ഒരു കുടുംബം തകരുമ്പോൾ, മറ്റൊരു ദുരന്തം ഒഴിവാക്കുവീൻ

ഒരു കുടുംബം തകരുമ്പോൾ, മറ്റൊരു ദുരന്തം ഒഴിവാക്കുവീൻ
March 27 13:50 2023 Print This Article

ഒരു കുടുംബം തകരുമ്പോൾ, ഒരു ആത്മഹത്യ നടക്കുമ്പോൾ, അതിനെ വിശകലനം ചെയ്യുവാനും, അഭിപ്രായങ്ങൾ പ്രകടിപ്പിക്കുവാനും എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. എന്നാൽ ഒരു തകർച്ചയുടെ അനന്തര ഫലമായി, മറ്റൊരു ദുരന്തം ഒഴിവാക്കുവാൻ പ്രയത്നിക്കുവാൻ കഴിഞ്ഞാൽ എത്ര നന്നായിരുന്നു.

ഏതു സംഭവത്തിനും രണ്ടു ഭാഗങ്ങൾ ഉണ്ടാവുക സാധാരണമാണ്. ചിലപ്പോൾ രണ്ടിൽ കൂടുതലും. പല സംഭവങ്ങളും ദാരുണാന്ത്യത്തിലെത്തുന്നതിനു മുമ്പ് ആരും അറിയാഞ്ഞ, അഥവാ ആർക്കും സഹായിക്കുവാൻ സാധിക്കാഞ്ഞ, പല സംഭവങ്ങളും ഉണ്ടായിട്ടുണ്ടാവാം എന്നത് അനുമാനത്തിലേറെ വസ്തുതയാണ്.

ഏകദേശം മൂന്നു പതിറ്റാണ്ടുകളായി, പ്രത്യേകിച്ചും ഇൻഡ്യാക്കാരുടെ ഇടയിൽ കൗൺസലിംഗ് ചെയ്യുന്ന, പരിശീലനവും, അനുഭവസമ്പത്തും ഉള്ള ഒരു വ്യക്തി എന്നനിലയിൽ എഴുതുകയാണ്. പല ജീവിതങ്ങളും അകപ്പെട്ടു പോയ കയങ്ങൾ അവർ സ്വയമേ തെരഞ്ഞെടുത്തതോ, പൂർണ്ണമനസ്സോടെ തെറ്റുചെയ്യുവാൻ തീരുമാനിച്ചു എടുത്തു ചാടിയതോ ആവണമെന്നില്ല (ചിലതൊക്കെ അങ്ങനെ ആകാം).

സോഷ്യൽ മീഡിയയുടെ അതിപ്രസരത്തിലകപ്പെട്ട ഒരു തലമുറയാണ് നമുക്ക് ചുറ്റും. ഒരു കാലത്തു ജീവിത യാഥാർഥ്യങ്ങളുമായി താദാത്മ്യപ്പെടുമെന്നു സ്വപ്നം പോലും കാണാതിരുന്ന കാര്യങ്ങൾ അഭ്രപാളികളിൽ നിന്ന് തുടർമാനമായി നമ്മുടെ കരങ്ങളിലേക്കും, കണ്ണുകളിലേക്കും, കാതുകളിലേക്കും, വന്നു തുടങ്ങിയപ്പോൾ അറിഞ്ഞോ അറിയാതെയോ അവ പലരുടെയും നിത്യജീവിതത്തിൻറെ ഭാഗമായി.

