവര്‍ത്തനം നടത്തി പെന്തിക്കോസ് സഭകളിലെത്തിയവരില്‍ 73.89 ശതമാനവും സഭയ്ക്കകത്ത് ജാതി വിവേചനം നേരിടുന്നുണ്ടെന്നാണ് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ റിപ്പോർട്ട്. സുറിയാനി എന്ന സവര്‍ണ്ണ ക്രിസ്ത്യാനി ഭീകരജീവിയുമായി ഇന്നും ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്നത്‌ ദളിതരായ അവർണ്ണ ക്രിസ്ത്യാനികളാണ്.

കവലകളിൽ നിന്നു, മദ്യത്തിനും മയക്കുമരുന്നിനുമെതിരെ സംസാരിക്കുകയും ക്രിസ്തുവിലൂടെ ഇതിനെല്ലാം ഒരു പരിഹാരം ഉണ്ടെന്ന് പരസ്യമായി ബൈബിൾ വചനം വിളിച്ചു പറയുകയും ചെയ്ത ആ ഉണക്ക മനുഷ്യനെ സാധാരണ ജനങ്ങൾ നെഞ്ചിലേറ്റി. ഹൃദയപൂർവ്വം വിശ്വാസികൾ കൊടുത്ത നന്മകൾ, താനും തന്റെ കൂടെയുള്ളവരും പങ്കിട്ടെടുത്തു. നാളിതുവരെയും തന്റെ പ്രൊജക്റ്റിനു വേണ്ടി പണം മുടക്കണം എന്ന് പറഞ്ഞ് ഒരു രൂപ പോലും ആരോടും പിരിച്ചിട്ടില്ല എന്നുള്ള ശ്രദ്ധേയമായ കാര്യം. തന്റെ ആത്മീയ യാത്രയിൽ ആദ്യനാളുകളിൽ കർക്കശമായ തന്റെ മത ആചാര്യന്മാരെയും ആളുകളെയും പേടിച്ച് ഒളിച്ചു പാർത്തു. ജീവനെ ഭയന്ന് താൻ പലയിടത്തും മാറിമാറി നിന്നു. അതിനാൽ അത്രയും ആത്മീക തീക്ഷ്ണതയോടെ ഈ വിശ്വാസത്തിലേക്ക് വന്നിട്ട്, ഇവിടെ കണ്ട ദുരനുഭവങ്ങൾ അദ്ദേഹത്തെ ആത്മീയ ശൗര്യം ഉള്ളവൻ ആക്കി. അങ്ങനെ അദ്ദേഹം കണ്ട കൈപ്പേറിയ സത്യങ്ങൾ പൊതുജനമധ്യത്തിൽ വിളിച്ചുപറഞ്ഞു. വെള്ള തേച്ച ശവക്കല്ലറകൾ അതുകേട്ട് ഹാലിളകി..

നിങ്ങൾ എന്തിനു ദേശമെല്ലാം നടന്നു അന്യമതസ്ഥരെ പെന്തിക്കോസിൽ ചേർക്കുന്നു? അവനെ അകത്തു കൊണ്ടുപോയി അടിച്ചു ഒതുക്കാനാണോ..? അതോ അടിമകളാക്കി മേലാളന്മാരുടെ കാൽ കഴുകിപ്പിക്കാനോ ? കഴിവുള്ളവരെ വളർത്താൻ കഴിയില്ല എങ്കിൽ കൂട്ടത്തിൽ ചേർക്കാൻ പോകരുത്. അല്ലാ എങ്കിൽ തുടക്കത്തിലേ പറയുക, ‘നിങ്ങൾ ഒരു വിശ്വാസി ആയി മിണ്ടാതെ ഇരുന്നുകൊള്ളണം’ എന്ന്. ഷമീർ കൊല്ലത്തിനു ഒരു ചെറിയ കുറവ് പറ്റിയാൽ ചേർത്തുപിടിച്ചു നന്മയിലേക്ക് കൂട്ടിക്കൊണ്ടു പോകേണ്ടതിനു പകരം ഇത്രയും അപമാനിക്കുവാൻ മാത്രം എന്തുണ്ടായി ? ഇതൊക്കെ കാണുന്ന ഒരു സാധാരണക്കാരന് മനസ്സിലാവുന്നത് ‘അതിപരിശുദ്ധരുടെ കുട്ടം ആണ് ഈ പെന്തിക്കോസ് എന്നത്. ” തന്റെ ഭാര്യയെ ബലാത്സംഗം ചെയ്തു” എന്ന് അവരുടെ ഭർത്താവ് സ്വന്തം കൈപ്പടയിൽ എഴുതിയ കത്ത് കുറച്ചുനാൾ മുൻപ് സോഷ്യൽ മീഡിയകളിൽ കാണുകയുണ്ടായി. കുറ്റാരോപിതൻ ഷമീർ ഉൾപ്പെട്ടു നിൽക്കുന്ന സമൂഹത്തിലെ ഒരു വല്യ മുതലാളി പ്രമുഖൻ ആണ് എന്ന അറിവ് എന്നെ ഞട്ടിച്ചുകളഞ്ഞു. എന്തുകൊണ്ടു MPFT അദ്ദേഹതിനെതിരെ ഒരു വാക്ക് എഴുതിയില്ല ? ഓ സോറി, അദ്ദേഹം ഉന്നതകുലജാതനായ സുറിയാനി ക്രിസ്‌ത്യാനി ആണല്ലോ…??

