സ്നേഹത്തിൽ പൊതിഞ്ഞ ശല്യങ്ങൾ

സ്നേഹത്തിൽ പൊതിഞ്ഞ ശല്യങ്ങൾ
October 25 13:04 2020 Print This Article

ഏകദേശം ഇരുപത് വർഷം മുൻപ് എൻറെ പിതാവിൻറെ സുഹൃത്തും എന്നെ മകനെ പോലെ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്ത ഒരു മനുഷ്യൻറെ ഭാര്യ പെട്ടെന്ന് ഹിസ്ട്രക്ടമിക്കു വിധേയ ആകേണ്ടി വന്നു.

അവരെ ഐസിയുവിൽ നിന്നും വാർഡിലേക്ക് മാറ്റിയ സമയം അദ്ദേഹം എന്നെ വിളിച്ച് ചില സാധനങ്ങൾ വാങ്ങി കൊണ്ടുവരുവാൻ ആവശ്യപ്പെട്ടു. വൈകുന്നേരം ഞാൻ അദ്ദേഹത്തിന് കാണുവാൻ ചെന്നപ്പോൾ ആ മനുഷ്യൻ ഹോസ്പിറ്റലിന്റെ പ്രധാനകവാടത്തിനു മുന്നിൽ നിൽക്കുന്നു.

വളരെ മനസ്സിക പ്രയാസത്തോടെ അദ്ദേഹം ഇപ്രകാരം പറഞ്ഞു, രാവിലെ മുതൽ സന്ദർശകരുടെ തിരക്കാണ്…. രോഗിക്ക് ഒന്നു കണ്ണടയ്ക്കാൻ സമയം കിട്ടുന്നില്ല… എല്ലാവരും വന്ന് എന്തുപറ്റി ഒന്നും എങ്ങനെയുണ്ടെന്നു ചോദ്യംചെയ്യലിന്റെ തിരക്കിലാണ്. അതിനാൽ ഞാൻ സഹികെട്ട് വാതിൽക്കൽ തന്നെ നിന്നു വരുന്നവരെ പറഞ്ഞ് തിരികെ വീട്ടിലേക്ക് വിടുകയാണ്…!

————

ഒരിക്കൽ ഒരു വിസിറ്റിംഗ് പാസ്റ്റർ സൺഡേ രാവിലെ, ബൈബിൾ ക്ലാസ് എടുക്കുകയാണ്. സംസാരമധ്യേ അദ്ദേഹത്തിൻറെ ഒരു കൈ മറ്റേ കൈകൊണ്ട് ഉയർത്താൻ ശ്രമിക്കുന്നുണ്ട്. ഒരു മിനിറ്റ് കഴിഞ്ഞു കാണും ചിറി കോട്ടി സംസാരിക്കുവാൻ പറ്റാതെ ആകുന്നു. അടുത്ത നിമിഷം അദ്ദേഹം കുഴഞ്ഞ് വീഴുവാൻ ഭാവിച്ചപ്പോൾ മുന്നിലിരുന്ന ചിലർ താങ്ങി പിടിച്ചു അവിടെ കിടത്തി. (മുന്നിലിരുന്ന് ചില മുന്തിയ നഴ്സ് അമ്മാമ്മമാർ ഷുഗർ കുറഞ്ഞു എന്നു പറഞ്ഞു മുട്ടായി വരെ അണ്ണാക്കിലേക്ക് കുത്തി കയറുന്നത് ഈയുള്ളവൻ കണ്ടതാണ്….. (ഭാര്യയെ ഹോസ്പിറ്റലിൽ നിന്നും പിക് ചെയ്യുവാൻ പോകുന്ന എനിക്കു വരെ ഇന്ന് അറിയാം അത് സ്ട്രോക്കിനെ ലക്ഷണമായിരുന്നു എന്ന്) വേഗം ആംബുലൻസ് എത്തി അദ്ദേഹത്തെ ഹോസ്പിറ്റലിലേക്ക് മാറ്റുന്നു.

അടുത്ത ദിവസങ്ങളിൽ വിശ്വാസികൾ എല്ലാവരും കൂടി തിരക്കുപിടിച്ചു പാസ്റ്ററെ കാണുവാൻ ഹോസ്പിറ്റലിൽ ചെല്ലുന്നു. ബെഡ്സൈഡിൽ വച്ചിരുന്ന രോഗിയുടെ ചാർട്ടുകൾ എല്ലാം വിശ്വാസികൾ പരിശോധിക്കുന്നു. നഴ്സിനെ വിളിച്ച് ക്വസ്റ്റ്യൻ ചെയ്യുന്നു. ഡോക്ടറെ വിളിപ്പിക്കുന്നു…

അങ്ങനെ ആൾകൂട്ടം അടുത്തുള്ള മുറികളിൽ വരെ ശല്യമായി മാറി. അങ്ങനെ പരാതി മുകളിലേക്ക് പോയി. ബെഡ്സൈഡിൽ നിന്ന് ചാർട്ട് മാറ്റി… എല്ലാ വിസിറ്റേഴ്സിനെയും ഒഴിവാക്കിക്കൊണ്ട്, പാസ്റ്ററെ മാത്രം കാണുവാൻ അനുവദിച്ച ഒരു സാഹചര്യം ഉണ്ടായി….!

