കാലഹരണപ്പെട്ട ആത്മീയ മൂല്ല്യങ്ങൾ

കാലഹരണപ്പെട്ട ആത്മീയ മൂല്ല്യങ്ങൾ
October 14 13:56 2019 Print This Article

ആത്മീയ മാന്ദ്യം ആഗോള തലത്തിൽ വ്യാപിച്ചിരിക്കുന്ന ഒരാത്മീയ യുഗത്തിന്റെ അന്ത്യ നാഴികയിലാണ് ഇന്നത്തെ പെന്തകോസ്ത് സമൂഹം വന്നെത്തിയിരിക്കുന്നത്.

ആത്മീയ ദർശനം ഉള്ള പൂർവ പിതാക്കന്മാരാൽ സമ്പുഷ്ടമായിരുന്ന ഒരു പൂർവ കാലം നമുക്കുണ്ടായിരുന്നു. അവരിലൂടെ കൈവന്ന ദൈവവിശ്വാസവും ആത്മീയ തീഷ്ണതയും ഉത്സാഹവും ഒക്കെ മാതൃകയാക്കാൻ കൊള്ളാവുന്ന ഒന്ന് ആയിരുന്നു.

മത സാമൂഹിക സാംസ്‌കാരിക മേഖലകളിൽ ഇന്നേറെ മാറ്റങ്ങൾ സംഭവിച്ചു. വ്യക്തി ബന്ധങ്ങളിലും കുടുംബ സംവിധാനത്തിലും സഭാഭരണ പ്രക്രീയയിലും ഈ മാറ്റം ദൃശ്യം ആണ്.

പെന്തക്കോസ്തിന്റെ ജീവസ്രോതസ് ആണ് പരിശുദ്ധാത്മ പ്രവർത്തനങ്ങൾ. ക്രീയാത്മകവും ചൈതന്യാത്മകവുമായ നിലയിൽ പ്രവർത്തിപ്പാനുള്ള ആലോചനയും ഊർജ്ജവും നൽകി തരുന്നത് പരിശുദ്ധ ആത്‌മാവിന്റെ പ്രവർത്തനത്താലാണ്. പെന്തകോസ്ത് കൂട്ടായ്മകളിലേക്കു അനേകരെ ആകർഷിച്ചതും രൂപാന്തരപ്പെടുത്തിയതും ഇരു കൈകളും നീട്ടി ഈ മാർഗ്ഗത്തെ സ്വീകരിച്ചതുമെല്ലാം പരിശുദ്ധാത്മ പ്രവർത്തനങ്ങളാൽ ആയിരുന്നു.

പൂർവ്വ കാലങ്ങളിൽ പരിശുദ്ധാത്മ പ്രവർത്തനങ്ങൾക്ക് പെന്തകോസ്ത് സഭകളിൽ ഏറെ പ്രാധാന്യം കല്പിച്ചിരുന്നു. സഭയിലെ ആത്മീയ കൂട്ടായ്മകളെല്ലാം ഇതുമായി ബന്ധിപ്പിച്ചായിരുന്നു ക്രമീകരിച്ചിരുന്നത്. പരിശുദ്ധാത്മ ശക്തി പ്രാപിപ്പാൻ വഞ്ചിച്ചുള്ള കാത്തിരുപ്പ് കൂട്ടായ്മകൾ, കൃപാവരപ്രാപ്തരായ പ്രവാചക ശ്രേഷ്ഠന്മാരുടെ ശുശ്രുഷകൾ, ദൈവ ജനത്തിന് ശക്തി പകരാനും, തീരുമാനങ്ങളിൽ ഉറച്ചു നിൽക്കാനും ഉതകുന്ന ഉപവാസ പ്രാർത്ഥന യോഗങ്ങൾ, വചനത്തിന്റെ ആഴങ്ങളിലേക്കും നവീന ആശയങ്ങളിലേക്കും നയിക്കുന്ന ബൈബിൾ പഠന പരമ്പരകൾ, മുഴുരാത്രി പ്രാർത്ഥനകൾ, ഭവന സന്ദർശനങ്ങൾ, പരസ്യസുവിശേഷ പ്രവർത്തനങ്ങൾ…. ഇവയെല്ലാം സഭാഗാത്രത്തിന് അലങ്കാരവും ശോഭയും നൽകുന്നതായിരുന്നു. വിശ്വാസികളിൽ തീഷ്ണതയും, കൂട്ടായ്മ ബന്ധവും, ദൈവസ്നേഹവും നിറഞ്ഞു നിൽക്കുന്നതിനും ഇവ ഉപോത്ബലകമായി.