” ഹേറോദേസ്‌ അവന്റെ സഹോദരനായ ഫിലിപ്പോസിന്റെ ഭാര്യയെ സ്വന്തമാക്കിയത് നിയമാനുസൃതമല്ല എന്നു വിളിച്ചുപറഞ്ഞ സ്നാപക യോഹന്നാനെ ബന്‌ധിച്ചു കാരാഗൃഹത്തില്‍ അടച്ചു. ഹേറോദേസിന്‌ അവനെ വധിക്കണമെന്നുണ്ടായിരുന്നു. എങ്കിലും അവന്‍ ജനങ്ങളെ ഭയപ്പെട്ടു. എന്തെന്നാൽ അവര്‍ യോഹന്നാനെ പ്രവാചകനായി പരിഗണിച്ചിരുന്നു.
ഹേറോദേസിന്റെ ജന്‍മദിനത്തില്‍ ഹേറോദിയായുടെ പുത്രി രാജസദസ്‌സില്‍ നൃത്തംചെയ്‌ത്‌ അവനെ സന്തോഷിപ്പിച്ചു.തന്‍മൂലം അവള്‍ ചോദിക്കുന്നതെന്തും നല്‍കാമെന്നു രാജാവ്‌ അവളോട്‌ ആണയിട്ടു വാഗ്‌ദാനം ചെയ്‌തു.അവള്‍ അമ്മയുടെ നിര്‍ദേശമനുസരിച്ചു പറഞ്ഞു: സ്‌നാപകയോഹന്നാന്റെ ശിരസ്‌സ്‌ ഒരു തളികയില്‍വച്ച്‌ എനിക്കു തരുക.രാജാവു ദുഃഖിതനായി; എങ്കിലും തന്റെ ശപഥത്തെയും അതിഥികളെയും പരിഗണിച്ച്‌ അത്‌ അവള്‍ക്ക്‌ നല്‍കാന്‍ അവന്‍ ആജ്‌ഞാപിച്ചു.അവന്‍ കാരാഗൃഹത്തില്‍ ആളയച്ച്‌ യോഹന്നാന്റെ തല വെട്ടിയെടുത്തു.അത്‌ ഒരു തളികയില്‍വച്ചു പെണ്‍കുട്ടിക്കു നല്‍കി. അവള്‍ അത്‌ അമ്മയുടെ അടുത്തേക്കുകൊണ്ടുപോയി കൊടുത്തു.” ഇത് ഒരു ബൈബിൾ ചരിത്രം. ഇതു തന്നെയല്ലേ പെന്തിക്കോസുകാരെ നിങ്ങളുടെ ഇടയിലും നടക്കുന്നത്. പെന്തിക്കോസിലെ മേലാളന്മാരായ നേതാക്കൾ കാണിക്കുന്ന അന്യായങ്ങളെ ചോദ്യം ചെയ്‌തതിനാൽ സോഷ്യൽ മീഡിയകളിലെ പോക്രികളെ സന്തോഷിപ്പിച്ചു കൂടെ നിർത്തി. പകരം ഷമീർ കൊല്ലം എന്ന വരുത്തന്റെ തല താലത്തിൽ തരേണമെന്ന് നിങ്ങൾ അവശ്യപ്പെട്ടു. സുറിയാനി മേലാളന്മാരായ പെന്തിക്കോസ് നേതാക്കന്മാർക്ക് വേണ്ടി MPFT പോലുള്ള സൈബർ പോക്രികൾ ഷമീറിന്റെ തല താലത്തിലാക്കാൻ കിണഞ്ഞു പരിശ്രമിക്കുന്നു. ഇതാണ് കഴിഞ്ഞ ചില വർഷങ്ങളായി ഞാൻ MPFT എന്ന സൈബർ ഗ്രൂപ്പിൽ കണ്ടുകൊണ്ടിരിക്കുന്നത്.
പെന്തിക്കോസ് എന്ന് അഭിമാനിക്കുന്ന MPFT എന്ന ഫേസ് ബുക്ക് ഗ്രൂപ്പ് ഇന്നുവരെ ആരെയെങ്കിലും വളർത്തിയ ചരിത്രം ഉണ്ടോ ? എന്നെ അംഗമായി ചേർത്തത്തിനുശേഷം ഇന്നുവരെ ഞാൻ കണ്ടിട്ടില്ല.( അതിനു മുൻപ് അങ്ങനെ ചെയ്തിട്ടുണ്ടങ്കിൽ ക്ഷമിക്കുക) മറിച്ച്‌ പലരെയും കുത്തി മുറിവേൽപ്പിച്ചു ‘നീരട്ട’യെപ്പോലെ രക്തം ഊറി കുടിച്ചു കൊന്നു. ആ ശരീരത്തുനിന്നും ജീവൻ നഷ്ടപ്പെട്ടു എന്നറിഞ്ഞിട്ടും പോസ്റ്റ്‌മോർട്ടം നടത്തുന്നവന്റെ ലാഘവത്തോടെ വെട്ടിക്കീറി കഷണങ്ങൾ ആക്കി അകത്തളത്തിൽ നിങ്ങൾ ആഘോഷിച്ചു. മറ്റൊരു പെന്തിക്കോസ് സമൂഹത്തിന്റെ സഭ ഇലക്ഷനുമായി ബന്ധപ്പെട്ടു MPFT ഗ്രൂപ്പ് അഡ്മിൻസ് തമ്മിൽ പിതൃത്വം തെളിയിക്കാൻ പാടുപെടുന്നത് ഞങ്ങൾ കണ്ടു മൂക്കത്തു വിരൽ വെച്ചുപോയി. പെന്തിക്കോസിനെ ഉദ്ദരിക്കാൻ തുനിഞ്ഞിറങ്ങിയ നിങ്ങളുടെ അത്രയും പോക്രിത്തരം ഷമീർ എന്ന വരുത്തന് ഉണ്ടാകില്ല.
അയാൾക്ക് അൽപ്പം എങ്കിലും ദൈവത്തെ ഭയം ഉണ്ട് എന്നാണ് എന്റെ അന്വേഷണത്തിൽ അറിഞ്ഞ വിലയിരുത്തൽ.

