ഹനാനെതിരെ കണ്ടത് ഡിജിറ്റല്‍ സാഡിസം; ആള്‍ക്കൂട്ടക്കൊലയ്ക്ക് സമാനം: വിദഗ്ദര്‍

ഹനാനെതിരെ കണ്ടത് ഡിജിറ്റല്‍ സാഡിസം; ആള്‍ക്കൂട്ടക്കൊലയ്ക്ക് സമാനം: വിദഗ്ദര്‍
July 28 15:23 2018 Print This Article

ഹനാൻ എന്ന പെൺകുട്ടിയുടെ അതീജീവനത്തിന്റെ കഥ കണ്ട് കയ്യടിച്ചവര്‍ നേരം ഇരുട്ടിവെളുത്തപ്പോഴേക്കും അവളെ വെറും മീൻകാരി പെണ്ണും കള്ളിയും, അഹങ്കാരിയുമൊക്കെയാക്കി.

ഹനാൻ എന്ന പെൺകുട്ടിയും ഒരുകൂട്ടം മാധ്യമങ്ങളും പറഞ്ഞതെല്ലാം വ്യാജമാണെന്നും സിനിമയുടെ പ്രചരണാർഥമാണെന്നും സൈബർലോകത്ത് വാർത്തകൾ പൊട്ടിപുറപ്പെട്ടു. സൈബർലോകം കൂട്ടത്തോടെ അവളെ ആക്രമിച്ചു. സിനിമയ്ക്കുവേണ്ടി യൂനിഫോമിൽ മീൻവിറ്റ കള്ളിയെന്ന് വീണ്ടും വീണ്ടും വിളിച്ചു.

അവളെ ക്യാമറാക്കണ്ണുകൾക്ക് മുമ്പിൽ പൊട്ടിക്കരയിക്കുന്നിടം വരെ നീണ്ടു ആക്രമണം. ഇരുപത് വയസ്മാത്രമുള്ള പെൺകുട്ടിയെ കള്ളിയെന്ന് വിളിപ്പിക്കാൻ ജനങ്ങളെ ഇളക്കിവിട്ടതാകട്ടെ ചിലരുടെ ലൈവ് വിഡിയോകളും. ഞങ്ങൾ നിങ്ങളെപ്പോലെയുള്ള സാധാരണക്കാരാണെന്നും ഈ ലൈവ് വിഡിയോയിൽ വരാനൊരു കാരണമുണ്ടെന്നും പറഞ്ഞുകൊണ്ട് ആണെന്നും പെണ്ണെന്നും വ്യത്യാസമില്ലാതെ അവർ ഹനാനെ വളഞ്ഞിട്ട് ആക്രമിച്ചു. അവസരം നല്‍കിയ സിനിമാക്കാരെയും കൂട്ടത്തില്‍ കണക്കിന് വിമര്‍ശിച്ചു.

ഇത്തരം ലൈവ് വിഡിയോകളുടെ മനഃശാസ്ത്രത്തെക്കുറിച്ച് ഡോ.സിജെ ജോണും കൗൺസിലിങ്ങ് സൈക്കോളസിറ്റ് കലാഷിബുവും സംസാരിക്കുന്നു.

ഡോ.സിജെ ജോണിന്റെ വാക്കുകൾ: ഹനാന്‍ എന്ന പെൺകുട്ടിക്ക് നേരെ നടന്നത് ആൾക്കൂട്ടകൊലപാതകത്തിന് സമാനമായ സൈബർ ആക്രമണമാണ്. ഡിജിറ്റൽ സാഡിസമെന്നാണ് ഞാനിതിനെ വിശേഷിപ്പിക്കുന്നത്.

രണ്ടുതരം സാഡിസമുണ്ട്. സജീവസാഡിസവും നിർദോഷസാഡിസവും. ഫെയ്സ്ബുക്കിലൂടെ ഒരാളെ ആക്രമിക്കണമെന്ന ഉദ്ദേശത്തോടെ സജീവമായി പ്രവർത്തിക്കുന്ന പോസ്റ്റുകൾ എഴുതുന്ന, ലൈവ് വിഡിയോകൾ ചെയ്യുന്നവർ സജീവ സാഡിസത്തിൽപ്പെടുന്നു.

ഇത്തരം വാർത്തകൾ വാട്സാപ്പ്, ഫെയ്സ്ബുക്ക് തുടങ്ങിയ മാധ്യമങ്ങളിലൂടെ യാതൊരു വിവേകവുമില്ലാതെ ആധികാരികതയെക്കുറിച്ച് ചിന്തിക്കാതെ കൈമാറ്റം ചെയ്യുന്നവരാണ് നിർദോഷ സാഡിസ്റ്റുകൾ. ഇത്തരം വിദ്വേഷപോസ്റ്റുകൾ സൃഷ്ടിച്ചത് അവരല്ലെങ്കിലും അവർക്കും ഉത്തരവാദിത്തത്തിൽ നിന്നും പിൻമാറാൻ സാധിക്കില്ല.

ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നതിലൂടെ ആൾക്കൂട്ടആക്രമണത്തിലെ കണ്ണികളായി അവരും മാറുകയാണ്. ഒരു വിഷയം മുമ്പിലെത്തിയാൽ അതിനെ സംശയദൃഷ്ടിയോടെ വീക്ഷിക്കുന്നത് സമൂഹത്തിന്റെ പൊതുസ്വഭാവാണ്. പണ്ടൊക്കെ അതിന്റെ ന്യായാന്യായങ്ങളെക്കുറിച്ചും ശരിതെറ്റുകളെക്കുറിച്ചും വിശകലനം ചെയ്യാനുള്ള സമയമുണ്ടായിരുന്നു. ഇപ്പോൾ പക്ഷെ മനസിൽ തോന്നുന്ന സംശയങ്ങൾ യാതൊന്നും ചിന്തിക്കാതെ ഫെയ്സ്ബുക്ക്‌ലൈവായും പോസ്റ്റായും പ്രകടിപ്പിക്കുകയാണ്. ഈ പ്രവർത്തികൾ എത്രയധികം പേരെയാണ് സ്വാധീനിക്കുന്നതെന്നും അതിന്റെ പരിണിതഫലമെന്താണെന്നും ചിന്തിക്കാനുള്ള വിവേചനബുദ്ധി ഇവർ കാണിക്കുന്നില്ല.

വായിൽതോന്നിയത് കോതയ്ക്ക് പാട്ടെന്നുപറയുന്ന പഴഞ്ചൊല്ലിന്റെ പുതിയ വകഭേദമാണ് ഇത്തരം ലൈവ് വിഡിയോകൾ. ഇത് കാണുന്നവർ കണ്ണടച്ച് വിശ്വസിച്ച് കൈമാറ്റംനടത്തുന്നതോടെ ഇത്തരം കാര്യങ്ങൾ വളരെ വേഗം വൈറലാകും. എന്തും ഏതും കണ്ണുംപൂട്ടിവിശ്വസിക്കുന്ന ഒരു കൂട്ടം ആളുകളുടെ മനസിനെ ഷൂഷണം ചെയ്യുകയാണ് ഇത്തരം ലൈവ് വിഡിയോക്കാർ.

അക്ഷരാഭ്യാസമുള്ള കേരളീയരുടെ ഇടയിൽ സൈബർ സാക്ഷരത ഇല്ലാതെ പോകുന്നതുകൊണ്ടാണ് ഇത്തരം സൈബർ ഇടങ്ങൾ ആക്രമണത്തിന്റെ വേദികളാകുന്നത്. കല ഷിബു പറയുന്നത് ഹനാൻ എന്ന പെൺകുട്ടി ഇത്ര ക്രൂരമായി അധിക്ഷേപത്തിന് ഇരയായിട്ടുണ്ടെങ്കിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ പങ്കുണ്ട്.

ഇത്രയും ദയനീയമായ അവസ്ഥയിൽ നിന്നും വരുന്ന പെൺകുട്ടി നല്ല വസ്ത്രം ധരിക്കാൻ പാടില്ല, മോതിരം അണിയാൻ പാടില്ല, ഇംഗ്ലീഷ് സംസാരിക്കാൻ പാടില്ല, കാറിൽ സഞ്ചരിക്കാൻ പാടില്ല തുടങ്ങിയ ഒരു പൊതുബോധമുണ്ട്. ആ പൊതുബോധത്തിന് എതിരായി നടക്കുന്ന എല്ലാവരെയും ഇവർ ആക്രമിക്കും. അവർ വിചാരിച്ചതുപോലെ മുഷിഞ്ഞവസ്ത്രവും മീൻനാറ്റവും കരച്ചിലുമായി ആ കുട്ടി ക്യാമറയ്ക്കുമുന്നിൽ എത്തിയിരുന്നെങ്കിൽ ഈ പൊതുബോധം തൃപ്തിയടഞ്ഞേനേം.

അതോടൊപ്പം കുട്ടിക്ക് കിട്ടിയ അവസരം കുറേപ്പേരെയെങ്കിലും അസൂയാലുക്കളാക്കിയിട്ടുണ്ടാവണം. ഷേക്സ്പിയർ പറഞ്ഞിട്ടുണ്ട്, കുന്തമുനയേക്കാൾ മൂർച്ചയാണ് കുശുമ്പിനെന്ന്. കുശുമ്പിന്റെ പ്രതിഫലനം കൂടിയാണ് സ്ത്രീകൾ ഉൾപ്പടെ ഹനാനെതിരെ നമ്മളെയെല്ലാം ശശിയാക്കി എന്ന തരത്തിൽ പ്രചരിപ്പിച്ച വിഡിയോ. അവരുടെ ഫ്രസ്റ്ററേഷന്റെ പ്രതിഫനമാണ് അവരതിൽ കാണിച്ചത്.

ആ കുട്ടിയെ കുറ്റം പറയാൻ ഓരോരുത്തർക്കും എന്തൊരു ആവേശമാണ്. ഇതൊക്കെ കേൾക്കാൻ ആളുണ്ടാകുമെന്ന് അവർക്കറിയാം. ശക്തമായ സൈബർ നിയമങ്ങൾ ഉണ്ടെങ്കിൽ മാത്രമേ ഇത്തരം പ്രവണത അവസാനിപ്പിക്കാൻ സാധിക്കൂ.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.