എന്നാൽ മേൽപ്പറഞ്ഞ കൂട്ടായ്മകളുടെ പ്രാധാന്യം നഷ്ടപ്പെട്ടുപോകുന്ന അനിശ്ചിതാവസ്ഥയാണ് ഇന്ന് സഭകളിൽ കണ്ടു വരുന്നത്. പരിശുദ്ധാത്മാവിന്റെ ചലനാത്മകത സഭകളിൽ നിന്ന് ഭാഗികമായോ പൂർണമായോ അപ്രത്യക്ഷമായി കൊണ്ടിരിക്കുന്നു. ഈ ആത്മീയച്യുതി അനാവരണം ചെയ്യാനോ താളപ്പിഴകൾ സൂഷ്മ പരിശോധനക്ക് വിധേയമാക്കി പരിഹരിപ്പാനോ ആരും മെനക്കെടാറില്ലെന്നതാണ് വാസ്തവം.

തിരക്കിട്ട ലോകത്തിൽ എന്തൊക്കെയോ സ്വാധീനമാക്കാനോ, സ്വായത്തമാക്കാനോ ഉള്ള ഓട്ടത്തിലാണവർ. പകരം പരസ്പരം വിഴുപ്പ് എറിഞ്ഞു സഭയെ വികൃതമാക്കുകയാണ് അറിഞ്ഞോ അറിയാതെയോ പലരും ചെയ്യുന്നത്. തന്മൂലം തങ്ങൾ ഉൾപ്പെട്ടു നിൽക്കുന്ന പ്രസ്ഥാനത്തിന്റെ പരിശുദ്ധിക്ക് മങ്ങലേൽക്കുന്നു.

നൂറു കണക്കിന് പ്രസ്ഥാനങ്ങളും പ്രഗത്ഭരായ നേതൃത്വവും കൊണ്ട് സമ്പുഷ്ടമാണ് പെന്തകോസ്ത് സമൂഹം. പക്ഷെ ആത്മ ചൈതന്യത്തിന്റെ പെരുമ്പറ നാദം യാതൊരു മേഖലകളിൽ നിന്നും ഉയർന്നു കേൾക്കുന്നില്ലെന്ന യാഥാർഥ്യം നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്… !!!

ഉയരുന്നതാകട്ടെ സ്വയത്തിന്റെ വേലിയേറ്റങ്ങൾ…. !!!! വിമർശനങ്ങളുടെ ശരവർഷങ്ങൾ… !!!! വിവാദങ്ങളുടെ കൊടുമുടികൾ…. !!! വ്യവഹാരങ്ങൾക്ക് വേണ്ടിയുള്ള നെട്ടോട്ടങ്ങൾ… !!! ഇവിടെ ആത്മീയ ആരാധനയുടെ അന്തസത്ത നഷപ്പെടുന്നു. മൂർച്ച നഷ്ടപ്പെട്ട ആയുധങ്ങൾ കൂട്ടിയുരുമ്മും പോലെ മാത്രമാകുന്നു മഹായോഗങ്ങളിലെ വാക്ധോരണികൾ… !!! അത്ഭുതസിദ്ധിയുടെ പിന്നാലെയാണ് മറ്റൊരു കൂട്ടർ.. !! അവരുടെ പിന്നാമ്പുറ കഥകൾ വിവരിക്കാതിരിക്കുന്നതാണ് കരണീയം.

ചാനലുകളിൽ നിമിഷങ്ങൾക്കുള്ളിൽ മിന്നിമറയുന്ന അത്ഭുത രോഗശാന്തി ലഭിച്ചവരുടെ അനന്തരസ്ഥിതി അനേഷിക്കാൻ ആരും മുതിരാറില്ല. ചാനൽ പ്രോഗ്രാമിന് റേറ്റിങ് വർധിപ്പിക്കാനുള്ള സാഹസത്തിൽ ഇതിന്റെ പ്രയോക്താക്കൾ എന്തൊക്കെയോ കാട്ടിക്കൂട്ടുകയാണ്. വമ്പും വീമ്പും അടിച്ച് കാണികളെ അന്ധാളിപ്പിക്കാനാണ് ഇവരുടെ ശ്രമം. എന്നിരുന്നാലും മിക്കതും ആയുസ്സില്ലാതെ അസ്തമിക്കുകയാണ്. ഉണർവും അത്ഭുതവും വീര്യപ്രവർത്തിയുമെല്ലാം ടീ. വീ. സ്‌ക്രീനിൽ മാത്രം ആയി ഒതുങ്ങുന്നു.

