ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യയുടേത്

by Vadakkan | 16 January 2021 4:09 PM

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യയുടേത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ 18 ദശലക്ഷം ഇന്ത്യയ്ക്കാരാണ് ജീവിക്കുന്നത് എന്ന് ഐക്യരാഷ്ട്രസഭയുടെ ഇന്റര്‍നാഷണല്‍ മൈഗ്രേഷന്‍ 2020 ഹൈലൈറ്റ്‌സ് റിപ്പോര്‍ട്ട് പറയുന്നു.

കൂടുതല്‍ പ്രവാസികളും യുഎഇ, സൗദി, യുഎസ് രാഷ്ട്രങ്ങളിലാണ്. വാര്‍ത്താ ഏജന്‍സിയായ പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ യുഎന്‍ സാമ്ബത്തിക സാമൂഹികകാര്യ വിഭാഗത്തിന് കീഴിലെ ജനസംഖ്യാ വിഭാഗം മേധാവി ക്ലയര്‍ മെനോസിസിയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

യുഎഇയില്‍ 35 ലക്ഷവും യുഎസില്‍ 27 ലക്ഷവുമാണ് സൗദിയില്‍ 25 ലക്ഷവുമാണ് പ്രവാസി ഇന്ത്യയ്ക്കാര്‍. ആസ്‌ട്രേലിയ, കനഡ, കുവൈത്ത്, ഒമാന്‍, പാകിസ്താന്‍, ഖത്തര്‍, യുകെ എന്നിവിടങ്ങളിലും വലിയ തോതില്‍ ഇന്ത്യന്‍ സമൂഹമുണ്ട്.

അന്താരാഷ്ട്ര തലത്തില്‍ ഏറ്റവും കൂടുതല്‍ കുടിയേറ്റക്കാരെ സ്വീകരിച്ച രാഷ്ട്രം യുഎസാണ്. 2020ല്‍ 5.1 കോടി കുടിയേറ്റക്കാരാണ് അമേരിക്കയിലുള്ളത്. ജര്‍മനിയാണ് രണ്ടാം സ്ഥാനത്ത് 1.6 കോടി. സൗദിയില്‍ 1.3 കോടിയും റഷ്യയില്‍ 1.2 കോടിയും യുകെയില്‍ 90 ലക്ഷവും കുടിയേറ്റക്കാര്‍ അധിവസിക്കുന്നു.

2000-2020 ദശാബ്ദത്തില്‍ ഏറ്റവും കൂടുതല്‍ കുടിയേറ്റം നടന്നത് ജര്‍മനി, സ്‌പെയിന്‍, സൗദി അറേബ്യ, യുഎഇ, യുഎസ് എന്നിവിടങ്ങളിലേക്കാണ്. കോവിഡ് മഹാമാരി കുടിയേറ്റത്തിന്റെ വേഗത കുറച്ചതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

Source URL: https://padayali.com/%e0%b4%b2%e0%b5%8b%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%8f%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b5%e0%b5%81%e0%b4%82-%e0%b4%b5%e0%b4%b2%e0%b4%bf%e0%b4%af-%e0%b4%aa/