വീ.ഡി സതീശനും വീണ്ടെടുപ്പിന്റെ സന്ദേശവും

വീ.ഡി സതീശനും വീണ്ടെടുപ്പിന്റെ സന്ദേശവും
January 21 00:10 2023 Print This Article

കുമ്പനാട് ഐപിസി സഭകളുടെ 98 ആമത് വാർഷിക കൺവെൻഷന്റെ നാലാം ദിനത്തിൽ ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് വീ.ഡി. സതീശൻ മനോഹരമായ ഒരു സന്ദേശം നൽകിയത് ലോകമെമ്പാടുമുള്ള മലയാളികൾ കേൾക്കുവാൻ ഇടയായി.

പ്രതിപക്ഷ നേതാവ് എന്നതിലുപരി വിദ്യാഭ്യാസമുള്ളവനും രാഷ്ട്രതന്ത്രജ്ഞത നന്നായി അറിയാവുന്നവനുമായ ഒരു വ്യക്തിയാണ് വീ.ഡി സതീശൻ. പൊതുപ്രവർത്തകരായ രാഷ്ട്രീയക്കാർ മിക്കവാറും എല്ലാ സഭാ വിഭാഗങ്ങളുടെയും പൊതുയോഗങ്ങളിൽ വന്ന് സംബന്ധിക്കുകയും, സംസാരിക്കുകയും ചെയ്യുക പതിവാണ്.

മാരാമൺ മഹായോഗത്തിനും അവർ സംബന്ധിക്കാറുണ്ട്. പ്രധാന ലക്ഷ്യം വോട്ട് ബാങ്ക് ആണെങ്കിലും സരള സുന്ദരമായ നിലയിൽ അവരിൽ പലരും യോഗങ്ങളെ അനുമോദിച്ച് സംസാരിക്കാറുമുണ്ട്. അവരിൽ മിക്കവരുടെയും പ്രസംഗങ്ങൾ ഞാൻ കേട്ടിട്ടുണ്ടെങ്കിലും പ്രതിപക്ഷ നേതാവിന്റെ പ്രസംഗം കാച്ചി കുറുക്കിയ നല്ലൊരു സന്ദേശം ആയിരുന്നു എന്ന് പറയാതിരിക്കാൻ വയ്യ.

ഒരുപക്ഷേ കുമ്പനാട് ഹെബ്രാൻപുരത്ത് പരിശുദ്ധാത്മാഭിഷേകം പ്രാപിച്ച പല അഭിഷിക്തന്മാരെക്കാളും തികച്ചും മെച്ചമായ ഒരു വീണ്ടെടുപ്പിന്റെ സന്ദേശമാണ് പ്രതിപക്ഷ നേതാവ് ചുരുങ്ങിയ മിനിറ്റുകളിൽ അവിടെ അവതരിപ്പിച്ചത്. അദ്ദേഹത്തിന്റെ പ്രസംഗത്തിൽ തന്റെ പൊതുപ്രവർത്തനങ്ങൾക്ക് ജീവനാഡിയായി, പ്രകാശമായി നിലകൊള്ളുന്നത് വിശുദ്ധ വേദപുസ്തകവും, ക്രിസ്തുവിന്റെ വചനങ്ങളും ആകുന്നു എന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ സംഘടിപ്പിക്കപ്പെട്ട സുവിശേഷ യോഗത്തിന്റെ ആത്യന്തികമായ ഉദ്ദേശം ക്രിസ്തുവിന്റെ ഉപദേശപ്രകാരമുള്ള ദൈവരാജ്യ വ്യാപനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദൈവരാജ്യം എന്താണ്? എവിടെയാണ്? അതിന്റെ സ്വഭാവമെന്താണ് എന്നല്ലാം നമ്മുടെ സെമിനാരിയിൽ പ്രസംഗ ശാസ്ത്രം പഠിച്ച ഉപദേഷ്ടാക്കന്മാരെ ക്കാൾ, വ്യക്തമായും സ്പഷ്ടമായും അദ്ദേഹം പറയുകയുണ്ടായി.