“ഭൂമി കറങ്ങുന്നുണ്ടോടാ, അപ്പം സാറു പറഞ്ഞത് നേരാടാ” എന്ന പാട്ടു പോലെയുള്ള പ്രവർത്തികൾ മഹത്വവൽകരിച്ച ഒരു സംസ്കാരം നാളുകൾ കഴിഞ്ഞപ്പോൾ ആഗോളവത്കരണത്തിലൂടെ സാന്മാർഗീതയുടെ സകല അതിർവരമ്പുകളും ഭേദിക്കുന്ന ഒരവസ്ഥയിലെത്തിച്ചേർന്നു. രഹസ്യബന്ധങ്ങളുടെയും, വിവാഹപൂർവ വിവാഹേതര ബന്ധങ്ങളുടെയും കഥകൾ ഇഷ്ട താരങ്ങളിലൂടെ ലിവിങ് റൂമുകളിലേക്ക് എത്തിയപ്പോൾ, അവ നമ്മുടെ കുടുംബങ്ങളെയും മക്കളെയും ബാധിച്ചേക്കാമെന്ന സത്യം പലരും മനസ്സിലാക്കിയില്ല.

കുടുംബ പ്രാർത്ഥനകളുടെയും, നാമ ജപങ്ങളുടെയും സമയം അസാന്മാർഗീയതയെ മഹത്വവൽക്കരിക്കുന്ന സീരിയലുകൾ കൈയ്യടക്കി. അതുപോലെ തന്നെ, ഒളിച്ചും, മറച്ചും സംസാരിക്കേണ്ടിയിരുന്ന അവസ്ഥയിൽ നിന്ന് ‘ചാറ്റിനും’, ‘ചീറ്റിനും’ തമ്മിൽ രണ്ടു വിരൽത്തുമ്പുകളുടെ അകലം മാത്രമായി ചുരുങ്ങി. കുടുംബ ബന്ധങ്ങളുടെ ഇടയിലുള്ള സ്നേഹ സംഭാഷണങ്ങളും, തീൻ മേശാ സൗഹൃദങ്ങളും, സ്മാർട്ട് ഫോണുകൾ കൈയ്യടക്കി. വിള്ളലുകളുണ്ടായ ബന്ധങ്ങളുടെ ഇടയിലേക്ക്, ഫണം വിരിച്ചു സീൽക്കാര ശബ്ദത്തോടെ ഇഴഞ്ഞടുത്ത മൂർഖൻ പാമ്പുകളെ കാണുവാനും, അവക്കെതിരെ ബന്ധങ്ങളുടെ സ്നേഹ മതിൽ പണിയുവാനും, ചൂഷണം ചെയ്യപ്പെട്ടയാൾക്കും ചൂഷണം പ്രതിരോധിക്കുവാൻ ബാധ്യസ്ഥരായിരുന്നവർക്കും തിരക്കുകളുടെ മദ്ധ്യത്തിൽ കഴിയാതിരുന്നപ്പോൾ, ദുരന്തങ്ങളുടെ ഘോഷയാത്രകൾ നമ്മുടെ സമൂഹത്തെ ഗ്രേസിക്കുവാൻ തുടങ്ങിയിട്ട് നാളുകളേറെയായി.

പഴി പറയാൻ എളുപ്പമാണ്. എന്നാൽ ഒരു കാര്യം മനസ്സിലാക്കൂ. സമൂഹത്തിന് പഴയതിലേക്ക് മടങ്ങി വരുവാൻ കഴിയുകയില്ല. ഈ തലമുറ ഒരു ആഗോള സംസ്കാരത്തിലിതിഷ്ഠിതമായി മാത്രമേ ഇനി മുൻപോട്ടു പോവുകയുള്ളു. നാല് കുട്ടികളെ കഴിഞ്ഞ മുപ്പതു വർഷമായി അമേരിക്കയിൽ വളർത്തുന്ന (ഒരാൾ വിവാഹിതയും, രണ്ടാമത്തെയാൾ വിവാഹത്തിനായി ഒരുങ്ങുകയും ചെയ്യുന്നു) ഒരു അച്ഛൻ്റെ വീക്ഷണത്തിൽ നിന്നും അനുഭവത്തിൽ നിന്നും പറയട്ടെ. ഒന്നിനെയും അടച്ചാപേക്ഷിക്കരുത്. ഭർത്താക്കന്മാർ ഭാര്യമാരെ സ്നേഹിക്കുകയും, കരുതുകയും ചെയ്യുക. ഭാര്യമാരും അങ്ങനെ തന്നെ. കുടുംബ ജീവിതത്തിനു സമയം കണ്ടെത്തുക, സ്വകാര്യ സമയങ്ങൾ വിലയേറിയതായി കാണുക,

