റീനയുടെ സുവിശേഷം! ജാഗ്രതൈ!!

റീനയുടെ സുവിശേഷം! ജാഗ്രതൈ!!
August 03 07:48 2021 Print This Article

റീന അലക്സിന്റെ ദുരുപദേശ ഘോഷണം കേട്ടപ്പോൾ പ്രത്യേകിച്ചു ഒന്നും തോന്നിയില്ല. എന്നാൽ ഇത്തരം ദുരുപദേശങ്ങൾക്കു പിന്നാലെ ഓടികൂടി ഹർഷോന്മാദം പൂണ്ടു പുളകിതരാകുന്ന മന്ദബുദ്ധികളെ കാണുമ്പോൾ എങ്ങനെ പ്രതികരിക്കാതിരിക്കും?

ഉപദേശത്തിൽ അടിസ്ഥാനമില്ലാത്തവർ വേഗത്തിൽ ഇളകിപ്പോകുവാൻ സാധ്യതയുണ്ടു! വിശേഷാൽ പെന്തക്കോസ്തു സഭകളിലെ എട്ടും പൊട്ടും തിരിയാത്ത ശിശുക്കളെ കണ്ണഞ്ചിപ്പിക്കുന്ന കളിക്കോപ്പുകൾ കാട്ടി വഞ്ചിക്കുന്ന കാഴ്ചയാണു ഇവിടെ കാണുന്നതു.

സോഷ്യൽ മീഡിയയിൽ പ്രസ്തുത വനിതയുടെ ദുരുപദേശങ്ങളെ ഹർഷാരവത്തോടെ വരവേൽക്കുന്നവർ ഒന്നു ശ്രദ്ധിക്കുന്നതു നല്ലതാണു. “നാം ഇനി മനുഷ്യരുടെ ചതിയാലും ഉപായത്താലും തെറ്റിച്ചുകളയുന്ന തന്ത്രങ്ങളിൽ കുടുങ്ങിപ്പോകുവാൻ തക്കവണ്ണം ഉപദേശത്തിന്റെ ഓരോ കാറ്റിനാൽ അലഞ്ഞുഴലുന്ന ശിശുക്കൾ ആകരുതു” (എഫെസ്യർ 2:14).

യേശുക്രിസ്തു എന്ന ഇട്ടിരിക്കുന്ന അടിസ്ഥാനമാണു നമുക്കുള്ളതു.ആ അടിസ്ഥാനത്തിന്മേലാണു അപ്പൊസ്തലന്മാരും പ്രവാചകന്മാരും പണിതിരിക്കുന്നതു. അതു നിയമങ്ങളാൽ നമുക്കു വിരോധവും പ്രതികൂലവും ആയിരുന്ന ന്യായപ്രമാണത്തിന്റെ ചട്ടങ്ങളല്ല. എന്തെന്നാൽ“ചട്ടങ്ങളാൽ നമുക്കു വിരോധവും പ്രതികൂലവുമായിരുന്ന കയ്യെഴുത്തു മായിച്ചു ക്രൂശിൽ തറെച്ചു നടുവിൽനിന്നു നീക്കിക്കളഞ്ഞു” (കൊലൊസ്യർ2:14). ‘നടുവിൽ നിന്നു’ നീക്കികളഞ്ഞു എന്നാണു പറഞ്ഞിരിക്കുന്നതു. എന്നു വെച്ചാൽ നമുക്കും ദൈവത്തിനും മദ്ധ്യേ മാർഗ്ഗതടസ്സമായി നിന്നവയെ ക്രൂശിൽ തറെച്ചു മായിച്ചു കളഞ്ഞുയെന്നു വ്യംഗ്യം.