ദൈവരാജ്യം എവിടെയാണ്? ഈ ഭൂമിയിലോ? സഭയിലോ? അതോ സ്വർഗത്തിലോ? ഇത് ചോദിച്ച ശേഷം ഗലീല കടപ്പുറത്തുനിന്ന് തന്റെ അരുമ ശിഷ്യന്മാരെ കൂട്ടിക്കൊണ്ട് നാം മറ്റുള്ള പട്ടണങ്ങളിലും ദൈവരാജ്യം പ്രസംഗിക്കേണ്ടതാകുന്നു എന്ന് തന്റെ ശിഷ്യന്മാരോട് കൽപ്പിച്ച ക്രിസ്തുവിന്റെ സന്ദേശത്തിന് ഊന്നൽ നൽകിയാണ് ദൈവരാജ്യത്തെ അദ്ദേഹം വിവരിച്ചത്.

ചിലപ്പോൾ അവിടെ വന്ന പല ആളുകളും ദൈവരാജ്യം എന്താണെന്ന് വ്യക്തമായി മനസ്സിലാക്കിയത് സതീശന്റെ പ്രസംഗത്തിലൂടെ ആയിരിക്കാനും സാധ്യതയുണ്ട്. വിശുദ്ധ മത്തായിയുടെ സുവിശേഷം ദൈവരാജ്യം എന്താണ് എന്ന് പറയുമ്പോൾ, മർക്കോസിന്റെ സുവിശേഷം ദൈവരാജ്യത്തിൽ ക്രിസ്തു ആരാണ് എന്നും, ലൂക്കോസിന്റെ സുവിശേഷം ദൈവ രാജ്യത്തിന്റെ മാനവികത എന്താണെന്നും, ഒടുവിലത്തെ സുവിശേഷമായ യോഹന്നാന്റെ സുവിശേഷം ദൈവരാജ്യത്തിന്റെ സ്വഭാവം നമ്മിൽ എങ്ങനെയായിരിക്കണം എന്നും വ്യക്തമായി വിവരിച്ചിരിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് ദൈവരാജ്യം ഭൂമി മുഴുവൻ വ്യാപിച്ചു കിടക്കുന്ന ഒരു വലിയ സ്ഥാപനമാകുന്നു എന്നും, ആ ദൈവ രാജ്യത്തിന്റെ സന്ദേശം ലോകത്തെ മുഴുവൻ അറിയിക്കുന്നതാണ് സുവിശേഷം എന്നും വളരെ വ്യക്തമായി അദ്ദേഹം പ്രസ്താവിച്ചു.

പരിമിതമായ മിനിറ്റുകളിൽ പ്രോജ്വലമായ അദ്ദേഹത്തിന്റെ പ്രസംഗം അദ്ദേഹം പരിവസാനിപ്പിച്ചത് പ്രശസ്ത ലോക ചിന്തകനും, എഴുത്തുകാരനും സുവിശേഷ പ്രഭാഷകനുമായ ടോണി ജോൺസിന്റെ ഒരു പുസ്തകത്തിലെ മനോഹരമായ ഒരു ചരിത്രവൃത്താന്തം അവതരിപ്പിച്ചുകൊണ്ടായിരുന്നു.

സോവിയറ്റ് റഷ്യ ചിന്നഭിന്നമാകുന്നതിന് മുമ്പ് പഴയ റഷ്യയിൽ, സർക്കാർ താമസത്തിനായി ഒരു അമ്മയ്ക്കും കുഞ്ഞിനും കൊടുത്തിരുന്ന ഒരു ഒരിടിഞ്ഞു പൊളിഞ്ഞ വീടിന്റെയും ആ വീടിന്റെ ദാരുണമായ തകർച്ചയിൽ ഒരു അമ്മയുടെയും കുഞ്ഞിന്റെയും ചരിത്രത്തെയും അദ്ദേഹം വിവരിച്ചു. അപ്രതീക്ഷിതമായ ഒരു ഭൂകമ്പം മുഖാന്തരം ആ അമ്മയും കൊച്ചു കുഞ്ഞും താമസിച്ചു വന്ന വീട് ഇടിഞ്ഞുവീണു. വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ അകപ്പെട്ടുപോയ ഈ മാതാവിനെയും കുഞ്ഞിനെയും രക്ഷിക്കുവാൻ രക്ഷാപ്രവർത്തകരാരും ആദ്യത്തെ രണ്ട് ദിവസങ്ങളിൽ വന്നില്ല.