കമ്പ്യൂട്ടറുകൾ, ഫോണുകൾ, ഇമെയിലുകൾ, മറ്റു സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മുതലായവ ‘ഷെയർ’ ചെയ്യുക. ഭാര്യയും ഭർത്താവും ‘എൻറെയും നിൻറെയും’ എന്ന മനോഭാവത്തിൽ നിന്ന് ‘നമ്മളുടെ’ എന്ന മനോഭാവത്തിലേക്കും പ്രാവർത്തീക ജീവിത പഥത്തിലേക്കും, ജീവിതം (കുടുംബ) തുടങ്ങുന്ന ദിവസം മുതൽ കാൽവയ്ക്കുക. സംശയ വിചാരങ്ങളെ വിധിക്കാതെ, സംശയമുണ്ടാകുവാൻ തുടക്കത്തിൽ തന്നെ പഴുതുണ്ടാകുവാൻ അനുവദിക്കാതെ പരസ്പരം എല്ലാം ‘കണ്ടും, അനുഭവിച്ചും’ കുടുംബജീവിതം നയിക്കുക.

ക്രിസ്തീയ വിശ്വാസത്തിൽ ദൈവ വചനം പറയുന്നു “അവർ നഗ്നരായിരുന്നു; നാണം തോന്നിയില്ല താനും”. പരസ്പരം നഗ്നതയെ അനാവരണം ചെയുവാനല്ല, പ്രത്യുത ‘ആവരണം’ ചെയ്യുവാനത്രേ ഭർത്താവിന് ഭാര്യയും, ഭാര്യക്ക് ഭർത്താവും. ഒരു ‘സർപ്പവും’ ആ സ്വകാര്യതയിൽ കടക്കുവാൻ അനുവദിക്കാതിരിക്കുക. ക്രിസ്തീയ വിശ്വാസം പഠിപ്പിക്കുന്നു, “പ്രാർത്ഥനക്കല്ലാതെ ഭാര്യയും ഭർത്താവും വേറിട്ടിരിക്കരുത്”. ഞാൻ ഇതിനെ ഒന്ന് ഇക്കാലത്തെ പ്രവർത്തിപഥത്തിലേക്കു ഒന്ന് കൊണ്ടുവരട്ടെ.

ദൈവവുമായുള്ള സ്വകാര്യ സംഭാഷണത്തിലല്ലാതെ കുടുംബജീവിതത്തിൽ ഭാര്യയും ഭർത്താവും പരസ്പരം അറിയരുതാത്തതൊന്നും സംജാതമാകുവാൻ അനുവദിക്കാതിരിക്കുക. സഹകരണവും, ബഹുമാനവും, പ്രവർത്തികളും പരസ്പര സ്നേഹത്തിൽ നിന്നും, വിശ്വാസത്തിൽ നിന്നും ഉരുവാകട്ടെ.

ഒരപേക്ഷകൂടെ: എരിതീയിൽ എന്ന ഒഴിക്കാതെ, മടങ്ങി വരുവാൻ തെറ്റിപ്പോയവർക്കു അവസരം ഒരുക്കി, ഒരപകടം മറ്റൊന്നിൽ നിന്ന് ഒഴിവാകുവാൻ ഉള്ള ചൂണ്ടുപലകയായി ഉപയോഗിക്കൂ. പ്രാർത്ഥനയോടെ, സഹതാപത്തോടെ, വേദനയോടെ….

Dr. Leslie Verghese

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.