വര്‍ദയെത്തി ; 7 മരണം

by padayali | 13 December 2016 2:11 AM

ചെന്നൈ: മണിക്കൂറില്‍ 130-150 കിലോ മീറ്റര്‍ വേഗത്തില്‍ ആഞ്ഞടിച്ച വര്‍ദ ചുഴലിക്കൊടുങ്കാറ്റ്‌ തമിഴ്‌നാട്‌, ആന്ധ്രാ പ്രദേശ്‌, പുതുച്ചേരി സംസ്‌ഥാനങ്ങളില്‍ കൊടിയ നാശം വിതച്ചു. ഏഴുപേര്‍ മരിച്ചതായി തമിഴ്‌നാട്‌ സര്‍ക്കാര്‍. ആന്ധ്ര കാക്കിനഡയില്‍ രണ്ടു മത്സ്യത്തൊഴിലാളികളെ കാണാതായി. മൂന്നു സംസ്‌ഥാനങ്ങളിലുമായി ആയിരക്കണക്കിനു വീടുകള്‍ തകര്‍ന്നു. നൂറിലധികം വൃക്ഷങ്ങള്‍ കടപുഴകി. റെയില്‍, റോഡ്‌, വ്യോമ ഗതാഗതങ്ങള്‍ നിര്‍ത്തിവച്ചിരിക്കുന്നതിനാല്‍ ജനജീവിതം സ്‌തംഭിച്ചനിലയില്‍.
വൈദ്യുതി, ഗതാഗത സംവിധാനങ്ങള്‍ സാധാരണ നില കൈവരിക്കാന്‍ ദിവസങ്ങളെടുക്കും. ഇന്നലെ രാത്രി വൈകി കാറ്റിന്റെ വേഗം മണിക്കൂറില്‍ 15-25 കിലോമീറ്ററായി കുറഞ്ഞു.
വര്‍ദ ചെന്നൈ നഗരം വിട്ടെങ്കിലും കാറ്റും മഴയും വീണ്ടും ശക്‌തിപ്പെടാന്‍ സാധ്യതയുണ്ടെന്ന്‌ കാലാവസ്‌ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നല്‍കി. 1994 നുശേഷമുള്ള വലിയ ചുഴലിക്കൊടുങ്കാറ്റാണിത്‌. വര്‍ദയുടെ പരിധിയിലുള്ള പ്രദേശങ്ങളില്‍ കനത്തമഴ തുടരുകയാണ്‌.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട വര്‍ദ ചുഴലിക്കൊടുങ്കാറ്റ്‌ രണ്ടു മണിക്കൂറാണു തീരത്തു നാശം വിതച്ചത്‌. ഉച്ചകഴിഞ്ഞ്‌ 2.30 നാണു കാറ്റ്‌ ചെന്നൈയിലെത്തിയത്‌. ചെന്നൈയിലെ റോഡുകളില്‍ മരങ്ങള്‍ കടപുഴകി വീണ്‌ ഗതാഗതം തടസപ്പെട്ടു. കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും വൈദ്യുതിലൈനുകള്‍ക്കും നാശനഷ്‌ടമുണ്ടായി. മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വത്തിന്റെ നേതൃത്വത്തില്‍ സംസ്‌ഥാന ദുരന്ത നിവാരണ അഥോറിറ്റി അടിയന്തര യോഗം ചേര്‍ന്നു സ്‌ഥിതിഗതികള്‍ വിലയിരുത്തി.
കൊടുങ്കാറ്റില്‍ ഏഴുപേര്‍ മരിച്ചതായി പ്രിന്‍സിപ്പല്‍ സെക്രട്ടറി (റവന്യു അഡ്‌മിനിസ്‌ട്രേഷന്‍) കെ. സത്യഗോപാല്‍ പറഞ്ഞു. പാര്‍വതി (85), കര്‍ണാ ബെഹ്‌റ (24), കാര്‍ത്തിക്ക്‌ (മൂന്ന്‌), വൈകുണ്ഡനാഥന്‍ (42), മണി (60), രാധ (75), അമാനുള്ള (45) എന്നിവരാണ്‌ മരിച്ചതെന്നാണു റിപ്പോര്‍ട്ട്‌. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വീടിന്റെ ചുമരും മേല്‍ക്കൂരയും ഇടിഞ്ഞുവീണാണു പലരും മരിച്ചതെന്നാണു പ്രാഥമിക വിവരം
ചെന്നൈ തീരത്തുനിന്ന്‌ 20 കിലോ മീറ്റര്‍ അകലെയാണ്‌ ചുഴലിക്കൊടുങ്കാറ്റിന്റെ കേന്ദ്രമെന്ന്‌ കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അഡീഷണല്‍ ഡയറക്‌ടര്‍ ജനറല്‍ എം. മോഹപാത്ര പറഞ്ഞു. ചെന്നൈയിലും പരിസരങ്ങളിലും കാറ്റിന്റെ വേഗം മണിക്കൂറില്‍ 90 മുതല്‍ 100 കിലോ മീറ്റര്‍ വരെയായിരുന്നു. ജനങ്ങളോടു സുരക്ഷിത സ്‌ഥലങ്ങളില്‍ തുടരാന്‍ സര്‍ക്കാര്‍ മുന്നറിയിപ്പ്‌ നല്‍കിയിരുന്നു.