രണ്ടു ദിവസങ്ങൾ കഴിഞ്ഞതോടെ ആ കൊച്ചു കുഞ്ഞ് ജലപാനം കിട്ടാതെ അവശയാകുന്നതായി ആ മാതാവ് കണ്ടു. തന്റെ മുകളിൽ വീണു കിടക്കുന്ന വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് സ്വമേധയാ എഴുന്നേൽക്കാൻ കഴിയാത്ത ആ മാതാവ് പെട്ടെന്ന് അവളുടെ സമീപം കിടന്നിരുന്ന ഒരു കുപ്പിച്ചില്ല കണ്ടു. വേഗത്തിൽ ആ കൂപ്പിച്ചില്ല എടുത്ത് അവളുടെ കൈയുടെ അറ്റം മുറിച്ച് ആ ചോര ആ കുഞ്ഞിന്റെ വായിലേക്ക് ആ മാതാവ് ഇറ്റിച്ചു കൊടുത്തു. അങ്ങനെ ആ കുഞ്ഞ് ഡി ഹൈഡ്രേഷൻ അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. എന്നാൽ മൂന്നാം ദിവസം സന്ധ്യയായപ്പോഴേക്കും രക്ഷാപ്രവർത്തകർ അടുത്തു വന്നപ്പോൾ രക്തം വാർന്നു മരിച്ചു കിടക്കുന്ന മാതാവിനെയും മാതാവിന്റെ രക്തം പാനം ചെയ്തു ജീവിച്ചിരിക്കുന്ന കുഞ്ഞിനെയുമാണ് രക്ഷാപ്രവർത്തകർ കണ്ടത്.

ഈ കഥ മനോഹരമായി അദ്ദേഹം അവതരിപ്പിച്ചിട്ട് ,മാനവ ജാതിയുടെ ജീവനുവേണ്ടി, രക്ഷയ്ക്ക് വേണ്ടി, തന്റെ ജീവനായ രക്തം ഊറ്റിത്തന്നവനാണ് കർത്താവായ യേശുക്രിസ്തു എന്നും. ക്രിസ്തുവിന്റെ ഈ രക്ഷണ്യ സന്ദേശം ലോകത്തോട് അറിയിക്കുന്നതാണ് ദൈവരാജ്യ വ്യാപനം എന്നും പറഞ്ഞുകൊണ്ട് അദ്ദേഹം തന്റെ പ്രസംഗം പര്യവസാനിപ്പിച്ചു. ഈ സന്ദേശം അദ്ദേഹം നൽകിയശേഷം വിവിധ നിലയുള്ള പ്രതികരണങ്ങൾ വിവിധ സഭാ വിഭാഗങ്ങളുടെ വകയായി സോഷ്യൽ മീഡിയയിൽ ഉണ്ടായി. പെന്തക്കോസ്തുകാരുടെ യോഗത്തിൽ രാഷ്ട്രീയക്കാർക്ക് പ്രസംഗിക്കുന്നത് യോഗ്യമല്ല എന്ന് ഒരു കൂട്ടർ പറഞ്ഞപ്പോൾ,വീ.ഡി സതീശൻ യേശുക്രിസ്തുവിനെ രക്ഷിതാവായി സ്വീകരിച്ച ആളല്ല എന്നാണ് വേറെ ചിലർ അഭിപ്രായപ്പെട്ടത്. ഈ വിഷയത്തെക്കുറിച്ച് ഈ ലേഖനത്തിൽ പ്രത്യേകിച്ച് യാതൊന്നും എഴുതുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇന്ന് ലോകത്തിലുള്ള എല്ലാ ആളുകളും വേർപാടുകാരോ പെന്തക്കോസുകാരോ ആയാൽ മാത്രമേ ദൈവമക്കളായി തീരുകയുള്ളൂ എന്നുള്ള ചിന്ത എനിക്കില്ല. എന്റെ വേർപ്പെട്ട ജീവിതത്തിന്റെ ആദ്യനാളുകളിൽ ഞാനും അങ്ങനെ വാശിപിടിക്കുന്ന ഒരു വ്യക്തിയായിരുന്നു.

