ദ്രവ്യാഗ്രഹത്തിൽ അഭ്യാസം തികഞ്ഞ കപട വേലക്കാരെ സൂക്ഷിക്കുക ഒഴിവാക്കുക .

ദ്രവ്യാഗ്രഹത്തിൽ അഭ്യാസം തികഞ്ഞ കപട വേലക്കാരെ സൂക്ഷിക്കുക ഒഴിവാക്കുക .
January 27 10:37 2020 Print This Article

ദൈവവചനമായ വിശുദ്ധ ബൈബിൾ ഇപ്രകാരം വ്യക്തമാക്കുന്നു . “ദ്രവ്യാഗ്രഹം സകലവിധ ദോഷത്തിനും മൂലമല്ലോ.” (1 തിമോ 6:10 )

ദൈവ വചനമാകുന്ന വിശുദ്ധ ബൈബിളിൽ സകല വിധ ദോഷത്തിനും മൂലം എന്നു പറഞ്ഞിരിക്കുന്ന ഏക പാപം ദ്രവ്യാഗ്രഹം മാത്രമാണ്.

അൽപം കൂടി വ്യക്തമാക്കിയാൽ ദ്രവ്യാഗ്രഹി വളരെ വേഗത്തിൽ എത്ര കൊടിയ (വ്യഭിചാരം മോഷണം, പിടിച്ചുപറി, കൊലപാതകം etc.) പാപത്തിലേക്കും വഴുതി വീഴുവാൻ സാദ്ധ്യതയുണ്ട് എന്ന് എന്നർത്ഥം . മറ്റ് അനേകം പാപങ്ങളിൽ വീണവർ മടങ്ങി വന്നതായി തിരു വചനത്തിൽ രേഖ ഉണ്ട് . എന്നാൽ ദ്രവ്യാഗ്രഹത്തിന്റെ നീർച്ചുഴിയിൽ അകപ്പെട്ട ആരും മടങ്ങി വന്നതായി – കരകയറിയതായി തിരുവചനത്തിൽ ഇല്ല .ഈ കാലത്ത് അനേകം ഇടയൻമാരെ – കർത്യ വേലക്കാരെ കാർന്നുതിന്നു കൊണ്ടിരിക്കുന്ന കൊടിയ പാപമാണ് ദ്രവ്യാഗ്രഹം .

ഇന്ന് കുറച്ചു പേരെങ്കിലും ബൈബിൾ കോളേജിൽ പഠിക്കാൻ പോകുന്നതും ശുശ്രൂഷകരാകുന്നതും എല്ലാം അതു വഴി പ്രതീക്ഷിക്കാവുന്ന ആദായം കൊതിച്ചാണ് എന്നു പറയാതെ വയ്യ .തിരുവചനം അതു വ്യക്തമാക്കുന്നു. ശ്രദ്ധിക്കുക ” അലംഭാവത്തോടു കൂടിയ ദൈവ ഭക്തി വലുതായ ആദായം ആകുന്നു താനും ” ( 1 തീമോ 6:6) . ചുരുക്കം പറഞ്ഞാൽ അലംഭാവത്തോടെ കൗശലത്തോടെ ചെയ്താൽ വലിയ സാമ്പത്തിക നേട്ടം ഉണ്ടാക്കുവാൻ കഴിയുന്ന മാർഗ്ഗം കൂടിയാണ് ഇത് .

കഴിഞ്ഞ ദിവസം എന്റെ സ്നേഹിതനായ പ്രാദേശിക സഭാ ഒരു ശുശ്രൂഷകന് ഉണ്ടായ ഒരു അനുഭവം കുറിക്കട്ടെ . തന്റെ ലോക്കൽ സഭയിലെ ഒരു വീട്ടിൽ നടന്ന ഒരു ഉപവാസ പ്രാർത്ഥനക്ക് അധികം ദൂരത്തു നിന്നല്ലാതെ അല്പം പ്രവചന ശുശ്രൂഷയൊക്കെ നടത്തുന്ന മറ്റൊരു സഭാ ശുശ്രൂഷകനെ താൻ അതിഥിയായി ക്ഷണിക്കുന്നു . മൂന്ന് മണിക്കൂർ ശുശ്രൂഷിച്ച ശേഷം ഭക്ഷണവും കവറിൽ കൈമടക്കും ( ആയിരം രൂപ ) നൽകി വീട്ടുകാർ അതിഥി ശുശ്രുഷകനെ, സന്തോഷത്തോടെ മാന്യമായി യാത്രയാക്കി.

