സദാചാര ഗുണ്ടാ ആക്രമണത്തിന് ഇരയായ യുവാവ് ആത്മഹത്യ ചെയ്തു

by Vadakkan | 24 February 2017 2:50 PM

പാലക്കാട്: കൊല്ലം അഴീക്കല്‍ ബീച്ചില്‍ സദാചാര ഗുണ്ടകളുടെ ആക്രമണത്തിന് ഇരയായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് അട്ടപ്പാടി സ്വദേശി പള്ളത്ത് ഹൗസില്‍ അനീഷ്(24) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെ അനീഷിന്റെ വീടിനടുത്ത് തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

വാലന്റെയ്ന്‍സ് ദിനത്തില്‍ സുഹൃത്തിനോടൊപ്പം അഴീക്കല്‍ ബീച്ച്‌ കാണെനെത്തിയ അനീഷിന് സദാചാര ഗുണ്ടകളുടെ മര്‍ദനമേറ്റിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് ജീവനൊടുക്കിയതെന്നാണ് കരുതുന്നത്. അനീഷിന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. ധനീഷ്, രമേശ് എന്നിവരാണ് ആത്മഹത്യക്ക് കാരണമെന്ന് കുറിപ്പില്‍ വ്യക്തമാക്കുന്നു.

ഇതിന് പുറമേ കായംകുളം സ്വദേശിയായ മറ്റൊരാളെക്കുറിച്ചും കുറിപ്പില്‍ പരാമര്‍ശമുണ്ട്. ഇവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്ക് അഗളി പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് അനീഷിന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു. അതേസമയം സഭവത്തില്‍ കേസെടുക്കുമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. കൊല്ലം, പാലക്കാട് ജില്ലാ പൊലീസ് സൂപ്രണ്ടുമാരോടും പാലക്കാട് ഡിഎംഒയോടും സംഭവത്തില്‍ റിപ്പോര്‍ട്ട് തേടുമെന്ന് കമ്മീഷന്‍ വ്യക്തമാക്കി.

ഫെബ്രുവരി 14നുണ്ടായ സദാചാര അക്രമണത്തില്‍ ഓച്ചിറ സ്വദേശികളായ മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ബിജു, അഭിലാഷ്, ജിനേഷ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

സംഭവം സോഷ്യല്‍മീഡിയയിലൂടെ പ്രചരിച്ചതോടെ അനീഷ് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു.

Source URL: https://padayali.com/%e0%b4%b8%e0%b4%a6%e0%b4%be%e0%b4%9a%e0%b4%be%e0%b4%b0-%e0%b4%97%e0%b5%81%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%86%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%a3/