വ്യാജപ്രചരണങ്ങളുടെ സത്യം എന്ത് ? വ്യക്തതയോടെ പാസ്റ്റര്‍ ജെ. ജോസഫ്.

വ്യാജപ്രചരണങ്ങളുടെ സത്യം എന്ത് ? വ്യക്തതയോടെ പാസ്റ്റര്‍ ജെ. ജോസഫ്.
January 19 23:07 2018 Print This Article

ഞാന്‍ ക്രിസ്തുവില്‍ സ്നേഹിക്കുന്ന ദൈവസഭയിലെ എല്ലാ കര്‍ത്തൃദാസന്മാര്‍ക്കും വിശ്വാസസമൂഹത്തിനും സ്നേഹവന്ദനങ്ങള്‍ !!

കഴിഞ്ഞ 35 വര്‍ഷങ്ങളായി ദൈവസഭയുടെ ശുശ്രൂഷകനായി ഞാന്‍ സേവനം ചെയ്തു വരുന്നു. കര്‍ത്താവ് എന്നെ ഏല്‍പ്പിച്ച ശുശ്രൂഷകള്‍ പൂര്‍ണ്ണഗൌരവത്തോടെയും വിശ്വസ്തതയിലും ദൈവോത്മുഖമായും നിര്‍വ്വഹിക്കുകയും നാളിതുവരെ ദൈവത്തിനോ ദൈവസഭയ്ക്കോ അപമാനം വരുത്തുന്ന യാതൊരു പ്രവര്‍ത്തികളും എന്നില്‍നിന്നും മന:പ്പൂര്‍വ്വമായി ഉണ്ടായിട്ടില്ലെന്ന് പറയുവാന്‍ പ്രാഗത്ഭ്യമുള്ളവനുമാണ്.

ധനസമ്പാദനത്തിനോ സ്ഥാനമാനങ്ങള്‍ക്കോ വേണ്ടി ഒരു അവിഹിതശ്രമങ്ങളും എന്നില്‍ നിന്നും നാളിതുവരെ ഉണ്ടായിട്ടുമില്ല. പണമോ സ്വാധീനമോ എന്നെ മത്തുപിടിപ്പിച്ചിട്ടുമില്ല. അനേക കഷ്ടതകളുടേയും പ്രയാസങ്ങളുടേയും നടുവില്‍ വിശപ്പിന്‍റെ വിലയറിഞ്ഞും വയറുമുറുക്കിയുടുത്തും കര്‍ത്താവിന്റെ നാമത്തിനു ക്ഷതമേല്‍ക്കാതെ തന്‍റെ വയല്‍പ്രദേശത്ത് ഉടയവനെ പ്രസാദിപ്പിച്ച് ദൈവജനങ്ങളുടെ ഇടയില്‍ ശുശ്രൂഷകള്‍ ചെയ്തുപോരുന്നു.

എന്നാല്‍ ഇക്കഴിഞ്ഞ ജനുവരി 6-)൦ തീയതി വടശ്ശേരിക്കരയില്‍ വച്ചു ഞാന്‍ നടത്തിയ ഒരു വിവാഹശുശ്രൂഷ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പടെ വിവാദമായിരിക്കുന്നുവെന്ന് അറിയുവാന്‍ ഇടയായി. മുന്‍ ICTS വിദ്യാര്‍ത്ഥിയും ഇപ്പോള്‍ ഒരു സ്വതന്ത്രസഭയുടെ ശുശ്രൂഷകനുമായ പാസ്റ്റര്‍ ബൈജു ഒരു വിവാഹ ശുശ്രൂഷ ആശീര്‍വദിക്കുവാന്‍ എന്നെ ക്ഷണിക്കുമ്പോള്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉള്ള വിവാഹമാണോ എന്ന് ഞാന്‍ ആരായുകയും യാതൊരു പ്രശ്നങ്ങളും ഇല്ലെന്നു അദ്ദേഹം ഉറപ്പു വരുത്തുകയും ചെയ്തതുമാണ്. എന്നാല്‍ ആഭരണധാരണത്തെക്കുറിച്ച് ഒരു സൂചനപോലും നല്‍കിയിരുന്നില്ല. മാത്രമല്ല വധു ആഭരണം ഉപയോഗിക്കുമെന്ന് അദ്ദേഹത്തിനും അറിവില്ലായിരുന്നു.