വൈകുന്നുന്നേരമായപ്പോൾ എന്റെ സ്നേഹിതൻ പാസ്റ്റർക്ക്; രാവിലെ വന്ന അതിത്ഥി ശുശ്രൂഷന്റെ വകയായി ഒരു ഫോൺ കോൾ . എടുത്ത ഉടനെ അതിത്ഥിയുടെ വക ഒരു ഉപദേശം . ”പാസ്റ്ററേ വിശ്വാസികളെ പണം കൊടുത്ത് ശീലിപ്പിക്കണം”. കാര്യം തിരക്കിയപ്പോൾ പറയുവാ വിളിച്ച വീട്ടുകാർ ഒരു രൂപ (1000 എന്നതിന് പറഞ്ഞതാണ്) മാത്രം തന്ന് തന്നെ അപമാനിച്ചുവത്രേ. തന്റെ തച്ച് മൂവായിരത്തിനും അയ്യായിരത്തിനും ഇടക്കാണത്രേ.

ചുരുക്കം പറഞ്ഞാൽ ഇദേഹത്തെ പ്പോലുള്ളവർക്ക് ദൈവവചനം വെറും കച്ചവടച്ചരക്കു മാത്രമാണ്. തിരുവചനം നൽ കുന്ന മുന്നറിയിപ്പു ശ്രദ്ധിക്കുക ” ….. അവർ നിമിത്തം സത്യമാർഗ്ഗം ദുഷിക്കപ്പെടും . അവർ ദ്രവ്യാഗ്രഹത്തിൽ കൗശല വാക്കു പറഞ്ഞു നിങ്ങളെ വാണിഭം ആക്കും . …… അവർ താൽക്കാലിക ഭോഗ തൃപ്തി സുഖം എന്നു വെച്ചു നിങ്ങളുടെ സ്നേഹ സദ്യകളിൽ നിങ്ങളോടുകൂടെ വിരുന്നു കഴിഞ്ഞു പുളക്കുന്ന കറകളും കളങ്കങ്ങളും ആകുന്നു …. ദേഹികളെ വശീകരിക്കുന്നവരും ദ്രവ്യാഗ്രഹത്തിൽ അഭ്യാസം തികഞ്ഞ ഹൃദയമുള്ളവരുമായ ശാപ യോഗ്യന്മാർ ” ( 2 പത്രോസ് 2 : 14 ).

പ്രിയരേ സുവിശേഷകർ അതിൽ നിന്നും ഉപജീവനം കഴിക്കുന്ന തിരുവചന അധിഷ്ടിതം തന്നെയാണ്.തിരു വചനം അതിന് പൂർണ്ണ അനുമതി നൽകുന്നും ഉണ്ട് ( 1 കൊരി 9 : 14 , ഗലാത്യർ 6 : 6 ) . എന്നാൽ അതിന് അളന്നു തൂക്കി കണക്കു പറയുന്നതും പരാതി പറയുന്നതും തിരുവചന വിരുധമാണ് . ദൈവ സഭ ഒരു വ്യവസായ സംരഭമോ ബിസ്നസ് കേന്ദ്രമോ അല്ല . ഇത് ഒരു കച്ചവട സ്ഥാപനം അല്ല. പ്രവചന വരം ഉൾപ്പെടുന്ന കൃപാവരങ്ങൾ , വിലക്കു വിൽക്കുവാനുള്ള തല്ല .

