മഹോപദ്രവത്തിൽ പോലും ഇല്ലാത്ത ഹെബ്രോനിലെ ചിതലുകൾ

മഹോപദ്രവത്തിൽ പോലും ഇല്ലാത്ത ഹെബ്രോനിലെ ചിതലുകൾ
December 27 23:10 2022 Print This Article

(ഐപിസി യുടെ പൊതുസ്ഥാപനം ആയിരുന്ന, ഹെബ്രോൻ പ്രിന്റിംഗ് പ്രെസ്സ് ചിതൽ തിന്ന ചരിത്രം.)

ഐപിസി യുടെ ചരിത്രത്തിൽ പ്രസ്ഥാനത്തിന് എതിരെ നടന്ന തട്ടിപ്പുകളുടെ ലിസ്റ്റ് അതിഭീകരം ആണ്. പ്രസ്ഥാനത്തെ ചിലർ മനപ്പൂർവ്വം വഞ്ചിച്ചുകൊണ്ടിരുന്നു.

കോടികളുടെ കണക്കുവെച്ചു നോക്കുമ്പോൾ ഇന്നാണ് കൂടുതൽ പണം ഐ.പി.സി എന്ന പ്രസ്ഥാനത്തിന് അപഹരിക്കപ്പെട്ടത് എങ്കിലും, കഴിഞ്ഞ തലമുറകളിൽ ഐപിസി ക്ക് നഷ്ടമായവ ചില്ലറയൊന്നും അല്ല എന്ന് ചരിത്രം ഓർപ്പിക്കുന്നു.

“മഹോപദ്രവത്തിൽ പോലും ഇല്ലാത്ത ചിതലുകൾ” എന്ന പ്രയോഗം എന്റേത് അല്ല, പ്രത്യുത ഐപിസി യുടെ വസ്തുക്കൾ റ്റി എസ് എബ്രഹാം അപഹരിക്കുന്നു എന്ന് ബോധ്യമായപ്പോൾ, ഇതിനെതിരെ 13-10-1989 ൽ രൂപീകരിക്കപ്പെട്ട ഏകദേശം 14 പേര് അടങ്ങുന്ന ഐപിസി പ്രോഗ്രസ്സിവ് മൂവ്മെന്റ് എന്ന ഗ്രൂപ്പിന്റെതാണ്.

ഐപിസി എന്ന പ്രസ്ഥാനത്തിനു പൊതുവായി പ്രവർത്തിച്ചിരുന്ന വിവിധ സ്ഥാപനങ്ങൾ ഉണ്ടായിരുന്നു. ഹെബ്രോൻ ബൈബിൾ കോളേജ്, സീയോൻ കാഹളം മാസിക, ഹെബ്രോൻ പ്രിന്റിംഗ് പ്രെസ്സ്, ഹെബ്രോൻ ഇംഗ്ളീഷ് ഫ്രീ സ്കൂൾ തുടങ്ങി പലതും ഐപിസി യുടെ വിശാല ഭാവി മുൻകണ്ടു പ്രസ്ഥാനം തുടക്കം കുറിച്ചവയാണ്. എന്നാൽ ഹെബ്രോൻ ബൈബിൾ കോളേജ് ഒഴികെ ബാക്കിയുള്ളവ പിശാചിന്റെ കെണികളിൽ പെട്ടു ഇല്ലായ്മ ആയിപ്പോയി.