വിവാഹനിശ്ചയം തുടങ്ങുന്നതിനു മുന്‍പു തന്നെ ഞാന്‍ വേദിയില്‍ എത്തിയിരുന്നു. പ്രാര്‍ഥിച്ച് വിവാഹശുശ്രൂഷ ആരംഭിച്ചതിനു ശേഷമാണ് വധൂവരന്മാര്‍ വേദിയിലേക്ക് കടന്നുവന്നത്. ശുശ്രൂഷാസമയത്ത് മാത്രമാണ് വധു ആഭരണം ധരിച്ചിരിക്കുന്നത്‌ എന്‍റെ ശ്രദ്ധയില്‍പ്പെട്ടത്. തല്‍ക്ഷണം തന്നെ സഭാശുശ്രൂഷകനോടും വധുവിന്‍റെ പിതാവിനോടും ആഭരണം നീക്കുവാന്‍ ആവശ്യപ്പെടുകയും അല്ലാത്തപക്ഷം ഈ വിവാഹം നടത്തിത്തരുവാന്‍ കഴിയില്ലെന്നും അറിയിച്ചു. വിവാഹം നടത്തിനല്‍കുവാന്‍ വേദിയില്‍ പ്രാപ്തരായ മറ്റുദൈവദാസന്മാര്‍ ഇല്ലെന്നും ഞങ്ങളുടെ കുഞ്ഞുങ്ങളുടെ ഭാവി തകരുമെന്നും അതിനാല്‍ വിവാഹം ആശീര്‍വദിക്കുന്നതില്‍ നിന്നും പിന്മാറരുതെന്നും ആ പിതാവ് കേണപേക്ഷിച്ചു,

വധു ആഭരണം നീക്കുവാന്‍ വിസമ്മതിക്കുകയും തങ്ങള്‍ ഒഴികെയുള്ള ഭൂരിപക്ഷം ജനങ്ങളും പെന്തക്കോസ്തു വിശ്വാസികള്‍ അല്ലാത്തതിനാലും അവര്‍ പ്രതികരിക്കുമെന്നും ഈ സദസ്സ് അനിഷ്ടസംഭവങ്ങള്‍ക്ക് വഴിമാറുമെന്നും അവര്‍ അറിയിച്ചു. ഒരുവിധത്തിലും ആ വേദിവിട്ടു പുറത്തുപോരുവാന്‍ കഴിയാതെ വന്നപ്പോള്‍, ധാര്‍മ്മികതയുടെപേരിലും സാഹചര്യസമ്മര്‍ദ്ദത്തിന്‍റെ പേരിലും ഞാന്‍ ചെയ്തുപോയതാണ്.

മനസ്സോടെയല്ലെങ്കിലും ചെയ്തുപോയ കീഴ്വഴക്കലംഘനത്തില്‍ എനിക്ക് അതിയായ പശ്ചാത്തപമുണ്ട്. വീഴ്ചകളെ ന്യായീകരിക്കുന്നില്ല. ഞാന്‍ അതില്‍ നിര്‍വ്യാജം ഖേദിക്കുന്നു. കേരളത്തിലെ ദൈവസഭ പിന്തുടര്‍ന്നുപോരുന്ന എല്ലാ കീഴ്വഴക്കങ്ങളേയും പ്രമാണങ്ങളേയും അംഗീകരിക്കുകയും ആദരിക്കുയും സംരക്ഷിക്കുകയും ചെയ്യുവാന്‍ ഞാന്‍ ബാധ്യസ്ഥനാണ്. അതനുസരിച്ച് മാത്രമേ ഭാവിയിലും ഞാന്‍ പ്രവര്‍ത്തിക്കുകയുള്ളൂവെന്ന് ഇതിനാല്‍ ബോധിപ്പിക്കുന്നു.

ഇന്നയോളം നിങ്ങള്‍ എന്നോട് കാട്ടിയ സ്നേഹത്തിനും സഹകരണത്തിനും ദൈവനാമത്തില്‍ നന്ദി അറിയിക്കുന്നു. ഒപ്പം പ്രാര്‍ത്ഥനയില്‍ എന്നെയും വഹിക്കണമേയെന്നു അപേക്ഷിക്കുന്നു.

ക്രിസ്തുവില്‍ എളിയദാസന്‍,

പാസ്റ്റര്‍ ജെ. ജോസഫ്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.