ദൈവം മായിച്ചു കളഞ്ഞതിനെ വീണ്ടും ഏഴുതി ഉണ്ടാക്കുകയോ?? ന്യായപ്രമാണത്തിന്റെ ചട്ടങ്ങൾ എന്നു പറയുമ്പോൾ ശാബ്ബത്താചരണവും അതിൽ ഉൾപ്പെടുമെന്നു പറയേണ്ടതില്ലല്ലോ. ഗലാത്യർ 4:10-11 വാക്യങ്ങളിൽ “നിങ്ങൾ ദിവസങ്ങളും മാസങ്ങളും കാലങ്ങളും ആണ്ടുകളും പ്രമാണിക്കുന്നു. ഞാൻ നിങ്ങൾക്കു വേണ്ടി അദ്ധ്വാനിച്ചതു വെറുതെയായി എന്നു ഞാൻ ഭയപ്പെടുന്നു” എന്നു പൗലൊസ്‌ പറയുന്നു. ന്യായപ്രമാണ കാലങ്ങളിൽ ശാബ്ബത്തു ഉൾപ്പെടെയുള്ള ചട്ടങ്ങളും ഉത്സവങ്ങളും ഒക്കെ ആചരിച്ചിരുന്നതു, വരുവാനിരുന്നവനായ ക്രിസ്തുവിനു നിഴലായിരുന്നു. (കൊലൊസ്സ്യർ 2:17 “ഇവ വരുവാനിരുന്നവയുടെ നിഴലത്രേ; ദേഹം എന്നതോ ക്രിസ്തുവിന്നുള്ളതു). ഇവിടെ പറയുന്നതു ശ്രദ്ധിക്കുക, ദേഹം (ശരീരം) എന്നതോ ക്രിസ്തുവിനുള്ളതു”.എന്താണു ഇതുകൊണ്ടു ഇവിടെ അർത്ഥമാകുന്നതു?

അതായതു, ന്യായപ്രമാണത്തിൽ കാണപ്പെടുന്ന സകല നിഴലുകളുടെയും ദേഹം അഥവാ ശരീരമാണു ക്രിസ്തു. അതുകൊണ്ടു ഭക്ഷണപാനങ്ങൾ സംബന്ധിച്ചോ പെരുനാൾ വാവു ശബ്ബത്ത് എന്നീകാര്യത്തിലോ ആരും നിങ്ങളെ വിധിക്കരുതു. എന്തെന്നാൽ ഇവയെല്ലാം വരുവാനിരുന്നവയുടെ നിഴലായിരുന്നു. അതുകൊണ്ടു തന്നെ മനുഷ്യശരീരത്തിന്റെ നിർവൃതി, സന്തോഷം, സംതൃപ്തി, ആസ്വാദനം, പോഷണം, ശാക്തീകരണം, അനുസരണം എന്നിവയ്ക്കായി ചട്ടങ്ങളും അനുഷ്ഠാനങ്ങളും നിയമിച്ചു കൊടുത്തു. എന്നാൽ ഇവയെല്ലാം വരുവാനുള്ളവനായ ക്രിസ്തുവിന്റെ ശരീരത്തിന്റെ സക്ഷാത്കാരങ്ങൾ മാത്രം ആയിരുന്നു. അതുകൊണ്ടാണു ശരീരമോ ക്രിസ്തുവിനുള്ളതെന്നു പൗലൊസ്‌ പറയുന്നതു.

സഭയാം ശരീരത്തിന്റെ ആവിർഭാവത്തോടുകൂടി ക്രിസ്തുവിൽ സകലവും നിവർത്തിക്കപ്പെട്ടു. ഇന്നു നമ്മുടെ നിർവൃതിയും, സന്തോഷവും, സംതൃപ്തിയും, ആസ്വാദനവും, പോഷണവും, ശാക്തീകരണവും, അനുസരണവും എല്ലാം ക്രിസ്തു കേന്ദ്രീകൃതമാണു. ഗലാത്യർ 5:1 സ്വാതന്ത്ര്യത്തിന്നായിട്ടു ക്രിസ്തു നമ്മെ സ്വതന്ത്രരാക്കി; ആകയാൽ അതിൽ ഉറെച്ചുനില്പിൻ; അടിമനുകത്തിൽ പിന്നെയും കുടുങ്ങിപ്പോകരുതു. 2 കൊരിന്ത്യർ 3:6 അവൻ ഞങ്ങളെ പുതുനിയമത്തിന്റെ ശുശ്രൂഷകന്മാർ ആകുവാൻ പ്രാപ്തരാക്കി; അക്ഷരത്തിന്റെ ശുശ്രൂഷകന്മാരല്ല, ആത്മാവിന്റെ ശുശ്രൂഷകന്മാരത്രേ; അക്ഷരം കൊല്ലുന്നു, ആത്മാവോ ജീവിപ്പിക്കുന്നു. എബ്രായർ 12:24ൽ പുതുനിയമത്തിന്റെ മദ്ധ്യസ്ഥനായ യേശുവിന്നും ഹാബെലിന്റെ രക്തത്തെക്കാൾ ഗുണകരമായി സംസാരിക്കുന്ന പുണ്യാഹരക്തത്തിന്നും അടുക്കലത്രേ നിങ്ങൾ വന്നിരിക്കുന്നതു എന്നു പറയുന്നു.