എന്നാൽ ലോകത്തിലെ മഹാന്മാരായ പല ആളുകളുടെയും ജീവചരിത്രവും, ആത്മചരിത്രവും വായിക്കുവാൻ എനിക്ക് ഇടയായിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ട് കണ്ടതിൽ ഏറ്റവും വലിയ മസ്തിഷ്ക ആചാര്യനായിരുന്നു ഡോക്ടർ സർവ്വേപ്പള്ളി രാധാകൃഷ്ണൻ. ഇന്ത്യൻ ഫിലോസഫി എന്ന് പറയുന്ന ബ്രഹ്ത്തായ ഗ്രന്ഥങ്ങളുടെ രചയിതാവും, ഇന്ത്യയുടെ പ്രസിഡണ്ടുമായിരുന്ന അദ്ദേഹമാണ് തന്റെ ശിഷ്യത്വം വേണമെന്ന് പറഞ്ഞ് തന്നെ സമീപിച്ച പോൾ സുധാകറേ പുതിയ നിയമം വായിക്കുവാൻ ആവശ്യപ്പെട്ടുകൊണ്ട് യേശുക്രിസ്തുവിലേക്ക് ആനയിച്ചത്.

അതുപോലെ,ഇന്ത്യയുടെ രാഷ്ട്രപിതാവായിരുന്ന മഹാത്മാഗാന്ധി യേശുക്രിസ്തുവിന്റെ വചനങ്ങളെ ഹൃദയത്തിൽ സ്വീകരിച്ച ഒരു മഹാത്മാവായിരുന്നു. പ്രത്യേകിച്ച് യേശുക്രിസ്തുവിന്റെ പർവ്വത പ്രസംഗംങ്ങൾ ലോകത്തിൽ ഇന്ന് വരെ ജീവിച്ചിട്ടുള്ള ഏതൊരു തത്വചിന്തകനേക്കാളും ഉന്നതമായ നിലവാരം പുലർത്തുന്ന ധാർമിക ചിന്തകൾ ആകുന്നു എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. യേശുക്രിസ്തുവിനെ ഞാൻ സ്നേഹിക്കുന്നു എന്നും അദ്ദേഹത്തിന്റെ പ്രസംഗങ്ങളിലും എഴുത്തുകളിലും താൻ പ്രസ്താവിച്ചിട്ടുണ്ട്. അങ്ങനെയായാൽ മനോഹരമായ ഈ വീണ്ടെടുപ്പിന്റെ സന്ദേശം കാച്ചി കുറുക്കിയത് പോലെ ഒരു മഹായോഗ സദസ്സിൽ പരസ്യമായി പ്രസ്താവിച്ച ബഹുമാനപ്പെട്ട വി ഡി സതീശൻ തന്റെ അന്തരാത്മാവിൽ യേശുക്രിസ്തുവിനെ രക്ഷകനായി അംഗീകരിച്ചിട്ടുണ്ടോ എന്ന് പറയേണ്ടത് അദ്ദേഹമാണ്. ഇല്ല എന്ന് പറയാൻ നമുക്ക് അധികാരമില്ല.

ഒരുപക്ഷേ ലോകത്തിന്റെ മുഖത്ത് പരസ്യമായി ഒരു ക്രിസ്ത്യാനി എന്ന നിലയിൽ മുമ്പോട്ട് വന്നിട്ടില്ലാത്ത അനേകരും കർത്താവായ യേശുക്രിസ്തുവിനെ രക്ഷിതാവായി സ്വീകരിച്ച് ദൈവരാജ്യത്തിന്റെ പ്രജകളായി തീർന്നിരിക്കാൻ സാധ്യതയുണ്ട്. അതൊരു പക്ഷേങ്കിൽ ഇവിടെ നമുക്ക് മനസ്സിലാക്കാൻ കഴിഞ്ഞു എന്ന് വരികയില്ല. നമ്മുടെ കർത്താവായ യേശുക്രിസ്തു പറഞ്ഞതുപോലെ കിഴക്ക് നിന്നും, പടിഞ്ഞാറ് നിന്നും, വടക്കുനിന്നും തെക്ക് നിന്നും അനേകർ വന്ന് ദേവരാജ്യത്തിന്റെ പന്തിയിൽ ഇരിക്കുമ്പോൾ തങ്ങൾ മാത്രം സ്വർഗ്ഗരാജ്യത്തിന്റെ അവകാശികൾ എന്ന് അഹന്തയോട് അവകാശപ്പെട്ട ചില ബ്രദറുകാരും, പെന്തക്കോസ്തുകാരും ഏറ്റവും വലിയ ഇരുട്ടുള്ള സ്ഥലത്ത് കിടന്നു നിലവിളിക്കേണ്ട കാഴ്ചയും നമുക്ക് കാണണ്ടതായി വന്നേക്കാം.

