ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച്‌ മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു

ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച്‌ മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു
August 03 14:39 2019 Print This Article

തിരുവനന്തപുരം: സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ സഞ്ചരിച്ചിരുന്ന കാറിടിച്ച്‌ മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു. സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് മേധാവി മലപ്പുറം തിരൂര്‍ സ്വദേശി കെ.എം. ബഷീര്‍(35) ആണ് മരിച്ചത്. അപകടത്തില്‍ ശ്രീറാം വെങ്കിട്ടരാമനും പരിക്കേറ്റു. ഇദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തുമാണ് കാറിലുണ്ടായിരുന്നത്. താനല്ല, സുഹൃത്താണ് കാറോടിച്ചതെന്ന് ശ്രീറാം വെങ്കിട്ടരാമന്‍ പോലീസിനോട് പറഞ്ഞു. എന്നാല്‍, ശ്രീറാം വെങ്കിട്ടരാമന്‍ തന്നെയാണ് വാഹനം ഓടിച്ചിരുന്നതെന്നും കാര്‍ അമിത വേഗതയിലായിരുന്നുവെന്നും ദൃക്സാക്ഷി പറഞ്ഞു. ശ്രീറാം മദ്യപിച്ചിരുന്നതായും കാല് നിലത്തുറയ്ക്കുന്നുണ്ടായിരുന്നില്ലെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. ഇതിന് പിന്നാലെ പൊലീസ് എത്തി. അപ്പോള്‍ തന്നെ ഒപ്പമുള്ളത് ഐഎഎസുകാരനെന്ന് വ്യക്തമായി. ഇതോടെ പൊലീസ് ശ്രീറാം വെങ്കിട്ടരമനെ മ്യൂസിയം പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

അപകടത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് പോലീസ് വ്യക്തമാക്കി. ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനയില്‍ കണ്ടെത്തി.

തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് സമീപം ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ബഷീറിന്റെ ബൈക്കിന് പിന്നില്‍ ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിക്കുകയായിരുന്നുവെന്നാണ് വിവരം. കാറില്‍ ശ്രീറാം വെങ്കിട്ടരാമനൊപ്പമുണ്ടായിരുന്ന സ്ത്രീ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുക്കാതെ ആദ്യം വിട്ടയച്ചു. പിന്നീട് മാധ്യമപ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനിലെത്തി കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് ഇവരെ ഫോണില്‍ വിളിക്കാന്‍ പോലും പോലീസ് തയ്യാറായത്.

വഫ ഫിറോസ് എന്ന സ്ത്രീയുടെ പേരില്‍ തിരുവനന്തപുരത്ത് രജിസ്റ്റര്‍ ചെയ്ത കാറിലാണ് ശ്രീറാം വെങ്കിട്ടരാമന്‍ സഞ്ചരിച്ചിരുന്നത്.

കഴിഞ്ഞ ദിവസമാണ് പഠനാവധി കഴിഞ്ഞെത്തിയ ശ്രീറാം വെങ്കിട്ടരാമനെ സര്‍വേ ആന്‍ഡ് ലാന്‍ഡ് റെക്കോര്‍ഡ്സ് ഡയറക്ടറായി നിയമിച്ചത്. കേരള ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ മിഷന്‍ പ്രോജക്‌ട് ഡയറക്ടര്‍, ഹൗസിങ് കമ്മിഷണര്‍, ഹൗസിങ് ബോര്‍ഡ് സെക്രട്ടറി എന്നീ അധിക ചുമതലകളും ശ്രീറാമിന് നല്‍കിയിരുന്നു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.