ഉമാ പ്രേമനെ നിങ്ങള്‍ അറിയുമോ? എനിക്കറിയില്ലായിരുന്നു.

ഉമാ പ്രേമനെ നിങ്ങള്‍ അറിയുമോ? എനിക്കറിയില്ലായിരുന്നു.
May 03 20:49 2020 Print This Article

ഫേസ്ബുക്കില്‍ കണ്ട വൃദ്ധരായ ദമ്പതികളെ സഹായിക്കുവാന്‍ ഉള്ള അന്വേഷണത്തിനൊടുവിലാണ് ഉമാ പ്രേമനെ കണ്ടെത്തുന്നത്. വളരെ സൗമ്യമായി സംസാരിച്ച ആ സ്ത്രീ, ഇത്രയും വലിയ ഒരു വടവൃക്ഷമായി നമ്മുടെ ഇടയില്‍ വളര്‍ന്നു നിന്നിട്ടും ഇതുവരെ അവരെ അറിയുവാനും കാണുവാനും കഴിഞ്ഞില്ല എന്നുള്ളത് എന്റെ അറിവില്ലായ്മയും എന്റെ കണ്ണിലെ തിമിരവും ആണല്ലോ എന്നോര്‍ത്ത് ഞാന്‍ ലജ്ജിച്ചു തല താഴ്ത്തുന്നു…..

എന്റെ ഈ കുറിപ്പ് നിങ്ങള്‍ വായിച്ചുകഴിയുമ്പോള്‍, സ്വന്തം സഹോദരിയായോ, അമ്മയായോ, മകള്‍ ആയോ അവരെ ഹൃദയത്തില്‍ ഏറ്റെടുത്തിരിക്കും എന്നും, കല്ലും മുള്ളും നിറഞ്ഞ തന്റെ കാനനപാതയെ തന്റെ നിശ്ചയദാര്‍ഢ്യവും ആലംബഹീനരോടുള്ള അടങ്ങാത്ത അഭിനിവേശവും കഠിനാധ്വാനവും കൊണ്ട് പൂമെത്ത ആക്കിയ അത്ഭുത വനിത നിങ്ങളുടെ ഹൃദയത്തില്‍ ജ്വലിച്ചു നില്‍ക്കും എന്ന് എനിക്ക് ഉറപ്പുണ്ട്.. തീര്‍ച്ച……!

കോയമ്പത്തൂരില്‍ ഫാക്ടറി ജോലിക്കാരനായ അപ്പന്റെ ഏകമകള്‍ ജോലി കഴിഞ്ഞ് ബാക്കിയുള്ള സമയം മുഴുവനും അഗതികളെ ശുശ്രൂഷിക്കാനും പരിചരിക്കാനും ഓടിനടക്കുന്ന അപ്പന്‍. ഈയൊരു സാഹചര്യത്തില്‍ മനംമടുത്ത അമ്മ മറ്റൊരുവന്റെ കൂടെ വീടുവിട്ടു പോകുന്നു.

അമ്മ വീട് വിട്ടുപോകുമ്പോള്‍ എട്ടു വയസ്സ്. അപ്പനെയും അനുജനെയും ശുശ്രൂഷിച്ചും ആഹാരവും തയ്യാറാക്കിവെച്ചും സ്‌കൂളില്‍ പോയിക്കൊണ്ടിരുന്നു ഉമ ഏകദേശം 17 വയസ്സ് ആകുമ്പോള്‍ ഗുരുവായൂരില്‍ തന്റെ അമ്മയുണ്ട് എന്ന് മനസ്സിലാക്കി അമ്മയെ കാണുവാന്‍ പോയി.

പുറപ്പെട്ടു പോയ അമ്മയെ തേടി പോയ മകളുടെ കാര്യം അറിഞ്ഞു അച്ഛന്റെ കോപത്തിനു പാത്രമായി. തനിക്കിനി അമ്മ മാത്രമേയുള്ളൂ എന്ന തിരിച്ചറിവില്‍ ഉമ തന്റെ അമ്മയുടെ അടുക്കലേക്ക് മടങ്ങിവന്നു താമസമാക്കി.

തന്റെ അമ്മയുടെ രണ്ടാമത്തെ വിവാഹത്തില്‍ ഭര്‍ത്താവ് ഉണ്ടാക്കിവെച്ച വന്‍പിച്ച കടബാധ്യതകള്‍ അലട്ടുന്ന വേളയിലാണ് അമ്മയോടൊപ്പം ഗുരുവായൂരെ വീട്ടിലേക്ക് വന്നത്.
ഒരു ഡോക്ടറായി പഠിക്കണമെന്ന് ആശയും മനസ്സില്‍ വെച്ച് നടന്ന ഉമക്ക് ഇപ്പോള്‍ കടക്കാരുടെ ശകാരവും ഭീഷണിയും മാത്രമായി ജീവിതം.