————

ഒരു സുഹൃത്ത് നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് ഡ്രൈവ് ചെയ്യുന്നു. പാതിവഴിയിൽ വെച്ച് വണ്ടി ഡിവൈഡറിൽ തട്ടി നിയന്ത്രണം നഷ്ടപ്പെട്ട് ഓപ്പോസിറ്റ് റോഡിലേക്ക് ഇടിച്ചു കയറുന്നു. എതിരെ വന്ന രണ്ടു വണ്ടിയിൽ ഇടിച്ച് മറിഞ്ഞ് കുഴിയിലേക്ക് ഉരുണ്ടുരുണ്ട് കാർ വീഴുന്നു. അതീവഗുരുതരമായ ഒന്നുരണ്ടുപേർ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി. സീറ്റ് ബെൽറ്റ് ഇട്ടതു കൊണ്ടും ആയുസ്സിനെ ബലം കൊണ്ടു എൻറെ സുഹൃത്ത് മരണത്തിൽ നിന്ന് രക്ഷപ്പെട്ടു.

പ്രാഥമിക ചികിത്സകളും പോലീസിൻറെ മൊഴിയെടുക്കലും എല്ലാം കഴിഞ്ഞു വൈകുന്നേരത്തോടെ ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് വിട്ടു. അർദ്ധപ്രാണനായി വീട്ടിലേക്ക് വന്ന സുഹൃത്തിനെ തേടി നാട് മുഴുവൻ വീട്ടുമുറ്റത്തും വിട്ടിനുള്ളിലും…. ചിലർ പ്രാർത്ഥിക്കുന്നു, ചിലർ പാടുന്നു, ചില ചോദ്യങ്ങൾ ചോദിക്കുന്നു, ചിലർ പരസ്പരം സംസാരിക്കുന്നു, ചിലർ ശാസ്ത്രീയമായി കാര്യങ്ങൾ വിശകലനം ചെയ്യുന്നു….

അതിലുപരി എല്ലാവർക്കും അറിയേണ്ടത് എങ്ങനെ സംഭവിച്ചു..? എന്തു സംഭവിച്ചു..? ആരുടെ കുഴപ്പം..? അർധ പ്രാണനായ സുഹൃത്ത് എല്ലാവരെയും നോക്കി കട്ടിലിൽ കിടക്കുകയാണ്. ചോദ്യശരങ്ങൾ കൂടിവന്നപ്പോൾ സഹികെട്ട ബന്ധുക്കൾ എല്ലാവരെയും പുറത്താക്കി വാതിലടച്ചു…!

————

ആരോ ഒരാൾ തൻറെ സുഹൃത്തിൻറെ അമ്മയ്ക്ക് സുഖമില്ല എന്ന് ഒരു പ്രയർ റിക്വസ്റ്റ് ഒരു ഗ്രൂപ്പിൽ എട്ടു. പോരേ പൂരം… കണ്ടവർ കണ്ടവർ മറ്റുള്ളവരോട് പറഞ്ഞു. എല്ലാവരും ചേർന്ന് ഉടനെ ഫോൺ വിളി തുടങ്ങി. പലവിധമാകുന്ന പ്രയാസങ്ങളിലും സമ്മർദ്ദങ്ങലിലൂടെയും പോകുന്ന ഈ സുഹൃത്ത്, അഭ്യുദയകാംക്ഷികൾ ആയ വിശ്വാസികളുടെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞു മടുത്തു. സഹികെട്ട് എൻറെ അമ്മയ്ക്ക് ഒരു കുഴപ്പവുമില്ല. സുഖമാണെന്ന് വരെ പറയേണ്ടിവന്നു. ആ പ്രിയ മാതാവ് രണ്ടുദിവസത്തിനുശേഷം ഈ ലോകത്തോട് വിടപറഞ്ഞു…!

————

വിവരവും വിദ്യാഭ്യാസവും ഉണ്ടെന്ന് കരുതുന്ന മലയാളികളുടെ നേർക്കാഴ്ചയാണ് മുകളിൽ എഴുതിയിരിക്കുന്നത്. ഒരു മനുഷ്യൻറെ നിസ്സഹായാവസ്ഥയിൽ പ്രാർത്ഥിക്കാനും സ്നേഹിക്കാനും ആണ് എന്ന് പറഞ്ഞ് സ്വകാര്യതയുടെ അതിർവരമ്പുകൾ മാനിക്കാതെ കാണിക്കുന്ന പേക്കൂത്തുകൾ, ശല്യമാണോ വിവരക്കേട് ആണോ വിവേകം ഇല്ലായ്മ ആണോ അതോ കരുതലിന്റെ കാണാപ്പുറങ്ങൾ ആണോ എന്ന് ഇതുവരെ പലർക്കും മനസ്സിലായിട്ടില്ല എന്ന് തോന്നുന്നു.

പലപ്പോഴും ആവശ്യമില്ലാത്ത നൂറു ചോദ്യങ്ങൾ. അറിഞ്ഞിട്ട് കാര്യം ഒന്നും കാര്യം ഉണ്ടായിട്ടല്ല എങ്കിലും ഒരു സുഖം. വെറുതെ അറിഞ്ഞിരിക്കുന്നത് ഒരു സുഖം. അതുമാത്രമല്ല പ്രയാസത്തിലൂടെ കടന്നുപോകുന്നവൻറെ വായിൽ കൂടി ആ ഉത്തരങ്ങൾ വരുമ്പോൾ അത് കേൾക്കുവാൻ ഒരു പ്രത്യേക സുഖം. അതായിരിക്കണം പല മലയാളികളുടെയും ചിന്ത.അതെ അതു തന്നെയാണ് സ്നേഹത്തിൽ പൊതിഞ്ഞ ശല്യങ്ങൾ.

കതകു മലർന്ന മലർക്കെ തുറന്നു കിടന്നാലും വാതിൽ പഴുതിലൂടെ നോക്കുന്ന സുഖം ലഭിക്കുകയില്ല ല്ലോ… ആ സുഖം ഒന്നു വേറെ തന്നെ….!

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.