10,000ത്തോളം ഹമാസ് ഭീകരരെ വധിച്ചതായി അറിയിച്ച്‌ ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ്

10,000ത്തോളം ഹമാസ് ഭീകരരെ വധിച്ചതായി അറിയിച്ച്‌ ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ്
February 02 16:49 2024 Print This Article

ഇസ്രായേല്‍ ഹമാസ് യുദ്ധം നാലാം മാസത്തേയ്ക്ക് കടക്കുന്നതിനിടെ, 10,000ത്തോളം ഹമാസ് ഭീകരരെ വധിച്ചതായി അറിയിച്ച്‌ ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ്. പതിനായിരത്തിലധികം ഹമാസ് ഭീകരര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റുവെന്നും, ഖാന്‍ യൂനിസില്‍ ഹമാസ് ബ്രിഗേഡിനെ ഇസ്രായേല്‍ സൈന്യം തകര്‍ത്തതായും യോവ് ഗാലന്റ് വ്യക്തമാക്കി. ‘ ഖാന്‍ യൂനിസില്‍ ഞങ്ങള്‍ ഇപ്പോള്‍ ലക്ഷ്യങ്ങള്‍ നേടിക്കൊണ്ടിരിക്കുകയാണ്. ഇസ്രായേലിലെത്തി ഇവിടുത്തെ ജനങ്ങളെ ഭീഷണിപ്പെടുത്താനും ഇല്ലാതാക്കാനും ശ്രമിച്ച ഭീകര ശക്തികളെ ഭൂമുഖത്ത് നിന്ന് തുടച്ചുനീക്കുക തന്നെ ചെയ്യുമെന്നും” യോവ് ഗാലന്റ് പറഞ്ഞു.

അതിനിടെ ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിര്‍ണായക ഘട്ടത്തിലെന്ന് ഖത്തറും അമേരിക്കയും അറിയിച്ചു. ഇസ്രായേല്‍ കരാര്‍ അംഗീകരിച്ചതായും ഹമാസിന്റെ ഭാഗത്തുനിന്ന് അനുകൂല സന്ദേശം ലഭിച്ചതായും ഖത്തര്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മാജിദ് അല്‍ അന്‍സാരി വ്യക്തമാക്കി. വെടിനിര്‍ത്തല്‍ കരാര്‍ വൈകാതെ പ്രാബല്യത്തില്‍ വന്നേക്കുമെന്നാണ് സൂചന. കരാറിന് ഇസ്രായേല്‍ ഏറെക്കുറെ അംഗീകാരം നല്‍കിയതായും ഹമാസിന്റെ ഭാഗത്തുനിന്നുള്ള പ്രാരംഭ പ്രതികരണം അനുകൂലമാണെന്നും മാജിദ് അല്‍ അന്‍സാരി വെളിപ്പെടുത്തി.

ഈജിപ്ത് തലസ്ഥാനമായ കൈറോയിലെത്തിയ ഹമാസ് രാഷ്ട്രീയകാര്യ മേധാവി ഇസ്മായില്‍ ഹനിയ്യയുമായി അവസാനവട്ട ചര്‍ച്ച തുടരുകയാണ്. ഒന്നര മുതല്‍ രണ്ട് മാസം വരെ നീളുന്ന വെടിനിര്‍ത്തലാണ് കരാറില്‍ മുഖ്യമെന്നാണ് സൂചന. ഒരു ബന്ദിക്കു പകരം നൂറ് ഫലസ്തീന്‍ തടവുകാരുടെ മോചനവും കരാറില്‍ ഉള്‍പ്പെടുന്നതായി വിവരമുണ്ട്. ഇസ്രായേല്‍ സേന പൂര്‍ണമായും ഗാസ വിടണം എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഹമാസ് നിലപാട് നിര്‍ണായകമായിരിക്കും.