ഒരു പ്രാദേശിക സഭാ ശുശ്രൂഷകൻ ഒരിക്കലും വിശ്വാസികളുടെ വരുമാന വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും അന്വഷിച്ച് പോകരുത്. കിട്ടുന്നതൊന്നും പോരാ എന്ന മട്ടിൽ തുടർച്ചയായി ദശാംശത്തെ പറ്റിയും (ദശാംശം എന്നത് ഒരു പുതിയ നിയമ ഉപദേശമല്ല പ്രാപ്തി പോലെയും പ്രാപ്തിക്കു മീതെയും എന്നതാണ് തിരുവചന ഉപദേശം) ഫണ്ടു പിരിവിനെ പറ്റിയും തന്റെ ദാരിദ്രത്തെ പറ്റിയും – എല്ലാം കിട്ടുന്നതൊന്നും പോരാ എന്ന മട്ടിൽ തുടർ മാനമായി പ്രസംഗിക്കുന്ന ശുശ്രൂഷകരെല്ലാം ദ്രവ്യാഗ്രഹം എന്ന പാപ ചേറ്റിൽ വീണു പോയവരാണ് എന്നു പറയാതെ വയ്യ .

ദൈവ സഭയുടെ ശുശ്രൂഷകരുടെ പ്രാധമീക യോഗ്യത തന്നെ അവർ ദ്രവ്യാഗ്രഹം ഇല്ലാത്തവർ ആയിരിക്കേണം എന്നതാണ് – ദുർലാഭ മോഹികൾ ആകരുത് എന്നതാണ് ( തീത്തോസ് 1 : 7 , 1 തീമോ : 3 : 2 ). പ്രസംഗത്തിനും , ശുശ്രൂഷക്കും കണക്കു പറയുന്ന വരെ – കണക്കു പറഞ്ഞു കാശു വാങ്ങുന്നവരെ, ക്ഷണിക്കാൻ ചെല്ലുമ്പോൾ അഡ്വാൻസ് തുക കൂടി ആവശ്യപ്പെടുന്നവരെ ദൈവ ജനം തീർത്തും അവഗണിക്കണം . അവരുമായി യാതൊരു കൂട്ടായ്മയും പാടില്ല.

കാരണം അവർ എല്ലാവിധ പാപത്തിനും കൂട്ടുനിൽക്കുവാൻ സാധ്യതയുള്ള പിൻമാറ്റക്കാരാണ് .പൗലോസ് സ്ളീഹായുടെ വാക്കുകൾ ശ്രദ്ധിച്ചാലും ” നായ്ക്കളെ സൂക്ഷിപ്പിൻ ; ആകാത്ത വേലക്കാരെ സൂക്ഷിപ്പിൻ ; വിച്ഛേദനക്കാരെ സൂക്ഷിപ്പിൻ … അവരുടെ അവസാനം നാശം അവരുടെ ദൈവം വയറു ; ലജ്ജയായതിൽ അവർക്കു മാനം തോന്നുന്നു ; അവർ ഭൂമിയിലുള്ളതു ചിന്തിക്കുന്നു … ” (ഫിലിപ്പിയർ 3 :1- 19).

ആയതിനാൽ ഈ നാളുകളിൽ ദൈവം ജനം നിതാന്ത ജാഗ്രതരായിരിക്കേണ്ടതും നാം ദൈവ നാമ ത്തിനു വേണ്ടി സുവിശേഷത്തിനു വേണ്ടി ചിലവഴിക്കുന്ന പണം എത്തേണ്ട കൈകളിൽ തന്നെ യാണോ എത്തുന്നത് എന്ന് ഉറപ്പു വരുതേണ്ടത് അനിവാര്യമാണ്.

ദൈവം ഏവരെയും അനുഗ്രഹിക്കുമാറാകട്ടെ .

ഈ ലേഖനത്തെ പറ്റിയോ അടിയനാൽ എഴുതപ്പെട്ട മറ്റേതൊരു ലേഖനത്തെ പറ്റിയുമോ വിശദീകരണം ആവശ്യമുള്ളവർക്കും ഖണ്ഡനം ഉള്ളവർക്കും – 9809807752 _ എന്ന മൊബൈൽ വാട്ട്സപ്പ് നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

By – ക്രിസ്തുവിൽ നിങ്ങളുടെ എളിയ സഹോദരൻ – സ്കറിയ . ഡി . വർഗീസ് . വാഴൂർ .

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.