അങ്ങനെ അമ്മ പ്രേമന്‍ എന്ന മനുഷ്യനില്‍ നിന്നും പണം വാങ്ങി തന്റെ കടക്കാരെ സമാധാനിപ്പിച്ചു. തുടര്‍ന്ന് 19 വയസില്‍ അമ്മയുടെ നിര്‍ബന്ധത്തില്‍ പ്രേമന്‍ എന്ന മനുഷ്യന്റെ കൂടെ പറഞ്ഞയക്കുന്നു. അങ്ങനെ മൂന്നാം ഭാര്യയായി തന്റെ പത്തൊമ്പതാമത്തെ വയസ്സില്‍ സ്വപ്നങ്ങളെല്ലാം ബലികഴിച്ചു കൊണ്ട് നിസ്സഹായയായ പെണ്‍കുട്ടി തന്റെ ഭര്‍ത്താവിനൊപ്പം പോകുന്നു.

തന്റെ ഭര്‍ത്താവ് ഒരു ടിബി പേഷ്യന്റ് ആണെന്നും പ്രധാനമായും രോഗിയായ ഈ ഭര്‍ത്താവിനെ പരിചരിക്കാന്‍ വേണ്ടിയാണ് ഈ വിവാഹമെന്നും താമസിയാതെ മനസ്സിലാക്കുന്നു. പിന്നീടുള്ള ഏഴ് വര്‍ഷക്കാലം രോഗിയായ തന്റെ ഭര്‍ത്താവിനെയും ശുശ്രുഷി ച്ചുകൊണ്ട് ഹോസ്പിറ്റലിലും വീട്ടിലും മാറി മാറി ജീവിതം. ഏഴു വര്‍ഷത്തിനു ശേഷം രോഗിയായ ഭര്‍ത്താവ് മരിക്കുന്നു. അങ്ങിനെ 27-)ം വയസില്‍ വിധവയായി…

സ്ഥിരമായി ആശുപത്രിയില്‍ സഹവാസം ആയതുകൊണ്ട് അവിടെ നടക്കുന്ന പല കാര്യങ്ങളും ശ്രദ്ധിച്ചു. അനേകം പേര്‍ തങ്ങള്‍ക്ക് എന്തൊക്കെ ചികിത്സകള്‍ ഏതൊക്കെ അസുഖങ്ങള്‍ക്ക് ഏതൊക്കെ സ്ഥലങ്ങളില്‍ ചികിത്സലഭിക്കും എന്നും എവിടെയെല്ലാം സൗജന്യ ചികിത്സലഭിക്കും എന്നും അറിയാതെ അനേകംപേര്‍ ഉഴലുന്നതായി കണ്ടു…

അപ്പോഴൊക്കെയും അവര്‍ക്കെല്ലാം വേണ്ട ഉപദേശങ്ങളും വേണ്ട അറിവുകളും പറഞ്ഞു കൊടുത്തു കൊണ്ടിരുന്നു. അങ്ങനെ അനേകം പേര്‍ ഉപദേശം തേടിക്കൊണ്ട് ഉമയുടെ അടുത്തേക്ക് വരവായി. ഭര്‍ത്താവിന്റെ മരണത്തെതുടര്‍ന്ന് അനേകംപേര്‍ ഉമയെ തേടിയെത്തി. തുടര്‍ന്ന് ഉമാ കേരളത്തില്‍ ഉള്ള എല്ലാ അതുര ആലയങ്ങള്‍ സന്ദര്‍ശിച്ച് എന്തെല്ലാം ചികിത്സകള്‍ അവിടെ ലഭ്യമാണെന്നും ഏതെല്ലാം ചികിത്സകള്‍ സൗജന്യമായി ചെയ്യുന്നുവെന്നും ഉള്ള വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി.

അങ്ങനെയാണ് ശാന്തി മെഡിക്കല്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ എന്ന സ്ഥാപനം ജനിക്കുന്നത്.ആയിരക്കണക്കിന് ആളുകള്‍ ദിവസേന ഉപദേശത്തിനും സംശയ നിവാരണത്തിനും അറിവിനു വേണ്ടി സമീപിക്കുകയും വിളിച്ച് അന്വേഷിക്കുകയും ചെയ്തു കൊണ്ടിരുന്നു. തുടര്‍ന്ന് അവര്‍ ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനത്തിലും യാത്ര ചെയ്ത് ഇതേപോലെ എല്ലാ ആതുരാലയങ്ങളുടെയും അവരുടെ സര്‍വീസുകളും വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി.

