ആലപ്പുഴ: മകൻ അനിൽ ആന്റണി ബി.ജെ.പി.യിലേക്കു പോയപ്പോൾ വീട്ടിലുണ്ടായ മാനസികസംഘർഷം പങ്കുവെച്ച് അമ്മയും എ.കെ. ആന്റണിയുടെ ഭാര്യയുമായ എലിസബത്ത് ആന്റണി. ആലപ്പുഴയിലെ കൃപാസനം ധ്യാനകേന്ദ്രത്തിൽ അനുഭവസാക്ഷ്യം പറയുകയായിരുന്നു അവർ.
ചുരുക്കം ഇങ്ങനെ: മകൻ ബി.ജെ.പി.യിൽ പോയപ്പോൾ പൊട്ടിത്തെറിയുണ്ടാകുമെന്നു പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. മകനെ അച്ഛൻ സ്വീകരിച്ചു. അനിലിനു രാഷ്ട്രീയത്തിലേക്കിറങ്ങണമെന്നു വലിയ ആഗ്രഹമായിരുന്നു. രാഷ്ട്രീയത്തിലേക്കു മക്കൾ വരാൻ അച്ഛൻ ഒന്നും ചെയ്യില്ല.
മകൻ ഒരുദിവസം പറഞ്ഞു: പി.എം.ഒ. (പ്രൈം മിനിസ്റ്റർ ഓഫീസ് ) വിളിച്ചു, ബി.ജെ.പി.യിൽ ചേരാൻ പറഞ്ഞു. കുറച്ചുദിവസം കഴിഞ്ഞപ്പോൾ അവൻ ബി.ജെ.പി.യിൽ ചേർന്ന വിവരം അറിഞ്ഞു. അദ്ദേഹത്തിനു വലിയ ഷോക്കായി. എന്നാൽ, സൗമ്യതയോടെ ഭർത്താവ് അതു തരണംചെയ്തു.
കൃപാസനത്തിലെ തന്റെ പ്രാർഥനയിലൂടെയാണു മകന്റെ ബി.ജെ.പി. പ്രവേശത്തിന് അനുമതി ലഭിച്ചത്. ഇവിടത്തെ വൈദികനാണ് അതിന് അനുമതി നൽകിയത്. അതുവരെ ബി.ജെ.പി.യോട് ഉണ്ടായിരുന്ന വെറുപ്പുമാറി. മകൻ വീട്ടിൽവരുന്നതിന് എതിരല്ലെന്നും പക്ഷേ, വീട്ടിൽ രാഷ്ട്രീയം സംസാരിക്കരുതെന്നും ഭർത്താവു പറഞ്ഞു. അവനോട് ആർക്കും വൈരാഗ്യമോ വിരോധമോ ഇല്ല -എലിസബത്ത് പറഞ്ഞു.
ഭർത്താവിന്റെ അവിശ്വാസം പരിഹരിച്ച് ഭർത്താവിന്റെ കാലിന് സ്വാധീനം നൽകണം. രാഷ്ട്രീയത്തിൽ ആത്മവിശ്വാസം നഷ്ടപ്പെട്ട് വിരമിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ അവസ്ഥ കണ്ട് സഹിക്കാൻ പറ്റുന്നില്ല. അങ്ങനെ ഞാൻ പ്രാർഥിച്ചു. ഇതിന് പിന്നാലെ അദ്ദേഹത്തെ പ്രവർത്തക സമിതിയിലേക്ക് തിരഞ്ഞെടുത്തു- എലിസബത്ത് അനുഭവസാക്ഷ്യത്തിൽ പറഞ്ഞു.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.