ചെന്നൈയുടെ വടക്കന്‍ മേഖലയില്‍ മുന്‍കരുതലെന്ന നിലയ്‌ക്ക് വൈദ്യുതി ബന്ധം വിഛേദിച്ചിരുന്നു. 8,000 പേരെ താല്‍കാലിക അഭയകേന്ദ്രങ്ങളിലേക്കു മാറ്റി. തിരുവാലൂര്‍ ജില്ലയിലെ പാഴ്‌വേര്‍ക്കാട്‌, കാഞ്ചീപുരം ജില്ലയിലെ മാമല്ലപുരം എന്നിവിടങ്ങളിലായി 95 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു.
ആന്ധ്രയുടെ തീരപ്രദേശങ്ങളില്‍നിന്ന്‌ 9,400ല്‍ അധികം പേരെ മാറ്റിപ്പാര്‍പ്പിച്ചു. വിവിധയിടങ്ങളിലായി 266 ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറന്നു. 8000 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി. 10,754 ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്‌തെന്നു സംസ്‌ഥാന സര്‍ക്കാര്‍ അറിയിച്ചു. കപ്പലുകളടക്കം രക്ഷാസംവിധാനങ്ങള്‍ തയാറാക്കിയിട്ടുണ്ട്‌.
കല്‍പ്പാക്കം ആണവ നിലയത്തിനു സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി അധികൃതര്‍ വ്യക്‌തമാക്കി. ദേശീയ ദുരന്ത നിവാരണ സേനയുടെ 15 കമ്പനികളെ തമിഴ്‌നാട്ടിലും ആന്ധ്രാപ്രദേശിലുമായി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു നിയോഗിച്ചിട്ടുണ്ട്‌.
തമിഴ്‌നാട്‌, ആന്ധ്ര, പുതുച്ചേരി തീരങ്ങള്‍ അതീവജാഗ്രതയിലാണ്‌. ഇന്നും കനത്ത മഴ തുടരുമെന്നാണു റിപ്പോര്‍ട്ട്‌. ആവശ്യമായ അളവില്‍ ഭക്ഷണസാധനങ്ങളും അവശ്യവസ്‌തുക്കളും ശേഖരിച്ചിട്ടുണ്ടെന്ന്‌ ആന്ധ്രപ്രദേശ്‌ മുഖ്യമന്ത്രി എന്‍.ചന്ദ്രബാബു നായിഡു അറിയിച്ചു. കടലിലേക്ക്‌ പോകരുതെന്ന്‌ മല്‍സ്യത്തൊഴിലാളികള്‍ക്ക്‌ നിര്‍ദേശം നല്‍കി. ചെന്നൈയുള്‍പ്പെടെ മൂന്നു വടക്കന്‍ ജില്ലകളിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും ഇന്നലെ അവധിയായിരുന്നു. സ്വകാര്യ സ്‌ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക്‌ അവധിയോ, വീട്ടില്‍ ഇരുന്നു തന്നെ ജോലി ചെയ്യാനുള്ള സൗകര്യമോ നല്‍കി. കടലില്‍നിന്നു 18 മത്സ്യബന്ധനത്തൊഴിലാളികളെ രക്ഷപ്പെടുത്തിയതായി ആന്ധ്രാ പ്രദേശ്‌ സര്‍ക്കാര്‍ അറിയിച്ചു. നെല്ലൂര്‍, ചിറ്റൂര്‍, പ്രകാശം ജില്ലകളില്‍ ജാഗ്രത തുടരുമെന്നു മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അറിയിച്ചു.
ചെന്നൈയില്‍ ഇന്നലെ രാത്രി എട്ടു വരെ 20 സെന്റീമീറ്റര്‍ മഴ ലഭിച്ചതായി കാലാവസ്‌ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇന്ന്‌ ആന്ധ്രാ പ്രദേശ്‌, രായലസീമം, ഉത്തര തമിഴ്‌നാട്‌ എന്നിവിടങ്ങളില്‍ കനത്ത മഴയുണ്ടാകും. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍ ജില്ലകളില്‍ ഇന്നും സ്‌കൂളുകള്‍ക്ക്‌ അവധിയായിരിക്കും.