തന്റെ ഈ ബൃഹത്തായ കര്‍മ്മ പദ്ധതിയില്‍ ഒരു സാധാരണ സ്ത്രീക്ക് ധാരാളം പരിമിതികള്‍ ഉണ്ടായിരുന്നു. എങ്കിലും തന്റെ നിശ്ചയദാര്‍ഢ്യത്തിനു മുമ്പില്‍ അവര്‍ വിജയം കൈവരിക്കുക തന്നെ ചെയ്തു. എവിടെയെല്ലാം സൗജന്യ ചികിത്സകള്‍ ഉണ്ട് എന്നും അന്വേഷിച്ച് കണ്ടുപിടിച്ച് രോഗികള്‍ ആയിരിക്കുന്ന അനേകം മനുഷ്യര്‍ക്ക് സഹായവും ആശ്രയവും ആയി.

ഒരിക്കല്‍ ആശുപത്രി വരാന്തയില്‍ മറ്റാര്‍ക്കോ വേണ്ടി കാത്തിരുന്ന ഉമ തന്റെ അടുത്തിരിക്കുന്ന യുവാവ് നിര്‍ദ്ധനനും മാതാപിതാക്കള്‍ നഷ്ടപ്പെട്ട യുവാവ് വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ എത്രയും വേഗം ലഭിക്കണമെന്ന് പറഞ്ഞപ്പോള്‍ അതിന് യാതൊരു മാര്‍ഗ്ഗവുമില്ലാതെ ആ യുവാവ് സങ്കടപ്പെടുന്നത് കണ്ടപ്പോള്‍ തന്റെ വൃക്ക തരാം എന്ന് പറഞ്ഞുകൊണ്ട് താന്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത ആ മനുഷ്യനു തന്റെ വൃക്ക പങ്കുവെച്ചു മാനുഷികത ഊട്ടിയുറപ്പിച്ചു. അതിലൂടെ തനിക്കൊരു ഇളയ സഹോദരനെ ജീവിതാന്ത്യം വരെയും ലഭിച്ചുവെന്ന് ഉമ എടുത്തുപറയുന്നു.

തുടര്‍ന്ന് അവര്‍ തന്റെ നേതൃത്വത്തില്‍ ഏകദേശം 680 ഓളം കിഡ്‌നി ട്രാന്‍സ്പ്ലാന്റേഷന്‍ ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കി നടത്തി. എല്ലാം തികച്ചും സൗജന്യമായോ അല്ലെങ്കില്‍ ഏറ്റവും കുറഞ്ഞ ചെലവിലോ ആയിരുന്നു. അനേകം കിഡ്‌നി രോഗികള്‍ ഉണ്ട് എന്ന് മനസ്സിലാക്കിയ ഉമ പിന്നീട് ഡയാലിസിസ് യൂണിറ്റുകള്‍ സ്ഥാപിച്ചു. അതില്‍ കേവലം 400 രൂപ മാത്രം ചിലവ് ഉള്ളവയും നിര്‍ധനരായ വര്‍ക്ക് തികച്ചും സൗജന്യമായും ഡയാലിസിസ് സൗകര്യം ഒരുക്കി കൊടുത്തു.

ഒരു ഓഫീസ് സ്റ്റാഫ് ഉണ്ടായിരുന്ന ഇടത്തുനിന്നും അത് 85 സ്റ്റാഫ് ആയി ഉയര്‍ന്നു. കൂടാതെ നൂറുകണക്കിന് വോളണ്ടിയേഴ്‌സ് ഉമയെ സഹായിക്കാന്‍ എത്തി. കേരളത്തില്‍ ശാന്തി ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ 10 ഡയാലിസിസ് യൂണിറ്റ്, രണ്ട് മൊബൈല്‍ യൂണിറ്റും ചേര്‍ന്ന് പ്രതിമാസം ഇരുപതിനായിരം ഡയാലിസിസ് സുകള്‍ സാധുക്കള്‍ക്കായി നടത്തിവരുന്നു. അതില്‍ 12000 തികച്ചും സൗജന്യമാണ്. ബാക്കിയുള്ളവ ഒരു ചെറിയ തുക മാത്രം ഈടാക്കി കൊണ്ട് പ്രവര്‍ത്തിക്കുന്നു.