നമ്മുടെ കുടുംബങ്ങളിൽ പണ്ട് ഭക്തിയുടെ അതിപ്രസരം ദൃശ്യമായിരുന്നു. സാമുദായിക ചുറ്റുപാടിൽ ആയിരുന്നെങ്കിൽ പോലും കുടുംബപ്രാർത്ഥനകൾ സമയാസമയങ്ങളിൽ നടന്നു വന്നിരുന്നു. വയലേലകളിൽ പകൽ മുഴുവൻ അദ്ധ്വാനിച്ചും വിയർപ്പൊഴുക്കിയും വീട്ടിലെത്തുന്നവർ മറ്റെല്ലാറ്റിലും ഉപരി കുടുംബപ്രാർത്ഥനക്ക് വേണ്ടത്ര പ്രാധാന്യം നൽകിയിരുന്നു. റേഡിയോയും, ടെലിവിഷനും, കംപ്യുട്ടറും, ലാപ്ടോപ്പും, മൊബൈൽ ഫോണും നമ്മിൽ കുടിയേറ്റം നടത്തിയപ്പോൾ അപഹരിക്കപ്പെട്ടത് നമ്മുടെ കുടുംബപ്രാർത്ഥനയുടെ സമയം ആയിരുന്നു.

ദൈവത്തിന്റെ സ്വന്തം നാടെന്നും നാട്ടുകാരെന്നും നാം ഊറ്റം കൊള്ളുമ്പോഴും സ്വദേശത്തും, വിദേശത്തും, പ്രവാസികളായി കഴിയുമ്പോഴും തിരക്കിട്ട ജീവിത ശൈലിയിൽ തുടരുമ്പോഴും നമ്മുടെ എത്രഭവനങ്ങളിൽ ഭവനങ്ങളിൽ കുടുംബ പ്രാർത്ഥനയുണ്ട് എന്ന് നാം വിചിന്തനം ചെയ്യേണ്ടിയിരിക്കുന്നു. സന്ധ്യപ്രാർത്ഥന കഴിയാതെ പണ്ട് നമ്മുടെ ഭവനങ്ങളിൽ അത്താഴം വിളമ്പില്ലായിരുന്നു എന്ന സത്യം എത്ര പേർ ഓർക്കുന്നുണ്ടാകും…?? അന്ന് ഉള്ളുരുകി പ്രാർത്ഥിക്കും “അന്നന്നത്തേക്കുള്ള ആഹാരം നൽകി തരണമേ “എന്ന്.

രാസവളമിട്ട പച്ചക്കറികളും സസ്യാഹാരങ്ങളും അല്ലായിരുന്നതുകൊണ്ട് അന്നത്തെ ആഹാരം ഏറെ രുചികരമായിരുന്നു. മണ്ണെണ്ണ വിളക്കിന്റെ അരണ്ട വെളിച്ചത്തിൽ ചാണകം മെഴുകിയ തറയിൽ വിരിച്ച തഴപ്പായിൽ ചമ്രം പടിഞ്ഞിരുന്ന് ആദിയും അന്തവുമില്ലാത്ത സത്യവേദപുസ്തകത്തിലെ അധ്യായങ്ങൾ ഓരോന്ന് വീട്ടുകാരണവരോ ഉത്തരവാദപ്പെട്ടവരോ വായിച്ച് ഭക്തിയിൽ ചാലിച്ച ഒരടിപ്പാട്ട് ഹൃദയത്തിൽ നിന്ന് പാടി പ്രാർത്ഥിക്കുമ്പോൾ അദൃശ്യമായ ഒരനുഗ്രഹമാണ് കുടുംബത്തിൽ പെയ്തിറങ്ങികൊണ്ടിരുന്നത്.

