കുസാറ്റിൽ ടെക് ഫെസ്റ്റിനിടെ തിരക്കിൽപ്പെട്ട് അപകടം; 2 പെൺകുട്ടികളടക്കം നാല് മരണം

കുസാറ്റിൽ ടെക് ഫെസ്റ്റിനിടെ തിരക്കിൽപ്പെട്ട് അപകടം; 2 പെൺകുട്ടികളടക്കം നാല് മരണം
November 25 22:11 2023 Print This Article

കൊച്ചി: കളമശ്ശേരി കുസാറ്റ് ക്യാംപസിൽ ടെക് ഫെസ്റ്റിനിടെയുണ്ടായ അപകടത്തിൽ നാല് വിദ്യാർഥികൾ മരിച്ചു. കൂത്താട്ടുകുളം സ്വദേശി അതുല്‍ തമ്പി, നോർത്ത് പറവൂർ സ്വദേശിനി ആൻ ഡ്രിറ്റ, അന്യസംസ്ഥാന വിദ്യാർഥിയായ ജിതേന്ദ്ര ദാമു, താമരശ്ശേരി സ്വദേശിനി സാറാ തോമസ് എന്നിവരാണ് മരിച്ചത്. സ്കൂൾ ഓഫ് എൻജിനീയറിങ് സംഘടിപ്പിച്ച പരിപാടിക്കിടെ മഴ പെയ്തതോടെ വിദ്യാര്‍ഥികള്‍ ഓഡിറ്റോറിയത്തിലേക്ക് തിക്കിത്തിരക്കി കയറിയപ്പോഴാണ് അപകടമുണ്ടായത്.

അപകടവുമായി ബന്ധപ്പെട്ട അടിയന്തര ആവശ്യങ്ങൾക്ക് 8590886080, 9778479529 നമ്പറുകളിൽ ബന്ധപ്പെടാമെന്ന് അധികൃതർ അറിയിച്ചു.

കുസാറ്റ് സ്‌കൂള്‍ ഓഫ് എഞ്ചിനീയറിങ്ങിലെ ടെക് ഫെസ്റ്റായ ‘ധിഷണ’യുടെ ഭാഗമായി നടന്ന സംഗീത നിശയ്ക്കിടെയാണ് അപകടമുണ്ടായത്. തിരക്കിൽ നിലത്തുവീണ് ചവിട്ടേറ്റും മറ്റുമാണ് വിദ്യാർഥികൾക്ക് പരിക്കേറ്റത്. അപകടത്തിൽ 50-ൽ അധികം പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. പരിക്കേറ്റവരെ കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

‘കുസാറ്റിലെ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. മഴ പെയ്തതോടെ പുറത്തുനിന്നുള്ളവര്‍ തിക്കിത്തിരക്കി എത്തിയതാണ് അപകടത്തിന് കാരണമെന്നാണ് അറിയുന്നത്. ആളുകള്‍ കൂട്ടമായി എത്തിയതോടെ പടിക്കെട്ടിന് മുകളിലുണ്ടായിരുന്നവര്‍ താഴെയുണ്ടായിരുന്നവര്‍ക്ക് മുകളിലേക്ക് വീഴുകയായിരുന്നു’, കുസാറ്റ് സ്റ്റുഡന്‍റ് വെൽഫെയർ ഡയറക്ടർ ഡോ. പി.കെ ബേബി മാതൃഭൂമി ഡോട് കോമിനോട് പറഞ്ഞു.

വെള്ളിയാഴ്ചയാണ് ക്യാമ്പസിൽ ടെക് ഫെസ്റ്റ് ആരംഭിച്ചത്. ടെക്ക് ഫെസ്റ്റിന്റെ സമാപന ദിനമായ ശനിയാഴ്ച വൈകീട്ട് നടന്ന ​ഗാനമേളയ്ക്കിടെയായിരുന്നു അപകടം. ടെക്ക് ഫെസ്റ്റ് ആയതിനാൽ നിരവധി ക്യാമ്പസുകളിൽ നിന്നും വിദ്യാർഥികൾ ക്യാമ്പസിലേക്കെത്തിയിരുന്നു.

ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ള അധികൃതര്‍ കളമശ്ശേരി ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. പരിക്കേറ്റവർക്ക് വിദ​ഗ്ധ ചികിത്സ ഉറപ്പുവരുത്താൻ ആരോ​ഗ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും നിർദേശമുണ്ട്. കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥര്‍, അ​ഗ്നിരക്ഷാസേന ഉദ്യോ​ഗസ്ഥരും സ്ഥലത്തുണ്ട്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.