“സ്തോത്രകാഴ്ച”യുടെ കാണാപ്പുറങ്ങൾ !!

“സ്തോത്രകാഴ്ച”യുടെ കാണാപ്പുറങ്ങൾ !!
January 29 09:42 2021 Print This Article

‘സ്തോത്രകാഴ്ച’ എന്നൊരു പദം ബൈബിളിൽ ഉണ്ടോ?? ഈ ചോദ്യത്തിങ്കൽ ആരും പെട്ടെന്നു ഞെട്ടരുതു, കോപിക്കയും അരുതു!ബൈബിളിൽ അങ്ങനൊന്നുണ്ടെങ്കിൽ സദയം കാണിച്ചു തരണം.

പാരമ്പര്യസഭകളിൽ “കാണിക്ക” എന്ന വിളിപ്പേരിൽ ഇതൊരു ‘വിശുദ്ധ’ കർമ്മമായി അവർ ആചരിക്കുന്നു. അവിടെ നിന്നു വിട്ടുപോന്നപ്പോൾ അബൈബ്ലികമായതിന്റെ വിളിപ്പേരു മാറ്റി വിശുദ്ധീകരിച്ചു ‘സ്തോത്രകാഴ്ച’യാക്കി കൂടെ കൂട്ടിയെന്നേയുള്ളൂ. ‘കാണിക്ക’ എന്ന പദത്തിന്റെ പര്യായപദമാണു സ്തോത്രകാഴ്ച എന്നതു. കർമ്മത്തിലും ഫലത്തിലും ഈ രണ്ടു പദങ്ങളും ഒന്നുതന്നെ!

ഇതിലൊക്കെ രസാവഹമായ കാര്യം, സ്തോത്രകാഴ്ചയെന്ന ദ്രവ്യശേഖരണം ഇന്നു പെന്തക്കോസ്തു സഭകളിൽ ആരാധനയുടെ അവിഭാജ്യ ഘടകമായി മാറിക്കഴിഞ്ഞു എന്നുള്ളതാണു. സ്തോത്രകാഴ്ച ഇല്ലെങ്കിൽ ആരാധന തന്നെ അപൂർണ്ണമാണെന്ന ചിന്തയാണു പൊതുവിൽ വരുത്തി വെച്ചിരിക്കുന്നതു. എന്നാൽ കർത്തൃമേശയുടെ ക്രമീകരണത്തിൽപോലും കാണാത്തൊരു ശുഷ്കാന്തിയും കൃത്യതയും ദ്രവ്യശേഖരണത്തിന്റെ കാര്യത്തിൽ കാണിക്കുമ്പോൾ അതു സൂചിപ്പിക്കുന്നതു മറ്റെന്തോ ആണു.

ആരാധനയുടെ കേന്ദ്രബിന്ദുവായ കർത്തൃമേശയുടെ അഭാവത്തിൽ ആർക്കും ഒരു നഷ്ടബോധവും കാണുന്നില്ല. എങ്കിലും ആരാധനയിൽ സ്തോത്രകാഴ്ചയുടെ അഭാവം സഹിക്കാൻ കഴിയില്ല. ഈ കോവിഡിന്റെ കാലത്തുപോലും വീട്ടിൽ കഴിയുന്ന വിശ്വാസികളോടു സ്തോത്രകാഴ്ചയുള്ളതു സഭയുടെ ബാങ്ക്‌ അക്കൗണ്ടിൽ കൊടുത്തേക്കണമെന്നൊരു നിർദ്ദേശംപോലും കേട്ടു. ആരാധനക്കു കൂടിയില്ലേലും വേണ്ടില്ല സ്തോത്രകാഴ്ച കൊടുത്തേക്കണം. എന്താ കഥ!!

എല്ലാ സഭാരാധനകളിലും ഈ ദ്രവ്യശേഖരണത്തിനായി നിശ്ചിത സമയമുണ്ടു, അതിനുവേണ്ടി പ്രത്യേകമൊരു പാട്ടും, അതിലേക്കു കൈ “നീട്ടിയ കരങ്ങളെയും ‘നീട്ടാത്ത‘ കരങ്ങളെയും” അനുഗഹിച്ചുകൊണ്ടു ഒരു പ്രാർത്ഥനയുമുണ്ടു. ദ്രവ്യശേഖരണത്തെ ആരാധനയിൽ മഹത്വവത്കരിക്കുന്ന സ്ഥിതിവിശേഷമാണിതു.