പിന്നീടാണ് അത്താഴം. അര ഡസനും ഒരു ഡസനും ഇടയിൽ കുഞ്ഞുങ്ങളുള്ള വീട്ടിൽ വേണ്ടുവോളം ആഹാരം ഉണ്ടായിരുന്നില്ലെങ്കിലും അത്താഴം വിളമ്പുന്നത് ഒരാഘോഷമായിരുന്നു. മിക്കവാറും സമയങ്ങളിൽ കുത്തരിക്കഞ്ഞി ആയിരുന്നു ഭക്ഷണം. നല്ല ദഹനം കിട്ടും. പിന്നെ ഓടോ, ഓലയോ, മേഞ്ഞ കുടിലിൽ ഏസി യും ഫാനും ഇല്ലാതെ തഴപ്പായിൽ കിടന്ന് സുഖനിദ്ര… !!

രാവിലെ 5മണി ആകുമ്പോൾ വീട്ടുകാരണവരുടെ മധുര സംഗീതം. “ജീവൻ കൊടുക്കുന്ന പുതിയ മന്ന…… ” നല്ല ഉറക്കത്തിലാണേലും എഴുന്നേറ്റ് പ്രഭാത പ്രാർത്ഥനയിൽ പങ്ക് കൊള്ളണം എന്നത് ഹൈകമാൻണ്ടിന്റെ അലിഖിത നിയമം. പ്രഭാത പ്രാർത്ഥനയും ഭക്തി നിർഭരം ആയിരുന്നു. പിന്നെ പ്രഭാതകൃത്യങ്ങൾ… !!! പഴയ തലമുറയുടെ ഷെഡ്യൂൾ ഇതായിരുന്നു.

ഇന്ന് വ്യവസ്ഥിതികൾ എല്ലാം പാടെ മാറി മറിഞ്ഞു കാലഹരണപ്പെട്ടു. ആത്മീയ നിലവാരത്തിന് അപചയം സംഭവിച്ചു. ഭൗതിക നിലവാരം മെച്ചപ്പെട്ടു. എല്ലാ മേഖലകളിലും സമ്പത്തിന്റെ ഉച്ചനീചത്വങ്ങളുടെ സ്വാധീനം വെളിപ്പെട്ടു. കുടുംബ പ്രാർത്ഥനക്കിരുന്നില്ലെങ്കിൽ അത്താഴമില്ലെന്ന് പറഞ്ഞാൽ വിലപ്പോകുന്ന കാലം അസ്തമിച്ചു. പകരം ചൈനീസ് റെസ്റ്റോറന്റിലെ രുചിയേറുന്ന ആഹാരത്തിന്റെ സ്വാദ് ആസ്വദിച്ചാണ് വീട്ടിലെത്തുന്നത്.

റേഡിയോ വന്നതോടെ ഇലക്ട്രോണിക്സ് യുഗങ്ങളുടെ വാതായനങ്ങൾ തുറക്കുകയായിരുന്നു. ആത്മീയ മേഖലയിൽ റേഡിയോ വലിയ പോറൽ ഏൽപ്പിച്ചില്ലെങ്കിലും ടെലിവിഷൻ രംഗപ്രവേശം ചെയ്തതോടെ സ്ഥിതിഗതികൾ അപ്പാടെ മാറി മറിഞ്ഞു. സമ്പന്നരുടെ ഭവനങ്ങളിൽ ടെലിവിഷൻ ആദ്യം പ്രത്യക്ഷപ്പെട്ടതെങ്കിലും ജിഞാസയുടെ പാരമ്യതയിൽ സാധാരണക്കാരന്റെ ഭവനത്തിലെ സ്ഥിര അംഗത്വം ടെലിവിഷൻ നേടിയെടുത്തു.

സാധാരണക്കാരെ ജിജ്ഞാസയുടെ മുൾമുനയിൽ നിർത്തുന്ന “പരമ്പരകൾ “ഉദയം ചെയ്തതോടെ വലിയൊരു കൂട്ടം ഈ മാസ്മരിക വലയത്തിൽപ്പെടുവാനിടയായി. സമയക്രമത്തിന്റെ കാര്യത്തിലും ഭക്തിയുടെ കാര്യത്തിലും തെല്ലൊന്ന് മാറ്റം വരുത്തിയാലും തകരാറൊന്നുമില്ലെന്ന വിലയിരുത്തൽ വലിയൊരു ആത്മീയശോഷണത്തിലേക്കാണ് വിശ്വാസിസമൂഹത്തെ കൊണ്ടെത്തിച്ചത്. കുടുംബപ്രാർത്ഥനകളുടെ സമയം കവർന്നതോടെ ആത്മീയ അടിത്തറയുടെ ശിലകളാണ് കുഴിതോണ്ടപ്പെട്ടത്. ആകർഷകമായ പരിപാടികളുടെ പ്രായോജകർ ഉദ്ദിഷ്‌ട ഫലപ്രാപ്തി കണ്ടെത്തി.

