വിശുദ്ധ ഗുണ്ടകൾ!!

വിശുദ്ധ ഗുണ്ടകൾ!!
March 16 23:11 2021 Print This Article

ഐപിസി എന്ന ആത്മീക പ്രസ്ഥാനത്തിൽ ഗുണ്ടായിസം ഏറിവരുന്നതു കാണുമ്പോൾ അതിനെതിരെ പ്രതികരിക്കാതിരിക്കുവാൻ കഴിയുന്നില്ല.

കഴിഞ്ഞ മാസമാണു ഒരു ഗുണ്ടാപാസ്റ്റർ മറ്റൊരു പാസ്റ്ററെ നടുറോഡിലിട്ടു ഭേദ്യം ചെയ്തതു. അതു രാജ്യാന്തര വാർത്തയായിട്ടുപോലും അതിനെതിരെ എന്തെങ്കിലും നടപടി എടുക്കവാൻ നേതൃത്വം തയ്യറായിട്ടില്ല.

ഇപ്പോൾ മറ്റൊരു ചോട്ടാ ഗുണ്ടാ, പിവൈപിഏ യുടെ യുവനേതാവിനെ താക്കോൽകൂട്ടം കൊണ്ടു മാരകമായി തലയ്ക്കു ഇടിച്ചു എന്നാണു കേൾക്കുന്നതു. ഇടി കൊണ്ട വ്യക്തി ഇപ്പോൾ ആശുപതിയിൽ ചികിത്സ തേടിയിരിക്കുകയാണു. ഐപിസിയുടെ തിരഞ്ഞെടുപ്പു പ്രചരണവേളകളിൽ നേതാക്കന്മാർക്കു താങ്ങും തണലുമായി അകമ്പടി സേവിക്കുന്നതു ഗുണ്ടകളാണു. വോട്ടിംഗ്‌ ദിനത്തിൽ കുമ്പനാടു ഹെബ്രോൻപുരം കണ്ടാൽ ഒരു കാളച്ചന്തയുടെ പ്രതീതിയാണുളവാക്കുന്നതു.

രാഷ്ട്രീയക്കാർ കാണിക്കുന്ന സാധാരണ മര്യാദപോലും അന്നവിടെ കാണുവാൻ കഴിയില്ല. രാഷ്ട്രീയത്തിൽ വോട്ടെടുപ്പിനു രണ്ടുദിവസം മുമ്പെങ്കിലും പ്രചരണം അവസാനിപ്പിച്ചിരിക്കണം എന്നതാണു ജനാധിപത്യത്തിന്റെ സാമാന്യ മര്യാദ. എന്നാൽ ഹെബ്രോനിൽ ഇതൊന്നും ബാധകമല്ല. അന്നേദിവസം ഹെബ്രോൻപുരം ഒരു പൂരപ്പറമ്പുപോലെയാകും. വോട്ടുചെയ്യാൻ പോകുന്നവരെ ചാക്കിട്ടു പിടിക്കാൻ പിന്നാലെ കൂടുന്ന പാനൽ ജീവികളെ കണ്ടാൽ സാക്ഷാൽ രാഷ്ട്രീയക്കാർപോലും ലജ്ജിച്ചു തല താഴ്ത്തും.

ഇനി, രാഷ്ട്രീയ തിരഞ്ഞെടുപ്പുകളിൽ വോട്ടെടുപ്പു ദിനത്തിൽ സമ്മതിദായകർ സ്വന്തം വാഹനങ്ങളിൽ ബൂത്തിൽ എത്തണമെന്നതാണു നിയമം. എന്നാൽ ആത്മീക നിലവാരങ്ങളുടെ അത്യുച്ചകോടിയിൽ നിൽക്കുന്ന പെന്തക്കോസ്തിലെ ദൈവജനത്തിനു എന്തു നിയമം!