പുതിയനിയമ വിശ്വാസികൾ ശാബ്ബത്താചരണം ഉൾപ്പെടെയുള്ള ന്യായപ്രമാണത്തിന്റെ ചട്ടങ്ങളിൽ കുടുങ്ങിപ്പോയാൽ അവർ പുതുനിയമത്തിന്റെ മദ്ധ്യസ്ഥനായ ക്രിസ്തുവിനെ വിട്ടിട്ടു കൃപയിൽ നിന്നു വീണു പോയിരിക്കുന്നു. “ന്യായപ്രമാണത്താൽ നീതീകരിക്കപ്പെടുവാൻ ഇച്ഛിക്കുന്ന നിങ്ങൾ ക്രിസ്തുവിനോടു വേറുപെട്ടുപോയി; നിങ്ങൾ കൃപയിൽനിന്നു വീണുപോയി” (ഗലാത്യർ 5:4). ഇങ്ങനെ സംഭവിച്ചുപോയാൽ അതു ഏറ്റവും ഭയാനകമായ അവസ്ഥ ആയിരിക്കും എന്നതു പറയാതിരിക്കുവാൻ തരമില്ല.

ഇനി അപ്പൊസ്തലന്മാർ എന്തുകൊണ്ടു ശാബ്ബത്തുകളിൽ സിനഗോഗുകളിൽ പോയി പ്രസംഗിച്ചു? അപ്പൊസ്തലന്മാർ ഊരുകൾ ചുറ്റി സുവിശേഷ ഘോഷണത്തിനായി യാത്ര ചെയ്തപ്പോൾ, യെഹൂദന്മാരുടെ സിനഗോഗുകളിൽ പോയി പ്രസംഗിക്കുക പതിവായിരുന്നു. അവിടെയെല്ലാം അവരുടെ പ്രസംഗ വിഷയം യെഹൂദന്മാർ കുരിശിൽ തറച്ചു കൊന്ന ക്രിസ്തുവിനെ കുറിച്ചായിരുന്നു. അല്ലാതെ ന്യായപ്രമാണത്തിന്റെ ചട്ടങ്ങളും ആചാരങ്ങളും ആയിരുന്നില്ല അവർ പ്രസംഗിച്ചതു. അങ്ങനെ ആദിമ കാലങ്ങളിൽ അപ്പൊസ്തലന്മാർ ശാബ്ബത്തുകളിൽ സുവുശേഷഘോഷണത്തിനായി യെഹൂദന്മാർക്കുവേണ്ടി സിനഗോഗുകൾ സന്ദർശിച്ചിരുന്നു. അതവർ ചെയ്തതു ശാബ്ബത്തു ആചരിക്കുവാൻ ആയിരുന്നില്ല, പ്രത്യുത അവരോടു സത്യസുവിശേഷം പ്രസംഗിക്കുവാൻ ആയിരുന്നു.

അങ്ങനെ ആദിമ കാലങ്ങളിൽ അപ്പൊസ്തലന്മാർ ശാബ്ബത്തുകളിൽ സുവുശേഷഘോഷണത്തിനായി യെഹൂദന്മാർക്കുവേണ്ടി സിനഗോഗുകൾ സന്ദർശിച്ചിരുന്നു. അതവർ ചെയ്തതു ശാബ്ബത്തു ആചരിക്കുവാൻ വേണ്ടി ആയിരുന്നില്ല, പ്രത്യുത അവരോടു സത്യസുവിശേഷം പ്രസംഗിക്കുവാൻ ആയിരുന്നു. തുയത്തൈരാപട്ടണക്കാരത്തിയും രക്താംബരം വില്ക്കുന്നവളുമായി ലുദിയ എന്നു പേരുള്ള സ്ത്രീ ന്യായപ്രമാണപ്രകാരം ദൈവഭക്ത ആയിരുന്നു. അവളും അവളുടെ കുടുംബവും യേശുക്രിസ്തുവിൽ വിശ്വസിച്ചു സ്നാനം ഏറ്റതു ഒരു ശാബ്ബത്തു ദിവസം പൗലൊസിന്റെ പ്രസംഗം കേട്ടതിനാൽ ആയിരുന്നു എന്നതു ഓർക്കണം (പ്രവൃത്തികൾ 16:14-15).