നഷ്ടപ്പെട്ടത് വിശ്വാസിയുടെ ആത്മീയമൂല്യവും…. !!! സഭയിലും ഇതേ ചിത്രം ആയിരുന്നു അരങ്ങേറിയത്. പണ്ട് സഭകളിൽ പ്രവാചകന്മാരുടെ തിരത്തള്ളൽ ആയിരുന്നു. ദൈവവചനം കേൾക്കാനും വ്യക്തിപരമായി ദൂത് ശ്രവിക്കാനും ഭാവിയെ കുറിച്ചുള്ള ആശങ്ക അകറ്റി പരിഹാരം നേടാനുതകുന്ന പ്രവചന ശബ്ദം കേൾക്കാനും വിശ്വാസികൾ പ്രവാചകന്മാരെ വിലക്കെടുത്ത ഒരു കാലഘട്ടം ഉണ്ടായിരുന്നു.

സത്യസന്ധമായി ശുശ്രുഷിക്കുന്നവർക്കും ശക്തമായ ദൂത് അറിയിക്കുന്നവർക്കും സ്വദേശത്തും വിദേശത്തും തിരക്കിട്ട പ്രോഗ്രാമുകൾ ലഭിച്ചിരുന്നു. ഇക്കൂട്ടത്തിൽ പ്രവാചക മേലങ്കി അണിഞ്ഞ വ്യാജപ്രവാചകന്മാരും കയറി കളം നിറഞ്ഞാടി. ബാഗ് നിറയെ പണവുമായി വിദേശ ശുശ്രുഷ കഴിഞ്ഞെത്തുന്ന ഇവർ അടുത്ത ഊഴം നോക്കി തക്കം പാർത്തിരുന്നു എന്ന് മാത്രമല്ല സ്വന്തം ഇച്ഛകൾ പൂർത്തീകരിക്കാനും സ്വാർത്ഥ ലക്ഷ്യങ്ങൾക്കുമായി കുൽസിത മാർഗങ്ങൾ അവലംബിക്കുകയും ചെയ്തു.

ഇത് നിമിത്തം പിളർന്നു പോയ സഭകളും, തകർന്നു പോയ കുടുംബങ്ങളും, മൂല്ല്യശോഷണം സംഭവിച്ച വിശ്വാസികളും, കുറച്ചൊന്നുമല്ല. ഭക്തിയുടെ മറവിൽ ഒരു കാലത്തു ഇവർ ജനത്തെ വഞ്ചിച്ചത് നിമിത്തം ഇന്ന് ആ മേഖലയിൽ തന്നെ ജനത്തിന് വിശ്വാസം ഇല്ലാതായിരിക്കുന്നു. ഇന്ന് മഷിയിട്ട് നോക്കിയാൽ പ്രവാചകന്റെ പൊടി പോലും കാണാൻ ഇല്ലാത്ത അവസ്ഥ ആയിരിക്കുന്നു.

ചുരുക്കത്തിൽ ആത്മീയ ശോഷണവും മാന്ദ്യവും ബാധിച്ച നിരവധി മേഖലകൾ നമുക്ക് ചുറ്റിലുമുണ്ട്. അന്ത്യകാലത്ത് വിശ്വാസ ത്യാഗം സംഭവിക്കുമെന്ന് തിരുവചനം പ്രസ്താവിക്കുന്നു.  കർത്താവിന്റെ വരവിനെ കുറിച്ചുള്ള പ്രത്യാശയും നിത്യജീവനെ കുറിച്ചുള്ള തീഷ്ണതയും നമ്മിൽ വർദ്ധിച്ചു വരട്ടെ.

ഭക്തിയുള്ള ജീവിതം ഉറപ്പ് വരുത്തി മുന്നേറുവാൻ ദൈവം നമ്മെ സഹായിക്കട്ടെ…. !!!!

…………പാസ്റ്റർ സജി പീച്ചി.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.