ഇന്ന് ശാന്തി ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഏകദേശം രണ്ട് ലക്ഷത്തോളം ഡയാലിസിസ് നാമമാത്രമായ ചിലവിലോ, തികച്ചും സൗജന്യമായോ നടത്തി കഴിഞ്ഞിരിക്കുന്നു. ഹൃദയ ശസ്ത്രക്രിയ ഭാരതത്തില്‍ ധാരാളം രോഗികള്‍ക്ക് അപ്രാപ്യമായ ഒന്ന് എന്ന് മനസ്സിലാക്കി ഉമ ഇന്ത്യയിലുടനീളം 108 സ്ഥലങ്ങളില്‍ ഫ്രീ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തി അതിലൂടെ ഭാരതത്തിലുള്ള പ്രധാന ഹോസ്പിറ്റലുകളുടെ സഹായത്തോടെ 20500 ഓളം ഹൃദയ ശസ്ത്രക്രിയ നടത്തിയത്. അതില്‍ മിക്കവയും നാമമാത്രമായ ചിലവും ബാക്കിയുള്ളവ തികച്ചും സൗജന്യമായിരുന്നു.

വൃക്കരോഗികള്‍ കേരളത്തില്‍ അനുദിനം ഉയര്‍ന്ന തോതില്‍ വര്‍ദ്ധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഉമ ജീവിതശൈലിക്കും ഭക്ഷണക്രമത്തിലും ജനങ്ങളെ ഉത്‌ബോധവാന്‍ മാര്‍ ആക്കുവാന്‍ കേരളത്തിലുടനീളം ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തുന്നതിനും ടെലിഫിലിം പ്രദര്‍ശി പ്പിക്കുന്നതിനും പല ഗ്രൂപ്പുകളെ നിയോഗിച്ചു.

മാനസികാസ്വാസ്ഥ്യം നേരിടുന്നവരെ സഹായിക്കുവാനും പുനരധിവസിപ്പിക്കാനും ആയി അവര്‍ മറ്റൊരു കര്‍മ്മപരിപാടിക്കു രൂപം നല്‍കി. അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിനും മനസ്സിലാക്കുന്നതിനും ആയി അവര്‍ സ്വദേശത്തും വിദേശത്തും അനേകം സെമിനാറുകളും ക്ലാസുകളും നടത്തുന്നു

സുരേഷ് ഗോപിയുടെ നിര്‍ബന്ധത്തില്‍ അവര്‍ ഒരിക്കല്‍ അട്ടപ്പാടി സന്ദര്‍ശിക്കുകയും അവിടുത്തെ സാഹചര്യം ഉമ്മയെ വല്ലാതെ പ്രയാസപ്പെടുത്തുന്നയും ചെയ്തു. ദൈന്യരും നിരാലംബരുമായ മനുഷ്യ ജീവിതങ്ങളെ കണ്ട് അവരുടെ ജീവിതം മറ്റുള്ളവരെ പോലെ തന്നെ തുല്യമാണ് എന്ന തിരിച്ചറിവില്‍ ഉമ അവരുടെ ഉന്നമനം എന്ന ബ്രഹത്തായാ കര്‍മ്മ പദ്ധതിയില്‍ ഏര്‍പ്പെട്ടു.

ആദ്യമായി അവര്‍ ഒരു ചെറിയ ഗ്രാമം ഏറ്റെടുത്ത് അവരുടെ ഭവനങ്ങള്‍ മിക്കതും അറ്റകുറ്റപ്പണികള്‍ നടത്തി വാസയോഗ്യം ആക്കി തീര്‍ക്കുകയും ജല സ്രോതസോടു കൂടിയ ബാത്‌റൂമുകളും പണിതു നല്‍കി.അതോടെപ്പം സ്‌കൂളിൽ പിങ്ക് ടോയ്ലറ്റും, ഫ്രീ സാനിറ്ററി നാപ്കിൻ,ഇൻസിനേറ്റർ എന്നിവ സ്ഥാപിച്ചു. ഇതു പ്രധാനമന്ത്രിയുടെ ശ്രദ്ധ പിടിച്ചു പറ്റുകയും,അതു മറ്റുള്ള സ്കൂളുകളിൽ സ്ഥാപിക്കുവാൻ പ്രധാനമന്ത്രി ഉത്തരവ് ഇടുകയും ചയ്തു.

