ഭാരതം ഒരു ഭരണകൂട ഭീകര രാഷ്ട്രമായി അതിവേഗം മാറുകയാണോ…?

by Vadakkan | 27 March 2023 11:42 PM

പണം കൊടുത്ത് വാങ്ങിക്കൂട്ടാവുന്നത് എല്ലാം വാങ്ങികൂട്ടി, വായടപ്പിക്കാൻ, എല്ലിൻ കഷണം വിഴുങ്ങാൻ കൂട്ടാക്കാത്ത പ്രതിയോഗികളെയും, പ്രതിപക്ഷത്തെയും, വിമർശകരെയും തനിക്ക് വഴങ്ങാത്തവരെയും എല്ലാം തച്ചുടച്ച്, ജയിലിൽ ആക്കി, കള്ളക്കേസുകളിൽ കുടുക്കി, അപകടമരണങ്ങളിൽ പെടുത്തിയും അതിവേഗം ഒരു ഫാസിസ്റ്റ് രാജ്യമായി മാറുകയാണ് എന്ന് ഭയക്കുന്നു.

എല്ലിൻ കഷണം കടിച്ചുകൊണ്ട് വിധി പറയുന്ന ജഡ്ജിമാർക്ക് വിരമിക്കുന്നതിനു മുൻപ് തന്നെ മുന്തിയ എല്ലിൻ കഷണങ്ങൾ കാഴ്ചവെക്കപ്പെടുമ്പോൾ, നട്ടെല്ലോടെ നിവർന്നു നിന്ന സിബിഐ സ്പെഷ്യൽ ജഡ്ജ് B. H. ലോയായുടെ പെട്ടെന്നുള്ള മരണവും, പ്രഭാത സവാരിക്കിട അജ്ഞാതമുച്ചക്രവാഹനം ഇടിച്ചു മരിച്ച ദൻബാദ് ജില്ലാ ജഡ്ജ് ഉത്തം ആനന്ദിന്റെ മരണവും ഇതോടെ ചേർത്തുവെച്ചു വായിക്കേണ്ടതാണ്..!

കള്ളക്കേസിൽ കുടുക്കി അകത്തിട്ടിരിക്കുന്ന സഞ്ജയ് ഭട്ട്, ആം ആദ്മി പാർട്ടിയുടെ മനീഷ് സിദ്ദോദിയ, മുതലായ പേരുകൾ ഒന്നും ജനാധിപത്യ ഭാരതത്തിന് മറക്കാവുന്ന പേരുകൾ അല്ല.

2019 തെരഞ്ഞെടുപ്പ് റാലിയിൽ രാഹുൽ പറഞ്ഞു നിരവ് മോദി, ലളിത് മോദി നരേന്ദ്ര മോദി.. എന്തുകൊണ്ട് എല്ലാ കള്ളന്മാർക്കും മോദി എന്ന വാൽ വെച്ചിരിക്കുന്നത്..? ഇതാണ് അദ്ദേഹത്തെ അയോഗ്യനാക്കുവാൻ കണ്ട കാരണം…!

അതായത് ഒരു ജില്ലാ കോടതി ഒരാൾക്ക് വധശിക്ഷ വിധിക്കുന്നു. അത് കേട്ട ഉടനെ അന്ന് രാത്രി തന്നെ അദ്ദേഹത്തെ തൂക്കിക്കൊല്ലുന്നു… അതെന്ത് നീതി എന്ന് ചോദിക്കുന്നവരോട്, ഇതെന്ത് ജനാധിപത്യം എന്ന് ചോദിക്കുവാൻ ഏവർക്കും അവകാശമുണ്ട്…! നരേന്ദ്രമോദി എത്രയോ തവണ മാന്യമല്ലാത്ത അപമാനകരമായ പല സംസാര സാഹചര്യങ്ങൾ പറഞ്ഞത് മിത്രങ്ങളോ പത്രക്കാരോ ഇതൊന്നും അറിഞ്ഞ് മട്ടില്ല. കാരണം ദശയുള്ളിടത്തെ കത്തിയോടുകയുള്ളൂ…

