വിസ്മയ കേസ്: കിരൺ കുമാറിന് പത്ത് വർഷം തടവ് ശിക്ഷ വിധിച്ച് കോടതി

വിസ്മയ കേസ്: കിരൺ കുമാറിന് പത്ത് വർഷം തടവ് ശിക്ഷ വിധിച്ച് കോടതി
May 24 13:38 2022 Print This Article

കൊല്ലം: ബി.എ.എം.എസ് വിദ്യാർഥിനിയായിരുന്ന വിസ്മയ വി. നായർ ഭർതൃഗൃഹത്തിൽ മരിച്ച കേസിൽ ഭർത്താവ് കിരൺ കുമാറിന് 10 വർഷം തടവും 12.5 ലക്ഷം രൂപ പിഴയും.

304 ബി പ്രകാരം 10 വർഷം തടവ്, 498 എ-രണ്ട് വർഷം തടവ്, 306 പ്രകാരം 6 വർഷം തടവ് എന്നിങ്ങനെ മൂന്ന് വകുപ്പുകളിലായി 18 വർഷം ശിക്ഷയും 12.5 ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. 12.5 ലക്ഷം രൂപ പിഴയിൽ രണ്ടു ലക്ഷം രൂപ വിസ്മയയുടെ മാതാപിതാക്കൾക്ക് നൽകണം.

കൊല്ലം ഒന്നാം അഡീഷനൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പറഞ്ഞത്. കിരൺ കുമാർ കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. 304 ബി പ്രകാരം സ്ത്രീധന മരണം, 498 എ- സ്ത്രീധന പീഡനം, 306 -ആത്മഹത്യാ പ്രേരണ, സ്ത്രീധന നിരോധന നിയമത്തിലെ മൂന്ന്, നാല് വകുപ്പുകൾ എന്നിങ്ങനെ അഞ്ച് വകുപ്പുകൾ പ്രകാരമാണ് കിരൺ കുറ്റക്കാരനെന്ന് കോടതി വിധിച്ചത്.

പ്രതിക്ക് എന്തെങ്കിലും പറയാനുണ്ടോ എന്ന ചോദ്യത്തിന് തെറ്റ് ചെയ്തിട്ടില്ലെന്നും ശിക്ഷയിൽ ഇളവ് വേണമെന്നും കിരൺ കോടതിയിൽ പറഞ്ഞു. അച്ഛന് സുഖമില്ല, ഓർമക്കുറവുണ്ട്, അപകടമുണ്ടാകാനുള്ള സാധ്യതയു​ണ്ട്. വിസ്മയയുടെത് ആത്മഹത്യയാണ് എന്നും കിരൺ കോടതിയിൽ പറഞ്ഞു.

കേസ് വ്യക്തിക്കെതിരെയല്ല, സാമൂഹിക വിപത്തിനെതിരെയുള്ളതാണെന്നും രാജ്യം ഉറ്റുനോക്കുന്ന കേസാണെന്നും പ്രൊസിക്യൂഷൻ പറഞ്ഞു. പരമാവധി ശിക്ഷ നൽകി വിധി പൊതുസമൂഹത്തിനുള്ള സന്ദേശമായിരിക്കണമെന്ന് പ്രൊസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു. വിസ്മയയുടെ ആത്മഹത്യ കൊലപാതകത്തിന് തുല്യമാണെന്നും നിയമം പാലിക്കാൻ ഉത്തരവാദിത്തമുള്ള സർക്കാർ ഉദ്യോഗസ്ഥനായിരുന്നു പ്രതിയെന്നും പ്രൊസിക്യൂഷൻ കോടതിയെ ഓർമിപ്പിച്ചു. വിദ്യാസമ്പന്നനും സർക്കാർ ഉദ്യോഗസ്ഥനുമായിട്ടും ഭാര്യയോട് പ്രാകൃതനടപടിയാണ് പ്രതിയുടെ ഭാഗത്തു നിന്നുണ്ടായതെന്നും പ്രൊസിക്യൂഷൻ പറഞ്ഞു.

