നേപ്പാളില്‍ വന്‍ ഭൂചലനം; 128 മരണം, ഉത്തരേന്ത്യയിലും പ്രകമ്പനം

നേപ്പാളില്‍ വന്‍ ഭൂചലനം; 128 മരണം, ഉത്തരേന്ത്യയിലും പ്രകമ്പനം
November 04 10:48 2023 Print This Article

കാഠ്മണ്ഡു: നേപ്പാളില്‍ വെള്ളിയാഴ്ച അര്‍ധരാത്രിയുണ്ടായ ഭൂചലനത്തില്‍ 128 പേര്‍ മരിച്ചു. 100ലധികം പേര്‍ക്ക് പരിക്കേറ്റു.

നിരവധി പേര്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. റിക്ടര്‍ സ്കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് നേപ്പാളിലുണ്ടായത്. ജാജര്‍കോട്ട് ജില്ലയിലെ ലാമിഡാൻഡയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

വാര്‍ത്ത ഏജൻസിയായ റോയിട്ടേഴ്സിന്റെ റിപ്പോര്‍ട്ട് പ്രകാരം ജാജര്‍കോട്ട് ജില്ലയില്‍ 34 പേരും സമീപ ജില്ലയായ റുകും വെസ്റ്റില്‍ 35 പേരും ഭൂചലനത്തില്‍ മരിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി മൂന്ന് സെക്യൂരിറ്റി ഏജൻസികളെ വിന്യസിച്ചിട്ടുണ്ടെന്ന് നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമല്‍ ദഹല്‍ അറിയിച്ചു. സമീപ ജില്ലകളില്‍ നിന്ന് കെട്ടിടങ്ങള്‍ തകര്‍ന്നതിന്റെയും ആളുകള്‍ക്ക് പരിക്കേറ്റതിന്റെയും വാര്‍ത്തകള്‍ വരുന്നുണ്ടെന്ന് നേപ്പാള്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

ഡെയിലേഖ്, സല്യാണ്‍, റോല്‍പ ജില്ലകളിലാണ് നാശനഷ്ടമുണ്ടായത്. നിലവില്‍ പരിക്കേറ്റവരെ ജാജര്‍കോട്ട് ജില്ലാ ആശുപത്രിയിലാണ് ചികിത്സിക്കുന്നത്. നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ നിന്നും 500 കിലോമീറ്റര്‍ അകലെയാണ് ജാജര്‍കോട്ട് സ്ഥിതി ചെയ്യുന്നത്.

ഒക്ടോബര്‍ മൂന്നിനും നേപ്പാളില്‍ ഭൂചലനമുണ്ടായിരുന്നു. 6.2 തീവ്രതരേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്ബനം ഉത്തരേന്ത്യയിലും അനുഭവപ്പെട്ടു. 2022 നവംബറില്‍ ഉണ്ടായ ഭൂചലനത്തില്‍ ആറ് പേരാണ് മരിച്ചത്. അന്ന് റിക്ടര്‍ സ്കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയിരുന്നു. 2015ല്‍ റിക്ടര്‍ സ്കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്ന് നേപ്പാളില്‍ എട്ടായിരത്തിലേറെ പേര്‍ മരിച്ചിരുന്നു.

അതേസമയം, വെള്ളിയാഴ്ച നേപ്പാളിലുണ്ടായ ഭൂചലനത്തിന്റെ പ്രകമ്ബനം ഉത്തരേന്ത്യയിലും അനുഭവപ്പെട്ടു. ഡല്‍ഹി, ബിഹാര്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് പ്രകമ്ബനം അനുഭവപ്പെട്ടത്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.