സ്ത്രീവിരുദ്ധ സിനിമകളുടെ ഭാഗമാകില്ലെന്ന് നടന്‍ പൃഥ്വിരാജ്

by Vadakkan | 25 February 2017 12:47 PM

കൊച്ചി: ഇനിയൊരിക്കലും സ്ത്രീ വിരുദ്ധ സിനിമകളുടെ ഭാഗമാകില്ലെന്ന് നടന്‍ പൃഥ്വിരാജ്. തന്റെ മുന്‍കാല ചിത്രങ്ങളിലെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ക്ക് പൊതുസമൂഹത്തോട് മാപ്പ് പറയുന്നതായും പൃഥ്വി ഫെയ്സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

ആക്രമണത്തിന് ഇരയായ നടിയുടെ സിനിമയിലേക്ക് തിരിച്ചെത്താനുള്ള തീരുമാനത്തെ അഭിനന്ദിച്ചുകൊണ്ടാണ് പോസ്റ്റ് ആംരംഭിക്കുന്നത്.
അസമാന്യമായ ധൈര്യമാണ് നടിയുടേത്. ധീരമായ തീരുമാനമെടുത്ത നടിയ്ക്ക് വേണ്ടി എല്ലാവരും എഴുന്നേറ്റ് നിന്ന് കയ്യടിക്കണമെന്നും നടന്‍ പോസ്റ്റില്‍ ആവശ്യപ്പെട്ടു.

തന്റെ ജീവിതം നിരന്തരം സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാകുമെന്ന് അറിഞ്ഞിട്ടും അവള്‍ തന്റെ ജോലിയിലേക്ക് തിരിച്ചുവരാന്‍ തീരുമാനിച്ചിരിക്കുകയാണ്. നിരവധി പേര്‍ക്ക് മാതൃകയും നിരവധി പേര്‍ക്ക് വഴികാട്ടുന്ന വെളിച്ചവുമാണ് നടിയുടെ തീരുമാനമെന്നും പൃഥ്വിരാജ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

സ്ത്രീകളുടെ ആത്മാഭിമാനത്തെ പരിഹസിക്കുന്ന പരാമര്‍ശങ്ങള്‍ സിനിമയിലെ തന്റെ കഥാപാത്രങ്ങള്‍ ഇനിമേല്‍ പറയില്ല. പക്വതയില്ലാത്ത സമയത്താണ് താന്‍ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുള്ള സിനിമകളുടെ ഭാഗമായത്. തന്റെ കഥാപാത്രം പറഞ്ഞ വാക്കുകള്‍ സ്ത്രീകളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതായിരുന്നു. അത് നേടിതന്ന ഓരോ കയ്യടിക്കും താന്‍ തലകുനിക്കുന്നതായും പൃഥ്വിരാജ് ഫേസ്ബുക്ക് പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു.

Source URL: https://padayali.com/%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%80%e0%b4%b5%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7-%e0%b4%b8%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%ae%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f/