തെസ്സലൊനിക്യയിൽ എത്തിയപ്പോൾ പൗലൊസ് ‘പതിവുപോലെ’ യെഹൂദന്മാരുടെ സിനഗോഗുകളിൽ ചെന്നു മൂന്നു ശബ്ബത്തിൽ തിരുവെഴുത്തുകളെ ആധാരമാക്കി അവരോടു വാദിച്ചു. ഒന്നാമതു ഇതവരുടെ പതിവായിരുന്നു. എന്തായിരുന്നു അവരുടെ വാദവിഷയം? അതായതു, “ക്രിസ്തു കഷ്ടം അനുഭവിക്കയും മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേല്ക്കയും ചെയ്യേണ്ടതു എന്നും ഞാൻ നിങ്ങളോടു അറിയിക്കുന്ന ഈ യേശുതന്നേ ക്രിസ്തു എന്നും തെളിയിച്ചു വിവരിച്ചുകൊണ്ടിരുന്നു” എന്നാണു അവിടെ എഴുതിയിരിക്കുന്നതു. അല്ലാതെ ശാബ്ബത്തു ആചരിക്കണമെന്നായിരുന്നില്ല പൗലൊസ്‌ അവരോടു പറഞ്ഞതു (പ്രവൃത്തികൾ 17:2-3). ഇനി, പ്രവൃത്തികൾ 18:4 നോക്കുക, “എന്നാൽ ശബ്ബത്ത്തോറും അവൻ (പൗലൊസ്‌ ) പള്ളിയിൽ സംവാദിച്ചു യെഹൂദന്മാരെയും യവനന്മാരെയും സമ്മതിപ്പിച്ചു” എന്നെഴുതിയിരിക്കുന്നു.

ഇതിൽ നിന്നെല്ലാം മനസ്സിലാകുന്നതു എന്താണു? അപ്പൊസ്തലന്മാർ ശാബ്ബത്തു ആചരിച്ചു എന്നാണോ അതോ അവർ ശാബ്ബത്തു നാളുകളിൽ ക്രിസ്തുവിനെ പ്രസംഗിച്ചു എന്നാണോ? ഇവിടെ റീനാ അലക്സ്‌ എന്ന വനിത അൽപജ്ഞാനംകൊണ്ടു നുണകൾ സൃഷ്ടിച്ചു എട്ടും പൊട്ടും തിരിയാത്ത സാധുക്കളെ ന്യായപ്രമാണം അനുസരിക്കുവാൻ പ്രേരിപ്പിക്കുകയാണു ചെയ്യുന്നതു.

റീനാ അലക്സ് എന്ന വനിത വീഡിയോയിലൂടെ പറഞ്ഞുകൂട്ടിയ അബദ്ധങ്ങൾ കാണുക:

1. ശാബ്ബത്തു ആചരിക്കാത്തവർ നിത്യ നരകത്തിൽ പോകും.

2. നിന്നെപ്പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കുക, സഹോദരനോടു കോപിക്കുന്നവൻ കുലപാതകൻ, എന്നുപറഞ്ഞാൽ ലോകത്തിൽ എല്ലാവരെയും സ്നേഹിക്കാനല്ല അതിനർത്ഥം, പിന്നെ നിന്നെ ആരാണോ സഹോദരതുല്യം സ്നേഹിക്കുന്നതു‌ അവനോടു കോപിക്കരുതു എന്നാണു.

3.  ആത്മാവായ ദൈവത്തെ പരിശുദ്ധൻ പരിശുദ്ധൻ എന്നു ആർക്കുമ്പോൾ അതു പരിശുദ്ധാത്മാവു ആകുന്നു. അല്ലാതെ പരിശുദ്ധാത്മാവു എന്നൊന്നില്ല. പിതാവായ ദൈവം ഏകനാണു, ആ ദൈവം പരിശുദ്ധനാണു, ആ ദൈവം ആത്മാവു ആണു, അതുകൊണ്ടാണു പരിശുദ്ധാത്മാവു എന്നു വിളിക്കുന്നതു.

4. കോവിഡ് വാക്സിനേഷൻ എടുത്തവർ നിത്യ നരകത്തിൽ പോകും.

5. എന്റെ പഠിപ്പീരുകൾ, വീഡിയോകൾ നിങ്ങളുടെ ഫേസ് ബുക്കിൽ ഷെയർ ചെയ്താൽ ന്യായവിധിയിൽ ദൈവം അതു നീതിയായി കണക്കിടും.

ഇതാണു റീനയുടെ സുവിശേഷം. ഈ കൊടിയ പിശാചിന്റെ പിടിയിൽ നിന്നും ദൈവജനം ഓടി രക്ഷപ്പെടുകയാണു വേണ്ടതു. റീനയുടെ വീഡിയോക്ലിപ്പു കമന്റു ബോക്സിൽ കൊടുത്തിട്ടുണ്ടു.

മാത്യു തോമസ്

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.