കൃത്യമായി പറഞ്ഞാൽ നാലുവർഷം മുൻപ് ഖരക്പൂർ IIT ൽ പ്രധാനമന്ത്രി മോദി കൂടെ പങ്കെടുക്കുന്ന ഒരു ചടങ്ങിൽ പഠിക്കുവാനും വായിക്കുവാനും ഒക്കെ പ്രയാസങ്ങൾ നേരിടുന്ന (ഡിസ്ലെഗ്സിയ) കുട്ടികൾക്കുവേണ്ടി ഒരു ആപ്പ് ഡെവലപ്പ് ചെയ്യുന്ന വിഷയത്തിൽ ഒരു വിദ്യാർത്ഥി സംസാരിക്കുമ്പോൾ ഇടയ്ക്ക് കയറി പ്രധാനമന്ത്രി മോദി ചോദിച്ചു 40… 50 വയസ്സുള്ളവർക്ക് ഇതുകൊണ്ട് പ്രയോജനം ഉണ്ടാകുമോ എന്ന്..? സംസാരിച്ചുകൊണ്ടിരുന്ന വിദ്യാർത്ഥിക്കോ, കേട്ടുകൊണ്ടിരുന്ന പ്രേക്ഷകർക്കോ പെട്ടെന്ന് ഒന്നും മനസ്സിലായില്ല എങ്കിലും അദ്ദേഹം അടുത്ത ചോദ്യം കൂടെ ചോദിച്ചപ്പോൾ എല്ലാവർക്കും കാര്യം പിടികിട്ടി. (കേംബ്രിഡ് ജിൽ നിന്നും മാസ്റ്റർ ഓഫ് ഫിലോസഫി പഠിച്ച്, പപ്പു ആക്കപ്പെട്ട, ഏതു വിഷയത്തെപ്പറ്റിയും മനോഹരമായി സംസാരിക്കുവാൻ കഴിവുള്ള, പത്രക്കാരുടെ മുന്നിൽ സധൈര്യം ഉത്തരം പറയുവാൻ കഴിവുള്ള യോഗ്യനായ രാഹുൽ ഗാന്ധിയേ പരോക്ഷമായി പരാമർശിച്ചാണ് “എന്റയർ പൊളിക്കൽ പൊളിറ്റിക്കൽ സയൻസിൽ” എംഎ കഴിഞ്ഞ്, BA പഠിച്ച, ഇന്നുവരെ ആരു പഠിപ്പിച്ചു എന്നോ, എവിടെ പഠിച്ചുവെന്നോ, കൂടെ ആരൊക്കെ പഠിച്ചു എന്നോ പോലും ഒരു രാജ്യം മുഴുവൻ അന്വേഷിച്ചുകൊണ്ടിരിക്കുന്ന മഹാന്റെ ചോദ്യമാണ് കേട്ടത്.)

ചോദ്യം കേട്ട ഉടനെ ഒരു നിമിഷം ആലോചിച്ചു നിന്നിട്ട് സംസാരിച്ചുകൊണ്ടിരുന്ന വിദ്യാർത്ഥി ഇപ്രകാരം പറഞ്ഞു, തീർച്ചയായും ഉപകരിക്കും. അപ്പോൾ അതാ വരുന്നു ഭാരതപുത്രന്റെ ആത്മഗതം. “അങ്ങനെയെങ്കിൽ അദ്ദേഹത്തിന്റെ അമ്മയ്ക്ക് അത് വലിയ സന്തോഷമാകും…” ഇതിനൊന്നും ആരും കേസിനോ വഴക്കിനോ പോയില്ല. കാരണം ചിലർക്കൊക്കെ നാറ്റം എന്ത്… മണമെന്ത്.. എന്ന് അറിയാൻ പറ്റാത്ത അവസ്ഥയിലായി കഴിഞ്ഞിരിക്കുന്നു.