അവയിൽ എല്ലാത്തിന്റെയും വിവരണം ഇങ്ങനെ ഒരു കുറിപ്പ് കൊണ്ട് തീരുന്നതല്ല, ഈ കുറിപ്പിൽ ഹെബ്‌റോൻ പ്രെസ്സ് ഇല്ലായ്മ ആയ ചരിത്രം വിവരിക്കുന്നു.. തുടർന്നുള്ള ഭാഗങ്ങൾ എന്റെ സ്വന്തം വാക്കുകൾ അല്ല, പ്രോഗ്രസ്സിവ് മൂവ്മെന്റ് പുറത്തിറങ്ങിയ, റ്റി എസ് എബ്രഹാമിനുള്ള മറുപടി പേജ് 5- 7 വരെ ഉള്ളവയിൽ നിന്ന് അതെപടി ചേർക്കുന്നതാണ്:

ഹെബ്രോൺ പ്രിന്റിംഗ് ഹൗസ് പാസ്റ്റർ റ്റി.എസ്. എബ്രഹാമിന്റെ സ്വകാര്യ സ്ഥാപനത്തിലേക്ക് മാറ്റി, ” എബ്രഹാം ഫൗണ്ടേഷൻ പ്രിന്റേഴ്സ്” എന്നു പുനർനാമകരണം ചെയ്തിരിക്കുന്നു എന്നും അത് തിരിച്ച് ഐപിസി സ്ഥലത്തേക്ക് കൊണ്ടുവരികയും ഐപിസി ചുമതലപ്പെടുത്തുന്നവർ നടത്തുകയും വേണം എന്നാണ് ഞങ്ങൾ അപേക്ഷിച്ചത്.

“അങ്ങനെ മുകളിൽ എഴുതിയിരിക്കുന്നത് പോലെ ഹെബ്രോൺ പ്രിന്റിംഗ് ഹൗസിൽ ഉപയോഗിച്ചുകൊണ്ടിരുന്ന മെഷീനും സീയോൻ കാഹളം ആഫീസും ഇന്ന് റ്റി.എസ്. എബ്രഹാമിന്റെ കെട്ടിടത്തിൽ ആയിരിക്കുകയാണ്.” (വിശദീകരണം പുറം 10 ).

ഇതേപ്പറ്റി അദ്ദേഹം വീണ്ടും എഴുതിയിരിക്കുന്നു. ” ഹെബ്രോൻ പ്രിന്റിങ് ഹൗസ് ഐപിസിയുടെ വകയല്ല എന്ന ടി എസ് എബ്രഹാം പറഞ്ഞിട്ടില്ല. അത് ഐപിസിയുടെ വകയാണ്. എന്നാൽ ഐപിസിയുടെ വകയായിരുന്ന ഹെബ്രോൺ പ്രിന്റിംഗ് ഹൗസ് അതിന്റെ ലൈസൻസി ആയിരുന്ന പാസ്റ്റർ എം എം ദാനിയലിന്റെ മരണത്തോടു കൂടെ അവസാനിച്ചു. ഇപ്പോൾ ഹെബ്രോൺ പ്രിന്റിങ് ഹൗസ് ഇല്ല” (വിശദീകരണം പുറം 13 ).

പാസ്റ്റർ എം എം ഡാനിയേൽ മരിച്ചത് 1975 ൽ ആണ്, “അന്ന് അവസാനിച്ചു” “ഇപ്പോൾ ഇല്ല” എന്ന് പറഞ്ഞ പ്രസ്സിലാണ് 1984 വരെ സീയോൻ കാഹളം മാസിക അച്ചടിച്ചു കൊണ്ടിരുന്നത്. മാസികയുടെ കവർ നാലാം പേജിൽ ഇത് പ്രസ്താവിച്ചിരിക്കുന്നു. അനേകം പുസ്തകങ്ങൾ, ലഘുലേഖകൾ, സഭാപരമായ പ്രസ്താവനകൾ എല്ലാം ഈ കാലയളവിൽ ഈ പ്രസ്സിൽ തന്നെ അച്ചടിച്ചിട്ടുണ്ട്.