അനേകം കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസം സ്‌പോണ്‍സര്‍ ചെയ്തുകൊണ്ട് ഗ്രാജുവേഷന്‍, പോസ്റ്റ് ഗ്രാജുവേഷന്‍ വരെയും പഠിപ്പിച്ചു സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാക്കി. ഇനി ഉമ്മയുടെ ഒരു സ്വപ്നം ആദിവാസികള്‍ക്കുവേണ്ടി ഇന്റര്‍നാഷണല്‍ ലെവലില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്‌കൂള്‍ പണിയുക എന്നതാണ്. അതിനുള്ള കര്‍മപദ്ധതികളുമായി മുന്നോട്ടുപോകുന്നു….

ഇത്രയും വിപുലമായ കാര്യങ്ങള്‍ ചെയ്യുമ്പോഴും അവയെല്ലാം ഗവണ്‍മെന്റിന്റെയും നിയമത്തിന്റെയും പോലീസിനെയും ചട്ടക്കൂടുകളില്‍ പൂര്‍ണമായും നിന്നുകൊണ്ടാണ് എന്നു മാത്രമല്ല അവരുടെ സഹായസഹകരണങ്ങളോടുകൂടിയാണ് ഇവയെല്ലാം നടക്കുന്നത്.

ഇതെല്ലാം എങ്ങിനെ സാധ്യമാകുന്നു എന്നും ഇതെല്ലാം എങ്ങിനെ നടപ്പില്‍ ആക്കുന്നു എന്നു നമ്മള്‍ അത്ഭുതം കൂറുമ്പോള്‍, ഒരു മനുഷ്യ ജീവിതം കൊണ്ട് ഇത്രയും ബൃഹത്തായ കാര്യങ്ങള്‍ ചെയ്യുമ്പോഴും അവര്‍ വിനയാന്വിതയായി പറയുന്നു, എന്നെ വിശ്വസിക്കുന്ന സ്വദേശത്തും വിദേശത്തുമുള്ള ആയിരങ്ങളുടെ സഹായമാണ് നിങ്ങളി കാണുന്നതൊക്കെയും…

മറ്റുള്ളവരെ സഹായിക്കുവാന്‍ മനസ്സ് ഒരുക്കം ഉള്ള ധാരാളം പേര്‍ നമ്മുടെ ഇടയിലുണ്ട് ഞാന്‍ ഇവയെല്ലാം ഒന്നു കൂട്ടി ഇണക്കുക മാത്രമേ ചെയ്യുന്നുള്ളൂ എന്ന് ഒരു സാധാരണക്കാരിയായ സ്ത്രീ പറയുമ്പോള്‍ അതിശയത്തോടെ മാത്രമേ കേട്ടിരിക്കാന്‍ നമുക്ക് ആവുകയുള്ളൂ. ബോര്‍ഡിങ്ങിലൂടെ പഠനം പൂര്‍ത്തിയാക്കിയ തന്റെ മകനും ഇന്ന് അമ്മയോടൊപ്പം ഉണ്ട്. അമ്മയുടെ പ്രവര്‍ത്തനങ്ങളില്‍ താങ്ങും തണലുമായി നില്‍ക്കുന്നു…

ഉമ എന്ന ഈ അത്ഭുത വനിതയെ തേടി CNN hero മുതല്‍ അനേകം പുരസ്‌കാരങ്ങളും അവാര്‍ഡുകളും തേടിയെത്തിയിട്ടുണ്ട്. അവരുടെ പ്രവര്‍ത്തന മണ്ഡലങ്ങളെ, കര്‍മ്മ പദങ്ങളെ വാക്കുകളുടെ പരിമിതിയില്‍ എല്ലാം ഇവിടെ എഴുതി ഇടുവാന്‍ സാധിക്കുന്നതല്ല. ഇത്രയും ധീരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച ഒരു മഹത് വനിത പേരിനും പ്രശസ്തിക്കുംപിന്നാലെ പോകാതെ താന്‍ ഏറ്റെടുത്ത ദൗത്യങ്ങളെ പൂര്‍ത്തീകരിക്കാനുള്ള ഓട്ടത്തിലാണ്.

ഇവരുടെ ജീവിതം ഒരു സാധാരണക്കാരന് വളരെ ഊര്‍ജ്ജം പകരുന്നതാണ്. തന്റെ കല്ലും മുള്ളും നിറഞ്ഞ കാനന പാതയില്‍ പൂക്കള്‍ വിതറിക്കൊണ്ട് അവര്‍ ഇപ്രകാരം പറയുന്നു

‘നടന്നതയെ നിനച്ചിരുന്നാല്‍ വാഴക ഏതുമില്ലയ്….
നിനച്ചതയേ നടന്നു വിട്ടാല്‍ കടവുള്‍ ഏതുമില്ലയ്’

-ബ്ലെസ്സന്‍ ഹ്യൂസ്റ്റണ്‍.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.