ശ്രദ്ധിച്ചാല്‍ പ്രമേഹത്തെ അതിജീവിക്കാം

ശ്രദ്ധിച്ചാല്‍ പ്രമേഹത്തെ അതിജീവിക്കാം
November 13 21:59 2017 Print This Article

ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ ഇന്ന് നേരിടുന്ന ഒരു പ്രശനമാണ് ഡയബറ്റിസ് അഥവാ പ്രമേഹം. നേരത്തേ കണ്ടെത്തി നിയന്ത്രിക്കുകയും ചികിത്സിക്കുകയും ചെയ്യാത്തപക്ഷം ശരീരാവയവങ്ങളെ കാര്‍ന്നു തിന്നുന്ന രോഗമാണിത്. കണ്ണുകളെയും നാഡികളെയും വൃക്കകളെയും ഹൃദയത്തെയും ബാധിക്കുന്ന ധാരാളം സങ്കീര്‍ണ പ്രശ്‌നങ്ങള്‍ക്ക് പ്രമേഹം കാരണമാകും.

സര്‍വേ ഫലങ്ങള്‍ പറയുന്നപ്രകാരം പ്രമേഹബാധിതരുടെ കണക്കില്‍ ലോകത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഇന്ത്യയുടെ അക്കാര്യത്തിലെ തലസ്ഥാനമാണ് കേരളം. ദേശീയ ശരാശരി 8 ശതമാനമാണെങ്കില്‍ കേരളത്തിന്റേത് 20 ശതമാനത്തോളം വരും ! ഇതില്‍ 80 ശതമാനം പ്രമേഹ രോഗികളും ശരിയായി രോഗനിയന്ത്രണം നടത്താതെ ഹൃദയതകരാര്‍ മൂലം മരിക്കുന്നുയെന്നാണു കണക്ക്. പ്രമേഹബാധിതരില്‍ 40 ശതമാനം പേര്‍ മാത്രമേ ശരിയായ രീതിയില്‍ രോഗനിയന്ത്രണം നടത്തുന്നുള്ളൂ. നഗരങ്ങളിലേതിനേക്കാള്‍ ഗ്രാമങ്ങളില്‍ പ്രമേഹബാധിതര്‍ കൂടുതലാണെന്നും കാണാം. നഗരങ്ങളില്‍ 12 % പുരുഷന്മാരും 17 % സ്ത്രീകളും പ്രമേഹബാധിതരാണെന്നു കണക്ക്. എന്നാല്‍ ഗ്രാമങ്ങളില്‍ അതു യഥാക്രമം 19 %, 22 % വീതമാണ്. ലോകത്ത് ഏറ്റവും അധികം ആളുകളുടെ മരണത്തിന് ഇടയാക്കുന്ന രോഗവും പ്രമേഹം തന്നെ. ഇവ പഴയ സ്റ്റാറ്റിറ്റിക്‌സ്.
പ്രമേഹം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഇന്ത്യക്കാരുടെ നെറ്റി ചുളിയുക പതിവാണ്. പ്രമേഹം ഒരു രോഗമാണോ? പാരമ്പര്യമായി ലഭിക്കുന്നതാണോ? .പ്രമേഹത്തെ പറ്റി ഒരുപിടി സംശയങ്ങളാണ് എല്ലാവര്‍ക്കുമുള്ളത്. നമ്മുടെ രാജ്യത്ത് പ്രമേഹരോഗികളുടെ എണ്ണം ഏറി വരികയാണ്. ജീവിതശൈലീ രോഗങ്ങള്‍ എന്നറിയപ്പെടുന്ന രോഗങ്ങളില്‍ പ്രഥമസ്ഥാനമാണ് പ്രമേഹത്തിനുള്ളത്.
പ്രമേഹം നിയന്ത്രിക്കേണ്ടതിന് രോഗിയും ഒപ്പം രോഗമുള്ളവരുടെ കുടുംബാംഗങ്ങളും ഏറെ ശ്രദ്ധിക്കേണ്ടതുമാണ്. ഇത്തരത്തില്‍ ജീവിതം ശരിയായി ആസ്വദിച്ചാല്‍ ജീവതത്തിന്റെ മധുരം നുകര്‍ന്നാല്‍ പ്രമേഹരോഗം എന്ന അവസ്ഥയില്‍ നിന്ന് അഥവാ മാനസികവ്യഥയില്‍ നിന്ന് കരകയറാം എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു .

നേരത്തേയുള്ള രോഗനിര്‍ണയം വഴി സങ്കീര്‍ണതകള്‍ വരാതെ നോക്കുകയും വരാവുന്ന സങ്കീര്‍ണതകളെ മുന്‍കൂര്‍തന്നെ നിര്‍ണയിക്കുകയും ചെയ്യുക എന്നതാണ് നമ്മുടെ ആവശ്യം. പ്രമേഹരോഗമുള്ള ആളുകള്‍ ഇതിനെ നല്ലപോലെ മനസ്സിലാക്കേണ്ടത് പ്രധാനമാണ്.
ശരീരത്തിന് ആവശ്യമായ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാനുള്ള കഴിവ് നമ്മുടെ ശരീരത്തിനുണ്ട്. കരളിനു സമീപമുള്ള ഐലന്‍ഡ്‌സ് ഓഫ് ലാംഗര്‍ഹാന്‍ഡ്‌സ് എന്നറിയപ്പെടുന്ന ഗ്രന്ഥിയിലെ ബീറ്റാ കോശങ്ങളാണ് ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്നത്.

വറുത്ത വിഭവങ്ങളും മറ്റും കഴിക്കുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ തോത് ഉയര്‍ന്ന നിലയിലായിരിക്കും. പഞ്ചസാരയുടെ തോത് സാധാരണ തോതിലെത്തിക്കാന്‍ ശരീരം ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്നു. ഇതാണ് സാധാരണയായി മനുഷ്യശരീരത്തില്‍ സംഭവിക്കുന്നത്.
പ്രമേഹത്തെക്കുറിച്ച് അറിവ് കൂടുമ്പോഴും രോഗികളുടെ എണ്ണം കൂടുന്നത് പ്രായോഗിക തീരുമാനങ്ങള്‍ നടപ്പില്‍ വരുത്തതുകൊണ്ടാണ്. കാര്‍ബോ ഹൈഡ്രേറ്റുകള്‍ കുറഞ്ഞ ആഹാരങ്ങള്‍ ശീലമാക്കുകയും ആവശ്യത്തിന് പ്രോട്ടീനുകള്‍ അടങ്ങിയ ഭക്ഷണ പദാര്‍ഥങ്ങള്‍ ശീലിക്കുകയും ചെയ്താല്‍ പ്രമേഹം ഒരു പരിധിവരെ നിയന്ത്രിക്കുവാന്‍ കഴിയും. അതോടൊപ്പം അത്യാവശ്യം ശാരീരിക വ്യായാമങ്ങളും മാനസിക സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കണം. അവഗണിച്ചാല്‍ അത്യന്തം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന പ്രമേഹം മനസ്സുവച്ചാല്‍ നിയന്ത്രിക്കുവാനാകുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.

ഒരു പരിധിവരെ നമ്മുടെ ആഹാരരീതിയില്‍ വന്ന മാറ്റംമൂലം ഊര്‍ജസാന്ദ്രവും കൊഴുപ്പുകൂടിയതുമായ ഭക്ഷണം ഇടയ്ക്കിടെ കഴിക്കുന്നതിനാല്‍ കൂടുതല്‍ ഇന്‍സുലിന്‍ ഉപയോഗിക്കേണ്ടിവരുന്നു എന്നത് ഏറെ സത്യമാണ്. എന്നും ബേക്കറി വിഭവങ്ങളും മധുരപലഹാരങ്ങളും മറ്റും ഇടയ്ക്കിടെ കഴിക്കുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ തോതു നോര്‍മലാക്കുന്നതിനു വേണ്ടി ശരീരം കൂടുതല്‍ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കേണ്ടിവരുന്നു. ഇത്തരം ജീവിതരീതി തുടരുന്നവരില്‍ ഏകദേശം 50 വയസിനു മുകളില്‍ പ്രായമാകുന്നതോടെ ഉത്പാദിപ്പിക്കപ്പെടുന്ന ഇന്‍സുലിന്റെ അളവില്‍ കുറവുണ്ടാവുകയോ അതിന്റെ ഗുണനിലവാരത്തില്‍ വ്യത്യാസമുണ്ടാവുകയോ ചെയ്യാനുള്ള സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ ഇന്‍സുലിന്റെ പ്രവര്‍ത്തനം കാര്യക്ഷമമായി നടക്കില്ല. ഗ്ലൂക്കോസ് യൂറിനിലൂടെ പുറന്തള്ളപ്പെടുന്നു. അതാണ് ടൈപ്പ് 2 പ്രമേഹം. ഇതാണു നേരത്തേതന്നെ ഒരാള്‍ പ്രമേഹത്തിന് അടിപ്പെടുന്നതിനു പിന്നിലെ വസ്തുത.

രക്തത്തില്‍ പഞ്ചസാരയുടെ (ഗ്‌ളൂക്കോസ്) അളവ് വര്‍ധിക്കുന്നതുമൂലം വര്‍ധിച്ച ദാഹം, വിശപ്പ്, കൂടക്കൂടെ മൂത്രമൊഴിക്കല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കാണുന്ന ഒരു രോഗമാണ് പ്രമേഹം. ആഹാരത്തിലെ പഞ്ചസാരയെ കോശങ്ങളിലേക്കെത്തിക്കുവാന്‍ ഇന്‍സുലിന്‍ സഹായിക്കുന്നു. നമുക്ക് പ്രമേഹമുണ്ടെങ്കില്‍, ശരീരം പര്യാപ്തമായ അളവില്‍ ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കുന്നില്ല (ടൈപ് 1 പ്രമേഹം), അല്ലെങ്കില്‍ ഉല്‍പാദിപ്പിക്കുന്ന ഇന്‍സുലിന്‍ ഉപയോഗിക്കാന്‍ ശരീരത്തിന് കഴിയുന്നില്ല (ടൈപ് 2 പ്രമേഹം)..