1986ൽ നിര്യാതനായ ബ്രദർ കെ.എ. യോസഫിനെ കുറിച്ച് ഐപിസി കേരള സ്റ്റേറ്റ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, കേരള സ്റ്റേറ്റ് സെക്രട്ടറി ( പാസ്റ്റർ ടി എസ് എബ്രഹാം), ചേർന്ന് 17-3-1986ൽ പുറപ്പെടുവിച്ച പ്രസ്താവന ശ്രദ്ധിക്കുക,

“കഴിഞ്ഞ 36 വർഷങ്ങൾ ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയുടെ ഹെഡ് ക്വാർട്ടേഴ്‌സ് ആയ ഹെബ്രോൻ പുരത്ത് ഹെബ്രോൻ പ്രിന്റിങ് ഹൗസിന്റെ ചുമതല സ്തുത്യർഹമായ വിധത്തിൽ നിർവഹിച്ചുകൊണ്ടിരുന്ന പ്രിയ സഹോദരൻ..”

1975 ഇല്ലാതെ പോയ പ്രസ്സ് 1986ലും ഹെബ്രോൻ പ്രിന്റിംഗ് ഹൗസ് എന്ന അതേ പേരിൽ പ്രവർത്തിച്ചു കൊണ്ടിരുന്നു എന്ന് ഇപ്പോൾ സ്പഷ്ടമല്ലേ !. 1975 “അവസാനിച്ചു” “ഇപ്പോൾ ഇല്ല” എന്നു പറഞ്ഞ പ്രസ്സിൽ ഒരു ദശാബ്ദത്തിൽ അധികം ഈ വേലകളെല്ലാം നടത്തുക എന്ന മഹാത്ഭുതം കാണിക്കുവാൻ പാസ്റ്റർ റ്റി.എസ്. എബ്രഹാമിന് മാത്രമേ സാധിക്കൂ.!

ഏതായാലും “അപ്പച്ചന്റെ പ്രസ്” എന്നു പറഞ്ഞ് ഹെബ്രോൻ പ്രിന്റിങ് ഹൗസ് പാസ്റ്റർ എം എം ഡാനിയേലിന്റെ മക്കൾ ആരും അവകാശപ്പെടാഞ്ഞത് ഐപിസിയുടെ ഭാഗ്യം തന്നെ. “ഹെബ്രോൻ പ്രിന്റിംഗ് ഹൗസ് ഇല്ലാതായത് പാസ്റ്റർ എം എം ദാനിയിൽ മരിച്ചപ്പോൾ അല്ല പ്രത്യുത എബ്രഹാം ഫൗണ്ടേഷൻ പ്രിന്റേഴ്സ് എന്ന പുനർനാമകരണം ചെയ്തപ്പോഴാണ് എന്ന് ഇപ്പോൾ സ്പഷ്ടമായല്ലോ.!”

പ്രസ്സ് സ്ഥാപിച്ചിരുന്ന കെട്ടിടത്തിൽ റ്റി.എസ്. എബ്രഹാം ഇരുന്നിട്ടുണ്ട് എന്നല്ലാതെ ഹെബ്രോൺ പ്രിന്റിംഗ് ഹൗസിന്റെ യാതൊരു ചുമതലയും റ്റി.എസ്. എബ്രഹാമിന് ഉണ്ടായിരുന്നില്ല എന്ന് അദ്ദേഹം ഇപ്പോൾ പറയുന്നു. ( വിശദീകരണം പുറം -9).

എന്നാൽ ഫെബ്രോൻ പ്രിന്റിങ് ഹൗസിന്റെയും സീയോൻ കാഹളത്തിന്റെയും അഞ്ചു പ്രവർത്തകരുടെ ഫോട്ടോ പാസ്റ്റർ റ്റി എസ് എബ്രഹാം തന്നെ ഐപിസി ജൂബിലി സുവനീറിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു. അതിന്റെ മുൻനിരയിലിരിക്കുന്ന ആൾ പാസ്റ്റർ റ്റി.എസ്. എബ്രഹാം അല്ലേ..? വീണ്ടും അദ്ദേഹം എഴുതിയിരിക്കുന്നത് ശ്രദ്ധിക്കുക, “ഉപയോഗശൂന്യമായ പ്രിന്റിങ് മെഷീനും ചിതലെടുത്തുപോയ സാധനങ്ങൾ ഒഴികെയുള്ള ചില്ലറ സാധനങ്ങളും ഹെബ്രോൻ പ്രിന്റിങ് ഹൗസ് മാനേജർ ആയിരുന്ന ബ്രദർ എം എം എബ്രഹാം, എബ്രഹാം ഫൗണ്ടേഷൻ പ്രിന്റേഴ്സ് കെട്ടിടത്തിൽ സൂക്ഷിച്ചു വച്ചിട്ടുണ്ട്.

