നടിക്ക് പണം നല്‍കിയ കേസില്‍ നിരപരാധിയെന്ന് ഡോണാള്‍ഡ് ട്രംപ്; അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു

നടിക്ക് പണം നല്‍കിയ കേസില്‍ നിരപരാധിയെന്ന് ഡോണാള്‍ഡ് ട്രംപ്; അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു
April 05 10:40 2023 Print This Article

വിവാഹേതര ലൈംഗിക ബന്ധം മറച്ചുവയ്ക്കാന്‍ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച്‌ പോണ്‍ താരത്തിന് പണം നല്‍കിയ കേസില്‍, അമേരിക്കന്‍ മുന്‍ പ്രസിഡന്‌റ് ഡോണള്‍ഡ് ട്രംപ് കീഴടങ്ങി.

മാന്‍ഹാട്ടണ്‍ ജില്ലാ അറ്റോര്‍ണി ഓഫീസില്‍ നേരിട്ട് ഹാജരായ ട്രംപിന്‌റെ അറസ്റ്റ് രേഖപ്പെടുത്തി. പിന്നാലെ കുറ്റപത്രം വായിച്ചു കേള്‍ക്കല്‍ അടക്കമുള്ള നടപടികള്‍ക്ക് ശേഷം ട്രംപിനെ വിട്ടയച്ചു . ക്രിമിനല്‍കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെടുന്ന ആദ്യ മുന്‍ അമേരിക്കന്‍ പ്രസിഡന്‍റാണ് ഡോണാള്‍ഡ് ട്രംപ്.

കുറ്റപത്രം വായിച്ചുകേട്ട ശേഷം താന്‍ നിരപരാധിയാണെന്ന് ട്രംപ് പറഞ്ഞു. തനിക്ക് മേല്‍ ചുമത്തിയ 34 കുറ്റങ്ങളും അദ്ദേഹം നിഷേധിച്ചു. അമേരിക്കന്‍ സമയം ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.15ഓടെയാണ് ട്രംപ് കോടതിയില്‍ ഹാജരായത്. മണിക്കൂറുകളോളം നീണ്ട കോടതി നടപടികള്‍ക്കും വാദംപൂര്‍ത്തിയായതിനും പിന്നാലെയാണ് ട്രംപ് മടങ്ങിയത്. കേസിലെ അടുത്ത ഘട്ട വാദം കേള്‍ക്കല്‍ ഡിസംബര്‍ നാലിന് നടക്കും. വിചാരണ നടപടികള്‍ അടുത്തവര്‍ഷം ജനുവരിയില്‍ ആരംഭിക്കുമെന്ന് കോടതി വ്യക്തമാക്കി.

2016 യു.എസ് തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പോണ്‍താരം സ്റ്റോമി ഡാനിയേല്‍സിന് 1.30 ലക്ഷം ഡോളര്‍ (1.07 കോടിയോളം രൂപ) നല്‍കിയെന്നാണ് ട്രംപിനെതിരായ ആരോപണം. ഈ പണം നല്‍കിയത് തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചാണെന്നാണ് പരാതി. മുന്‍പും ട്രംപിനെതിരെ ആരോപണങ്ങളുമായി സ്റ്റോമി രംഗത്ത് വന്നിട്ടുണ്ട്.

2006-ല്‍ കാലിഫോര്‍ണിയയിലെ ലേക്ക് ടോഹോ ഹോട്ടലില്‍വെച്ച്‌ ട്രംപ് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു സ്റ്റോമിയുടെ വെളിപ്പെടുത്തല്‍. ഈ വിഷയം ഒത്തുതീര്‍പ്പാക്കുന്നതിനായാണ് ട്രംപ് അവര്‍ക്ക് പണം നല്‍കിയതെന്നാണ് നിലവിലെ ആരോപണം. ഇതിനുപുറമെ ഇത്തരമൊരു ആവശ്യത്തിനായി അദ്ദേഹം ഉപയാഗിച്ച പണം തെരഞ്ഞെടുപ്പ് ഫണ്ടില്‍നിന്ന് വകമാറ്റിയതാണെന്നും ആരോപണമുണ്ട്.

ട്രംപ് കോടതിയില്‍ എത്തുന്ന വിവരം അറിഞ്ഞ് നൂറ് കണക്കിന് ട്രംപ് അനുകൂലികളാണ് കോടതി പരിസരത്ത് എത്തിയത്. കനത്ത സുരക്ഷാ സന്നാഹങ്ങളാണ് കോടതിയില്‍ പോലീസ് ഒരുക്കിയത്. അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ക്രിമിനല്‍കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെടുന്നത്. 2024 അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാകാന്‍ ഏറ്റവുമധികം സാധ്യതയുള്ള വ്യക്തിയാണ് ഡോണാള്‍ഡ് ട്രംപ്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.