അന്നേ ദിവസം കാസർഗോഡു മുതൽ കന്യാകുമാരി വരെയുള്ള പ്രദേശങ്ങളിൽ നിന്നു ആഢംബര ബസ്സുകളിൽ വഴിനീളെ നല്ല നല്ല ഹോട്ടലുകളിൽ നിർത്തി ശാപ്പാടും ചായയും വാങ്ങികൊടുത്തു, പിന്നെ നല്ലൊരു തുക പോക്കറ്റു മണിയും കൊടുത്താണു അവരെക്കൊണ്ടു തൽപ്പര കക്ഷികൾക്കു വോട്ടു ചെയ്യിച്ചു അതുപോലെ അവരവരുടെ ഭവനങ്ങളിൽ തിരിച്ചു കൊണ്ടുവിടുന്നതു. ലക്ഷക്കണക്കിനു രൂപയാണു പാനൽ നേതാക്കന്മാർ പ്രചരണങ്ങൾക്കും ഇങ്ങനെയുള്ള ആഢംബരങ്ങൾക്കും ചിലവിടുന്നതു.

ജനാധിപത്യ നിയമങ്ങളെ കാറ്റിൽ പറത്തികൊണ്ടാണു തിരഞ്ഞെടുപ്പുകളിൽ ലംഘനങ്ങൾ നടത്തുന്നതു. ഇത്തരം കാര്യങ്ങളോടു പ്രതികരിച്ചാൽ ആദ്യം അവരെ മാനസികമായി കൈകാര്യം ചെയ്യും. എന്നുവെച്ചാൽ, അങ്ങനെയുള്ളവരെ സമൂഹത്തിൽ നിന്നു ഒറ്റപ്പെടുത്തുകയോ അല്ലെങ്കിൽ അവരെ ഒഴിവാക്കുകയോ ചെയ്തു കളയും. അതു സാധിക്കുന്നില്ലെകിൽ ഗുണ്ടാപ്പടയുടെ ആക്രമത്തിനിരയാകേണ്ടിവരും. എവിടേക്കാണു ഈ ആത്മീകപ്രസ്ഥാനം ഇപ്പോൾ നീങ്ങിക്കൊണ്ടിരിക്കുന്നതു??

പെന്തക്കോസ്തു വിഭാഗങ്ങളിൽ മാത്രമായി ചികിത്സക്കു പണമില്ലാതെ നിത്യരോഗികളായി കഴിയുന്നവർ അനവധിയുണ്ടു. നിത്യവൃത്തിക്കു വകയില്ലാതെ പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞു കൂടുന്നവരുണ്ടു. പ്ലാസ്റ്റിക്‌ ഷീറ്റുകൊണ്ടു മറച്ച കുടിലുകളിൽ കുഞ്ഞുങ്ങളുമായി കഴിയുന്നവരുണ്ടു. വിവാഹപ്രായമായ പെൺകുട്ടികളെയോർത്തു നെടുവീർപ്പിടുന്ന മാതാപിതാക്കളുണ്ടു. തുടർപ്പഠനത്തിനു പണമില്ലാതെ പഠനം നിർത്തുന്ന കുഞ്ഞുങ്ങളുണ്ടു. വാടക കൊടുക്കുവാൻ പണമില്ലാതെ വീട്ടുടമസ്ഥന്റെ ഭീഷണിക്കു മുമ്പിൽ ഭയപ്പെട്ടു കഴിയുന്ന കുടുംബങ്ങളുണ്ടു.

അങ്ങനെ കഷ്ടതകളും യാതനകളും അനുഭവിക്കുന്ന എത്രയെത്ര മനുഷ്യ ജന്മങ്ങളാണു ഈ പെന്തക്കോസ്തെന്ന മഹാപ്രസ്ഥാനത്തിന്റെ ഉള്ളറകളിൽ ഉള്ളതെന്നു അന്വേഷിച്ചാൽ അറിയാം. അതേസമയം തിരഞ്ഞെടുപ്പുകൾ വരുമ്പോൾ നേതാക്കന്മാർ ചിലവഴിക്കുന്ന പണത്തിന്റെ കണക്കു കേട്ടാൽ അന്തിച്ചുപോകും.