നിറയെ പണ്ഡിത ശിരോമണിമാരും എങ്ങോട്ടു തിരിഞ്ഞാലും തട്ടാതെ നടക്കാൻ കഴിയാത്തവിധത്തിൽ ഡോക്ടർമാരും ( ചുമ്മാ ) ഉള്ള പെന്തിക്കോസീൽ പെന്തിക്കോസ് സമൂഹത്തിനെതിരെ പരസ്യമായി ചില ആക്രമണമുണ്ടായപ്പോൾ മുകളിൽ പറയപ്പെട്ട ആരും തന്നെ ഒരിക്കലും പെന്തിക്കോസിനുവേണ്ടി പ്രതിരോധിക്കുവാൻ അവിടെയെങ്ങും കണ്ടിട്ടില്ല. എന്നാൽ ഈ പറഞ്ഞ പുറം ജാതിക്കാരനായ ഷമീർ മാത്രമേ ഉണ്ടായിരുന്നുള്ളൂ അതിനൊക്കെ. അതുപോലെതന്നെ ദുരുപദേശമെന്നു നിങ്ങൾ പറയുന്ന ചില ബൈബിൾ വിരുദ്ധമായ പഠിപ്പിക്കലുകൾ ഉണ്ടായപ്പോൾ പ്രത്യേകിച്ച് അത് പെന്തിക്കോസിൽ കൊടികുത്തിവാഴുന്ന ചില മുടിചൂടാമന്നന്മാരുടെ അടുക്കൽ പോലും ഒരു ബൈബിൾ കോളേജിലും പഠിച്ചിട്ടില്ലാത്ത ഷമീർ എന്ന വരുത്തൻ പല്ലും നഖവും ഉപയോഗിച്ച് ധൈര്യമായി അവയെ നേരിട്ടു. അതെല്ലാം ധാരാളം പേരെ അലോസരപ്പെടുത്തിയിട്ടുണ്ട് എന്ന് നിസംശയം വിശ്വസിക്കുന്നു.

ഒരു ചിന്തകൂടി പറഞ്ഞു നിർത്തട്ടെ. യേശുവിന്റെ കാലത്തു നിങ്ങൾ പെന്തിക്കൊസുകാരും പെന്തിക്കോസ് സൈബർ ഗ്രൂപ്പ് ആയ MPFT യും ഇല്ലാതിരുന്നത് യേശുവിന്റെ ഭാഗ്യം. അല്ലായിരുന്നെങ്കിൽ കിണറ്റുകരയിൽ ഇരുന്നു ശമര്യാ സ്ത്രീയോട് സംസാരിച്ചതിന് നിങ്ങൾ യേശുവിനെ 10 പ്രാവശ്യമെങ്കിലും ക്രൂശിച്ചേനെ. മാത്രമല്ല മരിച്ചു എന്ന് ഉറപ്പാക്കിയാലും ശവശരീരം പിച്ചി ചീന്തി ചിതറി എറിഞ്ഞേനെ.

(മനു ജോസഫ്. പെർത്ത്, ആസ്‌ട്രേലിയ)

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.