മ്യാന്‍മറില്‍ പൊലീസ് വെടിവയ്പ്പ്;18 പേര്‍ മരിച്ചു

by Vadakkan | 28 February 2021 11:38 PM

നൈപിതോ: മ്യാന്‍മറില്‍ പൊലീസ് നടത്തിയ വെടിവയ്പ്പില്‍ 18 പേര്‍ മരിച്ചു. രാജ്യത്തെ പട്ടാള അട്ടിമറിക്കെതിരെ നടന്ന പ്രക്ഷോഭത്തിലേക്കാണ് പൊലീസ് നിറയൊഴിച്ചിരിക്കുന്നത്. സംഘര്‍ഷത്തില്‍ 30ലധികം പേര്‍ക്ക് പരിക്കേറ്റിരിക്കുന്നു. യുഎന്‍ മനുഷ്യാവകാശ ഓഫീസാണ് സംഭവം പുറത്ത് വിട്ടിരിക്കുന്നത്.

യാങ്കൂണ്‍, ഡാവെ, മാന്‍ഡലെ, മൈക്ക്, ബാഗോ, പോക്കോക്കു എന്നീ നഗരങ്ങളിലാണ് വെടിവയ്പ്പ് നടന്നിരിക്കുന്നത്. ഗ്രനേയ്ഡുകളും കണ്ണീര്‍വാതകവും ഉള്‍പ്പെടെയുള്ളവയും പ്രക്ഷോഭകാരികള്‍ക്കു നേരേ പ്രയോഗിക്കുകയുണ്ടായി. സംഭവത്തെ ശക്തമായി അപലപിക്കുന്നതായി യുഎന്‍ അറിയിക്കുകയുണ്ടായി.

സമാധാനപരമായ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ നടത്തുന്ന അതിക്രമം ഉടന്‍ അവസാനിപ്പിക്കണമെന്നും വക്താവ് രവിന ഷംദസാനി പറഞ്ഞു. പട്ടാള അട്ടിമറിക്കെതിരെ നടന്ന പ്രക്ഷോഭങ്ങളില്‍ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും കൂടിയ മരണനിരക്കാണ് ഞായറാഴ്ചത്തേത്. ഈ മാസം 1നാണ് മ്യാന്‍മറില്‍ അട്ടിമറിയിലൂടെ പട്ടാളം ഭരണം പിടിച്ചെടുക്കുകയുണ്ടായത്.

ഭരണാധികാരിയും നൊബേല്‍ സമ്മാന ജേതാവുമായ ഓങ് സാന്‍ സൂ ചിയെയും മുതിര്‍ന്ന ഭരണകക്ഷി നേതാക്കളെയും തടവിലാക്കിയ പട്ടാളം ഒരു വര്‍ഷത്തേക്കു സൈനിക ഭരണവും അടിയന്തരാവസ്ഥയും പ്രഖ്യാപിക്കുകയുണ്ടായി. സായുധസേനാ മേധാവിയായ മിന്‍ ഓങ് ലെയ്ങ് ഭരണം ഏറ്റെടുത്തു. ഇതിനെതിരെയാണ് ജനകീയ പ്രക്ഷോഭം.

Source URL: https://padayali.com/%e0%b4%ae%e0%b5%8d%e0%b4%af%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d%e0%b4%ae%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%86%e0%b4%9f%e0%b4%bf%e0%b4%b5%e0%b4%af%e0%b5%8d%e0%b4%aa%e0%b5%8d/