വൈറ്റ് ഹൗസില്‍ മാധ്യമവിലക്ക് : ട്രംപ് മാധ്യമപ്രവര്‍ത്തകരുടെ വിരുന്നില്‍ പങ്കെടുക്കില്ല.

by Vadakkan | 26 February 2017 12:02 PM

പ്രസിഡന്റ് ട്രംപിന്റെ മാധ്യമങ്ങള്‍ക്കെതിരായ യുദ്ധം ചരിത്രത്തില്‍ മുമ്പെങ്ങുമില്ലാത്തവിധം വഷളായി. സ്വാതന്ത്ര്യത്തെയും ജനാധിപത്യത്തെയും കുറിച്ച് സംസാരിക്കുന്ന അമേരിക്കയുടെ ഭരണസിരാ കേന്ദ്രമായ വൈറ്റ്ഹൗസിലെ പ്രതിദിനവാര്‍ത്താസമ്മേളനത്തില്‍ നിന്നും മുഖ്യധാരാ മാധ്യമങ്ങളെ ഒഴിവാക്കി.

കൂടാതെ വൈറ്റ്ഹൗസിലെ മാധ്യമപ്രവര്‍ത്തകരുടെ സംഘടന നടത്തുന്ന വസന്തകാല വിരുന്നിലും പങ്കെടുക്കില്ലെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. മാധ്യമങ്ങളുമായുള്ള ഏറ്റുമുട്ടല്‍ തുടരുന്ന സാഹചര്യത്തിലാണ് വിരുന്നില്‍ നിന്നും വിട്ടുനില്‍ക്കുന്നതെന്നാണ് ട്രംപ് അറിയിച്ചത്.

ബിബിസി, സിഎന്‍എന്‍, ഗാര്‍ഡിയന്‍, ന്യൂയോര്‍ക് ടൈംസ് തുടങ്ങിയ ലോകപ്രശസ്ത മാധ്യമങ്ങള്‍ക്കാണ് വൈറ്റ്ഹൗസിലെ പ്രതിദിനവാര്‍ത്താസമ്മേളനത്തിന് പ്രവേശനം നിഷേധിച്ചത്. തന്റെ ഭരണത്തെ വിമര്‍ശിക്കുന്ന മാധ്യമങ്ങള്‍ അമേരിക്കയുടെ ശത്രുക്കളാണെന്ന് ട്രംപ് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകമാണ് വിലക്ക് പ്രാബല്യത്തില്‍ വന്നത്.

ട്രംപിനെ അനുകൂലിക്കുന്ന യാഥാസ്ഥിതിക മാധ്യമസ്ഥാപനങ്ങളുടെ പ്രതിനിധികളെമാത്രം ഉള്‍ക്കൊള്ളിച്ചായിരുന്നു വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി സീന്‍ സ്‌പൈസറുടെ വെള്ളിയാഴ്ചത്തെ വാര്‍ത്താസമ്മേളനം. പതിവിനുവിരുദ്ധമായി ചോദ്യോത്തര സെഷന്‍ ക്യാമറയില്ലാതെയാണ് നടത്തുന്നതെന്നും വൈറ്റ് ഹൌസ് വാര്‍ത്താക്കുറിപ്പ് ഇറക്കി. സാധാരണ വാര്‍ത്താസമ്മേളനം നടത്താറുള്ള മുറി ഒഴിവാക്കി സ്‌പൈസറുടെ വെസ്റ്റ്വിങ് ഓഫീസിലാണ് വാര്‍ത്താസമ്മേളനം നടത്തിയത്. ഇതേത്തുടര്‍ന്ന് സ്‌പൈസറും മാധ്യമപ്രവര്‍ത്തകരുമായി വാഗ്വാദമുണ്ടായി.

എല്ലാ വര്‍ഷവും മാധ്യമപ്രവര്‍ത്തകരുടെ സംഘടന നടത്താറുള്ള വസന്തകാല വിരുന്നില്‍ പ്രധാന അതിഥി പ്രസിഡന്റായിരിക്കും. മാധ്യമപ്രവര്‍ത്തകര്‍, വിവിധ രംഗങ്ങളില്‍ നിന്നുള്ള സെലിബ്രറ്റികള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുന്ന വിരുന്നിന് വലിയ പ്രാധാന്യമാണ് ഉള്ളത്. മുന്‍പ് റൊണാള്‍ഡ് റീഗല്‍, റിച്ചാര്‍ഡ് നിക്‌സണ്‍ എന്നീ പ്രസിഡന്റുമാര്‍ മാത്രമാണ് വിരുന്നില്‍ പങ്കെടുക്കാതിരുന്നിട്ടുള്ളത്.

ട്രംപിന്റെ ഈ തീരുമാനങ്ങള്‍ മാധ്യമങ്ങള്‍ക്കു നേരെയുള്ള യുദ്ധപ്രഖ്യാപനമായാണ് വിലയിരുത്തപ്പെടുന്നത്. വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുന്നു, പ്രതിപക്ഷ പാര്‍ട്ടിയായി പ്രവര്‍ത്തിക്കുന്നു തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചാണ് ട്രംപ് മാധ്യമങ്ങള്‍ക്ക് എതിരായ നടപടി സ്വീകരിച്ചിരിക്കുന്നത്.

Source URL: https://padayali.com/%e0%b4%b5%e0%b5%88%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%b9%e0%b5%97%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%be%e0%b4%a7%e0%b5%8d%e0%b4%af%e0%b4%ae%e0%b4%b5%e0%b4%bf%e0%b4%b2/