ബന്ദി മോചനം നീളുന്നതിനെതിരെ ഇസ്രായേലില്‍ പ്രക്ഷോഭം കരുത്താര്‍ജ്ജിച്ചതാണ് കടുത്ത നിലപാടില്‍ നിന്ന് പിന്‍മാറാന്‍ നെതന്യാഹുവിനെ പ്രേരിപ്പിച്ചത്. ഇന്നലെ രാത്രി ചേര്‍ന്ന ഇസ്രായേല്‍ യുദ്ധകാര്യ മന്ത്രിസഭാ യോഗം കരാര്‍ നിര്‍ദേശം വിലയിരുത്തിയതായും റിപ്പോര്‍ട്ടുണ്ട്. ഗാസയ്ക്കും ഇസ്രായേലിനുമിടയില്‍ ബഫര്‍ സോണ്‍ നിര്‍മിക്കാനുള്ള നടപടികള്‍ ഊര്‍ജിതമെന്ന് ഇസ്രായേല്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്‌ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ദ്വിരാഷ്ട്ര പ്രശ്‌ന പരിഹാരവുമായി ബന്ധപ്പെട്ട നടപടികള്‍ ഊര്‍ജിതമാക്കുമെന്നും യു.എസ് സ്‌റ്റേറ്റ് വകുപ്പ് പ്രതികരിച്ചു. വെസ്റ്റ് ബാങ്കില്‍ ഇസ്രായേലി കുടിയേറ്റക്കാരുടെ അതിക്രമം അമര്‍ച്ച ചെയ്യുന്നതിന്റെറ ഭാഗമായി നാലു പേര്‍ക്ക് യാത്രാവിലക്കും സാമ്ബത്തിക ഉപരോധവും അമേരിക്ക ഏര്‍പ്പെടുത്തി. കടന്നുകയറ്റം, സ്വത്ത് അപഹരിക്കല്‍, ഭീകരത എന്നിവ നടത്തുന്നവര്‍ക്കെതിരെ കടുത്ത നടപടി വ്യവസ്ഥ ചെയ്യുന്ന ഉത്തരവില്‍ യു.എസ് പ്രസിഡന്റ് ബൈഡന്‍ ഒപ്പിട്ടു. അമേരിക്കന്‍ നടപടിയെ ഇസ്രായേലിലെ വലതുപക്ഷ നേതാക്കള്‍ വിമര്‍ശിച്ചു. സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തെ ഔദ്യോഗികമായി ഉടന്‍ അംഗീകരിക്കുമെന്ന് ബ്രിട്ടന്‍ വ്യക്തമാക്കി.

അതിനിടെ, ഗാസയില്‍ ഇസ്രായേല്‍ തുടരുന്ന വംശഹത്യയില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 27,000 കടന്നു. പിന്നിട്ട 24 മണിക്കൂറിനിടെ 118 പേര്‍ കൊല്ലപ്പെടുകയും 190 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആകെ പരിക്കേറ്റവരുടെ എണ്ണം 66,139 ആയി. അതിനിടെ ചെങ്കടലില്‍ ബ്രിട്ടന്റെ ചരക്കുകപ്പലിനു നേരെ ആക്രമണം നടത്തിയതായി ഹൂതി വ്കതാവ് അറിയിച്ചു. ഹൂതികളുടെ 10 ഡ്രോണുകളും ഒരു സൈനിക കേന്ദ്രവും അക്രമിച്ചതായി യു.എസ് സൈനിക നേതൃത്വം പറയുന്നു.

ലബനനുമായി യുദ്ധത്തില്‍ ഏര്‍പ്പെടരുതെന്ന് ഇസ്രായേലിനോട് നിര്‍ദേശിച്ചതായി യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ അറിയിച്ചു. അതേസമയം, ഇറാഖിലെയും സിറിയയിലെയും ഇറാന്‍ അനുകൂല സായുധ സംഘങ്ങള്‍ക്കെതിരെ തിരിച്ചടി ആസന്നമാണെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.