വായ്പാ തിരിച്ചടവ് മുടങ്ങി; ഉഗാണ്ടയിലെ ഏക വിമാനത്താവളം ചൈന പിടിച്ചെടുക്കാന്‍ നീക്കം

by Vadakkan | 28 November 2021 9:30 PM

കംപാല: ഉഗാണ്ടയിലെ ഏകവിമാനത്താവളം ചൈന പിടിച്ചെടുക്കാന്‍ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. വിമാനത്താവള വികസനത്തിനായി നല്‍കിയ വായ്പയുടെ പേരിലാണ് നടപടി.

വായ്പാ വ്യവസ്ഥകളിലെ ചൈനയ്‌ക്ക് മേല്‍ക്കോയ്മ നല്‍കുന്ന നിബന്ധനകളാണ് വിനയാകുക. എന്റബെ അന്താരാഷ്‌ട്ര വിമാനത്താവളമാണ് വിവാദത്തിലായത്.

വിമാനത്താവള വികസനത്തിനായി 2015 മാര്‍ച്ച്‌ 31 ന് ചൈനയിലെ എക്‌സ്‌പോര്‍ട്ട് ഇംപോര്‍ട്ട് ബാങ്കില്‍ നിന്ന് ഉഗാണ്ട വായ്പയെടുത്തിരുന്നു. 200 മില്യന്‍ ഡോളറായിരുന്നു വായ്പ. എന്നാല്‍ വ്യവസ്ഥകളില്‍ തര്‍ക്കമുണ്ടായാല്‍ അത് പരിഹരിക്കാനുളള അധികാരം ചൈനയിലെ അന്താരാഷ്‌ട്ര ഇക്കണോമിക് ആന്റ് ട്രേഡ് ആര്‍ബിട്രേഷന്‍ കമ്മീഷന് മാത്രമാണെന്ന് നിബന്ധനകളില്‍ പറയുന്നു. പദ്ധതികളില്‍ മാറ്റം വരുത്തണമെങ്കില്‍ എക്‌സ്‌പോര്‍ട്ട് ഇംപോര്‍ട്ട് ബാങ്കിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും നിബന്ധനകളിലുണ്ട്.

ഉഗാണ്ടയുടെ പരമാധികാരത്തിന് യാതൊരു വിലയും ഇല്ലാതാക്കുന്നതാണ് കരാര്‍ എന്നാണ് ആരോപണം. വായ്പാ തിരിച്ചടവ് മുടങ്ങിയാലോ മറ്റെന്തെങ്കിലും വ്യവസ്ഥകള്‍ പാലിക്കാതെ പോയാലോ ചൈനയ്‌ക്ക് മേല്‍ക്കോയ്മ ലഭിക്കുകയും ചെയ്യും. ഉഗാണ്ടയിലെ മാദ്ധ്യമമായ ദ മോണിട്ടര്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വ്യവസ്ഥകളില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് പതിനൊന്ന് അംഗ ഉഗാണ്ടന്‍ പ്രതിനിധി സംഘം ബീജിങ്ങിലെത്തിയെങ്കിലും ഫലമുണ്ടായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം റിപ്പോര്‍ട്ട് ഉഗാണ്ടയിലെ സിവില്‍ ഏവിയേഷന്‍ അതോറിറ്റി നിഷേധിച്ചു. ഉഗാണ്ടന്‍ സര്‍ക്കാര്‍ ഒരു ദേശീയ ആസ്തിയും ഉപേക്ഷിക്കില്ലെന്നും വാര്‍ത്തയില്‍ വാസ്തവമില്ലെന്നും അതോറിറ്റി വക്താവ് പറഞ്ഞു. ആഫ്രിക്കയുടെ ചുമതലയുളള ചൈനീസ് ഡയറക്ടര്‍ ജനറലും ഇക്കാര്യം നിഷേധിച്ചതായി ഉഗാണ്ടയിലെ ചൈന എംബസിയും വ്യക്തമാക്കി.

Source URL: https://padayali.com/%e0%b4%b5%e0%b4%be%e0%b4%af%e0%b5%8d%e0%b4%aa%e0%b4%be-%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%9f%e0%b4%b5%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%9f%e0%b4%99%e0%b5%8d%e0%b4%99/