പ്രതിക്ക് സുപ്രീം കോടതി ജാമ്യം നൽകിയിരുന്നുവെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടി. ഇത് രാജ്യത്തെ ആദ്യ സ്ത്രീധന മരണമല്ല. ജീവപര്യന്തം നൽകരുത്. പരമാവധി കുറഞ്ഞ ശിക്ഷ നൽകണമെന്നും സുപ്രീംകോടതി പോലും സ്ത്രീധന മരണങ്ങൾക്ക് പരമാവധി ശിക്ഷ നൽകിയിട്ടില്ലെന്നും സുപ്രീംകോടതി വിധികൾ ഉദ്ധരിച്ചു​കൊണ്ട് പ്രതിഭാഗം കോടതിയിൽ പറഞ്ഞു. പ്രതിയുടെയും പ്രതിഭാഗത്തിന്റെയും പ്രൊസിക്യൂഷന്റെയും വാദങ്ങൾ കേട്ടശേഷം കോടതി പിരിഞ്ഞു. അഞ്ചു മിനിട്ടിനു ശേഷം വീണ്ടും കോടതി ചേർന്നാണ് വിധി പ്രഖ്യാപിച്ചത്.

11 മാസങ്ങൾക്ക് ശേഷമാണ് കേസിൽ വിധി വരുന്നത്. സ്ത്രീധനം ആവശ്യപ്പെട്ട് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനായിരുന്ന ഭർത്താവ് കിരൺകുമാറിന്‍റെ നിരന്തര പീഡനത്തെ തുടർന്ന് വിസ്മയ ആത്മഹത്യ ചെയ്തുവെന്നാണ് കേസ്. കേസിലെ ഏകപ്രതിയാണ് കിരൺ കുമാർ. കുറ്റക്കാരനാണെന്ന് തെളിഞ്ഞതോടെ കിരൺ കുമാറിന്റെ ജാമ്യം റദ്ദാക്കി ജയിലിലേക്ക് മാറ്റിയിരുന്നു.

സ്ത്രീധന മരണം, സ്ത്രീധന പീഡനം, ആത്മഹത്യ പ്രേരണ, ഉപദ്രവിക്കുക, ഭീഷണിപ്പെടുത്തുക എന്നീ ഇന്ത്യൻ ശിക്ഷ നിയമത്തിലെ വകുപ്പുകളും സ്ത്രീധന നിരോധന നിയമത്തിലെ സ്ത്രീധനം ആവശ്യപ്പെടുക, സ്വീകരിക്കുക എന്നീ വകുപ്പുകളുമാണ് പ്രതിക്കെതിരെ പ്രോസിക്യൂഷൻ ഉന്നയിച്ചത്. 42 സാക്ഷികളെ വിസ്തരിച്ച പ്രോസിക്യൂഷൻ 120 രേഖകളും 12 മുതലുകളും ഹാജരാക്കി. ഉപദ്രവിക്കുക(323 ാം വകുപ്പ്), ഭീഷണിപ്പെടുത്തുക (506 -1) എന്നിവയിൽ കുറ്റം തെളിയിക്കപ്പെട്ടിട്ടില്ല.

ഡിജിറ്റൽ തെളിവുകൾ വലിയ പങ്കുവിച്ച കേസിൽ ‘പീഡനം സഹിക്കാൻ ഇനി വയ്യെന്നും താൻ മരിക്കുമെന്നുള്ള വിസ്മയയുടെ വാചകങ്ങൾ വരെ മരണമൊഴിയായി സ്വീകരിക്കപ്പെട്ടു.

2021 ജൂൺ 21നാണ് നിലമേൽ കൈതോട് കെ.കെ.എം.പി ഹൗസിൽ വിസ്മയ വി. നായരെ ശാസ്താംകോട്ട ശാസ്താനടയിലുള്ള ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മകളെ ഭർത്താവ് നിരന്തരമായി പീഡിപ്പിച്ചിരുന്നതായും കൊലപാതകമാണെന്നുമുള്ള ആരോപണവുമായി വിസ്മയയുടെ മാതാപിതാക്കൾ രംഗത്തെത്തിയതോടെയാണ് ഭർത്താവ് അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായിരുന്ന കിരൺകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഐ.ജി ഹർഷിത അട്ടല്ലൂരിയുടെ നേതൃത്വത്തിൽ 90 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി സെപ്റ്റംബർ 10ന് കുറ്റപത്രം സമർപ്പിച്ചു. ജനുവരി 10ന് വിചാരണ ആരംഭിച്ച കേസിൽ മേയ് 18ന് വാദം പൂർത്തിയായി. ജി. മോഹൻരാജാണ് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.