ആകയാൽ സമയത്തിന് മുമ്പ് ആരെയും വിധിക്കാതെ ഞാൻ മുകളിൽ സൂചിപ്പിച്ച സ്വർഗ്ഗരാജ്യത്തോടെ ഏറ്റവും അടുത്തവർ എന്ന സ്വയം വിശേഷിപ്പിക്കുന്ന ഈ രണ്ടു സഭാവിഭാഗങ്ങൾക്ക് വെളിയിലും കർത്താവായ യേശുവിനെ ജീവിതത്തിൽ രക്ഷിതാവും കർത്താവുമായി സ്വീകരിച്ച അരിമത്യയിലെ ജോസേപ്പിനെ പോലെയോ, നിക്കോദിമോസിനെ പോലെയോ ഉള്ള അനേകം രഹസ്യ വിശ്വാസികൾ ദൈവരാജ്യത്തിന്റെ പന്തലിൽ ഉണ്ടായിരിക്കും നിശ്ചയം. നാഴികയ്ക്ക് നാല്പതു വട്ടം അന്യഭാഷകളിൽ സംസാരിക്കുകയും, പ്രവചിക്കുകയും, രോഗശാന്തി ഘോഷിക്കുകയും ചെയ്ത അനേകം പെന്തക്കോസ്തുകാരും നവയുഗ സഭക്കാരും, രക്ഷിക്കപ്പെടാതെ സ്നാനപെട്ട പല സഭാ വിഭാഗക്കാരും, ഏറ്റവും പുറത്തുള്ള ഇരുട്ടിൽ കർത്താവേ ഞങ്ങൾ നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കി, പുതുഭാഷ സംസാരിച്ചു, പ്രവചിച്ചു എന്നും പറഞ്ഞു വലിയ വായിൽ നിലവിളിക്കും.

അന്നാളിൽ യേശുക്രിസ്തു അവരോട് ഞാൻ നിങ്ങളെ ഒരുനാളും അറിയുന്നില്ല എന്ന് തീർത്ത് പറയും. അതുകൊണ്ട് രക്ഷിക്കപ്പെടാതെ ആണ്ടുതോറും നടത്തപ്പെടുന്ന കൺവെൻഷനിൽ ഹല്ലേലുയ്യായും സ്തോത്രവും പറയുകയും മുടങ്ങാതെ യോഗങ്ങളിൽ സംബന്ധിക്കുകയും തങ്ങൾ നീതിമാന്മാർ എന്ന് സ്വയം പുകഴ്ത്തുകയും ചെയ്തവർ വീ. ഡി സതീശനെ പോലെയുള്ള ആളുകൾ പക്ഷേ ഉണ്ടായിരിക്കാൻ സാധ്യതയുള്ള സ്വർഗത്തിൽ ഉണ്ടായിരിക്കുമോ ഇല്ലയോ എന്നത് ഇവിടെവച്ച് തീരുമാനിക്കേണ്ടിയിരിക്കുന്നു.

അല്ലാത്തപക്ഷം, നരകത്തിൽ തന്നെ ആയിരിക്കും താമസം എന്ന് ദൈവവചന അടിസ്ഥാനത്തിൽ ഞാൻ ഓർപ്പിച്ചുകൊണ്ട് ഈ വാക്കുകൾ ഇവിടെ പര്യവസാനിപ്പിക്കുന്നു

-ES തോമസ്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.