ട്രെയിനുകളും വിമാനങ്ങളും റദ്ദാക്കി

ചെന്നൈ: വര്‍ദ ചുഴലിക്കൊടുങ്കാറ്റിന്റെ പശ്‌ചാത്തലത്തില്‍ ചെന്നൈ സെന്‍ട്രലില്‍നിന്നു പുറപ്പെടുന്ന തിരുവനന്തപുരം – ചെന്നൈ സൂപ്പര്‍ ഫാസ്‌റ്റ്‌ ഉള്‍പ്പെടെ 17 സര്‍വീസുകള്‍ റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു. തിരുവനന്തപുരം കൂടാതെ ബംഗളുരു, ഹൈദരാബാദ്‌, മധുര, കോയമ്പത്തൂര്‍ തുടങ്ങിയ സ്‌ഥലങ്ങളിലേക്കുള്ള സര്‍വീസുകളാണു റദ്ദാക്കിയത്‌.
കാറ്റില്‍ കനത്ത നാശം ഉണ്ടായതായി ദക്ഷിണ റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ അനുപം ശര്‍മ അറിയിച്ചു. 16 ട്രെയിനുകളാണു സര്‍വീസ്‌ നിര്‍ത്തിവച്ചത്‌. മഴയുടെ ശക്‌തി കുറഞ്ഞാലുടന്‍ അറ്റകുറ്റപ്പണി ആരംഭിക്കുമെന്ന്‌ അദ്ദേഹം അറിയിച്ചു. ചെന്നൈ വിമാനത്താവളത്തില്‍നിന്നുള്ള 170 സര്‍വീസുകളെയാണു വര്‍ദ ബാധിച്ചത്‌. 10 ഫ്‌ളൈറ്റുകള്‍ റദ്ദാക്കി. ഡല്‍ഹി, മുംബൈ, ബംഗളുരു വിമാനങ്ങളാണു റദ്ദാക്കിയത്‌. സര്‍വീസുകള്‍ ഇന്നു പുനാരാരംഭിച്ചേക്കും.

Source URL: https://padayali.com/%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a6%e0%b4%af%e0%b5%86%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf-7-%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%82/