വിദേശവാസികൾ ഇന്ത്യന്‍ രൂപയ്ക്ക് ‘വലിയ വില കൊടുക്കേണ്ടി വരും’

by padayali | 15 December 2016 9:21 PM

നോട്ടു നിരോധനത്തെ തുടര്‍ന്നുള്ള ഇന്ത്യന്‍ രൂപ യുടെ ക്ഷാമം നേരിടുന്നവരില്‍ പ്രവാസികളും. നാട്ടിലേക്കു അവധിക്കു പോകുന്ന പ്രവാസികള്‍ താല്‍ക്കാലിക ചെലവുകള്‍ക്കായി മണിഎക്‌സ്‌ച്ചേഞ്ചുകള്‍ വഴി നിശ്ചിത ഇന്ത്യന്‍ രൂപ മാറ്റിയെടുക്കാറുണ്ട്. വിവിധ എക്‌സ്‌ച്ചേഞ്ചുകളില്‍ ഇന്ത്യന്‍ രൂപ ലഭ്യമല്ലാത്തതിനാല്‍ ഇടനിലക്കാര്‍ വഴി വന്‍ നഷ്ടത്തിനാണ് ഗള്‍ഫ് മണി ഇന്ത്യന്‍ രൂപയായി വിനിമയം ചെയ്യുന്നത് .ഇന്ത്യ രൂപയ്ക്ക് ഖത്തറില്‍ ഒരു റിയാലിന് പതിനെട്ടു രൂപയ്ക്ക് മുകളില്‍ വിനിമയ നിരക്കുള്ളപ്പോള്‍ പതിനാറു രൂപ മുപ്പത്തിയാറ് പൈസയാണ് റിയാല്‍ ഇന്ത്യന്‍ രൂപയായി മാറ്റുമ്പോള്‍ ലഭിക്കുന്നത്. ഇത് അവസരം ചൂഷണം ചെയ്യുന്ന പ്രവണതയായി വിലയിരുത്തപെടുന്നു.
നാട്ടിലേക്കു അവധിക്കു പോകുന്ന പലരും സ്മാര്‍ട്ട് ടി വി അടക്കമുള്ളവയ്ക്ക് നാട്ടിലെ എയര്‍ പോര്‍ട്ടില്‍ ഡ്യുട്ടി അടക്കാനും മറ്റുമായി ഇന്ത്യന്‍ രൂപ കരുതാന്‍ നിര്‍ബന്ധിത മായതിനാല്‍ നഷ്ട്ടം സഹിച്ചും ഇന്ത്യന്‍ രൂപ വാങ്ങാന്‍ നിര്‍ബന്ധിതരാകുകയാണ് .ദുബായി കേന്ദ്രീകരിച്ചാണ് ഗള്‍ഫ് മേഖലകളില്‍ ഇന്ത്യന്‍ രൂപ യുടെ വിനിമയലോബി പ്രവര്‍ത്തിക്കുന്നത്. പുതിയ രണ്ടായിരം രൂപയുടെ നോട്ടുകളാണ്ഗള്‍ഫിലും നല്‍കിവരുന്നത്. നിരോധിച്ച പഴയ നോട്ടുകള്‍ ഗള്‍ഫിലെ പലരുടെയും കൈവശമിരിക്കെ തന്നെയാണ് പുതിയ നോട്ടുകള്‍ക്കായി വന്‍ നഷ്ട്ടം സഹികേണ്ടി വരുന്നത്. നിരോധിച്ച നോട്ടുകള്‍ക്ക് സമയപരിധിയില്‍ വിനിമയം നടത്താനുള്ള ഇളവുകളില്‍ ഉപാധിയോടെ മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്ന ദോഹ ബാങ്കിന്റെ ആവശ്യത്തോടും ഇന്ത്യന്‍ അധികൃതര്‍ അനുകൂല നിലപാടല്ല സ്വീകരിച്ചത്. നോട്ടു നിരോധനം വിദേശ രാജ്യങ്ങളില്‍ ഗള്‍ഫ് മേഖലയിലെ മണിഎക്‌സ്‌ച്ചേഞ്ചുകള്‍ക്കാണ് വന്‍ തിരിച്ചടിയായത്.
യഥാര്‍ത്ഥ വിനിമയ നിരക്കിനപ്പുറം നഷ്ട്ടം സഹിച്ചു കൊണ്ട് മോഹവില നല്‍കിയാണ് പഴയ നോട്ടുകള്‍ ഏതാനും എക്‌സ്‌ച്ചേഞ്ചുകള്‍ വിറ്റഴിച്ചത്. അതേസമയം പുതിയനോട്ടുകളുടെ വിനിമയത്തിലൂടെ വന്‍ലാഭമാണ് നേടുന്നത്. നാട്ടിലെ നോട്ടുക്ഷാമകാലത്ത് അവധികാലത്തെ ആദ്യ ദിവസങ്ങളില്‍ തന്നെ എ ടി എം കൗണ്ടറുകളിലും,ബാങ്കുകളിലും ക്യു നിന്ന് സമയം പാഴാക്കാതിരിക്കാന്‍ ഉയര്‍ന്ന വില കൊടുത്ത് വന്‍ നഷ്ട്ടത്തിലാണ് പലരും ഇന്ത്യന്‍ രൂപ വാങ്ങിതാല്‍ക്കാലിക പ്രതിസന്ധിയെ തരണം ചെയ്യുന്നത്.

Source URL: https://padayali.com/%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%87%e0%b4%b6%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf%e0%b4%95%e0%b5%be-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b0%e0%b5%82/