ഇപ്പോൾ ഉണ്ടായ വിവരക്കേടിന് ഗുണം ഉണ്ടായത് കോൺഗ്രസിനും പ്രതിപക്ഷ പാർട്ടികൾക്കുമാണ്. ഇത്രയും വലിയ ഒരു ജനാധിപത്യ ധ്വംസനം ഉണ്ടായപ്പോൾ ഒരു വലിയ ഏകോപനമാണ് പ്രതിപക്ഷ പാർട്ടികൾക്കുള്ളിൽ ഉണ്ടായത്. എന്തോ വലിയ കാര്യം സാധിച്ചു എന്ന് മട്ടിൽ തരംതാണ പ്രവർത്തി കാണിച്ചത് കൊണ്ട് ബിജെപിയോട് സത്യസന്ധവും നീതിയുക്തവുമായി ചിന്തിക്കുന്നവർ അകലം പാലിക്കുവാൻ താല്പര്യപ്പെടുന്നു.

കേരളത്തിലെ ക്രൈസ്തവർക്കിടയിൽ BJP ഒരു അനുകൂല തരംഗം ഉണ്ടാക്കിയെടുത്തു വരികയായിരുന്നു. അതും ഇപ്പോൾ ത്രീജി ആയ മട്ടാണ്. കാരണം ഇത് ഒരു ഫാസിസത്തിന്റെ എല്ലാ ലക്ഷണങ്ങളും കാണിച്ചു തുടങ്ങിയിരിക്കുന്നു എന്നർത്ഥം. ഒരു വശത്ത് തീവ്രവാദത്തെ ഒതുക്കുവാൻ വേണ്ടി അശ്രാന്തം പരിശ്രമിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ ബിജെപി എന്നു പറയുന്ന പൊളിറ്റിക്കൽ വിങ്ങിന്റെയും തീവ്ര ഹിന്ദുത്വ നിലപാടുകൾക്കിടയിലും, ജനാധിപത്യ ധ്വംസനങ്ങളും തരംതാണ രാഷ്ട്രീയ പകപോകലുകൾക്കും ഇടയിൽ സാധാരണ ജനങ്ങൾ ഞെരിഞ്ഞമരുന്ന കാഴ്ചയാണ് കാണുന്നത്.

പപ്പു എന്ന് വിളിച്ച് പരിഹസിച്ചിരുന്ന മാന്യനായ രാഹുൽ ഗാന്ധി എന്ന് അക്ഷരാർത്ഥത്തിൽ ശക്തനായി കഴിഞ്ഞിരിക്കുന്നു. അതായത് വെളുക്കുവാൻ തേച്ചത് പാണ്ടായിപ്പോയി എന്നു പറഞ്ഞതുപോലെ. ബിജെപിക്ക് ഒരു വലിയ തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നത് എന്ന് പറയാതെ വയ്യ. കാരണം വിഘടിച്ച് നിന്നിരുന്ന എല്ലാ പ്രതിപക്ഷ പാർട്ടികളും ഭരണകൂട ഭീകരതയുടെ കരാളഹസ്തങ്ങൾക്കെതിരെ കൈ കോർത്ത് ശക്തരാവുകയാണ് ഉണ്ടാവുന്നത്.

അടിയന്തരാവസ്ഥ തെറ്റായിരുന്നു എന്ന് പറയുന്ന അതേ നാവു കൊണ്ട് തന്നെ പറയട്ടെ ഇന്ന് രാഹുൽഗാന്ധിയോട് ചെയ്തതും ഭരണകൂട ഭീകരത തന്നെയാണ്. അത് ഈ രാജ്യത്തുള്ള എല്ലാ ജനാധിപത്യ വിശ്വാസികൾക്കും ഒന്നായി ചേരുവാനുള്ള ഒരു ആഹ്വാനം കൂടിയാണിത്.

-ബ്ലെസൺജി

Source URL: https://padayali.com/4534d434/