ഈ പ്രസ്ഥാനത്തിനുള്ളിൽ ചില പരീശവാദികൾ ഉണ്ടെന്നുള്ളതാണു മറ്റൊരു കാര്യം. കപടഭക്തിക്കാരായ കുറെ പാവങ്ങൾ! അവർ ചോദിക്കുന്നതു, എന്തിനു ഇതിനൊക്കെ പ്രതികരിക്കണം, എന്തിനു മറ്റുള്ളവരെ വിധിക്കണം എന്നൊക്കെയാണു. എന്നുവെച്ചാൽ, അധർമ്മത്തിനു എതിരെ ശബ്ദിക്കരുതെന്നു സാരം. ഇതു തന്നെയാണു പണ്ടു കൊരിന്ത്യസഭയിലും നടന്നതു. അപ്പന്റെ ഭാര്യയെ വെച്ചുകൊണ്ടിരുന്ന ഒരുവനെ കൊരിന്ത്യസഭക്കാർ സഹിച്ചതാണു കാര്യം. സഭയിൽ നടന്ന അന്യായങ്ങൾക്കെതിരെ അവർ പ്രതികരിച്ചില്ലെന്നു സാരം.

പൗലൊസ്‌ കൊരിന്ത്യരോടു ചോദിക്കുന്നതു, 1 കൊരിന്ത്യർ 5:2 ൽ “എന്നിട്ടും നിങ്ങൾ ചീർത്തിരിക്കുന്നു; ഈ ദുഷ്കർമ്മം ചെയ്തവനെ നിങ്ങളുടെ ഇടയിൽനിന്നു നീക്കുവാൻ തക്കവണ്ണം നിങ്ങൾ ദുഃഖിച്ചിട്ടുമില്ല” എന്നാണു. ഇവിടെയും അതു തന്നെയാണു സംഭവിച്ചിരിക്കുന്നതു. സഭാനേതാക്കന്മാർ ഗുണ്ടകളെ സംരക്ഷിക്കുന്നതു എന്തിനുവേണ്ടി?

ഗുണ്ടകളില്ലെങ്കിൽ ഇന്നത്തെ സാഹചര്യത്തിൽ നേതാക്കന്മാർക്കും അവർ പോറ്റി വളർത്തുന്ന പാനലുകൾക്കും അവർ നടത്തുന്ന തിരരഞ്ഞെടുപ്പു മാമാങ്കങ്ങൾക്കും നിലനിൽപ്പില്ല എന്നുള്ളതാണു സത്യം. എങ്കിലും ഇതിന്റെ ഉള്ളിൽ ഒരു ചെറിയ ശേഷിപ്പുണ്ടെന്നൂള്ളതു സമ്മതിക്കുന്നു. പക്ഷെ ഈ ശേഷിപ്പുകളുടെ മൗനവ്രതമാണു ഈ ദുഷ്‌ക്കർമ്മികളെ വളർത്തുന്നതു.

എന്തുകൊണ്ടു ഐപിസി എന്ന ആത്മീകപ്രസ്ഥാനം ഇങ്ങനെ കുറെ ഗുണ്ടകളുടെ വിളയാട്ടകേന്ദ്രമാകുന്നു?? ഇതിപ്പോൾ ഐപിസിയിൽ ഒരു തുടർക്കഥയായി മാറിക്കൊണ്ടിരിക്കുകയാണു. ഐപിസി എന്ന പ്രസ്ഥാനം ഇനി സുവിശേഷവും ആത്മീകതയും കളഞ്ഞിട്ടു ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയായി മാറുന്നതാണു നല്ലതു. അത്രത്തോളം ലോകത്തോടു ലയിച്ചു കഴിഞ്ഞിരിക്കുന്നു!!

പാസ്റ്ററന്മാർ വചനഘോഷണം അവസാനിപ്പിച്ചു പോയി രട്ടുടുത്തു വെണ്ണീറിൽ ഇരിക്കുക! പാട്ടും മേളവും ആരാധനയും പ്രസംഗവും ഒക്കെ ഇനി മതിയെന്നു വെയ്ക്കുക! ഒരു ആത്മീകപ്രസ്ഥാനം ഇതിലും കൂടുതൽ ഇനി അധഃപ്പതിക്കുവാനില്ല. ആത്മീകമേ നാടകം!!

മാത്യു തോമസ്

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.