കഴിഞ്ഞ ആറിൽപരം വർഷങ്ങളായി എം എം എബ്രഹാമിന്റെ ചുമതലയിൽ ടി എസ് എബ്രഹാമിന്റെ കെട്ടിടത്തിൽ അവ ഇരിക്കുന്നു.” ( വിശദീകരണം പുറം 10 ). എബ്രഹാം ഫൗണ്ടേഷൻ കെട്ടിടം റ്റി. എസ്. എബ്രഹാമിന്റെ കെട്ടിടമാണ് എന്ന് സ്പഷ്ടമല്ലേ?. “1975ൽ അവസാനിച്ചു” എന്നു പറഞ്ഞ ഹെബ്രോൺ പ്രിന്റിങ് ഹൗസിന്റെ മാനേജരായി ബ്രദർ എം എം എബ്രഹാം “1983 വരെ പ്രവർത്തിക്കുകയായിരുന്നു” എന്ന് കണ്ടില്ലേ.

ഇതൊക്കെയാണെങ്കിലും പ്രസ് തിന്നു നശിപ്പിക്കാൻ ത്രാണിയുള്ള ചിതലുകൾ ഹെബ്രോൻപുരത്തേ കാണൂ. മഹോപദ്രവകാലത്ത് പോലും ഇത്തരം പ്രാണികളെ കാണാൻ കഴിയും എന്ന് തോന്നുന്നില്ല.

ഏതായാലും ഹെബ്രോൻ പ്രിന്റിങ് ഹൗസ് റ്റി.എസ്. എബ്രഹാമിന്റെ ഇപ്പോഴത്തെ കെട്ടിടത്തിലേക്ക് മാറ്റിയിട്ടും 1986 വരെ എല്ലാവിധ അച്ചടികളും നടത്താൻ പര്യാപ്തമായ ഒരു ആധുനിക അച്ചടിശാല ആയിരുന്നു എന്ന് കണ്ടല്ലോ അതുപോലെതന്നെ അവ തിരിച്ചു കിട്ടണം.

പക്ഷെ കിട്ടിയില്ല, ഐപിസി പ്രോഗ്രസ്സിവ് മൂവ്മെന്റ് നടത്തിയ അപേക്ഷയും ചിതലെടുത്തു തിന്നാൻ മാറ്റി വെച്ചു. (അവയിൽ നിന്ന് വിഷച്ചിതലുകൾ തിന്നാതെ ദൈവം മാറ്റിവെച്ച ചില തെളിവുകൾ കയ്യിൽ കിട്ടിയതിൽ നിന്നാണ് ഇത് രേഖപ്പെടുത്തുന്നത്.)

പ്രിന്റിംഗ് പ്രെസ്സ് എന്നേക്കുമായി റ്റി എസ് എബ്രഹാം വിഴുങ്ങി. ഇതുപോലെ ഐപിസി ക്ക് നഷ്ടമായ പൊതു സ്ഥാപനങ്ങളുടെ ചരിത്രം ഇനിയും, ഓടിപ്പോകുന്നവനും വായിക്കാൻ കഴിയും വിധം വലിയൊരു പലകയിൽ എഴുതേണ്ടിയിരിക്കുന്നു..

തലമുറ തലമുറ ആയി ഐപിസി യെ തിന്നു മുടിക്കുന്ന വിഷച്ചിതലുകളെ നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.