ഇതുമൂലം ശരീരത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ന്നുനില്‍ക്കുന്നു. ടൈപ് 1 പ്രമേഹം സാധാരണയായി 30 വയസ്സിനുമുമ്പാണ് ഉണ്ടാകുന്നത്. ഇതിന് ഇന്‍സുലിന്‍ കൂടിയേ തീരൂ.
ഒട്ടുമിക്ക ആളുകള്‍ക്കും ഉള്ളത് ടൈപ് 2 പ്രമേഹമാണ്. ഇത് പൊതുവെ 40 വയസ്സിനു മേല്‍ പ്രായമുള്ളവരില്‍ ആണ് കണ്ടുവരുന്നത്. ഇവര്‍ക്ക് രക്തത്തില്‍ പഞ്ചസാര കുറക്കാനുള്ള ഗുളികകള്‍, ഇന്‍സുലിന്‍, ആവശ്യമായി വരും. .
പ്രമേഹം ഉണ്ടെന്ന് നിശ്ചയിച്ചുകഴിഞ്ഞാല്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരമുള്ള ഔഷധങ്ങള്‍ കഴിക്കുന്നതോടൊപ്പംതന്നെ കഴിക്കുന്ന ആഹാരത്തിലെ കലോറിയും ഉപ്പും കുറച്ച് ശരീരഭാരവും രക്തസമ്മര്‍ദവും യഥാക്രമം നിയന്ത്രിക്കണം. ആഹാരം കൃത്യസമയത്ത് കഴിക്കുകയും കൂടുതല്‍ പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തുകയും വേണം. ദിവസേന 45-60 മിനിറ്റ് വ്യായാമം ചെയ്യാന്‍ ശ്രദ്ധിക്കേണ്ടതാണ്. പ്രമേഹരോഗികള്‍ പുകവലി, മദ്യപാനം, കൊഴുപ്പേറിയതും മധുരമുള്ളതും ഉപ്പ് കൂടുതലുള്ളതുമായ ആഹാരം പൂര്‍ണമായും ഒഴിവാക്കണം.
ചുരുക്കത്തില്‍, പ്രമേഹനിയന്ത്രണത്തിന്റെ നെടുന്തൂണുകളാണ് വ്യായാമം, ഭക്ഷണനിയന്ത്രണം, കൃത്യമായ മരുന്നുകള്‍.

പ്രമേഹവുമൊത്തുള്ള ജീവിതം ഒരു വെല്ലുവിളിയാണ്. എന്നാല്‍, വിദഗ്ധ ഡോക്ടറുടെ ഉപദേശം അനുസരിച്ച് കൃത്യമായ മരുന്നും ജീവിതശൈലീ വ്യതിയാനവും വഴി ഈ വെല്ലുവിളി തരണംചെയ്യാന്‍ നമുക്ക് സാധിക്കും. ഇപ്രകാരം പ്രമേഹത്തിന്റെ സങ്കീര്‍ണതകളെ ഒഴിവാക്കാനും ഫലവത്തായി ജീവിതം നയിക്കാനും കഴിയും.

പ്രമേഹത്തിന്റെ ദീര്‍ഘകാല സങ്കീര്‍ണതകള്‍ പലതാണ്. ഡയാലിസിസിലേക്ക് അഥവാ വൃക്കകളുടെ പരാജയത്തിലേക്ക് നയിച്ചേക്കാവുന്ന വൃക്കരോഗമാണ് അതിലൊന്ന്. പരിശോധനയിലൂടെ ഇത് നേരത്തേ കണ്ടുപിടിക്കാവുന്നതാണ്. മറ്റൊന്ന് ഹൃദയാഘാതവും ഉയര്‍ന്ന രക്തസമ്മര്‍ദവും. ഇതിനും ഇ.സി.ജി തുടങ്ങിയ പരിശോധനകള്‍ ലഭ്യമാണ്. പ്രമേഹരോഗികള്‍ക്ക് പക്ഷാഘാതമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അന്ധതയിലേക്ക് നയിച്ചേക്കാവുന്ന നേത്രരോഗമാണ് മറ്റൊന്ന്. വര്‍ഷത്തില്‍ ഒരിക്കലെങ്കിലും പ്രമേഹരോഗികള്‍ നേത്രരോഗ വിദഗ്ധനെ കാണേണ്ടതാണ്.

ലോക പ്രമേഹദിനമായ നവംബര്‍ 14 ആചരിക്കുന്നു. അല്പം ശ്രദ്ധിച്ചാല്‍ നമുക്ക് പ്രമേഹത്തെ അതിജീവിക്കാം.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.