മുൻ പോപ്പ് ബെനഡിക്ട് പതിനാറാമൻ കാലം ചെയ്തു

മുൻ പോപ്പ് ബെനഡിക്ട് പതിനാറാമൻ കാലം ചെയ്തു
December 31 16:18 2022 Print This Article

വത്തിക്കാൻ സിറ്റി : പോപ്പ് എമിരറ്റസ്  ബെനഡിക്‌ട് പതിനാറാമൻ മാർപാപ്പ (95) കാലം ചെയ്തു. കുറച്ചു ദിവസങ്ങളായി ആരോഗ്യനില വഷളായിരുന്നു. ജോണ്‍ പോള്‍ രണ്ടാമൻ മാർപാപ്പയുടെ പിന്‍ഗാമിയായി 2005 ഏപ്രില്‍ 19 ന് സ്ഥാനമേറ്റ അദ്ദേഹം അനാരോഗ്യം മൂലം 2013 ഫെബ്രുവരി 28 ന് സ്ഥാനത്യാഗം ചെയ്തിരുന്നു.

തുടര്‍ന്ന് പോപ് എമെരിറ്റസ് എന്ന പദവിയില്‍ വത്തിക്കാന്‍ ഗാര്‍ഡന്‍സിലെ വസതിയിൽ വിശ്രമജീവിതത്തിലായിരുന്നു അദ്ദേഹം. ആറു നൂറ്റാണ്ടുകൾക്കുള്ളിൽ ആദ്യമായായിരുന്നു ഒരു മാർപാപ്പ  സ്ഥാനത്യാഗം ചെയ്യുന്നത്. ജർമൻ പൗരനായ കർദ്ദിനാൾ ജോസഫ് റാറ്റ്‌സിങ്ങറാണ് ബെനഡിക്‌ട് പതിനാറാമൻ എന്ന സ്ഥാനപ്പേരിൽ മാര്‍പാപ്പയായത്.

1927 ഏപ്രിൽ 16ന് ജർമനിയിലെ ബവേറി പ്രവിശ്യയിലെ മാർക്ക്‌ത്തലിൽ പോലീസ് ഉദ്യോഗസ്ഥനായ ജോസഫ് റാറ്റ്‌സിങ്ങർ സീനിയറിന്റെയും മരിയയുടെയും മൂന്നാമത്തെ മകനായാണ് അദ്ദേഹം ജനിച്ചത്. 14 വയസ്സുള്ളപ്പോൾ 1941 ൽ ഹിറ്റ്‌ലറുടെ യുവസൈന്യത്തിൽ ചേർക്കപ്പെട്ടെങ്കിലും സജീവമായി പ്രവർത്തിച്ചില്ല. 1945 ൽ സഹോദരൻ ജോർജ് റാറ്റ്‌സിങ്ങറിനൊപ്പം കത്തോലിക്കാ സെമിനാരിയിൽ ചേർന്നു. 1951 ജൂൺ 29 ന് വൈദികനായി. 1977 ൽ മ്യൂണിക്കിലെ ആർച്ച്‌ബിഷപ്പായി.

1980 ൽ ബിഷപ്പുമാരുടെ സിനഡുകളിൽ മാർപാപ്പ അവതരിപ്പിക്കേണ്ട റിപ്പോർട്ടുകൾ തയാറാക്കുന്ന ചുമതല ജോസഫ് റാറ്റ്‌സിങ്ങിന് ലഭിച്ചു. 2002 ൽ കർദിനാൾ തിരുസംഘത്തിന്റെ ഡീൻ ആയി. ജർമനിയിലെ ഓസ്‌റ്റിയ ആർച്ച് ബിഷപ്പായിരിക്കെ, വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ പിൻഗാമിയായി 2005 ഏപ്രിൽ 19 ന് മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ടു. ജോസഫ് റാറ്റ്‌സിങ്ങർ എന്ന പേര് ഉപേക്ഷിച്ചു ബെനഡിക്‌ട് പതിനാറാമൻ എന്ന പേര് സ്വീകരിച്ചു. അനാരോഗ്യം മൂലം 2013 ഫെബ്രുവരി 28ന്  അദ്ദേഹം സ്ഥാനത്യാഗം ചെയ്തു.

സ്‌ത്രീകൾ വൈദികരാകുന്നതിനും ഗർഭച്ഛിദ്രത്തിനും വിവാഹേതര ബന്ധങ്ങൾക്കുമെതിരെ അദ്ദേഹം  ശക്തമായ നിലപാടെടുത്തിരുന്നു. കൃത്രിമ ഗർഭധാരണ മാർഗങ്ങൾ ഉപേക്ഷിക്കണമെന്നും വിശ്വാസികളോട് അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു. പുതുതലമുറയുമായി സംവദിക്കാൻ ട്വിറ്റർ അടക്കമുള്ള സമൂഹമാധ്യമങ്ങളും ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ഉപയോഗിച്ചിരുന്നു. ക്യൂബയിൽ ഫിഡൽ കാസ്ട്രോയുമായി അദ്ദേഹം നടത്തിയ സന്ദർശനത്തെ ‘വിപ്ലവകരം’ എന്നാണ് രാജ്യാന്തര  മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.