സംസ്ഥാനത്ത്‌ മഴ കനക്കുന്നു; രക്ഷാപ്രവര്‍ത്തനത്തിന് സേനയെ വിളിച്ചേക്കും

by Vadakkan | 8 August 2019 2:37 PM

മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ആശങ്ക വര്‍ധിപ്പിച്ചു അതി ശക്തമായ മഴ തുടരുന്നു. നാശനഷ്ടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര ദുരന്ത നിവാരണ സേനയുടെ സഹായം തേടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

വയനാട്ടില്‍ ഇന്നും നാളെയും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.   മരം വീണും മണ്ണിടിഞ്ഞുമാണ് കൂടുതല്‍ ദുരന്തം . വെള്ളപ്പൊക്കത്തെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് നൂറ് കണക്കിന് കുടുംബങ്ങളെ ഒഴിപ്പിച്ചു. കൂടുതല്‍ സ്ഥലങ്ങളില്‍ ദുരിതാശ്വാസ ക്യാമ്ബുകള്‍ തുറന്നിട്ടുണ്ട്.

മൂന്നാറില്‍ കനത്ത മഴ തുടരുന്നു. നിരവധി സ്ഥലങ്ങളില്‍ വെള്ളപ്പൊക്കം രൂപപ്പെട്ടിരിക്കുകയാണ്.  ഇനിയും മഴ തുടര്‍ന്നാല്‍ മൂന്നാര്‍ ഒറ്റപ്പെടുമെന്ന ആശങ്കയുണ്ട്.

ഇവിടെ പെരിയവര പാലം ഒലിച്ച്‌ പോയി. മറയൂരുമായുള്ള ഫോണ് ഉള്‍പ്പെടെയുള്ള ബന്ധങ്ങള്‍ നിലച്ചു. ചിന്നക്കനാല്‍ പവര്‍ ഹസ്സില്‍ ദേശീയപാത ഇടിഞ്ഞു. പൂപ്പാറ തോണ്ടിമലയില്‍ ദേശീയപാതയിലേക്ക് മണ്ണിടിഞ്ഞു. ഒരു വീട് അപകടാവസ്ഥയിലാണ്.

ഉടുമ്ബന്‍ചോല നെടുംകണ്ട സംസ്ഥാന പാതയില്‍ മരവും മണ്ണും വീണ് ഗതാഗതം തടസമുണ്ടായി. വണ്ടിപ്പെരിയാര്‍ അമ്ബത്തിഅഞ്ചാംമൈല്‍, അമ്ബത്തിയേഴാംമൈല്‍ എന്നിവിടങ്ങളില്‍ റോഡില്‍ മണ്ണ് ഇടിഞ്ഞു വാഹനഗതാഗതം തടസ്സപ്പെട്ടു.

ഇടുക്കി ജില്ലയിലെ മലയോര മേഖലകളിലേക്ക് വിനോദ സഞ്ചാരികള്‍ എത്തുന്നതിന് ജില്ലാ ഭരണകൂടം നിയന്ത്രണം ഏര്‍പ്പെടുത്തി. ഓഗസ്റ്റ് 15 വരെ മലയോര മേഖലകളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്നാണ് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കുന്നത്.

കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ ബുധനാഴ്ച മുതല്‍ ആരംഭിച്ച മഴയില്‍ പ്രധാന നദികള്‍ കരകവിഞ്ഞു. കണമല, മൂക്കന്‍പെട്ടി, പഴയിടം, മുണ്ടക്കയം കോസ് വേ പാലങ്ങള്‍ വെള്ളത്തിലായി. പന്പ, അഴുത, മണിമല, മീനച്ചില്‍ നദികള്‍ കരകവിഞ്ഞ് ഒഴുകുന്നു. ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ മണ്ണിടിച്ചില്‍ വ്യാപകമായി.

കോട്ടയം-കുമളി റോഡില്‍ വണ്ടിപ്പെരിയാര്‍, പെരുവന്താനം എന്നിവിടങ്ങളില്‍ വെള്ളം കയറി. തീക്കോയില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. ഈരാറ്റപേട്ട-വാഗമണ്‍ റോഡില്‍ ഗതാഗത തടസപ്പെട്ടിരിക്കുകയാണ്. മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ പാലായും പരിസര പ്രദേശങ്ങളിലും വെള്ളപ്പൊക്ക ഭീതിയുണ്ട്.

കനത്ത മഴയെത്തുടര്‍ന്ന് വെള്ളത്തിലായ നിലമ്ബൂരിലേക്കുള്ള യാത്ര എല്ലാവരും മാറ്റി വയ്ക്കണമെന്ന് സി.ഐ സുനില്‍ പുളിക്കല്‍ അറിയിച്ചു. ടൗണിലും പരിസരങ്ങളിലും ജലനിരപ്പ് ഉയരുകയാണ്. കരുളായിയില്‍ ഉരുള്‍പൊട്ടിയതും വെള്ളം ഉയരാന്‍ കാരണമായി. റോഡുകള്‍ പലതും ഗതാഗതയോഗ്യമല്ലാതായിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം കാണാനും ആളുകള്‍ തടിച്ചുകൂടരുതെന്ന് പൊലിസ് അറിയിച്ചു.

ചാലിയാറും, കരിമ്ബുഴയും, പുന്നപുഴയും കെഎന്‍ജി റോഡിലേക്ക് കയറി ഒഴുകുകയാണ്. ഗൂഡല്ലൂര്‍ നിലമ്ബൂര്‍ റോഡില്‍ ഗതാഗതം പൂര്‍ണ്ണമായി നിലച്ചു. ആളുകളോടെ ടൗണുകളിലേക്ക് എത്തരുന്നതെന്ന് പൊലീസ് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കെട്ടിടങ്ങളില്‍ കുടുങ്ങി കിടക്കുന്നവരെ, മലപ്പുറം പെരിന്തല്‍മണ്ണ ഫയര്‍ഫോഴ്‌സ് യൂണിറ്റുകളുടെ ഡിങ്കികളില്‍ ഫയര്‍ ഫോഴ്‌സും, ഇആര്‍എഫും ചേര്‍ന്ന് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. ചുങ്കത്തറ പൂച്ചക്കുത്ത് 18 വീടുകളില്‍ വെള്ളം കയറി. ചുങ്കത്തറ ഗവ: എല്‍.പി സ്‌ക്കൂളില്‍ ദുരിതാശ്വാസ ക്യാമ്ബ് തുറന്നു.

മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇന്ന് രണ്ട മരണം റിപ്പോര്‍ട്ട് ചെയ്തു. അട്ടപ്പാടിയില്‍ വീടിന് മുകളിലേയ്ക്ക് മരം വീണ് ചുണ്ടകുളം ഊരിലെ കാര (50) ആണ് മരിച്ച ഒരാള്‍. അതേസമയം വയനാട് പനമരത്ത് വെള്ളം കയറിയ വീട് ഒഴിയുന്നതിനിടെ യുവതി കുഴഞ്ഞു വീണ് മരിച്ചു. കാക്കത്തോട്ടെ ബാബുവിന്റെ ഭാര്യ മുത്തു (24) ആണ് മരിച്ചത്.

Source URL: https://padayali.com/%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d%e2%80%8c-%e0%b4%ae%e0%b4%b4-%e0%b4%95%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d/