നെടുമ്പാശ്ശേരിയില്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു

നെടുമ്പാശ്ശേരിയില്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു
March 26 19:51 2023 Print This Article

നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ കോസ്റ്റ് ഗാര്‍ഡിന്‍റെ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു.

രാജ്യാന്തര വിമാനത്താവളത്തിലെ പ്രധാന റണ്‍വേയുടെ ഇടതുവശത്താണ് എ.എല്‍.എച്ച്‌ ധ്രുവ് മാര്‍ക് 3 ഹെലികോപ്റ്റര്‍ തകര്‍ന്നു വീണത്. ഒരാള്‍ക്ക് പരിക്കേറ്റു.

കോസ്റ്റ് ഗാര്‍ഡ് ഡെപ്യൂട്ടി കമാന്‍ഡറും മലയാളിയുമായ വിപിന്‍, കമാണ്ടന്‍റ് സി.ഇ.ഒ കുനാല്‍, ടെക്നിക്കല്‍ സ്റ്റാഫ് സുനില്‍ ലോട്ല എന്നിവരാണ് കോപ്റ്ററില്‍ ഉണ്ടായിരുന്നത്. വിപിനാണ് ഹെലികോപ്റ്റര്‍ പറത്തിയത്. പരിക്കേറ്റ സുനില്‍ ലോട്ലയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഉച്ചക്ക് 12 മണിയോടെ പരിശീലന പറക്കലിനിടെയാണ് അപകടം. ഭൂമിയില്‍ നിന്ന് ഏകദേശം 30-40 അടി ഉയരത്തില്‍ ഉള്ളപ്പോഴാണ് തകരാര്‍ സംഭവിച്ചത്. 25 അടി ഉയരത്തില്‍ നിന്ന് ഹെലികോപ്റ്റര്‍ നിലംപതിക്കുകയായിരുന്നു. ഹെലികോപ്റ്ററിന്റെ റോട്ടറുകള്‍ക്കും എയര്‍ഫ്രെയിമിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

അപകട കാരണം കണ്ടെത്താന്‍ വിശദ അന്വേഷണത്തിന് കോസ്റ്റ് ഗാര്‍ഡ് ഉത്തരവിട്ടു. യാത്രക്കാരെ രക്ഷിക്കാനാണ് സുരക്ഷിത ലാന്‍ഡിങ്ങിന് ശ്രമിച്ചത്. മാതൃകാപരമായ പ്രഫഷണലിസവും മനസാന്നിധ്യവും കൊണ്ട് പൈലറ്റ്, പ്രധാന റണ്‍വേയില്‍ നിന്ന് ഹെലികോപ്റ്ററിന്‍റെ ദിശമാറ്റി ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചതെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി.

അപകടത്തിന് പിന്നാലെ വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനം രണ്ട് മണിക്കൂര്‍ താല്‍കാലികമായി നിര്‍ത്തിവെച്ചു. ഇതേതുടര്‍ന്ന് കൊച്ചിയില്‍ ഇറങ്ങേണ്ട രണ്ട് വിമാനങ്ങള്‍ തിരുവനന്തപുരത്തേക്ക് വഴിതിരിച്ചുവിട്ടു. ഇതില്‍ ഒമാന്‍ എയര്‍ മാത്രമാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കിയത്. ഈ വിമാനം കൊച്ചി വിമാനത്താവളത്തില്‍ തിരിച്ചിറക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

രണ്ട് മണിയോടെ ഹെലികോപ്റ്ററിന്‍റെ അവശിഷ്ടങ്ങള്‍ റണ്‍വേയുടെ സമീപത്ത് നിന്ന് യാര്‍ഡിലേക്ക് മാറ്റി. തുടര്‍ന്ന് സുരക്ഷാ പരിശോധന പൂര്‍ത്തിയാക്കിയ ശേഷം വിമാന സര്‍വീസ് പുനരാരംഭിച്ചു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.