2 കൊരിന്ത്യർ ഒൻപതാം അദ്ധ്യായം മുഴുവനും വിശുദ്ധന്മാർക്കുവേണ്ടിയുള്ള ധർമ്മശേഖരണത്തെ കുറിച്ചാണു പറയുന്നതു. എന്നാൽ പ്രസ്തുത വചനഭാഗവും ഇന്നത്തെ സ്തോത്രകാഴ്ചയും തമ്മിൽ യാതൊരു ബന്ധവും ഇല്ലെന്നുള്ളതാണു സത്യം. അന്നു കഷ്ടതയും ദാരിദ്യവും അനുഭവിച്ചിരുന്ന ഒരുകൂട്ടം വിശുദ്ധന്മാരെ സഹായിക്കുന്നതിനു വേണ്ടി പൗലോസ്‌ കൊരിന്ത്യയിലുള്ള ദൈവസഭയോടു ആഹ്വാനം ചെയ്യുന്ന കാര്യമാണതു. അല്ലാതെ ആഴ്ചതോറും കൂടിവരുമ്പോൾ ആരാധനയുടെ ഭാഗമായി അനുഷ്ഠിക്കേണ്ട കർമ്മം ആയിരുന്നില്ല. ആ ധർമ്മശേഖരം ദാരിദ്ര്യം അനുഭവിച്ചിരുന്ന വിശുദ്ധന്മാരുടെ കൈകളിൽ എത്തിയപ്പോൾ അവർ നന്ദിസൂചകമായി കർത്താവിന്റെ നാമത്തെ വിളിച്ചപേക്ഷിച്ചുകൊണ്ടു ദൈവത്തിനു മഹത്വം കൊടുക്കുന്ന കാര്യമാണു 2 കൊരിന്ത്യർ 9:11-13 വരെയുള്ള വാക്യങ്ങളിൽ പറഞ്ഞിരിക്കുന്നതു.

അതിനെ ഒരു കർമ്മമാക്കി, അനുഷ്ഠാനമാക്കി, ആരാധനയുടെ ഒഴിച്ചുകൂടാത്ത ഭാഗമാക്കി വിശുദ്ധീകരിച്ചു കച്ചവടലാക്കോടെ വലിയ ആദായസൂത്രമാക്കി മാറ്റിയിരിക്കുന്നു. ഇന്നു പെന്തക്കോസ്തു സഭകളിൽ കർത്തൃമേശ ഇല്ലെങ്കിൽപോലും അവരതു സഹിക്കും പക്ഷെ, സ്തോത്രകാഴ്ചയെന്ന വിശുദ്ധകർമ്മം നടന്നില്ലെങ്കിൽ എന്തോ നഷ്ടബോധമാണുള്ളതു. (സ്തോത്രകാഴ്ച ഇല്ലാത്ത ആരാധനയില്ല, കോവിഡായാലും നടത്തിയിരിക്കും, അതു നിർബന്ധമാണു).

ബാംഗ്ലൂരിലുള്ള റവ. ഡോ. പ്രഥമൻ ഒരിക്കൽ പറഞ്ഞതു സ്തോത്രകാഴ്ച ഇടുമ്പോൾ മുഷിഞ്ഞ നോട്ടിടാൻ പാടില്ല, മിന്നുന്ന പുതുപുത്തൻ നോട്ടു തന്നെ വേണം! അതും വലതുകരംകൊണ്ടു തന്നെ ഇടണമെന്നാണു. പുതുപ്പെണ്ണൂ വീടു കയറുമ്പോൾ വലതു കാലുവെച്ചു കേറണം എന്നൊരു ആചാരമുണ്ടല്ലോ. അന്തമാതിരി എന്തോ ഒരു ആചാരം! അത്രതന്നെ!!

ശരിക്കും കർത്താവു യെരുശലേം ദേവാലയത്തിൽ കണ്ട വാണിഭശാലയുടെ മറ്റൊരു പതിപ്പാണിതു. ഇത്തരം അനാചാരങ്ങൾക്കുള്ള പരിഹാരം ദൈവത്തിന്റെ ചാട്ടവാറു തന്നെയാണു, സംശയമില്ല!

-മാത്യു തോമസ്

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.